Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടുതൽ പേർക്ക് വിസ വേണമെന്ന് മോദി; വിസയില്ലാത്തവരെ വേഗം ഇന്ത്യയിലേക്ക് കടത്താൻ സഹായം വേണമെന്ന് മേ; സർവ മേഖലകളിലും കൂടുതൽ സഹകരണം; അടുത്ത ആഴ്ച മോദി എത്തുമ്പോൾ ബ്രിട്ടന് പ്രതീക്ഷകൾ ഏറെ

കൂടുതൽ പേർക്ക് വിസ വേണമെന്ന് മോദി; വിസയില്ലാത്തവരെ വേഗം ഇന്ത്യയിലേക്ക് കടത്താൻ സഹായം വേണമെന്ന് മേ; സർവ മേഖലകളിലും കൂടുതൽ സഹകരണം; അടുത്ത ആഴ്ച മോദി എത്തുമ്പോൾ ബ്രിട്ടന് പ്രതീക്ഷകൾ ഏറെ

മാസം കോമൺവെൽത്ത് സമ്മിറ്റിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തുമ്പോൾ യുകെയും ഇന്ത്യയും തമ്മിലുള്ള കരാറുകൾ പുതുക്കുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ 2014ൽ അവസാനിച്ചിരുന്നു. പുതിയ കരാറിൽ ഒപ്പിടുന്നതിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാർക്ക് ബ്രിട്ടനിലേക്കുള്ള വിസ എളുപ്പത്തിൽ ലഭ്യമാക്കണമെന്ന ആവശ്യമാണ് മോദി മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ബ്രിട്ടനിൽ വിസയില്ലാതെ കഴിയുന്നവരെ വേഗം ഇന്ത്യയിലേക്ക് കടത്താൻ സഹായം വേണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയോട് കരാറിന്റെ ഭാഗമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ സർവ മേഖലകളിലും ഇരു രാജ്യങ്ങളും കൂടുതൽ സഹകരണം ഉറപ്പാക്കുന്ന കരാറായിരിക്കും ഒപ്പ് വയ്ക്കപ്പെടുകയെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്. അടുത്ത ആഴ്ച മോദി എത്തുമ്പോൾ ബ്രിട്ടന് പ്രതീക്ഷകൾ വർധിക്കുകയാണ്. അടുത്ത ആഴ്ച ഇരു പ്രധാനന്ത്രിമാരും നടത്തുന്ന നിർണായക ചർച്ചയിൽ വിദ്യാഭ്യാസം, ടെക്നോളജി, വ്യാപാരം എന്നീ വിഷയങ്ങൾക്കായിരിക്കും കൂടുതൽ മുൻഗണന നൽകുകയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 17 മുതൽ 20 വരെയാണ് മോദി യുകെയിലുണ്ടാവുക. ഏപ്രിൽ 18നായിരിക്കും മോദിയും തെരേസയും ചർച്ച നടത്തുകയെന്ന് സൂചനയുണ്ട്.

ഇതിന് പുറമെ ചാൾസ് രാജകുമാരനൊപ്പം പങ്കിടുന്ന വേദിയിൽ ഒരു സദസിനെ അഭിസംബോധന ചെയ്തും മോദി പ്രസംഗിക്കും. ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായി നടത്തന്ന ചർച്ചക്ക് പ്രധാന്യമേറെയുണ്ട്. ഇന്ത്യയുമായി കഴിവുറ്റ പ്രഫഷനലുകളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പ് വയ്ക്കാൻ യുകെയ്ക്ക് താൽപര്യമേറെയുണ്ടെന്നാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറായ ഡൊമിനിക് അസ്‌ക്യുത്ത് വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ നടന്ന് വരുകയാണെന്നും നല്ലൊരു കരാറിൽ ഒപ്പ് വയ്ക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അസ്‌ക്യുത്ത് പറയുന്നു.

പുതിയ കരാർ പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ ലൈംഗിക കുറ്റവാളികളടക്കമുള്ള ക്രിമിനലുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് എളുപ്പത്തിൽ പ്രദാനം ചെയ്യപ്പെടുന്നതിനും വഴിയൊരുക്കും. യുകെയിൽ നിയമവിരുദ്ധമായി തങ്ങുന്ന ഇന്ത്യക്കാരെ കുറിച്ച് വിവരം ലഭിച്ചാൽ അക്കാര്യം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അറിയിക്കുകയയും ഹൈകമ്മീഷൻ ഇക്കാര്യം സ്ഥിരീകരിച്ചാൽ പിന്നെ കാലതാമസമില്ലാതെ അത്തരക്കാരെ തിരിച്ചയക്കുന്നതിനുള്ള സംവിധാനത്തിന് വേണ്ടിയാണ് ബ്രിട്ടൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ വിസയില്ലാതെ ആയിരക്കണക്കിന് പേർ യുകെയിൽ നിയമവിരുദ്ധമായി താമസിക്കുന്നുവെന്ന യുകെ ഹോംലാൻഡ് അഥോറിറ്റികളുടെ വാദത്തോട് ഇന്ത്യ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.

ഇന്ത്യക്കാർക്ക് പാസ്പോർട്ട് നഷ്ടപ്പെട്ടുവെന്ന് അറിയിച്ചാൽ അത് സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നുണ്ടെന്നും ഇത്തരത്തിൽ തങ്ങുന്ന എല്ലാ സൗത്ത് ഏഷ്യക്കാരെയും ഇന്ത്യക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് ഇന്ത്യ വാദിക്കുന്നത്. മോദിയുടെ സന്ദർശനവേളയിൽ അദ്ദേഹവും തെരേസയും ചേർന്ന് ഇന്ത്യ-യുകെ ടെക് അലയൻസ് ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. രണ്ട് രാജ്യങ്ങളിലെയും യുവ സിഇഒ മാരെ ഒന്നിച്ച് ചേർക്കുന്ന കൂട്ടായ്മയാണിത്. തുടർന്ന് മോദി യുകെയിൽ ടൗൺഹാളിൽ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP