Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ ആലസ്യം വെടിഞ്ഞ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് യുഡിഎഫും; യുഡിഎഫ് കൺവെൻഷൻ ഇന്ന് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും; ശോഭനാ ജോർജ്ജിനെ തെരഞ്ഞെടുപ്പ് ഇതുപാളയത്തിൽ എത്തിച്ച എൽഡിഎഫ് തന്ത്രത്തിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന നിരീക്ഷണത്തിൽ കോൺഗ്രസ്; ബിഡിജെഎസുമായുള്ള തർക്കത്തിൽ മുന്നണി യോഗം പോലും ചേരാനാകാതെ എൻഡിഎ

ചെങ്ങന്നൂരിൽ ആലസ്യം വെടിഞ്ഞ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് യുഡിഎഫും; യുഡിഎഫ് കൺവെൻഷൻ ഇന്ന് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും; ശോഭനാ ജോർജ്ജിനെ തെരഞ്ഞെടുപ്പ് ഇതുപാളയത്തിൽ എത്തിച്ച എൽഡിഎഫ് തന്ത്രത്തിൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന നിരീക്ഷണത്തിൽ കോൺഗ്രസ്; ബിഡിജെഎസുമായുള്ള തർക്കത്തിൽ മുന്നണി യോഗം പോലും ചേരാനാകാതെ എൻഡിഎ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്ത് സജീവമാകാൻ യുഡിഎഫ് സജീവമാകുന്നു. എൽഡിഎഫിന്റെ കൺവെൻഷന് പിന്നാലെ യുഡിഎഫും പ്രചണത്തിലേക്ക് ഇറങ്ങുകയാണ്. ഇന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചെങ്ങന്നൂരിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നേ മുന്നണികൾ പ്രചരണത്തിന് ആവേശം പകരാൻ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് കടന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തിയത് യുഡിഎഫ് ആണെങ്കിൽ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയത് എൽഡിഎഫാണ്. മുൻ കോൺഗ്രസ് നേതാവ് ശോഭനാ ജോർജ്ജിനെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിച്ചായിരുന്നു എൽഡിഎഫിന്റെ ആദ്യ കരുനീക്കം.  എന്നാൽ, ഈ കരുനീക്കം കാര്യമാക്കേണ്ട കാര്യമില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ശോഭനാ ജോർജ്ജിന്റെ സാന്നിധ്യം എൽഡിഎഫിന് തന്നെ ക്ഷീണമാകുമെന്നം അവർ കണക്കു കൂട്ടുന്നു.

എൽഡിഎഫ് കൺവെൻഷൻ നടത്തിയ തേരകത്തെ അതേ വേദിയിൽ തന്നെയാണ് യുഡിഎഫ് കൺവെൻഷൻ ചേരുന്നതും. കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരുകളോ മുന്നണിയിലെ അസ്വാരസ്യങ്ങളോ ഇല്ലാ എന്നുള്ളത് യുഡിഎഫിന് ആശ്വാസമേകുന്നുന്നുണ്ട്. സ്ഥാനാർത്ഥിയായി വിജയകുമാറിനെ നിശ്ചയിക്കാൻ എളുപ്പം സാധിച്ചതും നേട്ടമായി യുഡിഎഫ് വിലയിരുത്തുന്നു.

ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ, യുഡിഎഫ് ഘടകകക്ഷി നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി,അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സിപി ജോൺ, ജി ദേവരാജൻ എന്നിവരും പങ്കെടുക്കും.

ഇരുമുന്നണികളും തെരഞ്ഞെടുപ്പ് കൺവെൻഷൻ പൂർത്തിയാക്കുമ്പോൾ കടുത്ത മത്സരം കാഴ്ചവെയ്ക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് കടന്നിട്ടില്ല. ബിഡിജെഎസുമായുള്ള തർക്കങ്ങൾ കാരണം മുന്നണിയെന്ന നിലയിൽ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് കടക്കാമെന്നാണ് ബിജെപി ജില്ലാ നേതൃത്വം കരുതുന്നത്.

കോൺഗ്രസിനായി ഡി വിജയകുമാറും സിപിഎമ്മിനായി സജി ചെറിയാനും ബിജെപിക്കായി പിഎസ് ശ്രീധരൻ പിള്ളയുമാണഅ മത്സരിക്കുന്നത്. മൂവരും വിജയ പ്രതീക്ഷയിലാണ്. 2016ലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമെത്തിച്ച തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് സിപിഎമ്മിന് അനിവാര്യതയാണ്. പിണറായി സർക്കാരിന് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ വിജയം അനിവാര്യമാണ്. എന്നാൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ അനകൂലമാക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി സജി ചെറിയാൻ സ്ഥാനാർത്ഥിയായി. ബിജെപി കഴിഞ്ഞ തവണ മത്സരിച്ച പിഎസ് ശ്രീധരൻ പിള്ളയെ തന്നെ വീണ്ടും രംഗത്തിറക്കുന്നു. ത്രിപുരയിലെ വിജയം ചെങ്ങന്നൂരിൽ ചർച്ചയാക്കി അത്ഭുതം കാട്ടാനാണ് ബിജെപിയുടെ ശ്രമം.

ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് പ്രതീക്ഷിത മുഖങ്ങളെ വെട്ടി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കി. അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റാണ് വിജയകുമാർ. ഹൈന്ദവ സംഘടനയുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവ്. 1992ൽ വിജയകുമാറിനെ മത്സരിപ്പിക്കാൻ ധാരണയായതായിരുന്നു. അവസാന നിമിഷം ശോഭനാ ജോർജിന് വേണ്ടി മാറിക്കൊടുത്തു. അതിന് ശേഷവും ചെങ്ങന്നൂരിൽ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് വിജയകുമാർ. അയ്യപ്പസേവാസംഘത്തിന്റെ നേതാവെന്ന നിലയിൽ സജീവമാവുകയും ചെയ്തു. ഈ പ്രതിച്ഛായയാണ് വിജയകുമാറിന് നേരിയ മുൻതൂക്കം നൽകുന്നത്. എന്നാൽ അടിയൊഴുക്കുകൾ അതിനിർണ്ണായകമാകും.

ബിജെപിക്കൊപ്പമായിരുന്ന ബിഡിജെഎസിന് മണ്ഡലത്തിൽ അയ്യായിരത്തിൽ അധികം വോട്ടുണ്ട്. ഈ വോട്ടുകൾ പതിനായിരമാണെന്ന് തുഷാർ വെള്ളാപ്പള്ളി അവകാശപ്പെടുന്നു. ഈ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നതാണ് അതിനിർണ്ണായകം. ഈ വോട്ടുകൾ ശേഖരിക്കാൻ സിപിഎമ്മിനാകുമോ എന്നതാണ് ഉയുരന്ന ചോദ്യം. ഇതിനൊപ്പം എൻഎസ്എസ് വോട്ടുകളും അതിനിർണ്ണായകമാകും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. യു.ഡി.എഫ്.മണ്ഡലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെങ്ങന്നൂരിൽ ആർക്കും ജയിക്കാമെന്ന സാഹചര്യമാണിപ്പോൾ. 2016ലെ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ നേടിയ വോട്ടിന്റെ കണക്ക് നൽകുന്ന സൂചനയാണിത് .

36.38 ശതമാനം വോട്ടുനേടിയ കെ.കെ.രാമചന്ദ്രൻ നായരാ(എൽ.ഡി.എഫ്.)യിരുന്നു വിജയിച്ചത്. 30.89 ശതമാനം വോട്ടുകിട്ടിയ പി.സി.വിഷ്ണുനാഥ് (യു.ഡി.എഫ്.) രണ്ടാമതും 29.36 ശതമാനം വോട്ട് കരസ്ഥമാക്കിയ പി.എസ്.ശ്രീധരൻപിള്ള (എൻ.ഡി.എ.) മൂന്നാമതും എത്തി. വിജയിച്ചയാളും മൂന്നാമതെത്തിയ സ്ഥാനാർത്ഥിയും തമ്മിലുള്ള വോട്ടുവ്യത്യാസം പതിനായിരത്തിൽപ്പരം മാത്രം. രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങളും നിർണായകമെന്നതാണ് ഈ മണ്ഡലത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥിനിർണയത്തിൽ ഇവിടെ ജാതിയും ഒരു ഘടകമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തിൽ നായർസമുദായമാണ് മുമ്പിൽ. അതിനുപിന്നിൽ ഈഴവ, ക്രിസ്ത്യൻ വിഭാഗങ്ങൾ. സജി ചെറിയാനും പി.എസ്.ശ്രീധരൻപിള്ളയും രണ്ടാംതവണയാണ് ഇവിടെ ജനവിധി തേടുന്നത്. സജി ചെറിയാൻ 2006-ൽ മത്സരിച്ചുവെങ്കിലും പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. പി.എസ്.ശ്രീധരൻപിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ചെങ്ങന്നൂരിൽ മത്സരിച്ചത്. മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടുവെങ്കിലും എൻ.ഡി.എ.യുടെ വോട്ടുവിഹിതത്തിൽ റെക്കോഡിട്ടു.

രാഷ്ട്രീയപാർട്ടികൾക്ക് പുറമേ എൻ.എസ്.എസ്., എസ്.എൻ.ഡി.പി.യോഗം, വിശ്വകർമ്മ സംഘടനകൾ, ക്രൈസ്തവസഭകൾ തുടങ്ങിയവയുടെ നിലപാടും ഇവിടെ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംഘടനകളുടെ നിലപാടും തിരഞ്ഞെടുപ്പിൽ പ്രധാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP