Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇര: ദിലീപിന്റെ പ്രതിച്ഛായ നിർമ്മാണത്തിന് എടുത്ത സിനിമയോ? നടിയെ ആക്രമിച്ച നടനെ പരോക്ഷമായി ന്യായീകരിക്കുന്ന ചിത്രം പൊലീസിനെയും മാധ്യമങ്ങളെയും നിരന്തരം പരിഹസിക്കുന്നു; ട്വിസ്റ്റുകളുടെ ആധിക്യം കൊണ്ട് തലകറങ്ങി പ്രേക്ഷകർ; വൈശാഖും ഉദയ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച ആദ്യ ചിത്രത്തിന് ശരാശരി പ്രതികരണം മാത്രം

ഇര: ദിലീപിന്റെ പ്രതിച്ഛായ നിർമ്മാണത്തിന് എടുത്ത സിനിമയോ? നടിയെ ആക്രമിച്ച നടനെ പരോക്ഷമായി ന്യായീകരിക്കുന്ന ചിത്രം പൊലീസിനെയും മാധ്യമങ്ങളെയും നിരന്തരം പരിഹസിക്കുന്നു; ട്വിസ്റ്റുകളുടെ ആധിക്യം കൊണ്ട് തലകറങ്ങി പ്രേക്ഷകർ; വൈശാഖും ഉദയ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച ആദ്യ ചിത്രത്തിന് ശരാശരി പ്രതികരണം മാത്രം

കെ വി നിരഞ്ജൻ

ലയാള സിനിമയിലെ പ്രശസ്തയായ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാക്കാണ് ഇര. സംഭവം കത്തിനിന്ന സമയത്ത് നടിയായിരുന്നു ഇരയെങ്കിൽ, പിന്നീടത് വിദഗ്ധമായ നീക്കങ്ങളാൽ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നടനോടുള്ള സഹതാപമാക്കി വളർത്തി നടനെ ഇരയക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിച്ചിരുന്നു. നടി ക്രൂരമായി അക്രമിക്കപ്പെട്ടു എന്നത് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. അതുകൊണ്ട് അവർ ഇരയായിരുന്നു. എന്നാൽ പിന്നീട് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് നടൻ ക്രൂശിക്കപ്പെട്ടതെന്ന പ്രചാരണം ശക്തമായതോടെ കുറ്റാരോപിതനായ നടൻ ഫാൻസുകാർക്കൊക്കെ ഇരയായി. ഈ കേസിന്റെ നടപടിക്രമങ്ങൾ നടന്നുവരുമ്പോഴാണ് ഇരയെന്ന പേരിൽ തന്നെ ഒരു ചിത്രം പുറത്തിറങ്ങുന്നത്. പക്ഷേ പ്രത്യക്ഷത്തിൽ ഈ സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവും ചിത്രത്തിനില്ല. പക്ഷെ കുറ്റാരോപിതനായ നടന് അനുകൂലമായി ബോധപൂർവ്വം ചിത്രീകരിക്കപ്പെട്ട നിരവധി രംഗങ്ങൾ നിറഞ്ഞൊരു സിനിമ തന്നെയാണ് ഇരയെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യാം.

കേസും അന്വേഷണവും അതിന്റെ പരിസമാപ്തിയുമെല്ലാം വേറെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും അടുത്തിടെ നമ്മൾ കണ്ട പല കാര്യങ്ങളും ബോധപൂർവ്വം ചിത്രത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. നടന്റ പ്രിയപ്പെട്ടവരായ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാക്കളുടെ വേഷമണിഞ്ഞെത്തിയപ്പോൾ അവരുടെ ആദ്യ നിർമ്മാണ സംരംഭം കേസിലകപ്പെട്ട സുഹൃത്തിനെ ന്യായീകരിക്കാനും പൊലീസിനെയും മാധ്യമങ്ങളെയും നിരന്തരം പരിഹസിക്കാനും ഒട്ടും മറന്നിട്ടില്ല. ആ രീതിയിൽനോക്കുമ്പോൾ ഒരു സാംസ്കാരിക അശ്‌ളീലം തന്നെയാണ് ഈ പടം.ഒരു സാധാരണ പ്രേക്ഷനെവെച്ചുനോക്കുമ്പോൾ ശരാശരിയിൽനിന്ന് ഈ പടം ഉയരുന്നുമില്ല.

ട്വിസ്റ്റുകളിൽ ചുറ്റിപ്പോവുന്ന പ്രേക്ഷകൻ

സംവിധായകനായ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയെഴുതിയിരിക്കുന്നത് നവീൻ ജോൺ എന്നയാളാണ്. സംവിധായകനാവട്ടെ സൈജു എസ്.എസ് എന്ന നവാഗതനും. എന്നാൽ ദിലീപ് നിർമ്മിച്ച് ഉദയ് കൃഷ്ണ തിരക്കഥയെഴുതി പുലിമുരകൻ ഫെയിം വൈശാഖ് സംവിധാനം ചെയ്ത സിനിമയല്ലേ ഇതെന്ന തോന്നലാണ് സിനിമ കാണുമ്പോൾ ഓരോ നിമിഷവും അനുഭവപ്പെട്ടത്. ഒരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇതിനിടയിൽ നിരന്തരം കോമഡി കുത്തിക്കയറ്റുന്ന ഉദയ് കൃഷ്ണയുടെ സ്ഥിരം ശൈലി ചിത്രത്തിലുടനീളം കാണാം. നവീൻ ജോണിന്റെ തിരക്കഥയിൽ വലിയ കൈകടത്തിൽ ഉദയ് കൃഷ്ണ നടത്തിയിട്ടുണ്ടാവുമെന്ന് സാരം.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം, സൈജു എസ് എസിന്റെ ഇര എന്നീ ചിത്രങ്ങൾ ഒരുമിച്ചാണ് തിയേറ്ററുകളിലെത്തിയത്. കഥയിലും ആവിഷ്‌ക്കാരത്തിലും തീർത്തും വ്യത്യസ്തമായ ചിത്രങ്ങളാണ് ഇവ രണ്ടും. യാതൊരു കഥയുമില്ലാതെ ഒരു കലോത്സവം അതുപോലെ പകർത്തിവെച്ചതാണ് പൂമരം എന്നതാണ് ആ പടത്തിനെതിരെ ഉയർന്ന വിമർശനം. എന്നാൽ ഇരയാവട്ടെ ഇതിന് നേരെ വിപരീതവും. സംഭവങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കുത്തൊഴുക്കാണ് ഈ ചിത്രം. ട്വിസ്റ്റുകളുടെ ആധിക്യം കൊണ്ട് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണ് ഇര. അത്രയേറെ സംഭവ പരമ്പരകളാണ് ഈ ചിത്രത്തിൽ കുത്തിക്കയറ്റിയിരിക്കുന്നത്. എന്നാൽ വൻ ട്വിസ്‌റ്റെന്നൊക്കെ കരുതി ഒരുക്കിയിരിക്കുന്ന പലതും പ്രേക്ഷകരെ അത്രയൊന്നും ഞെട്ടിക്കാൻ പര്യാപ്തമാവുന്നുമില്ലെന്നതാണ് യാഥാർത്ഥ്യം.

അഴിമതി ആരോപിതനായി എതിർപ്പുകൾ നേരിട്ടുകൊണ്ടിരിക്കുന്ന മന്ത്രി ചാണ്ടി ചികിത്സാ പരിശോധനകൾക്കായി ആശുപത്രിയിലെത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം മരിക്കുകയാണ്. മരണത്തിന് പിന്നിൽ അസ്വാഭാവികതകൾ കണ്ടെത്തിയ പൊലീസ് മന്ത്രിയെ ചികിത്സിച്ച ഡോക്ടർ ആര്യനെ അറസ്റ്റു ചെയ്യുന്നു. ആര്യനാണോ യഥാർത്ഥത്തിൽ മന്ത്രിയെ കൊന്നത്, അതോ ആര്യനെ ആരെങ്കിലും കുടുക്കിയതാണോ.. തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരം തേടുകയാണ് പിന്നീട് സിനിമ. ഈ സംഭവങ്ങളെക്കുറിച്ച് സ്വന്തം നിലയിൽ അന്വേഷിക്കാനെത്തുന്ന രാജീവ് എന്ന പൊലീസ് ഓഫീസറിലൂടെയാണ് പിന്നീട് കഥ മുന്നേറുന്നത്.

ആര്യനുമായി അടുത്ത ബന്ധമുള്ള പലരിലൂടെ ആരായിരുന്നു ആര്യൻ എന്നതിന് ഉത്തരം തേടുന്നു. നോൺ ലീനിയർ ഫാർമാറ്റിലാണ് ഇവിടെ കഥ സഞ്ചരിക്കുന്നത്. അന്വേഷണത്തിനിടയിലും ഉദയ് കൃഷ്ണ സ്‌റ്റെലിൽ കോമഡികളുമായി സാജു നവോദയയും പ്രത്യക്ഷപ്പെടുന്നുണ്ട്. തരക്കേടില്ലാത്ത രീതിയിൽ കേസന്വേഷണവും ഫ്ളാഷ് ബാക്കുമെല്ലാമായി സിനിമ മുന്നോട്ട് പോകുന്നുണ്ട്. ഉദൃയകൃഷ്ണ-വൈശാഖ് ടീമിന്റ ചിത്രങ്ങളൊക്കെ ആസ്വദിക്കാറുള്ളവർക്ക് വലിയ കുഴപ്പമൊന്നും തോന്നാത്ത രീതിയിലാണ് അവരുടെ നിർമ്മാണ സംരംഭവും മുന്നോട്ട് പോകുന്നത്. ട

രണ്ടാം പകുതിയിൽ പക്ഷെ കഥ നടക്കുന്നതൊരു കാട്ടിലാണ്. ആദിവാസികൾ നേരിടുന്ന ചൂഷണവും മരുന്ന് പരീക്ഷണവും ഒക്കെ നിറയുന്ന ചിത്രത്തിൽ ആദിവാസികൾക്ക് വേണ്ടി ഒളിഞ്ഞിരുന്ന് പോരാടുന്ന വൈഗാദേവിയുമൊക്കെ കടന്നുവരുന്നു. ഇതിനിടയിൽ ആദിവാസിയായ കാർത്തുവുമായി , പൊലീസ് ഓഫീസർ രാജീവിന്റെ പ്രണയവുമൊക്കെ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് വില്ലന്റെ രംഗപ്രവേശം. മന്ത്രിയും മകനും തന്നെ നേരിട്ടെത്തി തനിക്ക് വെല്ലുവിളിയാവുന്ന കാർത്തുവിനെ വകവരുത്തുന്നു. പിന്നീടാണ് ഇതേ മന്ത്രി ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. കുറ്റാരോപിതനായ ഡോ: ആര്യനെ രാജീവിന്റെ തന്ത്രങ്ങളാൽ രക്ഷപ്പെടുത്തുന്നു. പിന്നീടാണ് ട്വിസ്റ്റുകളുടെ കളി. ആരാണ് ആര്യൻ. അയാളാണോ അതോ രാജീവ് ആണോ മന്ത്രിയെ കൊലപ്പെടുത്തിയത്. തുടർന്ന് ആര്യന് എന്ത് സംഭവിച്ചു. തുടങ്ങി നിരവധി ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ നിരന്തരം അമ്പരിപ്പിക്കാനുള്ള ശ്രമമാണ് പിന്നീടുള്ളത്.

പകുതിക്ക് ശേഷം ദുർബലപ്പെട്ടുപോയ കഥ കുറച്ചെങ്കിലും ആസ്വാദ്യകരമാകുന്നത് അവസാനത്തെ ട്വിസ്റ്റുകളിലാണെങ്കിലും അമിതമാവുന്ന ട്വിസ്റ്റുകൾ പ്രേക്ഷകന് പ്രയാസപ്പെടുത്തുന്നുമുണ്ട്. കഥാഗതിയിൽ സ്വാഭാവികമായുണ്ടാകുന്ന വഴിത്തിരിവുകൾ എന്നതിന് പകരം ട്വിസ്റ്റുകൾ കൊണ്ട് വിസ്മയിപ്പിക്കാനാണ് ശ്രമം. എന്നാൽ ഇതിലും വലുത് കണ്ട പ്രേക്ഷകരെ ആവേശഭരിതരാക്കാനുള്ള കെൽപ്പൊന്നും ഈ ട്വിസ്റ്റുകൾക്കില്ല. ത്രില്ലർ ചിത്രമാണെങ്കിലും അതിൽ നിന്ന് മാറി അയഞ്ഞൊരു അവതരണ ശൈലിയാണ് ചിത്രത്തിനുള്ളത്. കോമഡിയും പ്രണയവും മറ്റ് മസാലകളുമെല്ലാം ചേർത്ത് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കാനാണ് ശ്രമം. എന്നാൽ ആകെക്കൂടി കുഴഞ്ഞ് ഒരു അവിയൽ പരുവമായിപ്പോയി എന്ന് മാത്രം. എങ്കിലും കുറേയൊക്കെ ബോറടിയുണ്ടെങ്കിലും പതിവ് ഉദയ് കൃഷ്ണ സിനിമ പോലെ കണ്ടിരിക്കാം ഈ ഇരയെയും.

ഉണ്ണിമുകുന്ദൻ പതിവ് മസ്സിലുപിടുത്തത്തിൽ തന്നെ!

ഡോ .ആര്യനായി ഗോകുൽ സുരേഷ് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പൊലീസ് ഓഫീസർ രാജീവായി ഉണ്ണി മുകുന്ദൻ പതിവ് മസിലുപിടുത്തവുമായി നിൽക്കുന്നു. മിയ, ലെന, നിരഞ്ജന, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാഷ്, സാജുനവോദയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സംഭവങ്ങൾ വേറെയാണെങ്കിലും ദിലീപിനെ ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഈ സിനിമ നടത്തുന്നുണ്ട്. ദിലീപുമായി തെളിവെടുപ്പിന് ഹോട്ടലിലെത്തിയ ദിലീപ് ഒരു ചാനൽ പ്രവർത്തകനോട് ചോദിക്കുന്നുണ്ട് എന്തിനാ ചേട്ടാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നതെന്ന്. ഇതേ രംഗവും ഡയലോഗും ഈ സിനിമയിൽ അതുപോലെ ആവർത്തിക്കുന്നുണ്ട്.ഒരേ ടവർ ലൊക്കേഷൻ, സെൽഫിയിലെ സാന്നിധ്യം, ഗൂഢാലോചന, മാധ്യമ ചർച്ചകൾ തുടങ്ങി ആ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അതുപോലെ തന്നെ ഇരയിൽ ആവർത്തിക്കുന്നുണ്ട്. ദൃശ്യമാധ്യമ പ്രവർത്തകരെ പരമാവധി അധിക്ഷേപിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.

ചാനലുകാരോടുള്ള കലിപ്പ് ഇങ്ങനെയെങ്കിലും തീർക്കാനാണ് ഇരയിലൂടെയുള്ള ശ്രമം. അതൊക്കെ ഭംഗിയായി തന്നെ അവർ നിർവ്വഹിക്കുന്നുണ്ടെങ്കിലും കലാരൂപമെന്ന നിലയിൽ ശരാശരിയിൽ ഒതുങ്ങി നിൽക്കുകയാണ് ഈ ഇര.

വാൽക്കഷ്ണം: കഥാന്ത്യം വെളിപ്പെടുത്തിയെന്ന പേരിൽ മാതൃഭൂമിയിൽ വന്ന സിനിമാ നിരൂപണത്തിനെതിരെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറഞ്ഞു തുള്ളിയത് ഓർമ്മയുണ്ട്.സിനിമാ പരസ്യം കിട്ടാത്തതിന്റെ കട്ടക്കലിപ്പിലാണ് മാതൃഭൂമിയിപ്പോൾ.ദീലീപ് സംഭവത്തിലാണ് മാതൃഭൂമിക്ക് കോടികൾ നഷ്ടവന്ന സിനിമാക്കാരുടെ ബഹിഷ്‌ക്കരണം വന്നതും. അതുകൊണ്ടു തന്നെ അവർ കഥാന്ത്യം വെളിപ്പെടുത്തിയതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ ഈ പടത്തിന്റെ അണിയറക്കാരുടെ പ്രതികരണം കണ്ടപ്പോൾ ക്ലൈമാക്‌സ് ഭീകരമായ രഹസ്യമാണെന്നാണ് കരുതിയത്.പടത്തിൽ മരുന്നുണ്ടെങ്കിൽ ക്ലൈമാക്‌സല്ല മൊത്തം കഥതന്നെ നോട്ടീസടിച്ചു കൊടുത്താലും പ്രേക്ഷകർ കൂട്ടിനുണ്ടാവുമായിരുന്നു. പക്ഷേ അതുണ്ടാവാഞ്ഞത് മറ്റുള്ളവരെ കുറ്റം പറയുന്നതിലും കാര്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP