Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീമതിയെ രക്ഷിച്ചത് ഇപി ജയരാജൻ; ആനത്തലവട്ടത്തിന് വേണ്ടി രംഗത്തിറങ്ങിയത് സിഐടിയു; തോമസ് ഐസക്കിന് രക്ഷകനായത് ബാലനെ ഒഴിവാക്കാനാകില്ല എന്ന സാഹചര്യം; ബാലഗോപാലിന് ഇടം കിട്ടിയത് സുകുമാരൻ നായരുടെ ശുപാർശയിൽ; പി രാജീവ് കയറികൂടിയത് പിണറായിയുടെ ഗുഡ് ലിസ്റ്റിൽ; സെക്രട്ടറിയേറ്റിലേക്ക് പ്രമോഷൻ നൽകി പി ജയരാജനെ കണ്ണൂരിൽ നിന്ന് ഒതുക്കാനുള്ള നീക്കവും പൊളിഞ്ഞു

ശ്രീമതിയെ രക്ഷിച്ചത് ഇപി ജയരാജൻ; ആനത്തലവട്ടത്തിന് വേണ്ടി രംഗത്തിറങ്ങിയത് സിഐടിയു; തോമസ് ഐസക്കിന് രക്ഷകനായത് ബാലനെ ഒഴിവാക്കാനാകില്ല എന്ന സാഹചര്യം; ബാലഗോപാലിന് ഇടം കിട്ടിയത് സുകുമാരൻ നായരുടെ ശുപാർശയിൽ; പി രാജീവ് കയറികൂടിയത് പിണറായിയുടെ ഗുഡ് ലിസ്റ്റിൽ; സെക്രട്ടറിയേറ്റിലേക്ക് പ്രമോഷൻ നൽകി പി ജയരാജനെ കണ്ണൂരിൽ നിന്ന് ഒതുക്കാനുള്ള നീക്കവും പൊളിഞ്ഞു

ബി രഘൂരാജ്

തിരുവനന്തപുരം: അപ്രതീക്ഷിതമായ രണ്ട് മുഖങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുന്നത്. യുവനേതാക്കളായ പി രാജീവും കെ എൻ ബാലഗോപാലും. എറണാകുളത്തേയും കൊല്ലത്തേയും ജില്ലാ സെക്രട്ടറിമാരെ സെക്രട്ടറിയേറ്റിലെടുക്കുന്നത് തന്ത്രപരമായ നീക്കമാണ്. സിപിഎം ഔദ്യോഗിക നേതൃത്വം നിരവധി കൂട്ടികിഴക്കലുകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ഇതിലൂടെ സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രിമാർക്ക് ആർക്കും പാർട്ടി പദവി നഷ്ടമാകുന്നില്ല. നിലവിലെ അംഗങ്ങളെ ഒപ്പം നിർത്തി രണ്ട് അതിവിശ്വസ്തരെ സെക്രട്ടറിയേറ്റിൽ എടുക്കുകയാണ് പിണറായി വിജയൻ. ഇതിലൂടെ സെക്രട്ടറിയേറ്റിലെ മൃഗീയ ഭൂരിപക്ഷം തനിക്ക് അനുകൂലമാക്കി മാറ്റാൻ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്യുന്നു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെങ്കിലും പാർട്ടി സെന്ററിൽ കരുത്ത് പിണറായിൽ നിലനിർത്തുന്നതാണ് സെക്രട്ടറിയേറ്റ് രൂപീകരണം.

തോമസ് ഐസകിന് തുണയായത് എകെ ബാലനെ മാറ്റേണ്ടി വരുമെന്ന ചർച്ചകളാണ്. ഇതിനൊപ്പം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറം യെച്ചൂരിയെത്തിതും തുണച്ചു. അല്ലെങ്കിൽ ഐസക് സെക്രട്ടറിയേറ്റിന് പുറത്താകുമായിരുന്നു. പികെ ശ്രീമതിക്കായി ഇപി ജയരാജനും ആനത്തലവട്ടം ആനന്ദിന് വേണ്ടി സിഐടിയുവും അതിശക്തമായി രംഗത്തുവന്നു. തോമസ് ഐസക് സെക്രട്ടറിയേറ്റിൽ തുടരണമെന്ന യെച്ചൂരിയുടെ കൂടി ആവശ്യം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അംഗീകരിച്ചു. ഇതിനൊപ്പം സെക്രട്ടറിയേറ്റിൽ യെച്ചൂരി പക്ഷത്തിന് കരുത്ത് കൂടാതിരിക്കാൻ പി ജയരാജനെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. രണ്ട് വിശ്വസ്തരെ സെക്രട്ടറിയേറ്റിലേക്ക് അപ്രതീക്ഷിതമായി എത്തിച്ച് പാർ്ട്ടിയെ വരുതിൽ നിർത്തുകയാണ് പിണറായി.

എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലത്തെ സെക്രട്ടറി കെ എൻ ബാലഗോപാലും സെക്രട്ടറിയേറ്റ് അംഗങ്ങളാകുന്നതും പാർട്ടിയിലെ പിണറായി വിഭാഗത്തിന്റെ തന്ത്രങ്ങളുടെ ഭാഗമാണ്. എൻഎസ് എസിനെ അടുപ്പിക്കാനാണ് ബാലഗോപാലിനെ സെക്രട്ടറിയേറ്റിലേക്ക് എടുക്കുന്നതെന്നും സൂചനയുണ്ട്. മുൻ ജില്ലാ സെക്രട്ടറി ഗോപീ കോട്ടമുറിക്കൽ വീണ്ടും എറണാകുളത്ത് പാർട്ടിയെ നയിക്കാനെത്തിയേക്കും. വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ ചർച്ചയായ പേരായിരുന്നു രാജീവിന്റേത്. പിണറായിയുടെ വിശ്വസ്തനെന്ന നിലയിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ രാജീവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആഗ്രഹിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറ സീറ്റ് എം സ്വരാജിനാണ് നൽകിയത്. അപ്പോഴും പിണക്കമൊന്നും കാട്ടിയില്ല. എറണാകുളത്തെ പിണറായിയോട് അടുപ്പിച്ചു നിർത്തി. ഇതിനുള്ള അംഗീകാരമാണ് സെക്രട്ടറിയേറ്റ് പദവി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് രാജീവ് സ്ഥാനാർത്ഥിയാകുമെന്ന സൂചനയും ഇതിലുണ്ട്.

പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടിയാണ് രാജീവിനെ സെക്രട്ടറിയേറ്റിലേക്ക് എഠുക്കുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ടുയർന്ന പല വിവാദങ്ങളിലും രാജീവിന്റെ പേര് ചർച്ചയാവുകയും ചെയ്തിരുന്നു. രാജീവിന്റെ ഇമേജിനെ ഇത്തരം ചർച്ചകൾ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ് പുതിയ സ്ഥാനം നൽകൽ. 

എൻഎസ് എസ് നേതൃത്വവുമായി എറെ അടുപ്പമുള്ള നേതാവാണ് കെ എൻ ബാലഗോപാൽ. കൊല്ലം ജില്ലാ സെക്രട്ടറിയായ ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധു എൻഎസ്എസ് ഡയറക്ടറാണ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അതി വിശ്വസ്തൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ജയമുറപ്പിക്കാൻ എൻഎസ് എസ് പിന്തുണ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ബാലഗോപാലിനെ സെക്രട്ടറിയേറ്റിലേക്ക് എടുക്കുന്നത്. സുകുമാരൻ നായരുടെ പിന്തുണയിൽ നായർ വോട്ടുകൾ സിപിഎമ്മിലേക്ക് അടുപ്പിക്കാനാണ് നീക്കം. ബാലഗോപാൽ മാറുമ്പോൾ കൊല്ലത്ത് പുതിയ സെക്രട്ടറിയെ ഉടൻ പാർട്ടി കണ്ടെത്തും. സെക്രട്ടറിയേറ്റിൽ പുതുതായെത്തിയ രാജീവും നായർ സമുദായ അംഗമാണെന്നത് ശ്രദ്ധേയമാണ്. കൊല്ലം ലോക്‌സഭയിൽ അടുത്ത തവണ രാജീവ് മത്സരിക്കാനും സാധ്യതയുണ്ട്. അതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

നേരത്തെ കെ രാധാകൃഷ്ണനെ പോലുള്ള പിന്നോക്ക സമുദായ നേതാക്കൾക്ക് സെക്രട്ടറിയേറ്റ് രൂപീകരണത്തിൽ മുൻതൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. സിപിഎം കേന്ദ്ര കമ്മറ്റിയിൽ തീർത്തും അപ്രതീക്ഷിതമായാണ് രാധാകൃഷ്ണൻ എത്തിയത്. കേരളത്തിലെ പിന്നോക്ക സമുദായത്തിന്റെ മുഖമായി എകെ ബാലനെ ഉയർത്തിക്കാട്ടാനായിരുന്നു പിണറായി പക്ഷത്തിന്റെ നീക്കം. ഇതിന് വിരുദ്ധമായാണ് രാധാകൃഷ്ണന്റെ പേര് ഉയർന്നു വന്നത്. എന്നാൽ സെക്രട്ടറിയേറ്റ് രൂപീകരണത്തിൽ ആരും ചർച്ചയാകാത്ത പേരുകാരെ മാത്രം സെക്രട്ടറിയേറ്റ് അംഗമാക്കിയാൽ മതിയെന്ന ധാരണയിലാണ് എത്തിയത്. ബേബി ജോണിനെ മാറ്റാനും നേരത്തെ ധാരണയായിരുന്നു. ഇതിനൊപ്പം ദക്ഷിണാമൂർത്തിയുടെ ഒഴിവും. ഇവിടെ തൃശൂരിന്റെ പ്രാതിനിധ്യം ഒഴിവാക്കാതിരിക്കാൻ ബേബി ജോണിനെ നിലനിർത്തി. രാധാകൃഷ്ണനെ തഴയുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന് രാധാകൃഷ്ണനോടുള്ള മമതയും ഈ നീക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചു. പകരം സെക്രട്ടറിയേറ്റിന്റെ അംഗ ബലം 16 ആയി ഉയർത്തി ബാലഗോപാലിനേയും രാജീവിനേയും ഉൾപ്പെടുത്തുകയായിരുന്നു.

പി ജയരാജനെ സെക്രട്ടറിയേറ്റിൽ എടുക്കുമ്പോൾ പികെ ശ്രീമതിയെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ തന്നെ മാറ്റുന്നതിനെ ശ്രീമതി എതിർത്തു. ഇപി ജയരാജനും ഇതിനെ പിന്തുണച്ചില്ല. ഇതോടെ കണ്ണൂരിൽ നിന്ന് പി ജയരാജനെ സെക്രട്ടറിയേറ്റിൽ എടുക്കാനുള്ള നീക്കവും പൊളിഞ്ഞു. നിലവിൽ അഞ്ച് പേർ കണ്ണൂരിൽ നിന്ന് സെക്രട്ടറിയേറ്റിലുണ്ട്. ഈ സാഹചര്യത്തിലാണ് പി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ ഒഴിവ് കണ്ടെത്താൻ കഴിയാതെ പോയത്. അങ്ങനെ അടുത്ത മൂന്ന് കൊല്ലവും ജില്ലാ സെക്രട്ടറിയായി പി ജയരാജൻ തുടരുമെന്ന് ഉറപ്പായി. പ്രായക്കൂടുതലുള്ള ആനത്തലവട്ടം ആനന്ദിനെ മാറ്റാത്തത് സിഐടിയുകാരുടെ ഇടപെടലിലൂടെയാണ്. സിഐടിയു സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റിൽ വേണമെന്ന് എളമരം കരിം ഉൾപ്പെടെ നിലപാട് എടുത്തു. ഇതോടെ ആനത്തലവട്ടവും സ്ഥാനം നിലനിർത്തി. പിണറായിയുടെ പിന്തുണയും ആനത്തലവട്ടത്തിന് തുണയായി.

തിരുവനന്തപുരത്ത് എം വിജയകുമാർ സെക്രട്ടറിയേറ്റിലെത്തുമെന്ന് കരുതിയിരുന്നു. എന്നാൽ ആനത്തലവട്ടം മാറാൻ കൂട്ടാക്കാത്തത് വിജയകുമാറിന് വിനയായി. നിലവിൽ ഒരു ഒഴിവ് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായിരുന്നത്. എന്നാൽ അംഗസഖ്യ പതിനാറാക്കാൻ കേന്ദ്ര നേതൃത്വം അനുമതി നൽകിയതിനാലാണ് അംഗബലം കൂടിയത്. നിലവിലുള്ള സെക്രട്ടറിയേറ്റ് അംഗങ്ങൾ ആരും ഒഴിവായില്ല എന്നതും ശ്രദ്ധേയമാണ്. രാവിലെ പിബി അംഗങ്ങൾ ആദ്യം യോഗം ചേർന്ന ശേഷം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം കൂടി ചേർന്നാണ് പുതിയ അംഗങ്ങളെ തീരുമാനിച്ചത്. ഇത് സംസ്ഥാന സമിതിയും അംഗീകരിച്ചു. നിലവിലെ സംസ്ഥാന സമിതിയിൽ പിണറായി പക്ഷത്തിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ആരും സെക്രട്ടറിയേറ്റ് പട്ടികയെ ചോദ്യം ചെയ്തതുമില്ല.

15 അംഗ സെക്രട്ടറിയേറ്റിൽ നേരത്തെ വിവി ദക്ഷിണ മൂർത്തി മരിച്ചതിനു ശേഷം ഒരു ഒഴിവു വന്നിരുന്നു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി കരുണാകരൻ, പികെ ശ്രീമതി, ടി എം തോമസ് ഐസക്ക്, ഇ പി ജയരാജൻ, എളമരം കരിം, എംവി ഗോവിന്ദൻ, എ കെ ബാലൻ, ബേബി ജോൺ, ടി പി രാമകൃഷ്ണൻ ആനത്തലവട്ടം ആനന്ദൻ, എം എംമണി, കെ ജെ തോമസ്, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരാണ് നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP