Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറേഗാവ് കലാപത്തിലെ ദൃക്‌സാക്ഷിയായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പ്രേരണാക്കുറ്റത്തിന് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; മറാത്താ-ദളിത് കലാപത്തിൽ സാക്ഷിയായതോടെ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായെന്ന് കുടുംബം

കൊറേഗാവ് കലാപത്തിലെ ദൃക്‌സാക്ഷിയായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പ്രേരണാക്കുറ്റത്തിന് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; മറാത്താ-ദളിത് കലാപത്തിൽ സാക്ഷിയായതോടെ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായെന്ന് കുടുംബം

പൂണെ: മഹാരാഷ്ട്രയിൽ കൊറേഗാവ് യുദ്ധവിജയത്തിന്റെ വാർഷിക ആഘോഷ വേളയിൽ ഉണ്ടായ മറാത്ത-ദളിത് ഏറ്റുമുട്ടലിന്റെ ദൃക്‌സാക്ഷിയായ പത്തൊമ്പതുകാരിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം, കലാപകാരികൾക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിക്ക് മേൽ സമ്മർദ്ദങ്ങൾ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

പൂജാ സാകേത് എന്ന യുവതിയുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ജനുവരിയിൽ ദളിതുകൾക്ക് എതിരായി നടന്ന കലാപത്തിൽ പൂജയുടെ വീടും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. കലാപത്തിൽ വീടു നഷ്ടപ്പെട്ട പൂജയുടെ കുടുംബത്തെയും മറ്റൊരിടത്ത് പുനരധിവസിപ്പിക്കുകയായിരുന്നു. ഇപ്പോൾ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. വീട് തീവച്ച് നശിപ്പിച്ചവർക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് മേൽ ഭീഷണിയും സമ്മർദ്ദവും ശക്തമായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിൽ ദളിത് സൈനികരുമുണ്ടായിരുന്നു. ഉന്നത ജാതിക്കാർ അടങ്ങിയ മറാത്ത സൈന്യത്തിനു മേൽ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. ഈ വിജയമാഘോഷിക്കാൻ എല്ലാവർഷവും ജനുവരി ഒന്നിന് ദളിതർ ഒത്തുകൂടുക പതിവാണ്. ഈ വർഷം ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടാവുകയായിരുന്നു. മറാത്താ വിഭാഗക്കാരാണ് ദളിതർക്ക് നേരെ ആക്രണം അഴിച്ചുവിട്ടത്. സമുദായികസംഘർഷം പിന്നീട് വൻ കലാപമായി മാറി.

അതേസമയം, പൂജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി വീട്ടുകാർ മുമ്പ് അറിയിച്ചിട്ടില്ലെന്ന് പൊലീസുകാരനായ സുവേസ് ഹഖ് പറഞ്ഞു. വൈരാഗ്യമുള്ളവരെ കുടുക്കാൻ പെൺകുട്ടിയുടെ മരണം വീട്ടുകാർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ രണ്ട് യുവാക്കളും പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു.

കലാപകാരികൾ നശിപ്പിച്ച വീട് പുനർനിർമ്മിക്കാൻ സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം കാത്തിരിക്കുകയാണ് പൂജയുടെ കുടുംബം. ഇതിനിടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിനായി തുക ലഭിക്കാൻ വൈകുന്നതിലെ വിഷമത്താൽ പെ്ൺകുട്ടി ജീവനൊടുക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP