Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ മൂന്നിൽ രണ്ടുപേരും അനുകൂലിച്ചു; ഒരുവർഷമായപ്പോൾ പകുതി പേരായി; ഇപ്പോൾ മൂന്നിൽ രണ്ടുപേരും തെറ്റെന്ന് പറയുന്നു; മോദിയുടെ പരിഷ്‌കാരങ്ങളിൽ ആവേശത്തോടെ കൈയടിച്ചവർക്കെല്ലാം പ്രതീക്ഷ നഷ്ടമാകുന്നു; ബിജെപി സർക്കാരിന്റെ അഴിച്ചുപണികൾ ആകെ പാളിയെന്ന് സർവേ

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ മൂന്നിൽ രണ്ടുപേരും അനുകൂലിച്ചു; ഒരുവർഷമായപ്പോൾ പകുതി പേരായി; ഇപ്പോൾ മൂന്നിൽ രണ്ടുപേരും തെറ്റെന്ന് പറയുന്നു; മോദിയുടെ പരിഷ്‌കാരങ്ങളിൽ ആവേശത്തോടെ കൈയടിച്ചവർക്കെല്ലാം പ്രതീക്ഷ നഷ്ടമാകുന്നു; ബിജെപി സർക്കാരിന്റെ അഴിച്ചുപണികൾ ആകെ പാളിയെന്ന് സർവേ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഒരു രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിച്ചപ്പോൾ, ധീരമായ ചുവടുവെയ്‌പ്പെന്ന് പറഞ്ഞവരേറെയായിരുന്നു. ഇങ്ങനെവേണം തീരുമാനമെടുക്കാനെന്ന് പറഞ്ഞവർ, പിന്നീടുള്ള ദിവസങ്ങളിൽ എ.ടി.എമ്മുകൾക്ക് മുന്നിൽ ക്യൂനിന്ന് വിയർത്തു.

പഴയ നോട്ടുകൾ മാറാൻ ബാങ്കുകളിൽ ഇടികൂടി. കള്ളപ്പണമൊക്കെ പിടിക്കപ്പെടുമെന്ന സർക്കാരിന്റെ വാക്ക് വിശ്വസിച്ച അനുയായികൾക്കുപോലും പിന്നീട് നോട്ട് നിരോധനത്തെ പിന്തുണയ്ക്കാനായില്ല. അന്ന് കൈയടിച്ചവരൊക്കെ നോട്ട് നിരോധനം അപക്വമായ നടപടിയായിരുന്നുവെന്ന് ഇപ്പോൾ പറയുന്നുവെന്നാണ് റിസർവ് ബാങ്കിന്റെ കൺസ്യൂമർ കോൺഫിഡൻസ് സർവേ വ്യക്തമാക്കുന്നത്.

രാജ്യത്തെ മഹാനഗരങ്ങളിലെ താമസക്കാർക്കിടയിൽ നടത്തിയ സർവേയിൽ രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ കടുത്ത ആശങ്കയാണ് കൂടുതൽപേരും പ്രകടിപ്പിച്ചത്. സാ്മ്പത്തിക നില, ജോലി, വിലക്കയറ്റം, വരവും ചെലവും തുടങ്ങിയ കാര്യങ്ങളിലൂന്നിനിന്നുകൊണ്ടായിരുന്നു സർവേ. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ താമസിക്കുന്ന 5279 പേരാണ് സർവേയിൽ പങ്കെടുത്തത്.

2017 മാർച്ചിനുശേഷം ജനങ്ങളുടെ ശുഭാപ്തിവിശ്വാസത്തിൽ കാര്യമായ കുറവ് വന്നതായാണ് സർവേ നൽകുന്ന സൂചനയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയുമാണ് ജനങ്ങളുടെ പ്രതീക്ഷയെ തകിടംമറിച്ച തീരുമാനങ്ങൾ. ജനങ്ങൾ ആഗ്രഹിക്കുന്നതും അവർക്ക് കിട്ടുന്നതും തമ്മിലുള്ള വ്യത്യാസം കൂടുതൽ പ്രകടമാകുന്നതായി സർവേയിൽ വ്യക്തമാണെന്നും ബാങ്ക് വിലയിരുത്തുന്നു.

2016 നവംബർ എട്ടിന് നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോൾ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നാണ് കരുതിയിരുന്നതെന്ന് സർവേയിൽ പങ്കെടുത്ത പാതിയോളം പേർ പറയുന്നു. എന്നാൽ, നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ മാറ്റം കൊണ്ടിവരില്ലെന്ന് ശേഷിച്ചവർ വിശ്വസിച്ചു. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തുവെന്ന് കരുതുന്നവർ ഇന്ന് മൂന്നിലൊന്നുപേർ മാത്രമാണ്. ശേഷിച്ച മൂന്നിൽ രണ്ടു വിഭാഗവും സ്ഥിതിഗതികൾ മോശമായെന്നോ ഗുണംചെയ്തില്ലെന്നോ കരുതുന്നവരാണ്.

നോട്ട് നിരോധനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറുമെന്ന് 2016 നവംബറിൽ കരുതിയിരുന്നവർ 63 ശതമാനമാണ്. 2018 മാർച്ചിൽ ഈ പ്രതീക്ഷവെച്ചു പുലർത്തുന്നത് 48 ശതമാനമാണ്. തൊഴിലവസരങ്ങളെ സംബന്ധിച്ചും വരുമാനത്തെ സംബന്ധിച്ചും ജനങ്ങൾക്കുള്ള ആശങ്ക വർധിക്കുന്നത് കൂടിവരികയാണെന്നും സർവേ വ്യക്തമാക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ സ്ഥിതി മോശമാണെന്ന് 2016 നവംബറിൽ അഭിപ്രായപ്പെട്ടത് 31 ശതമാനംപേരാണെങ്കിൽ ഇപ്പോഴത് 43 ശതമാനം പേരായി വർധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP