Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണം കൊണ്ടൊരു മാസ്റ്റർ പീസ്! ലിജോ മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ തന്നെ; ശക്തമായ രചനക്കൊപ്പം മാന്ത്രികമായ ആഖ്യാനവും; തകർത്ത് അഭിനയിച്ച് ചെമ്പനും വിനായകനും പോളി വിൽസനും; ഈ.മ.യൗ ഓർമ്മിപ്പിക്കുന്നത് കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെ

മരണം കൊണ്ടൊരു മാസ്റ്റർ പീസ്! ലിജോ മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ തന്നെ; ശക്തമായ രചനക്കൊപ്പം മാന്ത്രികമായ ആഖ്യാനവും; തകർത്ത് അഭിനയിച്ച് ചെമ്പനും വിനായകനും പോളി വിൽസനും; ഈ.മ.യൗ ഓർമ്മിപ്പിക്കുന്നത് കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെ

എം മാധവദാസ്

ലയാളത്തിന്റെ കിം കി ഡുക്ക്! ഈശോ മറിയം യൗസേപ്പെ എന്ന പ്രാർത്ഥനയുടെ ചുരുക്കപ്പേരായ ഈ.മ.യൗ എന്ന സിനിമ കണ്ടശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ ഇങ്ങനെയാണ് വിശേഷിപ്പിക്കാൻ തോന്നിയത്. ഭ്രമാത്മാകമായ ആഖ്യാനംകൊണ്ടും കിടിലിൻ ഫ്രയിമുകൾകൊണ്ടും വ്യത്യസ്തമായ പ്രമേയങ്ങൾകൊണ്ടും, എങ്ങനെയാണ് പാശ്ചാത്യ നാടുകളിൽ കിം കി ഡുക്ക് എന്ന കൊറിയൻ സംവിധായകൻ തരംഗമായത് അതുപോലെ മലയാളക്കരയിൽ കൾട്ടാവുകയാണ് ലിജോ സ്‌റ്റൈൽ. ഇത് ഒരു സിനിമയാണെന്ന് നിങ്ങൾക്ക് തോന്നില്ല. കടപ്പുറത്തെ ഒരു മരിച്ചവീട്ടിൽ അകപ്പെട്ടുപോയ അതേ പ്രതീതി.

മരണംകൊണ്ട് ഒരു മാസ്റ്റർ പീസ് ഉണ്ടാക്കിയ ഈ പ്രതിഭകളെ നമിക്കണം. ലിജോയുടെ വിന്യാസ വിസ്മയത്തേക്കാളും ഷൈജുഖാലിദിന്റെ ക്യാമറയുടെ ദൃശ്യഭംഗിയേക്കാളുമൊക്കെ പക്ഷേ പ്രകീർത്തിക്കപ്പെടേണ്ടത് ഈ പടത്തിന് രചന നിർവഹിച്ച പി.എഫ് മാത്യൂസിന്റെ തൂലികയാണ്. പ്രതിഭാശോഷണത്തിന്റെ നെല്ലിപ്പടിയിൽ എത്തിനിൽക്കുന്ന ഒരുപറ്റം എഴുത്തുകാരുടെ കറക്കിക്കുത്തുകളിൽനിന്ന് മാറി നിന്ന് മലയാള സിനിമയെ പുതിയൊരു ഭാവുകത്വത്തിലേക്ക് നയിക്കാൻ മാത്യൂസിനെപ്പോലുള്ളവർക്ക് കഴിയട്ടെ.മരണവീട്ടിലെ ചില തമാശകളാണ് ഈ ചിത്രമെന്ന് ട്രെയിലർ കണ്ടാൽ തോന്നുമെങ്കിലും ഉള്ളടക്കം അതല്ല. പൗരോഹിത്യവും ഭരണകൂടവും എങ്ങനെ പാവങ്ങളുടെ ജീവിതം നരകതുല്യനാക്കുന്നുവെന്ന കൃത്യമായ രാഷ്ട്രീയവും ചിത്രം വരച്ചുകാട്ടുന്നു.

കാസ്റ്റിങ്ങും എടുത്തു പറയേണ്ടതാണ്. പാസിങ്ങ് ഷോട്ടിൽ വരുന്ന ചെറിയ കഥാപാത്രങ്ങൾപോലും സൂപ്പർ. ചെമ്പൻ വിനോദും വിനായകനും പോളി വിൽസനുമൊക്കെ നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും. എന്നുവെച്ച് ഇതൊരു ബുദ്ധിജീവി പടമാണെന്നും ആരും കരുതേണ്ട. എതൊരു സാധാരണക്കാരനോടും ഹൃദയത്തിന്റെ ഭാഷയിൽ സംവദിക്കുന്ന പടമാണിത്. താര ജാടകളും പരാക്രമങ്ങളും കണ്ടുമടുത്ത, നല്ല സിനിമയെ സ്‌നേഹിക്കുന്ന സാധാരണപ്രേക്ഷകർ നിർബന്ധമായും വിജയിപ്പിക്കേണ്ട ചിത്രമാണിത്.

മരണമത്തെുന്ന നേരത്ത്

മരണവീട്ടിലെ സംഭവവികാസങ്ങൾ പലപ്പോഴും മലയാളസിനിമയിൽ കടന്നുവരാറുണ്ടെങ്കിലും ഒരു ഫുൾ ലെങ്ത് മൂവി ഈ വിഷയത്തിൽ ഉണ്ടായതായി ഓർക്കുന്നില്ല. ലത്തീൻ കത്തോലിക്കാ സമുദായക്കാർക്ക് ഭൂരിപക്ഷമുള്ള ചെല്ലാനം കടപ്പുറത്തെ വാവച്ചന്റെ ( നാടക നടൻ കൈനകരി തങ്കരാജ്) ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകൻ. ചെല്ലാനം കടപ്പുറത്തിന്റെ ആ സായാഹ്നമൊക്കെ ചിത്രീകരിച്ചിരിക്കുന്ന മികവ് കാണണം. കടപ്പുറത്തെ ഒരു കഷ്ണം മുറിച്ച് വെച്ചിരിക്കയാണ്.

ഇടക്കിടക്ക് നാട്ടിൽനിന്ന് കാണാതാവുന്ന വാവച്ചൻ എന്ന വയോധികൻ കുറച്ചുകാലത്തിനുശേഷം നാട്ടിലത്തെുകയാണ്. മകൻ ഈസിയുമൊത്ത് ( ചെമ്പൻ വിനോദ്) മദ്യപിച്ചിരിക്കുമ്പോഴൊക്കെ വാവച്ചന് പറയാനുള്ളത് തന്റെ മരണത്തെയും അടക്കത്തെയും കുറിച്ചാണ്. അപ്പന്റെ മൃതദേഹം ബാൻഡുമേളവും മുത്തുക്കുടയും മെത്രാനച്ചന്റെ ആശീർവാദവുമൊക്കെയായി കെങ്കേമമാക്കുമെന്ന് മകൻ ഈസി വാക്കുകൊടുക്കുന്നു. ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ടും പഴയ ചവിട്ടുനാടകം മകന് കാണിച്ചുകൊണ്ടും ഇരിക്കെ വാവച്ചൻ പൊടുന്നനെ തറയിൽ വീണ് മരിക്കയാണ്. പ്രേക്ഷകർ നടുങ്ങിപ്പോവും.

പിന്നീടുള്ള ആ രാത്രിമുഴുവൻ അപ്പന് വാക്ക് കൊടുത്ത പ്രകാരം ശവസംസ്‌ക്കാരം കെങ്കേമമാക്കാനുള്ള ഈസിയുടെ ഓട്ടമാണ്. പഞ്ചായത്ത് മെമ്പർ കൂടിയായ സുഹൃത്ത് അയ്യപ്പൻ( വിനായകൻ) എല്ലാറ്റിനും കൂട്ടായുണ്ട്. ഇവിടെയൊക്കെ ഒന്നാന്തരം സ്വാഭാവിക നർമ്മം ഇട്ടാണ് ലിജോയുടെ കളി. ഭാര്യയുടെ താലിമാല പണയംവെച്ച് പണം കൊണ്ടാണ് അയാൾ നാൽപ്പതിനായിരത്തോളം രൂപ വിലയുള്ള കരിവീട്ടി ശവപ്പെട്ടി വാങ്ങുന്നത്. വാവച്ചന്റെ ഭാര്യയായി വേഷമിട്ട പോളി വിൽസന്റെ നിലവിളിയാണ് ഗംഭീരം! ഈസിയുടെ ഭാര്യവീട്ടുകാർ വരുന്ന സമയത്ത് 'സ്ത്രീധനബാക്കി തരാത്തവർ വരുന്നുണ്ട് പൊന്നച്ചാ' എന്നൊക്കെയുള്ള നിലവിളികൾ തീയേറ്ററിൽ ചിരിയുടെ അലയൊലികളാണ് തീർക്കുന്നത്. നിലവിളിച്ച് അവാർഡ് കിട്ടിയ നടിയെന്ന പേരിൽ പോളി വിൽസ മലയാള സിനിമയുടെ ചരിത്രമാണ്!

എന്നാൽ അപ്പനെ രാജകീയമായ യാത്രയപ്പ് നൽകാനുള്ള ഈസിയുടെ ശ്രമങ്ങൾ ഒന്നൊന്നായി പാളുകയാണ്. ഒരു പണിയുമില്ലാതെ നാട്ടിൻപുറത്ത് പരദൂഷണം പറഞ്ഞ് നടക്കുന്നവരും, സംശയരോഗിയായ വികാരിയച്ചനും (ദിലീഷ് പോത്തൻ) വാവച്ചന്റെ മരണം കൊലയാണെന്നു വരെ പറഞ്ഞു പരത്തുന്നു. പൗരോഹിത്യത്തിന്റെ ഇടപെടൽ എങ്ങനെ പാവങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു. വികാരിയച്ചന്റെ ശരീരഭാഷയിലൂടെ ലിജോ തന്റെ സിനിമയുടെ രാഷ്ട്രീയം മുഴുവൻ പറയാതെ പറയുന്നുണ്ട്. അവസാനം ഈസി കത്തനാരുടെ കരണക്കുറ്റിക്കിട്ടൊന്ന് പൊട്ടിക്കുമ്പോൾ തീയേറ്ററിൽ മുഴങ്ങുന്നതും നിറഞ്ഞ കൈയടി തന്നെ.

അതുപോലെ മരണം സ്ഥിരീകരിക്കാനത്തെുന്ന നഴ്‌സിന്റെ സമീപനം, കറണ്ടുപോയാൽ നന്നാക്കാൻ വൈകുന്ന ലൈൻ മാൻ തൊട്ട് മരണദുരൂഹത അന്വേഷിക്കാൻ എത്തുന്ന പൊലീസുകാരൻ എന്നിങ്ങനെയുള്ള വിവിധ കാഴ്ചകളിലൂടെ പാവപ്പെട്ടവനും ഭരണകൂടവും തമ്മിലുള്ള ഇടപെടൽ എങ്ങനെയാണെന്ന് ചിത്രം കാണിച്ചുതരുന്നു. ഇതൊന്നും ഒരു ഉപദേശത്തിന്റെയോ ആഹ്വാനത്തിന്റെയോ രൂപത്തിലല്ല. കഥക്കുള്ളിൽ അതിന്റെ രാഷ്ട്രീയവും ആലേഖനം ചെയ്യപ്പെടുകയാണ്.

കൈയടിക്കൂ...കാസ്റ്റിങ്ങിനൊപ്പം ക്യാമറക്കും

ഒറ്റനോട്ടത്തിൽ ഒരു കൈക്കുറ്റക്കുറവും കണ്ടത്താനാത്ത സിനിമയാണിത്. ലിജോയുടെ ഷോട്ട് വിന്യാസവും ലൈറ്റിങ്ങും ആംഗിളുകളുമൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടുപടിക്കേണ്ടതാണ്. രാത്രിദൃശ്യങ്ങളുടെ മികവ് എടുത്തുപറയണം. ഒരു രാത്രിയുടെ നീണ്ട രംഗങ്ങൾക്ക്‌ശേഷം നേരംവെളുക്കുമ്പോഴുള്ള വെളിച്ചത്തിളക്കത്തിന്റെ അനുഭൂതി പറഞ്ഞ് അറിയിക്കാനാവില്ല. ഷൈജുഖാലിദിന്റെ ക്യാമറയുടെ കരുത്ത് ചിത്രത്തിന് മുതൽക്കൂട്ടാണ്. രണ്ടാം പകുതിയിലെ പെരുമഴയത്തെ ശവമടക്ക് ദൃശ്യങ്ങളിലൊക്കെ കാണാം ആ ഛായാഗ്രാഹണ കരുത്ത്. അങ്കമാലി ഡയറീസ്‌പോലെ സംഗീതത്തിന് സ്‌കോപ്പുള്ള പടമല്ല ഇതെങ്കിലും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം ചിത്രത്തിനോട് ചേരുന്നു.

അതുപോലെയാണ് ചിത്രത്തിന്റെ കാസ്റ്റിങ്ങും. ചെറുതും വലുതുമായ വേഷങ്ങളിൽ വന്നവരൊക്കെ അഭിനയിക്കയല്ല ജീവിക്കയാണ്. ഏതാനും ഷോട്ടുകളിൽമാത്രമേയുള്ളൂവെങ്കിലും വാവച്ചനായി നാടക നടൻ കൈനകരി തങ്കരാജ് മികച്ച പ്രകടനം കാഴ്ചവെച്ചു. 'അങ്കമാലി ഡയറീസിൽ' ലിജോകൊണ്ടുവന്ന പല നടന്മാരെയും ഈ ചിത്രത്തിലും കാണാം. ചെമ്പൻ വിനോദിന്റെ സമീപകാലത്തെ മികച്ച വേഷമാണ് ഈ.മ.യൗവിലേത്. കൈ്‌ളമാക്‌സിലൊക്കെ നിർമ്മാല്യത്തിലെ പി.ജെ ആന്റണിയെ ഓർമ്മിക്കുന്ന രീതിയിൽ ചെമ്പൻ നിന്ന് കത്തുകയാണ്.

വിനായകന്റെ വേഷവും തീർത്തും വ്യത്യസ്തമാണ്. സാധാരണ ആടിത്തിമർക്കാറുള്ള വിനായകൻ പതിഞ്ഞ് തുടങ്ങി പ്രേക്ഷകർക്ക് നൊമ്പരമാവുകയാണ്. നിസ്സഹായതും രോഷവുമൊക്കെ ഉള്ളിൽ ഒതുക്കി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകൻ.
ചുരുക്കിപ്പറഞ്ഞാൻ മലയാളം കാത്തിരുന്ന പടം തന്നെയാണിത്. കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഇത്തരം പടങ്ങൾ ഓർമ്മിപ്പിക്കുന്നത് ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെയാണ്. ലിജോയടക്കമുള്ള നവതരംഗ ചലച്ചിത്രകാരന്മാർ ആ വസന്തകാലത്തിലേക്ക് നമ്മെ തിരച്ചുകൊണ്ടുപോവട്ടെ.

വാൽക്കഷ്ണം: പണ്ട് സംവിധാനം ഐ.വി ശശി എന്ന് എഴുതിക്കാണിക്കുമ്പോൾ തീയേറ്ററിൽ ജനം ആർപ്പുവിളിക്കുന്നതിന് ഈ ലേഖകനടക്കമുള്ളവർ പലതവണ സാക്ഷിയായിട്ടുണ്ട്. എത്രയോ വർഷങ്ങൾക്കുശേഷം ഒരു സംവിധായകന്റെ പേര് കാണിക്കുമ്പോൾ ജനം കൈയടിക്കുന്നത് വീണ്ടും കണ്ടു.ലിജോ ശരിക്കും ഒരു കൾട്ടാവുകയാണ്. കമ്മട്ടിപ്പാടത്തിലെ ബാലേട്ടൻ പറഞ്ഞപോലെ 'കൈയടിക്കെടാ'..എന്ന് പ്രേക്ഷകർ സ്വയം പറഞ്ഞുപോവുന്നു. സൂപ്പർ താരങ്ങൾ അടക്കിവാഴുന്ന ഈ സിനിമാലോകത്ത് ഇനി സൂപ്പർ സംവിധായകരും ഉണ്ടാവട്ടെ. നല്ല സിനിമകൾക്ക് അതാണ് വേണ്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP