Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎച്ച്പി വിട്ട തൊഗാഡിയ ഹിന്ദു ഫസ്റ്റ് എന്ന പേരിൽ പുതിയ സംഘടന തുടങ്ങും; മോദിക്കെതിരെ യുദ്ധം തുടരുമ്പോഴും രാമക്ഷേത്രം പ്രധാന അജണ്ടയാക്കും; ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരവും പ്രഖ്യാപിച്ച് മുൻ വിഎച്ച്പി പരമാധ്യക്ഷൻ

വിഎച്ച്പി വിട്ട തൊഗാഡിയ ഹിന്ദു ഫസ്റ്റ് എന്ന പേരിൽ പുതിയ സംഘടന തുടങ്ങും; മോദിക്കെതിരെ യുദ്ധം തുടരുമ്പോഴും രാമക്ഷേത്രം പ്രധാന അജണ്ടയാക്കും; ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരവും പ്രഖ്യാപിച്ച് മുൻ വിഎച്ച്പി പരമാധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി നടത്തിയ കരുത്തുറ്റ നീക്കത്തിലൂടെ ഏറെക്കാലമായി അടക്കിവാണ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുപോകേണ്ടിവന്ന പ്രവീൺ തൊഗാഡിയ ഇനി പുതിയ സംഘടന തുടങ്ങി രാഷ്ട്രീയ രംഗത്ത് പോരാട്ടം തുടർന്നേക്കും. ഹിന്ദു ഫസ്റ്റ് എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ച് വിഎച്ച്പിയിലെ തന്റെ പക്ഷക്കാരായ നേതാക്കളേയും പ്രവർത്തകരെയും ചേർത്ത് മുന്നോട്ടുപോകാനാണ് തൊഗാഡിയ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ചയാണ് തികച്ചും അപ്രതീക്ഷിത നീക്കത്തിലൂടെ തൊഗാഡിയ വിഎച്ച്പിയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് പുറത്തുപോകുന്നത്. ഇതിന് പിന്നാലെ താൻ സംഘടന വിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു ഏറെക്കാലമായി വിഎച്ച്പിയുടെ മുഖമായി നിന്ന ഈ നേതാവ്. മോദിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ നടന്ന കരുനീക്കങ്ങളാണ് തൊഗാഡിയയുടെ കസേരതെറിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. രാജ്യാന്തര പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രവീൺ തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചൽപ്രദേശ് മുൻ ഗവർണറുമായ വി എസ്.കോക്‌ജെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പിന്നാലെ സംഘടനയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിട്ട് വി.എച്ച്.പിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രവീൺ തൊഗാഡിയയുടെ പ്രഖ്യാപനവും വന്നു. 32 വർഷമായി തുടരുന്ന വിഎച്ച്പി ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ഹിന്ദുക്കളുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും അതിനായി 17 മുതൽ അഹമ്മദാബാദിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും പ്രഖ്യാപിച്ചാണ് തൊഗാഡിയ വിശ്വഹിന്ദു പരിഷത്തിനെ ഉപേക്ഷിച്ചു പോകുന്നത്.

ഇതിന് പിന്നാലെയാണ് തൊഗാഡിയ പുതിയ സംഘടന തുടങ്ങി തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മുൻനിരയിൽ നിലകൊള്ളമെന്ന റിപ്പോർട്ടുകളും വരുന്നത്. മോദിയെന്ന നേതാവിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ് തൊഗാഡിയ. എന്നാൽ മോദി പിന്നീട് തന്നെ തഴഞ്ഞുവെന്ന നിലയിൽ രംഗത്തുവന്ന തൊഗാഡിയ ബിജെപി പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അകന്നുപോകുന്നു എന്ന നിലപാടെടുത്ത് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതാണ് ഒടുവിൽ മോദി നടത്തിയ നീക്കത്തിലൂടെ തന്നെ തൊഗാഡിയ പുറത്താവാൻ കാരണമായതും.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ബിജെപി പിന്നോട്ടുപോയിയെന്ന് ആരോപിച്ച് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ് തൊഗാഡിയ. അധികാരം രുചിച്ച് മത്തുപിടിച്ചവർ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം മറക്കുന്നു. ഹിന്ദുത്വത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞവർ കഴിഞ്ഞ നാലുവർഷമായി അത് മറന്നിരിക്കുന്നു. - തൊഗാഡിയ അഹമ്മദാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞാനിപ്പോൾ ഒരു വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകനല്ല. പക്ഷേ, അതിന്റെ വലിയൊരു വിഭാഗം പ്രവർത്തകരും നേതാക്കളും എനിക്കൊപ്പമുണ്ട്. ഹിന്ദുത്വമെന്ന സന്ദേശത്തിൽ നിന്ന് ഏറെ അകന്നിരിക്കുകയാണ് ബിജെപിയും ആർഎസ്എസും. തെറ്റായ നടപടികളിലൂടെ അവർ നൂറുകോടിയോളം വരുന്ന ഹിന്ദുക്കളുടെ വികാരങ്ങൾ വ്രണപ്പെടുത്തുകയാണ്. ഈ സന്ദേശം രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും എത്തിക്കാനാവും ഇനി എന്റെ ശ്രമം. - തൊഗാഡിയ നയം വ്യക്തമാക്കിയത് ഇങ്ങനെ.

തൊഗാഡിയ ഹിന്ദു ഫസ്റ്റ് എന്ന പുതിയ സംഘടന രൂപീകരിക്കുമെന്ന സൂചനകൾ വന്നതോടെ തന്നെ ഇതിന്റെ പ്രതിഫലനവും ഉണ്ടായിത്തുടങ്ങി. മോദിയും അമിത്ഷായും കരുത്തരായ ഗുജറാത്തിൽ തന്നെ വിഎച്ച്പിയുടെ നിരവധി ഭാരവാഹികൾ സംഘടന ഉപേക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച തൊഗാഡിയ സംഘടന വിട്ടുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും തങ്ങളുടെ നേതാവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നുകഴിഞ്ഞു. ഞായറാഴ്ച വൈകീട്ട് ഇവരുടെ ഒരു യോഗവും തൊഗാഡിയയുടെ നേതൃത്വത്തിൽ നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP