Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയകുമാർ ജയിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തിന് വാശിയുണ്ടോ? ചെങ്ങന്നൂരിൽ നിന്നും വിട്ട് നിന്ന് പ്രധാന നേതാക്കൾ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എല്ലാം വെറും കടമ നിറവേറ്റൽ; വിഷ്ണുനാഥ് പോലും തിരിഞ്ഞു നോക്കുന്നില്ല; ബിജെപിയും സിപിഎമ്മും മൂന്ന് ഫ്‌ളക്‌സ് വയ്ക്കുമ്പോൾ ഒന്നു പോലും വയ്ക്കാനാവാതെ യുഡിഎഫ്; ഒരിടത്തും ആർക്കും ആവേശവുമില്ല; പിണറായിയുമായി ഒത്തുതീർപ്പ് ആരോപിച്ച് അണികളും

വിജയകുമാർ ജയിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തിന് വാശിയുണ്ടോ? ചെങ്ങന്നൂരിൽ നിന്നും വിട്ട് നിന്ന് പ്രധാന നേതാക്കൾ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എല്ലാം വെറും കടമ നിറവേറ്റൽ; വിഷ്ണുനാഥ് പോലും തിരിഞ്ഞു നോക്കുന്നില്ല; ബിജെപിയും സിപിഎമ്മും മൂന്ന് ഫ്‌ളക്‌സ് വയ്ക്കുമ്പോൾ ഒന്നു പോലും വയ്ക്കാനാവാതെ യുഡിഎഫ്; ഒരിടത്തും ആർക്കും ആവേശവുമില്ല; പിണറായിയുമായി ഒത്തുതീർപ്പ് ആരോപിച്ച് അണികളും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: അഭിനാനപോരാട്ടമാണ് ചെങ്ങന്നൂരിൽ നടക്കുന്നത്. ആരു ജയിച്ചാലും കേരളാ രാഷ്ട്രീയത്തിൽ മുൻതൂക്കം കിട്ടും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ പോരാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആകെ ആശയക്കുഴപ്പമാണ്. സ്ഥാനാർത്ഥി വിജയകുമാറിന്റെ പ്രചരണം ചൂട് പിടിക്കുന്നില്ല. മുൻനിര നേതാക്കൾ മണ്ഡലത്തിലുണ്ടെന്നേ ഉള്ളൂ. വോട്ട് പിടിത്തം കാര്യമായി നടക്കുന്നില്ല. ബിജെപിയും സിപിഎമ്മും പണമെറിഞ്ഞ് മുന്നേറുന്നു. ഇതിനിടെ വിജയകുമാറിന് വേണ്ടി കൃത്യമായ ഏകോപനം പോലും നടക്കുന്നില്ല. പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടായോ എന്ന സംശയവും അണികളിൽ സജീവമാക്കുന്നതാണ് യുഡിഎഫിന്റെ മ്ലാനത.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെങ്ങന്നൂരിൽ ജയിക്കേണ്ടത് രമേശ് ചെന്നിത്തലയുടെ അഭിമാന പ്രശ്‌നമാണ്. കെ കരുണാകരന്റെ സ്വന്തക്കാരനായ വിജയകുമാർ തിരുത്തൽവാദ സമയത്ത് ചെന്നിത്തലയുടെ വലംകൈയായിരുന്നു. ഐ ഗ്രൂപ്പിനെ പിളർത്താൻ കൂടെ നിന്ന നേതാവ്. വിജയകുമാർ പിന്നീട് ജി കാർത്തികേയനൊപ്പം നിലയുറപ്പിച്ചു. പല വാഗ്ദാനങ്ങൾ ഉണ്ടായിട്ടും തിരുത്തൽവാദ ഗ്രൂപ്പ് ഒരിക്കലും വിടാത്ത ആദർശ ധീരനാണ് വിജയകുമാർ. തെന്നല ബാലകൃഷ്ണ പിള്ളയോടുള്ള അടുപ്പ് വിജയകുമാറിനെ അയ്യപ്പ സേവാ സംഘത്തിന്റെ നേതാവുമാക്കി. പിന്നെ ഹൈന്ദവ സംഘടനകളുമായി ചേർന്നായിരുന്നു പ്രവർത്തനം. ഒരിക്കലും അഴിമതിക്കറ പുരളാത്ത നേതാവ്. സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി. ചെങ്ങന്നൂരിൽ ഇതിനുമപ്പുറം നല്ലൊരു സ്ഥാനാർത്ഥിയെ കോൺഗ്രസിന് കിട്ടാനില്ല. എന്നിട്ടും ചെന്നിത്തല ഉൾപ്പെടെയുള്ളവർ സജീവമാകുന്നില്ല. ഇതാണ് അണികളെ കുഴയ്ക്കുന്നത്.

നാമനിർദ്ദേശ പത്രിക കൊടുക്കാൻ വലിയ ആവേശവുമായാണ് സിപിഎമ്മും ബിജെപിയും എത്തിയത്. ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ളയ്‌ക്കൊപ്പം പത്രിക കൊടുക്കൽ കൊഴുപ്പിക്കാൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനെ അനുഗമിച്ച് കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദനും ശോഭനാ ജോർജും. അണികളുടെ വൻ നിരയും അനുഗമിച്ചു. എന്നാൽ വിജയകുമാറിന്റെ പത്രികാ സമർപ്പണത്തിന് കെപിസിസി പ്രസിഡന്റ് എം എം ഹസനോ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ എത്തിയില്ല. സ്ഥലം എംപിയെന്ന നിലയിൽ കൊടിക്കുന്നിൽ മാത്രമായിരുന്നു അറിയപ്പെടുന്ന സംസ്ഥാന നേതാവായി ഒപ്പം കൂടിയത്. ഇതൊന്നും അണികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല.

മുഖ്യമന്ത്രി പിണറായിയുമായി കോൺഗ്രസ് നേതാക്കൾ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് ഉയരുന്ന ആരോപണം. നിർമ്മൽ കൃഷ്ണ ചിട്ടിതട്ടിപ്പും ശ്രീശൈലം വിവാദവുമാണ് ഐ ഗ്രൂപ്പിനെ പിന്നോട്ട് അടിക്കുന്നതെന്ന് എ ഗ്രൂപ്പുകാർ പറയുന്നു. പല മുൻ മന്ത്രിമാർക്കും നിർമ്മൽ കൃഷ്ണയിൽ പങ്കുണ്ട്. ഈ കേസിൽ പ്രതിയാകാതിരിക്കാൻ മുൻ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടെന്നും അന്നുണ്ടായ ഒത്തുതീർപ്പാണ് ചെങ്ങന്നൂരിൽ പ്രതിഫലിപ്പിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വിഭാഗം പറയുന്നു. ഇതിൽ അർത്ഥമില്ലെന്ന് ഐ ഗ്രൂപ്പ് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയകുമാറിന്റെ പ്രചരണത്തെ സ്വാധീനിക്കുന്നില്ല. ഒരു ദിവസം ശശി തരൂർ നടത്തിയ പ്രചരണം മാത്രമാണ് ചെങ്ങന്നൂരിൽ കോൺഗ്രസ് ക്യാമ്പിൽ ആവേശം പടർത്തിയതെന്ന വസ്തുതയാണ് അണികൾ ചൂണ്ടിക്കാട്ടുന്നത്.

വിഷ്ണുനാഥായിരുന്നു ചെങ്ങന്നൂരിൽ മുൻ കോൺഗ്രസ് എംഎൽഎ. കർണ്ണാടകത്തിൽ പ്രചരണത്തിൽ സജീവമാകുന്നതിനാലാണ് വിഷ്ണുനാഥ് എത്താതെന്നാണ് എ ഗ്രൂപ്പ് നൽകുന്ന വിശദീകരണം. എന്നാൽ അടുത്ത തവണ മത്സരിക്കാനാണ് വിഷ്ണു നാഥിന്റെ മാറി നിൽക്കലെന്ന വാദവും ഉയരുന്നുണ്ട്. ഇതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും പഴയ ആവേശം കാട്ടാത്തതെന്നാണ് ഉയരുന്ന അഭിപാര്യം. വെള്ളാപ്പള്ളി നടേശന്റേയും സഭകളുടേയും പിന്തുണ ഉറപ്പിക്കാനും ആരും കഷ്ടപ്പെടുന്നില്ല. അങ്ങനെ നേതാക്കളില്ലാതെ വിജയകുമാർ പാടുപെടുകയാണ്. രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. മികച്ച സ്ഥാനാർത്ഥി എന്നാൽ പാർട്ടി സംവിധാനം ദുർബ്ബലം എന്നതാണ് അവസ്ഥ. താഴേക്കിടയിലെ നേതാക്കളുടെ പരാതിയിൽ പൊറുതിമുട്ടി വിഡി സതീഷനെ കെപിസിസി ചെങ്ങന്നൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്.

നാളെ മുതൽ വിഡി സതീഷനെ ചെങ്ങന്നൂരിൽ ഇറക്കാനാണ് തീരുമാനം. പാർട്ടി സംവിധാനം ശക്തിപ്പെടുത്തി മികച്ചൊരു ഏകോപനം ഉറപ്പാക്കാനാണ് ഇത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സജീവമാകാത്ത സാഹചര്യത്തിലാണ് തിരുത്തൽവാദികളിൽ പ്രമുഖനായ വിഡിയെ തന്നെ എത്തിക്കുന്നത്. കാർത്തികേയന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന വിഡിക്കും വിജയകുമാറനും ഇടയിൽ അതിശക്തമായ വ്യക്തി ബന്ധമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വിജയകുമാറിന്റെ കൂടി മനസ്സറിഞ്ഞ് ചെങ്ങന്നൂരിൽ വിഡി നിറയുന്നത്. പ്രശ്‌നങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. കർണ്ണാടകയിൽ വോട്ടെടുപ്പ് കഴിയുന്നതോടെ നേതാക്കളും ചെങ്ങന്നൂരിൽ സജീവമാകും. ഇതോടെ മന്ദിപ്പ് മാറുമെന്നാണ് വിഡി സതീഷന്റെ പ്രതീക്ഷ.

ചെങ്ങന്നൂരിൽ പ്രധാനമായും നടക്കുന്നത് ഫ്‌ളക്‌സ് യുദ്ധമാണ്. ഇതിൽ വിജയകുമാർ ഏറെ പിന്നോക്കം പോയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഏറെ മുന്നിലാണ്. അവർ മൂന്ന് ഫ്‌ളക്‌സ് വച്ചാൽ ഒരണ്ണം വിജയകുമാറിന്റേതായി ഉയർന്നാൽ ആയി എന്നതാണ് വസ്തുത. അങ്ങനെ മണ്ഡലത്തിലുടനീളം സിപിഎമ്മും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന തോന്നൽ ഉണ്ടാക്കുന്ന തരത്തിലാണ് ചെങ്ങന്നൂരിലെ റോഡുകളിലെ ഫ്‌ളക്‌സുകൾ നിറയുന്നത്. ഇതെല്ലാം അടിയന്തരമായി പരിഹരിക്കണം. വിജയകുമാറിന്റെ സ്വന്തം പഞ്ചായത്തിൽ പോലും ശക്തമായ പ്രചരണം ഇല്ല. രമേശ് ചെന്നിത്തലയുടെ നാട്ടിലും കാര്യങ്ങൾ ഉഷാറാകുന്നില്ല. ഇതെല്ലാം വിജയകുമാറിനെ പ്രചരണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ പിന്നിലേക്ക് കൊണ്ടു പോവുകയാണ്.

നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയം നൽകിയത് ഗ്രൂപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബ യോഗങ്ങളും ചെന്നിത്തലയുടെ ഇടപെടലുമെല്ലാം വിജയമന്ത്രമായി മാറി. എന്നാൽ ചെങ്ങന്നൂരിൽ ഇത്തരം സജീവമായ ഇടപെടലുകൾ ഒന്നും കാണാനില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP