Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ ഹർത്താലാഹ്വാനം ചെവിക്കൊണ്ട് അക്രമത്തിന് ഇറങ്ങിയ 40 പേർ കണ്ണൂരിലും കാസർകോട്ടും അറസ്റ്റിൽ; സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയവരേയും പിടികൂടി പൊലീസ്; കാസർകോട്ട് ശബ്ദസന്ദേശമായും ഹർത്താലാഹ്വാനം പ്രചരിപ്പിച്ചു; മഞ്ചേശ്വരത്ത് ചേരിതിരിഞ്ഞ് ജനം ഏറ്റുമുട്ടിയതോടെ വൻ സംഘർഷം

വ്യാജ ഹർത്താലാഹ്വാനം ചെവിക്കൊണ്ട് അക്രമത്തിന് ഇറങ്ങിയ 40 പേർ കണ്ണൂരിലും കാസർകോട്ടും അറസ്റ്റിൽ; സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയവരേയും പിടികൂടി പൊലീസ്; കാസർകോട്ട് ശബ്ദസന്ദേശമായും ഹർത്താലാഹ്വാനം പ്രചരിപ്പിച്ചു; മഞ്ചേശ്വരത്ത് ചേരിതിരിഞ്ഞ് ജനം ഏറ്റുമുട്ടിയതോടെ വൻ സംഘർഷം

രഞ്ജിത് ബാബു

കണ്ണൂർ: അപ്രഖ്യാപിത ഹർത്താൽ ആഹ്വാനം ചെയ്ത് അക്രമങ്ങൾക്കും വഴിതടയലിനും ഇറങ്ങിയ 40 പേരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുജില്ലകളിലും വ്യാപകമായി അക്രമങ്ങൾ നടക്കുന്നുണ്ട്. കാസർകോട് ജില്ലയുടെ അതിർത്തികളിൽ സ്ഥിതി രൂക്ഷമാണ്്. സോഷ്യൽ മീഡിയയിലെ ആഹ്വാനംകേട്ട് നിരവധി പേരാണ് വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ഇറങ്ങിയിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിന്റെ ഭാഗമായി കണ്ണൂരിലും കാസർഗോഡിലും വാഹനങ്ങൾ തടഞ്ഞു കടകളടപ്പിച്ചു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലാത്തവർ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി. കാസർഗോഡ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർത്താൽ ആഹ്വാനം നടത്തുകയും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത നിരവധി പേരുടെ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർഗോഡ് ജില്ലയിൽ ചിലർ ശബ്ദ സന്ദേശത്തിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനകീയ ഹർത്താലിൽ ജനങ്ങൾ സഹകരിക്കണമെന്നും സമൂഹമാധ്യമങ്ങളുടെ ശക്തി കാണിച്ചു കൊടുക്കണമെന്നും വ്യാജ സന്ദേശത്തിൽ പറഞ്ഞതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹർത്താൽ ആഹ്വാനം പ്രചരിപ്പിച്ച നാല് പേരെ കാസർഗോഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാട്സാപ്പ് , ഫേസ്‌ബുക്ക് വഴി സന്ദേശം പ്രചരിപ്പിച്ച കാര്യം പൊലീസ് നിരീക്ഷിച്ചു വരികയാണ്. കണ്ണൂരിൽ മുനിസിപ്പൽ ബസ്സ് സ്റ്റാൻഡ്, പുതിയ ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കടകളടപ്പിക്കാനും വാഹനങ്ങൾ തടയാനുമെത്തിയ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പല ഭാഗങ്ങളിലും പ്രകടനവും വാഹനം തടയലും നടന്നു വരികയാണ്. പൊലീസുമായി സംഘർഷത്തിലേർപ്പെട്ട എസ്.ഡി.പി.ഐ. അനുകൂലികളെ വിരട്ടിയോടിച്ചു.

മഞ്ചേശ്വരത്ത് ജനക്കൂട്ടം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗത്തേയും പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഗ്രനേഡ് പൊട്ടിച്ചു. കുമ്പളയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. തുടർന്ന് ബസുകളും കാറുകളും ഓട്ടോറിക്ഷകളും രാവിലെ മുതൽ ഓട്ടം നിറുത്തി. ഇന്നലെ രാത്രി പത്ത് മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. ടൗണിൽ തുറന്നുവെച്ചിരുന്ന ഒരു കടയിൽ എത്തിയ സംഘം നാളെ ഹർത്താൽ ആണെന്നും കട അടയ്ക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് സംഘർഷത്തിന് തുടക്കമായത്.

കട അടക്കാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ യുവാക്കൾ അക്രമം നടത്തുകയായിരുന്നു. തുടർന്ന് കല്ലേറുണ്ടായി. കടയിൽ അക്രമം നടത്തിയ വിവരം അറിഞ്ഞതോടെ തൊട്ടടുത്തുള്ള തങ്ങളുടെ ആരാധനാലയത്തിന് കല്ലെറിഞ്ഞതായി ആരോപിച്ചു ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയതോടെ മറുവിഭാഗവും അക്രമത്തിന് കോപ്പുകൂട്ടി.

ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം ഒതുക്കാൻ മഞ്ചേശ്വരം എസ്‌ഐ അനൂപ്കുമാറും സംഘവും ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കുമ്പള സിഐ കെ. പ്രേംസദൻ, വിദ്യാനഗർ സിഐ ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ലാത്തിച്ചാർജ് നടത്തി. പൊലീസിനെതിരെ കല്ലേറുണ്ടായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ സംഘർഷത്തിൽ എസ്‌ഐ ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് സാരമായി പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP