Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉഹദ് യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് നബിയെ രക്ഷിച്ചത് ഉമ്മു വറഖ അടക്കമുള്ള സ്ത്രീകളായിരുന്നില്ലോ? ഇന്ദിരഗാന്ധിയും മാർഗരറ്റ് താച്ചറും കൽപ്പനാ ചൗളയും കർമ്മശേഷി കുറഞ്ഞവർ ആയിരുന്നോ? റസിയ സുൽത്താനയും മുഗൾ രാജ്ഞി നൂർജഹാനും ഭരണമികവ് തെളിയിച്ചവർ; സ്ത്രീകൾക്കെതിരെയുള്ള അനീതികളെ ന്യായീകരിക്കാൻ മതത്തെ കൂട്ടുപിടിക്കാതിരിക്കുക; സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവുമുണ്ടാകുമെന്ന കാന്തപുരം തിയറി പൊളിച്ചടുക്കി അമീറ ഐഷാബീഗം

ഉഹദ് യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് നബിയെ രക്ഷിച്ചത് ഉമ്മു വറഖ അടക്കമുള്ള സ്ത്രീകളായിരുന്നില്ലോ? ഇന്ദിരഗാന്ധിയും മാർഗരറ്റ് താച്ചറും കൽപ്പനാ ചൗളയും കർമ്മശേഷി കുറഞ്ഞവർ ആയിരുന്നോ? റസിയ സുൽത്താനയും മുഗൾ രാജ്ഞി നൂർജഹാനും ഭരണമികവ് തെളിയിച്ചവർ; സ്ത്രീകൾക്കെതിരെയുള്ള അനീതികളെ ന്യായീകരിക്കാൻ മതത്തെ കൂട്ടുപിടിക്കാതിരിക്കുക; സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവുമുണ്ടാകുമെന്ന കാന്തപുരം തിയറി പൊളിച്ചടുക്കി അമീറ ഐഷാബീഗം

അമീറ ഐഷാബീഗം

'പുരുഷന്മാരെ പോലെ രംഗത്തിറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരു പാട് കാരണങ്ങളുണ്ട്. പുരുഷന്മാരെ പോലെ സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവും ബുദ്ധിമുട്ടും ആക്രമവും ഉണ്ടാവും. '(കാന്തപുരം അബൂബക്കർ മുസ്ലിയാർ കോഴിക്കോട് ചെറുവാടിയിൽ നടത്തിയ പ്രസംഗം. അവലംബം മാധ്യമ വാർത്തകൾ)

ഇത് പറയുന്നത് കേരളത്തിലെ മുതിർന്ന ഒരു മുസ്ലിം പണ്ഡിതനാണ്. ഇതിനു മുമ്പും അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ അടങ്ങിയൊതുങ്ങി, കുട്ടികളെയും പ്രസവിച്ച്, വീട്ടു ജോലികൾ ചെയ്ത്, ഭർത്താവിന്റെ ആഗ്രഹങ്ങൾ നടപ്പാക്കി വീട്ടിൽ ഇരുന്നാൽ മതി എന്ന ആ നിലപാടുകളുടെ തുടർച്ചയാണ് ഈ പ്രസംഗവും. സത്യത്തിൽ ഇത് ഒരാളുടെ മാത്രം അഭിപ്രായമല്ല. നമ്മുടെ സമുദായ സംഘടനകളുടെയും രാഷ്ട്രീയ, സാംസ്‌കാരിക, നേതൃതലങ്ങളിലുള്ള പല പുരുഷന്മാരുടെയും ഉള്ളിലിരിപ്പും നിലപാടും തന്നെയാണ്. അത് ഇദ്ദേഹം തുറന്നു പറയുന്നു എന്നു മാത്രം.

എങ്കിലും ഈ പറയുന്ന കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. കാരണം ഇതൊക്കെയാണ് പിന്നീട് തൊണ്ട തൊടാതെ സ്വീകരിക്കപ്പെടാറുള്ളത്. പൊതുബോധമായി വാഴ്‌ത്തപ്പെടാറുള്ളത്. മതത്തിലും ചരിത്രത്തിലും പൊതു രംഗത്തിറങ്ങിയ സ്ത്രീകൾ സൃഷ്ടിച്ച അക്രമം എന്തെന്ന് വസ്തുതാപരമായി പരിശോധിച്ച് തന്നെയാണ് ഈ പ്രസംഗത്തെ കൈകാര്യം ചെയ്യേണ്ടത്.

സത്യത്തിൽ ഇക്കാര്യത്തിൽ ഇസ്ലാമിക ചരിത്രം എന്താണ് പറയുന്നത് എന്ന് നോക്കാം. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ പൊതുജീവിതം എങ്ങനെയായിരുന്നു?

നിശ്ചിത മേഖലകളില്ലാതെ സ്ത്രീകൾ പ്രവർത്തിക്കാൻ പാടില്ല എന്നത് സാംസ്‌കാരികമായി മാത്രം നിർണ്ണയിക്കപ്പെട്ട പരികൽപനയാണ്.ഖദീജ ബീവി ആയിരുന്നു ആദ്യമായി ഇസ്ലാം പുല്കിയത്.പ്രവാചക പത്‌നി ആയിരുന്ന ഹഫ്‌സ ബീവി ഖുറാൻ സൂക്ഷിക്കാൻ ഏല്പിക്കെട്ടവർ ആയിരുന്നു.ഉമ്മു വറഖ എന്നിവരെ പ്രവാചകൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇമാം ആയി നിശ്ചയിച്ചിരുന്നു. പ്രവാചകകാലത്ത് യുദ്ധം ഉൾപ്പെടെയുള്ള മേഖലകളിൽ സ്ത്രീകൾ പങ്കെടുത്തിരുന്നു. ഉഹദ് യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് നബിയെ സംരക്ഷിച്ചവരിൽ ഉമ്മു ഉമാറയുണ്ടായിരുന്നു. അതിനാലാണ് അവർ ഉഹ്ദിന്റെ വനിത എന്നറിയപ്പെട്ടത്. ഹസ്രത് ഉമറിന്റെ കാലത്ത് വാണിജ്യകേന്ദ്രങ്ങളുടെ ചീഫ് ഇൻസ്പെക്ടറായി 'ഷിഫ' എന്ന സ്ത്രീയെ നിയോഗിച്ചിരുന്നു.

അബ്ബാസി ഖലീഫ ഹാറൂൺ അൽ റഷീദിന്റെ പത്നി സുബൈദ ഭരണകാര്യങ്ങളിൽ കഴിവുറ്റ സ്ത്രീയായിരുന്നു നയതന്ത്രപരമായ കാര്യങ്ങളിൽ പോലും അവരുടെ നിർദ്ദേശങ്ങൾക്ക് പ്രാമുഖ്യം നൽകിയിരുന്നു. ഏറെ പ്രസിദ്ധമായ കനാൽ ശൃംഖല സംവിധാനം വഴിപൊതു ജനങ്ങൾക്ക് പ്രയോജനം ചെയ്ത പദ്ധതിക്ക് പിന്നിൽ അവരായിരുന്നു. മഹർതുക നിശ്ചയിക്കാൻ ഉണ്ടായ തീരുമാനത്തെ ഖുർആൻ സൂക്തം ഉദ്ധരിച്ച് ഖലീഫഉമറിനെ എതിർക്കാൻ ഫാത്തിമ എന്ന സ്ത്രീക്ക് കഴിഞ്ഞിരുന്നു. ആദ്യത്തെ ഇസ്ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് വേണ്ടിയുള്ള രാഷ്ട്രീയകരുനീക്കങ്ങളുടെ ഭാഗമായി കരാറിൽ പുരുഷന്മാരോടൊപ്പം ഒപ്പ് വെച്ചത് അസിന്റെ മകൾ നസീബ് ആയിരുന്നു. ഹുദൈബിയ സന്ധിയിൽ ഒപ്പ് വെക്കാൻ തിരുനബിക്ക് ധൈര്യം പകർന്നത് ഉമ്മുസൽമ(റ ) ആയിരുന്നു.

പലപ്രമുഖ ഹദീസുകളും പ്രവാചകപത്നിമയുടെ വാക്കുകൾ ആധികാരികമാക്കിയുള്ളതാണെന്നതിന് അനേകം ഉദാഹരണങ്ങൾ കാണാൻ കഴിയും.പണ്ഡിത ലോകത്തെ കുലപതി എന്നറിയപ്പെടുന്ന ഇമാം ശാഫിക്ക് ക്ലാസെടുത്തത്തിൽ റാബിയത്തുൽ മിസ് രിയ എന്ന സ്ത്രീയും ഉണ്ടായിരുന്നു.

(ഇനി ഇപ്പോ ഈ ഉദാഹരണങ്ങളൊക്കെ ഇവിടത്തെ ഇസ്ലാം നാമധാരികൾചരിത്രത്തിൽ വെട്ടി ഒട്ടിച്ചു ചേർത്തതാണോ എന്തോ? )

സ്ത്രീ ഭരിച്ചിടം നന്നാകില്ല, സ്ത്രീയ്ക്ക് പല മേഖലകളിലും തിളങ്ങാൻ കഴിയില്ല എന്ന് പറയുന്നവർ ഇന്ദിരഗാന്ധി, മാർഗരറ്റ് താച്ചർ, കല്പനാചൗള ,മദർ തെരേസ , കാർഡിയാക് സർജറി വിദഗ്ധ ഡോ കാതി മാഗ്ലയാടോ, സുനിത വില്യംസ് , ബില്ലി ജീൺ കിങ് , തുടങ്ങിയവരെയൊക്കെ മറന്ന് പോകേണ്ടതുണ്ടോ ? അതോ മുസ്ലിം സ്ത്രീകൾക്ക് മാത്രമായി കർമശേഷിക്കുറവുണ്ടോ? മധ്യകാല നൂറ്റാണ്ടിലേക്കു തിരിച്ചുനടന്നാൽ പോലും ഒരുപാട് സ്ത്രീരത്നങ്ങളുടെ, അതും മുസ്ലിം സ്ത്രീരത്നങ്ങളുടെ നാമങ്ങൾ നമുക്ക് പെറുക്കിയെടുക്കാൻ കഴിയും.

ഇന്ത്യയിലെ ആദ്യ വനിതാഭരണാധികാരിയായ റസിയ സുൽത്താന, മുഗൾ രാജ്ഞി നൂർജഹാൻ, അഹമ്മദ് നഗറിലെ ചാന്ദ് ബീവി ഇവരെയൊക്കെ വിസ്മരിച്ച്കൊണ്ട് ഒരു പുതിയ ചരിത്രമാണോ നാം എഴുതേണ്ടത്. 1962ൽ കോൺഗ്രസ് ആദ്യമായി മന്ത്രിസഭ രൂപീകരിച്ചപ്പോൾ നഫീസത്ത് ബീവിയെ മന്ത്രിയാക്കാൻ അന്നത്തെ കോൺഗ്രസ് പ്രസിഡണ്ടും പിൽകാലത്ത് രാഷ്ട്രപതിയുമായ സഞ്ജീവ്റെഡ്ഡി ശക്തമായി ആവശ്യപ്പെട്ടിരുന്നു. 1977 ആസ്സാമിൽ നിന്നുള്ള ആബിദാ അഹമ്മദിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് വാജ്പേയിയും ഫെർണാണ്ടസും നിർദ്ദേശിച്ചിരുന്നു. ആസ്സാമിൽ ഒരു മുസ്ലിം സ്ത്രീ അൻവാറാ തൈമൂർ മുഖ്യമന്ത്രിയായിട്ടുണ്ട്. ഫാത്തിമ ബീവി സുപ്രിംകോടതി ജഡ്ജിന്റെ പദം അലങ്കരിച്ചിട്ടുണ്ട്.(ലിസ്റ്റ് ഇവിടം കൊണ്ട് തീരില്ല )

ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും സ്ത്രീകളുടെ സാമൂഹിക പദവിയുടെ കാര്യത്തിൽ കുറെ കൂടെ ഉദാരപരമായ സമീപനം പുലർത്തിയിട്ടുണ്ട്.

1957 ഇൽ അറബ് ലോകത്തിലെ തന്നെ ആദ്യ വനിതാ പാർലിമെന്റരിയൻ ആയ രവ്യ അതേയ, പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ, വിദേശ കാര്യമന്ത്രിയായിരുന്ന ഹിനാറബ്ബാനി, ബംഗ്ലാദേശ് പ്രധാനമന്ത്രിമാരായിരുന്ന ബീഗം ഖാലിദാ സിയ, ഷെയ്ക്ക് ഹസീന,ഇന്തോനേഷ്യൻ പ്രസിഡന്റ് ആയിരുന്ന മേഘാവതി സുക്കാർണോപുത്രി, തുർകി പ്രധാന മന്ത്രി ആയിരുന്ന ടാന്‌സ് സില്ലെർ, സെനഗൽ പ്രസിഡന്റ് ആയിരുന്ന മമെ മദിഒർ ബൊയെ,മാലി പ്രസിഡന്റ് സിസ്സെ മരിയം കൈദമ സിദിബേ, കൊസോവോ പ്രസിഡന്റ് ആയ അതിഫെറ്റ് ജഹ്ജഗ, മൗറിഷ്യസ് പ്രസിഡന്റ് ആയ ബീബി അമീന ഫിർദൗസ് ഗുരിബ് ഫകിം തുടങ്ങി എത്ര ഉദാഹരണങ്ങൾ നമുക്ക് നിരത്താൻ കഴിയും. സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പ് വരുത്തി ജോർദാനിൽ നിയമ ഭേദഗതി വരുത്തി രാജ്ഞി റാനി യ പ്രഖ്യാപനം നടത്തുകയുണ്ടായി. 2011 ഇൽ ഫോർബ്‌സ് മാഗസിൻ ലോകത്തിലേ ഏറ്റവും ശക്തരായ നൂറു വനിതകളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് അവരായിരുന്നു.

യാഥാസ്ഥിതികതയുടെ ചതുപ്പ് നിലം എന്ന് വിശേഷിപ്പിക്കാവുന്ന സൗദിഅറേബ്യയിൽ പോലും ഷൂറാ കൗൺസിലിൽ മുപ്പത് ശതമാനം സ്ത്രീകളായി കഴിഞ്ഞു.ഐക്യരാഷ്ട്ര പൊതുസഭയുടെ അണ്ടർ സെക്രട്ടറിയായിരുന്ന തൊറായ ഉബൈദ് സൗദി പൗരയായിരുന്നു. എവറസ്റ്റ് കീഴടക്കിയ സൗദി വനിത റഹ മുഹർഖ, വളരെ യാഥാസ്ഥികമെന്ന് കരുതപ്പെടുന്ന ഇറാനിൽ പോലും വൈസ്പ്രസിഡണ്ടുമാരായ ഇൽഹം അരിൻസാദ, മസൂമഹ് ഇബ്തികാർ, ഇനിയും എത്ര ഉദാഹരണങ്ങൾ വേണം പുരോഹിതവർഗത്തിന് സ്ത്രീയുടെ കഴിവ് അംഗീകരിക്കാൻ.ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡിൽ സ്ത്രീകള് അംഗമാണെന്ന് നമുക്ക് കാണാൻ കഴിയാം. ഫാത്തിമ അൽ ഫിഹ്രി എന്ന അറബ് മുസ്ലിം സ്ത്രീയാണ് ഇന്ന് നിലനില്കുന്നതിൽ ഏറ്റവും പുരാതനമായ, ലോകത്തിൽ വെച്ച് തന്നെ ഏറ്റവും ആദ്യം ബിരുദ ദാനം നടത്തിയ ദി യൂണിവേഴ്‌സിറ്റി ഓഫ് അൽ ഖറവിയ്യീൻ സ്ഥാപിച്ചത്. ഈജിപ്തിലെ നിയമ മന്ത്രാലയത്തിന്റെ ഉപദേശകരായ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ദാറുൽ ഇഫ്റ്റ അൽ മിസ്രിയ്യ സ്ത്രീ ഭരണാധികാരികൾ ഇസ്ലാമിൽ അനുവദനീയമാണെന്ന് പറഞ്ഞ് ഫതവ ഇറക്കിയിരുന്നു. ( ഗൂഗിൾനു തെറ്റ് പറ്റിയതാണോ എന്നറിയില്ല..ആ രാജ്യങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നാണു കാണുന്നത്)

അറബ് വസന്തത്തിന്റെ ഭാഗമായി ട്യുണിഷ്യൻ, യമൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അറബ് സ്ത്രീകൾ വഹിച്ച പങ്കു നിസ്സാരവത്കരിക്കാനാകില്ല. തഹരീർ സ്‌ക്വയർ വിപ്ലവത്തിന്റെ പ്രധാന ആകർഷണകേന്ദ്രം തന്നെ ഒരു പെൺകുട്ടിയായിരുന്നു. ഇന്ത്യയിലെ തന്നെ വർഗീയകലാപങ്ങളെടുത്ത് നോക്കിയാൽ പലപ്പോഴും മനസ്ഥൈര്യത്തോടെയും ആക്രമികളെ നേരിട്ടതും അനേകരുടെ ജീവൻ രക്ഷിച്ചതും സ്ത്രീകളാണെന്ന് കാണാം.

സ്ത്രീകൾ ബുദ്ധിശേഷി കുറഞ്ഞവരെന്നും (നാകിസുൽഅഖൽ) ഉത്തരവാദിത്ത്വങ്ങൾ ഭാരമേൽപിക്കുവാൻ പറ്റിയവർ അല്ലെന്നുള്ള ധാരണകൾ തിരുത്തികുറിക്കേണ്ടിയിരിക്കുന്നു. എല്ലാ മനുഷ്യരേയും 'ഉലുൽ അൽബാബ്' എന്നാണ് ഖുർആൻ അഭിസംബോധന ചെയ്യുന്നത് പിന്നെ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകൾ മാറ്റിനിർത്തപ്പെടേണ്ടത്?

മാറ്റങ്ങൾ സ്വീകാര്യമല്ല എന്ന് ഘോഷിക്കുന്ന, യാഥാസ്തികത അലങ്കാരമാക്കിയ ഉലമാക്കൾ വരെ സ്ത്രീ പുരുഷ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കികൊണ്ട് വിദ്യാലയങ്ങൾ നടത്തിവരുന്നുണ്ട്. ഖുർആനിൽ ഊന്നി നിന്ന് കൊണ്ട് തന്നെ തങ്ങളുടെ സമുദായത്തിൽ പാതിക്കും കൂടെ പ്രാമുഖ്യം കിട്ടുന്ന തരത്തിൽ അനിസ്ലാമികമല്ലാത്ത മാറ്റങ്ങൾ വരുത്താം എന്ന അവസ്ഥ രൂപപ്പെടുത്തുന്നതിന് പകരം എന്തിനാണീ ഒരു വിഭാഗത്തിൽനിന്ന് കൈയടി നേടാനും ഇസ്ലാമിനെ മറ്റു സമുദായങ്ങളുടെ രൂക്ഷവിമർശനത്തിനും പരിഹാസത്തിനും പാത്രമാക്കാനായി ഈ സ്ത്രീവിരുദ്ധ ജല്പനങ്ങൾ?

ഖുർആൻ, വിവാഹത്തിനും വിവാഹമോചനത്തിലും ഉൾപ്പെടെ വ്യക്തമായ അവകാശങ്ങൾ സ്ത്രീകൾക്ക് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ വിവാഹം പുരുഷ മേൽക്കോയ്മ ബന്ധമായും സ്ത്രീയെ ഗർഭധാരണയന്ത്രമായും കാണുന്നതിന് പകരം ഖുർആൻ അനുവദിച്ച അവകാശങ്ങളെങ്കിലും സ്ത്രീകൾക്ക് നേടികൊടുക്കാനുള്ള കടമ നമ്മുടെ പണ്ഡിത ശ്രേഷ്ഠർക്കുണ്ട്.

സ്ത്രീകളുടെ അവകാശത്തെ അനുകൂലിക്കുന്ന അനേകം വചനങ്ങൾ ഖുർആനിലുണ്ട്. എന്നാൽ ഇവ സ്ത്രീകൾക്ക് എതിരായി വ്യാഖ്യാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ, ആണ് ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ഫ്യൂഡൽ സാംസ്‌കാരിക ശീലങ്ങളിൽ നിന്ന് കൊണ്ടല്ല ഖുർആനിക പ്രമാണങ്ങളെ വായിക്കേണ്ടത്.

ഖുർആനിനോട് സദാ വൈകാരികമായൊരുബന്ധം മുസ്ലിംകൾ കാണിക്കാറുണ്ട്. എന്നാൽ ഖുർആനിന്റെ അദ്ധ്യാപനങ്ങൾ പ്രായോഗികവത്കരിക്കുന്ന കാര്യത്തിൽ വിശിഷ്യാ സ്ത്രീകളുടെ വിഷയമായിത്തീരുമ്പോൾ അവർ അത്ര സത്യസന്ധത പുലർത്താറില്ലെന്നതാണ് വാസ്തവം.ഇസ്ലാമിന്റെ ചട്ടകൂടുകളിൽ ഒതുങ്ങി നിന്ന് കൊണ്ട് തന്നെ സ്ത്രീക്ക് സമുദായത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയിൽ തന്റേതായ പങ്കു വഹിക്കാൻ ആകില്ലേ?തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നല്ല ജനപ്ര തിനിധികൾക്കുള്ള അവാർഡ് നേടിയെടുത്തവർ, കുടുംബ ശ്രീ പ്രവർത്തകർ അവരുടെയെല്ലാം നേട്ടം നിഷേധിക്കാനാകുമോ?
ജീവിതോപാധി കണ്ടെത്താനായി അനേകായിരം മുസ്ലിം ഗൃഹ നാഥന്മാര് അന്യ നാട്ടിലേക്ക് പോയപ്പോൾ ആ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോയ സ്ത്രീകള് .അവർ വീട്ടില് നിന്ന് പുറത്തിറങ്ങാതിരുന്നെങ്കിൽ ആ കുടുംബങ്ങൾ സാമൂഹികമായും വൈജ്ഞാനികമായും മുന്നേറുമായിരുന്നോ?

ഇനി, ഭാര്യയേയും മക്കളെയും സംരക്ഷിക്കാതെ കള്ള് കുടിച്ചും വ്യഭിചരിച്ചും നടക്കുന്ന മുസ്ലിം നാമധാരികൾ,അവരുടെ പലരുടേയും കുടുംബത്തെ പിടിച്ചു നിര്ത്തിയത് അവരുടെ ഭാര്യമാർ തന്നെയാണ്.മുസ്ലിം സ്ത്രീ പുറത്തിറങ്ങാൻ പാടില്ലെന്ന് ഏതെൻകിലും പുരോഹിതൻ പറഞ്ഞിരുന്നെൻകിൽ ആ കുടുംബങ്ങൾ എന്താകുമായിരുന്നു

സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങളും സമൂഹനിർമ്മിതിയിലെ അവളുടെ പങ്കാളിത്തവും ഇല്ലാതാക്കാൻ അവൾ പ്രകൃത്യാ ദുർബലയാണെന്ന പൊള്ളയായ വാദം ഉന്നയിച്ചും സാമൂഹിക സുരക്ഷയുടെ കവചം അവളെ ധരിപ്പിക്കാനെന്ന വ്യാജേന ദൈവവചനങ്ങളെയും മതപരമായ യുക്തികളെയും നബിചര്യകളെയും ദുർവ്യാഖ്യാനം ചെയ്യുന്നവർ സഹാബി എന്ന പദത്തിന് സഹാബിയത്ത് എന്ന സ്ത്രീലിംഗ ശബ്ദം ഉണ്ട് എന്ന് അറിയേണ്ടതുണ്ട്. പ്രവാചകനുമായി പോലും തർക്കങ്ങളിൽ ഏർപ്പെടാനും സൈനിക രാഷ്ട്രീയ നീക്കങ്ങളിൽ പോലും പങ്കാളികളാകാനും മുസ്ലിംസമുദായത്തിന്റെ നിർമ്മിതിയിൽ തങ്ങളുടേതായ പങ്ക് അഭിമാനപൂർവം നിർവഹിക്കാനും ഏഴാംനൂറ്റാണ്ടിലെ സ്ത്രികൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ഈ ഇരുപത്തൊന്നും നൂറ്റാണ്ടിൽ സ്ത്രീകൾക്ക് അത് നിഷേധിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ്?

ഇസ്ലാമികപൗര സമൂഹത്തിലെ ദശലക്ഷകണക്കിനു സ്ത്രീകളുടെ രാഷ്ട്രീയാകാശങ്ങളെ ഇല്ലായ്മചെയ്യാൻ, സ്ത്രീകളെ പൊതുജീവിതത്തിൽ നിന്നൊഴിവാക്കാൻ, കുടുംബത്തിന്റെ ഉള്ളറകളിൽ മാത്രം ജീവിതം ഹോമിക്കാൻ, നിശബ്ദരാക്കപ്പെട്ട അടിമകൾ എന്ന നിലയിലേക്ക് അവരെ തരം താഴ്‌ത്താൻ പണ്ഡിത വർഗം വല്ലാതെ യത്‌നിക്കുന്നുണ്ട് .

ഇസ്ലാമിന്റെ മുഖമുദ്ര തന്നെ സ്ത്രീ വിരുധ്ധതയാണെന്നു ഘോഷിക്കാൻ, ഇസ്ലാം മതം സ്ത്രീയുടെ ധൈഷണിക, സാംസ്‌കാരിക, സാമ്പത്തിക,ശാരീരിക, മാനസിക സ്വാതന്ത്ര്യങ്ങൾക്ക് കൂച്ച് വിലങ്ങിടുന്നു എന്ന്‌സമർത്ഥിക്കാൻ , അങ്ങിനെ ഏറ്റവും സ്ത്രീ വിരുദ്ധമായ മതം എന്നാ വികലമായ പ്രതിച്ഛായ ഇസ്ലാമിനു ചാർത്തി കൊടുക്കാൻ, ജനാധിപത്യത്തിന്റെ എതിര് പക്ഷത്താണ് ഇസ്ലാം എന്ന് സ്ഥാപിക്കാൻ പുരുഷാധിപത്യ പുരോഹിത സമൂഹം മത്സരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

തുല്യതയിൽ അധിഷ്ഠിതമായ ഇസ്ലാമികപാഠങ്ങൾ വളച്ചൊടിച്ച് കൊണ്ട് സ്ത്രീയെ വീണ്ടും ഇരുണ്ട അകത്തളങ്ങളിലേക്ക് തുരുത്തുവാനും തദ്വാരാ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുവാനും ഈ കപടവരേണ്യ പുരോഹിതന്മാർ കാട്ടിക്കൂട്ടുന്ന ബദ്ധപ്പാടുകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്.

സ്ത്രീകൾക്കെതിരെയുള്ള അനീതികളേയും അടിച്ചമർത്തലുകളെയും ന്യായീകരിക്കാൻ മതത്തെ ദയവ് ചെയ്ത് നിങ്ങൾ കൂട്ടുപിടിക്കാതിരിക്കുക. പുരുഷാധിപത്യ ലോകത്ത് സ്വന്തമായൊരു വിളക്കുമാടം നിർമ്മിക്കാനുള്ള ശ്രമവുമായി സ്ത്രീകൾ മുന്നേറുമ്പോൾ അതിന് തടയിടുന്നത് ഇസ്ലാമിനോടും വിശ്വാസിനികളോടും ചെയ്യുന്ന നീതികേടാണ്.

(അമീറ ഐഷാബീഗം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണിത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP