Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാൾ പടികൾ ഇറങ്ങി വരുമ്പോൾ മൊബൈൽ ഫോണും അതിന്റെ കവറും കൂടി നിവർത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂർണമായും മറയ്ക്കുക; യേശുദാസിനെ പഴി പറയുന്നവർ ഓർക്കുക: പരിചയമില്ലാത്തവർക്കൊപ്പം സെൽഫി എടുത്താൽ അപകടങ്ങളേറെയെന്ന് ലീൻ തോബിയാസ്

80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാൾ പടികൾ ഇറങ്ങി വരുമ്പോൾ മൊബൈൽ ഫോണും അതിന്റെ കവറും കൂടി നിവർത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂർണമായും മറയ്ക്കുക; യേശുദാസിനെ പഴി പറയുന്നവർ ഓർക്കുക: പരിചയമില്ലാത്തവർക്കൊപ്പം സെൽഫി എടുത്താൽ അപകടങ്ങളേറെയെന്ന് ലീൻ തോബിയാസ്

മറുനാടൻ ഡെസ്‌ക്‌

ഗാനഗന്ധർവൻ ഡോ .കെ.ജെ.യേശുദാസിന്റെ ഒപ്പം ഫോട്ടോ എടുക്കുവാൻ വേണ്ടി മാത്രം പിൻതുടരുകയും ആ ചിത്രങ്ങൾക്ക് ഇന്ത്യയിലെ ആദ്യത്തെ photo biography എന്ന റെക്കോർഡ് നേടുകയും ചെയ്ത ആൾ എന്ന നിലയിൽ കുറച്ചു കാര്യങ്ങൾ എഴുതട്ടെ.

80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാൾ പടികൾ ഇറങ്ങി വരുമ്പോൾ മൊബൈൽ ഫോണും അതിന്റെ കവർ കൂടി നിവർത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂർണമായും മറച്ചു , യാതൊരു അനുവാദവും ഇല്ലാത 'സെൽഫി' എടുക്കുക. ഉചിതമായ മറുപടി ദാസ്സേട്ടൻ കൊടുത്തതുകൊണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല.ഒരുമിച്ചുള്ള യാത്രയിലെ ഒത്തിരി കാര്യങ്ങൾ ഓർമയിൽ വരുന്നെങ്കിലും രണ്ടു സംഭവങ്ങൾ .

ഒരിക്കൽ ഇടുക്കിയിൽ ഒരിടത്തു ദാസേട്ടനുമായി പോയി. കാറിൽ നിന്നും ഇറങ്ങി അഞ്ച് കിലോ മീറ്ററോളം ജീപ്പിൽ പോകണം. ഒരു ജീപ്പ് വിളിച്ചു പോയിവരുമ്പോൾ ജീപ്പിന്റെ ഡ്രൈവർ ദാസ്സേട്ടനോട് മൊബൈൽ നമ്പർ ചോദിച്ചു .ഒരുമടിയും കൂടാതെ ദാസ്സേട്ടൻ personal number കൊടുത്തു. അപ്പോൾ അയാളുടെ അടുത്ത ആവശ്യം 'സാറിന്റെ ഒപ്പം ഒരു ഫോട്ടോ.' അപ്പോൾ തന്നെ ദാസ്സേട്ടൻ ഫോട്ടോക്ക് പോസ് ചെയ്തു, എന്നെ നോക്കി. ആ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോൾ അയാളുടെ കൂട്ടുകാർക്കൊപ്പം, പിന്നെ അവിടെ നിന്ന എല്ലാവർക്കും ഒപ്പം . കുറെ അധികം ഫോട്ടോ അതിലേറെ സമയവും. തിരികെ കാറിൽ യാത്ര തുടരുമ്പോൾ ഞാൻ ചോദിച്ചു , എന്തിനാ ദാസേട്ടാ ഒട്ടും പരിചയമില്ലാത്തവർക്കൊപ്പം ഈ ഫോട്ടോ ....... പറഞ്ഞു തീരും മുൻപ് മറുപടി വന്നു. 'നീ പറഞ്ഞത് ശരിയാ , എനിക്ക് അവരെ വ്യക്തിപരമായി അറിയില്ല, പക്ഷെ അവർക്കു എന്നെ നന്നായി അറിയാമല്ലോ '

ഒരിക്കൽ ദാസ്സേട്ടന്റെ ജന്മനാടായ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും കുറെ ഫോട്ടോ എടുത്തു മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു ഇവിടെ ഒരു വീട്ടിൽ ഒന്ന് കയറാം. ദാസേട്ടന് വഴി മനസ്സിലാകുന്നില്ല. 'ആ കാണുന്ന മാവ് നിൽക്കുന്ന ഇടം ആണ്. പക്ഷെ വഴി ? ആയപ്പോൾ ആ വഴി മൂന്നു കുട്ടികൾ വന്നു .കാർ അവരുടെ അടുത്തു നിർത്തി . ഞാൻ വഴിചോദിക്കാം ദാസേട്ടാ . 'വേണ്ട . ഞങ്ങ കൊച്ചീകാരുടെ ഭാഷ നിനക്ക് മനസ്സിലാകില്ല,' ദാസേട്ടനോടൊപ്പം ഞാനും ഇറങ്ങി. അവർ വഴി കൃത്യമായി പറഞ്ഞു. ' ഞങ്ങ ഒരു ഫോട്ടോ എടുക്കട്ടേ' അവരുടെ മൊബൈൽ ഫോൺ ദാസ്സേട്ടന് നേരെ പിടിച്ചു ചോദിച്ചു. ( അന്ന് ഫോണിൽ ഫോട്ടോ മാത്രം എടുക്കാവുന്ന നാളുകൾ. സെൽഫി ഇല്ല ). അവർ ഫോട്ടോ എടുത്തു തുടങ്ങിയപ്പോൾ ദാസ്സേട്ടൻ അവരെ അടുത്ത് വിളിച്ചു. 'ഓരോരുത്തരായി എന്റെ അടുത്ത് നിൽക്കൂ , എന്നിട്ട് മറ്റുള്ളവർ ഫോട്ടോ എടുക്കൂ.' എല്ലാവര്ക്കും സന്തോഷം.ഫിലിം ക്യാമറ ഉപയോഗിക്കുന്ന കാലം മുതൽ കൂടെ കൂടിയതാ, ഇതുപോലെ ഒത്തിരി അനുഭവങ്ങൾ.

ഈ രണ്ടു സംഭവങ്ങൾ പറഞ്ഞത് ദാസേട്ടനെ കുറിച്ച് ഇപ്പോൾ നവമാധ്യമങ്ങളിൽ വരുന്ന അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണം എന്ന് പറയാൻ അല്ല, അത് ഇനിയും തുടരണം. കാരണം കെ. ജെ. യേശുദാസ് എന്ന അത്ഭുത പ്രതിഭ ഒരു പന്ത് പോലെ ആണ്. നമ്മൾ ഒരു അടി അടിക്കുമ്പോൾ പന്ത് അല്പം ഉയരും, പിന്നീടും അടിച്ചാൽ കൂടുതൽ ഉയരും. അങ്ങനെ അടിക്കുംതോറും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകും! ഈ അടികൾ ( NEGATIVE STROKE) അദ്ദേഹത്തിന് അത്ര പുതുമയുള്ളതല്ല.ആദ്യമായി ഈ 'അടി' കിട്ടുന്നത് ഒരു കാലത്തെ ഏറ്റവും വലിയ മീഡിയം ആയിരുന്ന ആകാശവാണിയിൽ നിന്നും ആയിരുന്നു. ഗാനഭൂഷണം പാസ് ആകാതെ , യാതൊരു ശുപാർശയും ഇല്ലാതെ ഓഡിഷൻ ടെസ്റ്റിന് പോയി ആകാശവാണിയിൽ . വിധി വന്നൂ , ഈ ശബ്ദം റെക്കോർഡിങ്ങിനോ ബ്രോഡ്ക്കാസ്റ്റിംഗിനോ അനുയോജ്യമല്ല! പിന്നീട് സംഭവിച്ചത് എന്തെന്ന് നമ്മുടെ അച്ഛനോടോ മുത്തച്ഛനോടോ ചോദിച്ചാൽ കൃത്യമായി പറഞ്ഞുതരും. ആ കാലത്ത് അവരൊക്കെ റേഡിയോ പെട്ടി തുറന്നിരുന്നത് ആ 'അനുയോജ്യമല്ലാത്ത' മധുര ശബ്ദത്തിനു വേണ്ടി മാത്രമായിരുന്നു. ഇന്നും എന്നും ആ നാദവിസ്മയം ആകാശവാണി നമ്മളിലേക്കു എത്തിക്കുന്നു.കഴിഞ്ഞ ദിവസം ഒരു മാധ്യമം ദാസ്സേട്ടൻ പാടിയ ചില ഹിറ്റ് ഗാനങ്ങൾ അങ്ങനെ ആയിരുന്നില്ല പാടേണ്ടതെന്നും പോലും എഴുതി കണ്ടു.

ഞാൻ മനസ്സിലാക്കിയ ദാസേട്ടൻ ഒരു വാശിക്കാരനാ (വിരോധം അല്ല ). ഒരു പക്ഷെ അന്ന് ആകാശവാണിയുടെ മുറ്റത്തുനിന്നും തുടങ്ങിയതായിരിക്കാം.ഇപ്പോൾ ദേശീയ അവാർഡ് നേടിയ ഗാനത്തിന്റെ പിറകിലും ആ വാശി ഉണ്ടായിരുന്നു. അല്ലെങ്കിൽ മ്യൂസിക് ഡയറക്ടർ ഓക്കെ പറഞ്ഞ പാട്ട് അദ്ദേഹം പോലും അറിയാതെ വീണ്ടും സ്റ്റുഡിയോയിൽ പോയി പാടേണ്ട ആവശ്യം ഇല്ലല്ലോ. ഇതിനു മുൻപും രവീന്ദ്രൻ മാഷിന്റെ ഒരു ഗാനം ഇങ്ങനെ പോയി റെക്കോർഡ് ചെയ്തതായി കേട്ടിട്ടുണ്ട്. അടുത്തിടെ ഇളയരാജ സാറിന്റെ നേതൃത്വത്തിൽ ജനലക്ഷങ്ങൾ ഉള്ള ഒരു പ്രോഗ്രാമിൽ ദാസ്സേട്ടനു അനുപല്ലവിയുടെ ടൈമിങ് അല്പം തെറ്റി. അപ്പോൾ correct ചെയ്തു പാടിയെങ്കിലും , പാടിത്തീർന്ന ശേഷം വീണ്ടും പാടാൻ വാശി. വീണ്ടും പാടി പിന്നെ സംഭവിച്ചത് റെക്കോർഡിൽ നാം കേൾക്കുന്നതിനേക്കാൾ പതിൻ മടങ്ങ് feel ലോടുകൂടിയ ഗാനം. വാശി എന്ന വികാരം എങ്ങനെ ക്രിയാത്മകമായി മാറ്റം എന്നതിന്റെ ഉത്തമോദാഹരണം.

കൂട്ടത്തിൽ നമ്മൾ മലയാളികൾ എന്തൊക്കെയോ ചെയ്തതുകൊണ്ടാണ് അദ്ദേഹം ഗാന ഗന്ധർവ്വൻ ആയതെന്നൊക്കെ എഴുതിക്കണ്ടു .വളരെ ശരിയാണ്. പക്ഷെ തമിഴ് മക്കൾക്ക് ദാസ് സാർ ആരാണെന്നറിയണമെങ്കിൽ തമിഴ് നാട്ടിൽ അദ്ദേഹത്തോടൊപ്പം ഒന്ന് യാത്ര ചെയ്താൽ മതി. ട്രാഫിക് സിഗ്‌നലുകളിൽ കാർ നിർത്തിയിടുമ്പോൾ തൊട്ടടുത്തുള്ള TVS മോപ്പഡ് യാത്രക്കാരായ പാവപ്പെട്ടവർ അദ്ദേഹത്തിന്റെ കാർ തൊട്ടു വന്ദിക്കുന്നതു കാണാം. കാറിന്റെ ഗ്ലാസ് താഴ്‌ത്തി അവരോടു കുശലം പറയുന്ന അവരുടെ സ്വന്തം അണ്ണനെയും.

കൂടുതൽ നീട്ടുന്നില്ല. കുഞ്ചൻ നമ്പിയാരുടെ രണ്ടു വരികൾ.
'പരമാർത്ഥത്തെ അറിഞ്ഞീടാതെ
പരിഹാസത്തെ നടത്തീടരുതേ'.

ദാസ്സേട്ടനെ കുറിച്ച് അനാവശ്യ കുറിപ്പുകൾ കാണുമ്പോൾ അദ്ദേഹം പാടിയ രണ്ട് വരികൾ കൂടി .തരംഗിണി ആദ്യകാലത്തു ഇറക്കിയ 'തൃപ്രയാർ യോഗിനി 'അമ്മ സൂക്തങ്ങൾ ' എന്ന കാസ്സറ്റിൽ നിന്നും.എന്തിനു മക്കളേ കാലം കഴിക്കുന്നൂ ആവശ്യമില്ലാത്ത പാട്ടുപാടി'

എല്ലാ ബഹുമാനപെട്ട കലാകാരന്മാരോടും രാഷ്ട്രീയ നേതാക്കളോടും,സാഹിത്യകരോടും ഒരു വിനീത അഭ്യര്ത്ഥന , നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളോടും കൂടെനിന്നു ഫോട്ടോയോ സെൽഫിയോ എടുക്കരുത് , എടുക്കാൻ അനുവദിക്കരുത് . അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം .

നിങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി.
സ്‌നേഹാദരങ്ങളോടെ ,
ലീൻ തോബിയാസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP