Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത

അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: റവന്യു വകുപ്പ് സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി തിരികെ നൽകി ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കളക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ സർക്കാർ നടപടി എടുത്തേക്കും. കളക്ടർ സ്വജനപക്ഷപാതം നടത്തിയെന്നാണ് ആരോപണം. അരുവിക്കര എംഎൽഎ ശബരിനാഥാണ് ദിവ്യയുടെ ഭർത്താവ്. ശബരിനാഥിന്റെ അച്ഛനും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന ജി കാർത്തികേയന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനാണ് സബ് കളക്ടറുടെ ഇടപെടലിലൂടെ ആനുകൂല്യം ലഭിച്ചത് അതുകൊണ്ട് തന്നെ വൻ ഗൂഢാലോചന ഈ നടപടിക്ക് പിന്നിലുണ്ടെന്നാണ് ആരോപണം.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിലെ (ഇലകമൺ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വർക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേർന്ന് സ്വകാര്യവ്യക്തിയിൽ നിന്നും തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടർ ദിവ്യ എസ് അയ്യർ ഉത്തരവിറക്കിയത്. ഇത് വിവാദമായതോടെ സബ് കളക്ടറുടെ നടപടിയിൽ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും. ഭൂമി സർക്കാർ തിരിച്ചെടുക്കുമെന്നും ഉറപ്പായിട്ടുണ്ട്. കോടതി വിധിയുടെ മറവിലായിരുന്നു സബ് കളക്ടറുടെ ഇടപെടൽ. സിപിഎം നേതൃത്വമാണ് ഇതിനെതിരെ നിലപാട് എടുത്തത്.

ജി കാർത്തികേയന്റെ ജന്മസ്ഥലമാണ് വർക്കല. ഇവിടെ അദ്ദേഹത്തിന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു അഡ്വക്കേറ്റ് അനിൽകുമാർ. അനിൽ കുമാറിന്റെ പിതൃസഹോദരന്റെ മകനാണ് ഇപ്പോൾ സബ് കളക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം കിട്ടിയ കൃഷ്ണകുമാർ. അതുകൊണ്ട് തന്നെ ഈ ഉത്തരവിൽ സിപിഎമ്മിന് നിരവധി സംശയങ്ങളുണ്ട്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച റീസർവെ 227-ൽപ്പെട്ട 11 ആർ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വർക്കല തഹസിൽദാരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചെടുത്തിരുന്നു. വർഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതർ ഭൂമി സർക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു. ഒഴിപ്പിക്കൽ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉചിതമായ തീരുമാനം സബ്കളക്ടർ കൈക്കൊള്ളണമെന്ന നിർദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടർ കൈക്കൊണ്ടിരിക്കുന്നത്.

മൂന്ന് കാര്യങ്ങൾ മാത്രമാണ് ഹൈക്കോടതിയിൽ പരാതിക്കാരൻ ഉന്നയിച്ചത്. അതിലൊന്ന് ഭൂമി ഏറ്റെടുത്തതു മൂലം തന്റെ പിറകിലുള്ള വസ്തുവിലേക്ക് വഴി നഷ്ടമായി എന്നതായിരുന്നു. ഇതിനൊപ്പം വെള്ളപ്പൊക്കത്തിൽ നഷ്ടമായ ഭൂമിക്ക് പകരം അനുവദിക്കണമെന്നും. തന്റെ ഭാഗം കേൾക്കാതെയാണ് ഏറ്റെടുത്തതെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്റെ ഭാഗം കേട്ട് ഉചിതമായ തീരുമാനത്തിന് ഹൈക്കോടതി ഉത്തവിട്ടത്.

കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സബ്കളക്ടർ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നൽകി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേൾക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നൽകുകയും ചെയ്യുകയായിരുന്നു സബ് കളക്ടർ. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേട്ടതുമില്ല. ഫെബ്രുവരി 24 ന് പുറപ്പെടുവിച്ച ഉത്തരവിൽ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല. അങ്ങനെ സർവ്വത്ര ദുരൂഹമാണ് ഉത്തരവ്. ഇതിനൊപ്പമാണ് ഭൂമി കിട്ടിയ വ്യക്തിക്ക് കാർത്തികേയനുമായുള്ള ബന്ധവും ചർച്ചയാകുന്നത്. കാർത്തികേയന്റെ മരണ ശേഷവും ശബരിനാഥുമായി അടുപ്പം ഇയാൾ പുലർത്തുന്നുണ്ടെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സബ്കളക്ടറുടെ നടപടിക്കെതിരെ സ്ഥലം എംഎൽഎ വി ജോയി, ഇലകമൺ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവർ പരാതിയുമായി രംഗത്ത് വന്നത്. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികത മന്ത്രിയുടെ ഓഫീസിനും ബോഘ്യമായി. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സർക്കാർ ഭൂമികയ്യേറ്റക്കാരന് മൂന്നുവർഷം മുതൽ അഞ്ച് വർഷം വരെ തടവും അൻപതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്.

മാത്രമല്ല, അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അത് ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും അൻപതിനായിരം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. എന്നാൽ അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഭൂമി വിട്ടുനൽകി ഏകപക്ഷീയമായി സബ് കളക്ടർ ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP