Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കത്തെഴുതിയും പിണറായിയെ ഫോൺ വിളിച്ചതും ഉമ്മൻ ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; പഴി മുഴുവൻ പ്രതിപക്ഷ നേതാവിനും; സ്വാശ്രയ മുതലാളിമാർക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്ന ബെന്നിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ആര്? പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പ് തന്ത്രത്തെ പ്രതിരോധിക്കാൻ ഉറച്ച് ഐ വിഭാഗം; ചെന്നിത്തലയ്ക്ക് പ്രതിരോധം തീർക്കാൻ പാഞ്ഞെത്തി മുരളീധരൻ; ചാണ്ടി ഗ്രൂപ്പിനെതിരെ ഹൈക്കമാണ്ടിന് പരാതിയും നൽകും; കോൺഗ്രസിൽ വീണ്ടും കലഹത്തിന്റെ നാളുകൾ

കത്തെഴുതിയും പിണറായിയെ ഫോൺ വിളിച്ചതും ഉമ്മൻ ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; പഴി മുഴുവൻ പ്രതിപക്ഷ നേതാവിനും; സ്വാശ്രയ മുതലാളിമാർക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്ന ബെന്നിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ആര്? പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പ് തന്ത്രത്തെ പ്രതിരോധിക്കാൻ ഉറച്ച് ഐ വിഭാഗം; ചെന്നിത്തലയ്ക്ക് പ്രതിരോധം തീർക്കാൻ പാഞ്ഞെത്തി മുരളീധരൻ; ചാണ്ടി ഗ്രൂപ്പിനെതിരെ ഹൈക്കമാണ്ടിന് പരാതിയും നൽകും; കോൺഗ്രസിൽ വീണ്ടും കലഹത്തിന്റെ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനെ തുടർന്നുള്ള തർക്കം കോൺഗ്രസിൽ രൂക്ഷമാകുന്നു. നിയമ നിർമ്മാണത്തിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആരോപിച്ചിരുന്നു. കോൺഗ്രസ് കൂടി പിന്തുണച്ച ബില്ലിനെതിരെ ബെന്നി ബെഹന്നാൻ രംഗത്ത് വന്നതാണ് തമ്മിലടി രൂക്ഷമാക്കുന്നത്. രമേശ് ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഈ നിയമ നിർമ്മാണത്തിന് പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടിയാണെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ പരാതി. സത്യം ഇതായിരിക്കെ കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടു പോകാനാണ് നിയമസഭയിൽ ചെന്നിത്തല ബില്ലിനെ അനുകൂലിച്ചത്. ഇത് പ്രതിപക്ഷ നേതാവെന്ന നിലയിലായിരുന്നു. ഇതെല്ലാം അറിയാവുന്ന ഉമ്മൻ ചാണ്ടി മൗനം തുടരുമ്പോൾ എ ഗ്രൂപ്പ് ചെന്നിത്തലയെ കടന്നാക്രമിക്കുകയാണ്. ഇതാണ് ഐ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്.

സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ നിയമസഭയിൽ യുഡിഎഫും പിന്തുണച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടിയെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ എതിർത്ത വിടി ബൽറാം പോലും ഇതോടെ നിശബ്ദമായി. ഈ വിഷയത്തിൽ കോൺഗ്രസിലെ തല്ല് രൂക്ഷമാക്കുന്നതാണ് ബെന്നി ബെഹന്നാന്റെ ഇടപെടൽ. ആരോപണം സർക്കാരിനെതിരെയാണെങ്കിലും പൊതു സമൂഹത്തിൽ ചെന്നിത്തലയെ മോശക്കാരനാക്കാനാണ് ബെന്നി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ പരാതി. ഈ സാഹചര്യത്തിൽ ബില്ലിലെ വിശദാംശങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ ചെന്നിത്തല ധരിപ്പിക്കും. തനിക്കെതിരെ എ വിഭാഗം ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നുവെന്ന പരാതിയും നൽകും.

കണ്ണൂരിനും കരുണയ്ക്കും വേണ്ടി ഇടപെട്ടത് ഉമ്മൻ ചാണ്ടിയാണ്. വിദ്യാർത്ഥികളെ മുന്നിൽ നിർത്തിയുള്ള സ്വാശ്രയ മാനേജ്‌മെന്റിന്റെ നീക്കത്തെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തുകൊടുത്തു. മുഖ്യമന്ത്രിയോട് ഫോണിൽ ഈ വിഷയം ഉമ്മൻ ചാണ്ടി സംസാരിക്കുകയും ചെയ്തതായാണ് സൂചന. വിഷയത്തിൽ ലീഗിനും താൽപ്പര്യമുണ്ടായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതൊരു പൊതുവിഷയമായി യുഡിഎഫ് എടുത്തു. അതുകൊണ്ടാണ് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത്. ഇതിൽ ചെന്നിത്തലയുടെ താൽപ്പര്യമില്ല. നിറയുന്നത് ഉമ്മൻ ചാണ്ടിയുടേയും ലീഗിന്റേയും താൽപ്പര്യമാണ്. ഇത് എല്ലാവർക്കും അറിയാം. എന്നിട്ടും ചെന്നിത്തലയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതിനെ ഗ്രൂപ്പ് ഒറ്റക്കെട്ടായി പ്രതിരോധിക്കും. ചെന്നിത്തലയെ പിന്തുണയ്ക്കാൻ കെ മുരളീധരൻ എത്തിയതും ശ്രദ്ധേയമായണ്. ഐ ഗ്രൂപ്പിലേക്ക് വീണ്ടും മുരളി അടുക്കുന്നതിന്റെ സൂചനയാണ് ഇത്.

മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ ആരോപണത്തെ കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.മുരളീധരൻ തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഴിമതി നടന്തായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിൽ പാസാക്കാനുള്ള തീരുമാനം എല്ലാവരും ചേർന്നു കൈക്കൊണ്ടതാണ്. ഈ വിഷയം കെപിസിസി രാഷ്ട്രീകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി ബെഹന്നാൻ. ഉമ്മൻ ചാണ്ടി കൂടി ഇടപെട്ടാണ് ബിൽ പാസാക്കാൻ ചർച്ചകൾ നടന്നത്. ഇതിനെ ചെന്നിത്തലയും പിന്തുണച്ചു. അതുകൊണ്ട് തന്നെ ഉത്തരവാദി ചെന്നിത്തല മാത്രമാണ്. ഉമ്മൻ ചാണ്ടിയാണോ അഴിമതി കാട്ടിയതെന്ന് ബെന്നി വ്യക്തമാക്കണം. പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതെല്ലാം-ഐ ഗ്രൂപ്പ് ആരോപിക്കുന്നു.

നേരത്തെ തന്നെ ഈ ബില്ലിനോടുള്ള വിയോജിപ്പ് പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് ബെന്നി ബെഹനാൻ. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. ഈ ബിൽ ഗവർണറും തള്ളിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബെന്നി ബെഹനാന്റെ ആവശ്യം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടുന്ന നേതാവാണ് ബെന്നി. കെപിസിസി അധ്യക്ഷനായ എംഎം ഹസൻ കൂടുമാറി ചെന്നിത്തലയ്‌ക്കൊപ്പം ചേർന്നിരുന്നു. ഇതോടെയാണ് ഹസനെ മാറ്റി ബെന്ന്ിയെ അധ്യക്ഷനാക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.

കണ്ണൂർ-കരുണ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആരോപിച്ചത്. ഈ സാഹചര്യത്തിൽ കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ വളരെ താഴ്ന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതും അന്വേഷണ വിധേയമാക്കണം. കണ്ണൂർ, കരുണ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകൾ തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

സോളാറിലും സരിതാ വിവാദത്തിലും കുടുങ്ങിയ ബെന്നിക്ക് മത്സരിക്കാൻ പോലും ഹൈക്കമാണ്ട് സീറ്റ് കൊടുത്തിരുന്നില്ല. ഈ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ഇപ്പോഴത്തെ ഇടപെടൽ. ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ബെന്നിയുടെ നീക്കത്തിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് ബെന്നിയുടെ ആരോപണത്തെ വെട്ടി നിരത്താൻ മുരളിയെ തന്നെ ചെന്നിത്തല രംഗത്ത് എത്തിയത്. എ ഗ്രൂപ്പിനെ നേരിടാൻ സുശക്തമായ സംവിധാനം ഐയിൽ ഉണ്ടെന്ന സന്ദേശമാണ് ചെന്നിത്തല ഇതിലൂടെ നൽകുന്നത്. ബില്ലിനെ നിയമസഭയിൽ വിടി ബൽറാം മാത്രമാണ് എതിർത്ത് സംസാരിച്ചത്.

ഇതോടെ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ കൈയടി ബൽറാമിന് കിട്ടി. ഇതിൽ വേദനിച്ച് റോജി ജോണും ശബരിനാഥും ബൽറാമിനെ പരോക്ഷമായി കുറ്റപ്പെടുത്തിയ പോസ്റ്റുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് വിഷയം ബെന്നിയും ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP