Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഹകരണമേഖലയിൽ ചരിത്രപ്രധാന വിധിയുമായി സുപ്രീംകോടതി; സംസ്ഥാനത്തെ ഏറ്റവും അധികം ആസ്തിയുള്ള തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരായ ആർബിട്രേഷൻ റദ്ദാക്കി ഉത്തരവ്; രാജ്യമൊട്ടുക്ക് ബാധകമാകുന്ന വിധിയെന്ന് നിരീക്ഷണം

സഹകരണമേഖലയിൽ ചരിത്രപ്രധാന വിധിയുമായി സുപ്രീംകോടതി; സംസ്ഥാനത്തെ ഏറ്റവും അധികം ആസ്തിയുള്ള തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരായ ആർബിട്രേഷൻ റദ്ദാക്കി ഉത്തരവ്; രാജ്യമൊട്ടുക്ക് ബാധകമാകുന്ന വിധിയെന്ന് നിരീക്ഷണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പട്ടികയിൽ ഏറ്റവും വലിയവയിൽ ഒന്നാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്. യുഡിഎഫിന്റെ ഭരണത്തിൽ കാലങ്ങളായി ഉള്ള ബാങ്ക് പിടിക്കാൻ സിപിഎം കളിക്കാത്ത കളികൾ ഇല്ല. അപ്പോഴെല്ലാം കോടതി വിധിയുടെ പിന്തുണയിൽ യുഡിഎഫ് തുടർന്നു പോന്നു.

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ആർബിട്രേഷൻ കോടതിക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതാണ് ഒടുവിലത്തേത്. 2016 നവംബർ അഞ്ചിന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ അന്തിമവിധി പ്രകാരം തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ കോ-ഓപ്പറേറ്റീവ് ആർബിട്രേഷൻ കോടതിയിൽ ഫയൽ ചെയ്യുവാൻ അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. തെരഞ്ഞെടുപ്പു തീയതി മുതൽ ഒരു മാസത്തിനകം ആർബിട്രേഷൻ കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നാണ് നിയമം.

എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസത്തിനു ശേഷം കേസ് ഫയൽ ചെയ്യാനാണ് ഹൈക്കോടതി അനുവാദം നൽകിയത്. സഹകരണ നിയമത്തിൽ പറയുന്ന സമയപരിധി നീട്ടി നൽകിയത് നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ബാങ്കും പ്രസിഡന്റ് റെജി തോമസും നൽകിയ അപ്പീലുകൾ അനുവദിച്ചു കൊണ്ടാണ് സുപ്രീം കോടതി രാജ്യത്താകമാനം ബാധകമാകുന്ന സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. സഹകരണ നിയമത്തിൽ, തെരഞ്ഞെടുപ്പ് ഹർജി നൽകുവാൻ നിഷ്‌കർഷിച്ചിരിക്കുന്ന സമയപരിധി നീട്ടി നൽകുവാൻ പ്രത്യേക വകുപ്പില്ലെന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ച് തീർപ്പാക്കുവാനും ഉത്തരവായിട്ടുണ്ട്. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എം. ശാന്തന ഗൗഡർ, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സംസ്ഥാന ഗവൺമെന്റും കോ-ഓപ്പറേറ്റീവ് ഇലക്ഷൻ കമ്മിഷനും മറ്റു കക്ഷികളും നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിച്ചില്ല.

ബാങ്കിനും ഭരണസമിതിക്കും വേണ്ടി അഭിഭാഷകരായ കപിൽ സിബൽ, ജോർജ് പൂന്തോട്ടം, എംപി. വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവരും ഗവൺമെന്റിനും എതിർ കക്ഷികൾക്കും വേണ്ടി വി. ഗിരി, രഞ്ജിത് തമ്പാൻ, ജി. പ്രകാശ്, സി.കെ.ശശി എന്നിവരും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP