Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചുകൊണ്ട് ഒരു മന്ത്രി; ആശ്വസിപ്പിക്കാൻ എത്തിയവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് കടന്നപ്പള്ളി; ഇഴപിരിയാത്ത ആത്മബന്ധം മുറിച്ചുമാറ്റിയപ്പോൾ മന്ത്രി പൊട്ടിക്കരഞ്ഞത് സർവതും തകർന്നവനെ പോലെ

കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചുകൊണ്ട് ഒരു മന്ത്രി; ആശ്വസിപ്പിക്കാൻ എത്തിയവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് കടന്നപ്പള്ളി; ഇഴപിരിയാത്ത ആത്മബന്ധം മുറിച്ചുമാറ്റിയപ്പോൾ മന്ത്രി പൊട്ടിക്കരഞ്ഞത് സർവതും തകർന്നവനെ പോലെ

മറുനാടൻ മലയാളി ബ്യൂറോ

തോട്ടട (കണ്ണൂർ): മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എല്ലാമായിരുന്നു അമ്മ. എല്ലാ ഉയർച്ചതാഴ്ചകളിലും കൂടെയുണ്ടായിരുന്ന നന്മമരം. ആ നന്മമരം ഒരുദിവസം പൊടുന്നനെ ഇല്ലാതായപ്പോൾ അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു മന്ത്രിക്ക്. മരണം അമ്മയെ അടർത്തിമാറ്റിയപ്പോൾ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു മന്ത്രി.

90 വയസ്സുകഴിഞ്ഞ അമ്മ ടികെ പാർവതിയമ്മയും മകൻ രാമചന്ദ്രനുമായി അത്രമാത്രം ഇഴപിരിയാത്ത ബന്ധമായിരുന്നു. മാതൃ സ്‌നേഹത്തിന്റെ ഊഷ്മളത എന്തെന്ന് കണ്ടുനിന്നവരെ ഓർമിപ്പിക്കുന്ന വേദനയായിരുന്നു മന്ത്രിക്ക്. അനുശോചനം അറിയിക്കാനെത്തിയ അടുപ്പക്കാർക്കും സഹപ്രരവർത്തകർക്കും നാട്ടുകാർക്കും മുന്നിൽ മന്ത്രി പൊട്ടിക്കരഞ്ഞു. അവരെയെല്ലാം കെട്ടിപ്പിടിച്ച് അമ്മയുടെ വേർപാട് വിശ്വസിക്കാനാവുന്നില്ലെന്ന് വിതുമ്പി മന്ത്രി.

മകനെ അത്രയേറെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു ആ അമ്മ. എന്നും തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുമായിരുന്നു. രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അമ്മയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയേ കടന്നപ്പള്ളി പുറത്തേക്കു പോകൂ. എല്ലാവരും കടന്നപ്പള്ളിയെന്ന് വിളിക്കുന്ന നേതാവ് ആ അമ്മയ്ക്ക് മുന്നിൽ ഇപ്പോഴും കൊച്ചുകുട്ടി. വെറും ചന്ദ്രൻ. ചന്ദ്രന്റെ നെറ്റിയിൽ ഭസ്മക്കുറി തൊട്ടുകൊടുക്കാതെ അമ്മ പറഞ്ഞയക്കില്ല. പലപ്പോഴും പുറത്തേക്കു പോവുമ്പോൾ മകന് ഒരു നാണയം കൊടുക്കുന്ന ശീലവും പാർവതിയമ്മയ്ക്കുണ്ട്. അത് ഒരുരൂപയാവാം, അല്ലെങ്കിൽ 50 പൈസയുമാവാം. അതു വാങ്ങിയാണ് ആ മന്ത്രിയുടെ ഓരോ ദിനവും തുടങ്ങിയിരുന്നത്.

മകന്റെ ഉയർച്ചതാഴ്ചകൾ എല്ലാം നേരിട്ടുകണ്ട് പ്രോത്സാഹിപ്പിച്ചും സാന്ത്വനിപ്പിച്ചുമെല്ലാം വളർത്തിയതാണ് ആ അമ്മ. 26-ാമത്തെ വയസ്സിൽ കാസർകോട്ടുനിന്ന് എംപി.യായതുമുതൽ രാഷ്ട്രീയക്കാരന്റെ കയറ്റിറക്കങ്ങൾക്കെല്ലാം മൂകസാക്ഷി. പിന്നെ എംഎ‍ൽഎ, മന്ത്രി, വീണ്ടും മന്ത്രി- ഈ ഉയർച്ചകളിലെല്ലാം കടന്നപ്പള്ളിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകിയത് ആ അമ്മയാണ്. വിജയത്തോടൊപ്പം കയ്പുള്ള കടുത്ത പരാജയം നേരിട്ടപ്പോഴും തോറ്റ വിദ്യാർത്ഥിയെപ്പോലെ കടന്നപ്പള്ളി അമ്മയുടെ അടുത്തെത്തി വിനീതനായി നിന്നു- 'സാരമില്ല ചന്ദ്രാ, അടുത്ത തവണ നീ ജയിക്കും. നമ്മൾ തോൽക്കുന്നത് ജയിക്കാനാണ്' -പാണ്ഡിത്യം നിറഞ്ഞ അമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആ അമ്മയുടെ വിശ്വാസമാണ്, അറിവാണ് തന്റെ വിജയമെന്ന് കടന്നപ്പള്ളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകൻ എന്നും ആദർശരാഷ്ട്രീയം കൊണ്ടുനടക്കണമെന്ന് അമ്മയുടെ നിർബന്ധമായിരുന്നു. അമ്മ പറയുന്നതാണ് കടന്നപ്പള്ളിക്ക് വേദവാക്യം.

സംസ്‌കൃതപണ്ഡിതനായ ഭർത്താവ് കൃഷ്ണൻ ഗുരുക്കളിൽനിന്ന് പകർന്നുകിട്ടിയ അറിവ് പാർവതിയമ്മ എപ്പോഴും തന്റെ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്‌കൃതശ്ലോകം ചൊല്ലിയാണ് അവർ പലതും സമർഥിച്ചിരുന്നത്. പൊലീസുകാരെ ഏറെ ബഹുമാനിക്കുന്ന പാർവതിയമ്മ പൊലീസിനെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യാനും മറക്കാറില്ല. കുട്ടികളെ ഏറെ സ്നേഹിക്കുന്ന ആ അമ്മ എപ്പോൾ കു്ട്ടികൾ അടുത്തെത്തിയാലും മിഠായി നൽകി സൽക്കരിക്കും. ഇതിനായി ഒരു വലിയപാത്രം നിറയെ മിഠായി കട്ടിലിനടുത്ത് സൂക്ഷിച്ചിട്ടുണ്ടാകും. മിഠായിപ്പാത്രം കാലിയാകുമ്പോൾ വാങ്ങാൻ മക്കളെ ഓർമിപ്പിക്കാനും പാർവതിയമ്മ മറക്കാറില്ല.

പാർവതിയമ്മയ്ക്ക് കടന്നപ്പള്ളി വീട്ടിൽ ഇപ്പോഴും വെറും കുട്ടിയാണ്. അമ്മയുടെ മുന്നിൽ വെറും കുട്ടിയായി നടക്കാനാണ് കടന്നപ്പള്ളിക്കും ഇഷ്ടം. രാത്രി എത്രവൈകി വീട്ടിലെത്തിയാലും അമ്മയുടെ മുറിയിലെത്തി എന്തെങ്കിലും സംസാരിച്ചേ അദ്ദേഹം ഉറങ്ങാൻപോകൂ. തിരക്കുപിടിച്ച ലോകത്ത് അമ്മമാരെ മറന്നുപോകുന്ന വർത്തമാനകാലത്ത് അപൂർവമായ മാതൃപുത്ര ബന്ധത്തിന് തെളിവായി അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ വാവിട്ടുകരയുന്ന കടന്നപ്പള്ളി ഇന്നലെ.

എ.കെ.ആന്റണി മുതൽ പഴയകാലത്തെ എല്ലാ നേതാക്കളുടെയും പ്രിയപ്പെട്ട അമ്മ കൂടിയാണ് പാർവതിയമ്മ. ഇന്നത്തെ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും അവർക്ക് അടുത്ത ബന്ധമുണ്ട്. അവർക്ക് തിരിച്ചിങ്ങോട്ടും. പാർട്ടികൾ പിളർന്ന് നേതാക്കൾ പലവഴിയിലാവുമ്പോഴും പാർവതിയമ്മയുടെ സ്നേഹബന്ധങ്ങളിൽ വിള്ളലുണ്ടായിരുന്നില്ല. രാഷ്ട്രീയവും ബന്ധങ്ങളും വേറെവേറെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പെരുമാറ്റങ്ങളും സൗഹൃദങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP