Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് അമിത്ഷായും മോദിയും; എങ്ങും കാവിക്കൊടി പാറിയാലും 2019ൽ 198ന് അപ്പുറം പോവാൻ ബിജെപിക്ക് കഴിഞ്ഞേക്കില്ല; ചിത്രം മാറണമെങ്കിൽ അയോധ്യയോ യൂണിഫോം സിവിൽകോഡോ രജനീകാന്തോ വിചാരിക്കണം - അടുത്ത പൊതു തിരഞ്ഞെടുപ്പിനെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുമ്പോൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

കർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് അമിത്ഷായും മോദിയും; എങ്ങും കാവിക്കൊടി പാറിയാലും 2019ൽ 198ന് അപ്പുറം പോവാൻ ബിജെപിക്ക് കഴിഞ്ഞേക്കില്ല; ചിത്രം മാറണമെങ്കിൽ അയോധ്യയോ യൂണിഫോം സിവിൽകോഡോ രജനീകാന്തോ വിചാരിക്കണം - അടുത്ത പൊതു തിരഞ്ഞെടുപ്പിനെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുമ്പോൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ഡസ്‌ക്‌

2014ൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയത് മറ്റെല്ലാ രാഷ്ട്രീയ കക്ഷികളേയും നിഷ്പ്രഭരാക്കി ഒറ്റയ്ക്കുതന്നെ ലോക്‌സഭയിൽ അമ്പതു ശതമാനത്തിലേറെ സീറ്റുകൾ  നേടിയാണ്. ശിവസേനയും ആന്ധ്രയിൽ തെലുഗുദേശവും പഞ്ചാബിൽ ശിരോമണി അകാലിദളും ബീഹാറിലും മണിപ്പൂരിലും ലോക് ജനശക്തിയും ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി പ്രാദേശിക പാർട്ടികളുടെ പിന്തുണ നരേന്ദ്ര മോദിക്ക് കേന്ദ്രത്തിൽ സുശക്തമായി അധികാരത്തിലേറാൻ ഉണ്ടായിരുന്നു. എന്നാൽ അവരുടെയൊന്നും പിന്തുണയില്ലെങ്കിലും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയത് തന്നെയാണ് നിലവിലെ മോദി സർക്കാരിനെ ഇത്രയും കാലം ശക്തമായ തീരുമാനങ്ങളെടുത്ത് ഭരിക്കാൻ പ്രാപ്തമാക്കിയതും.

എത്രയൊക്കെ എതിർപ്പുകൾ ഉയർന്നിട്ടും പലകാര്യങ്ങളിലും ബിജെപിയും ആർഎസ്എസും നിശ്ചയിച്ച രീതിയിൽ തന്നെ ഭരണം മുന്നോട്ടുപോയി. അധികാരത്തിലേറുമ്പോൾ കോൺഗ്രസിന്റെ കൈവശമുൾപ്പെടെ ഭരണമുണ്ടായിരുന്ന മിക്ക സംസ്ഥാനങ്ങളിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിതന്നെ വിജയക്കൊടി പാറിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കിയപ്പോൾ ത്രിപുരയിൽ സിപിഎമ്മിന്റെ അടിത്തറയിളക്കിയാണ് ബിജെപി അസംബ്‌ളിയിൽ അധികാരം പിടിച്ചത്.

നിലവിൽ അധികാരത്തിലിരുന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്തിയപ്പോൾ കൈവശം ഇല്ലാതിരുന്ന മറ്റ് സംസ്ഥാനങ്ങളിലും ജയിച്ചുകയറിയാണ് അമിത്ഷാ-മോദി തന്ത്രം ഇന്ത്യയിലുടനീളം ജൈത്രയാത്ര നടത്തിയത്. ശക്തമായി ഉയിർത്തെഴുന്നേൽക്കാൻ ആകാത്തവിധം കോൺഗ്രസ് നേതൃത്വം പതറിനിൽക്കുന്ന കാഴ്ചയായിരുന്നു ഓരോ തിരഞ്ഞെടുപ്പുകളിലും. ഈ അശ്വമേധത്തിനിടെ ആകെ ജയിച്ചുകയറാൻ കോൺഗ്രസിന് കഴിഞ്ഞത് പഞ്ചാബിലാണ്. അവിടെയാകട്ടെ രാഹുലിന്റെയോ സോണിയയുടേയോ ആധിപത്യം അംഗീകരിക്കാൻ തയ്യാറല്ലാത്ത സംസ്ഥാന കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നിശ്ചയദാർഢ്യവും തന്ത്രങ്ങളുമാണ് ബിജെപിക്ക് വിലങ്ങുതടിയായത്.

കേന്ദ്രത്തിൽ ഭരണത്തിലുള്ള കക്ഷി എല്ലാ ശക്തിയും പ്രയോഗിച്ച് തിരഞ്ഞെടുപ്പുകളിൽ അടക്കിവാഴുകയും ഓരോ സംസ്ഥാനത്തേയും കാവിപുതപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഏറ്റവുമൊടുവിൽ കർണാടകത്തിൽ വരെ കാണുന്നത്. അധികാരം ബിജെപിക്ക് ലഭിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ബിജെപി 104 സീറ്റുമായി മുന്നിലെത്തിയിരിക്കുകയാണ് കർണാടക അസംബ്‌ളി തിരഞ്ഞെടുപ്പിൽ.

ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയും ബിജെപിയും തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന തരത്തിൽ ചർച്ചകളും സജീവമാണ്. ഇപ്പോൾ തനിച്ചുതന്നെ ലോക്‌സഭയിൽ ഭൂരിപക്ഷമുള്ള ബിജെപിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ എത്രത്തോളം സീറ്റുകൾ നേടാനാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നതും.

ബിജെപിക്ക് ഇന്നത്തെ സ്ഥിതിയിൽ നേടാനാവുക 198 സീറ്റ്

നാല് സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലിരുന്ന കാലത്താണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുന്നത്. ഇപ്പോൾ നാലുവർഷം പിന്നിടുമ്പോഴേക്കും രാജ്യത്ത് ഇരുപതിലേറെ സംസ്ഥാനങ്ങളിൽ ബിജെപിയും സഖ്യകക്ഷികളുമായി അധികാരം നേടിക്കഴിഞ്ഞു. കോൺഗ്രസ് വെറും മൂന്നു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിപ്പോയി. സിപിഎമ്മിന് കേരളത്തിൽ മാത്രമേ ഭരണമുള്ളൂ. ഇത്തരത്തിൽ ബിജെപി വളർന്നു എന്ന് വിലയിരുത്തി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന് കരുതിയാൽ തെറ്റി. മറുനാടൻ നടത്തുന്ന വിശകലനത്തിൽ തെളിയുന്നത് മറ്റൊരു ചിത്രമാണ്. ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞുവെന്നതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് 2013 ആവർത്തിക്കാനാവില്ലെന്നതാണ് സ്ഥിതി.

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കൂടെനിന്നിരുന്ന പല കക്ഷികളും ബിജെപിക്കൊപ്പം ഇപ്പോഴില്ല. പ്രബല കക്ഷികൾ എന്ന് പറയാവുന്ന പാർട്ടികൾ പോലും ബിജെപിയുമായി ബന്ധം വേർപിരിഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയും ആന്ധ്രയിൽ തെലുഗുദേശവുമെല്ലാം ഇത്തരത്തിൽ എൻഡിഎയുമായി വഴിപിരിഞ്ഞ പാർട്ടികളാണ്. ഇവരുടെ സ്വാധീനശക്തി കുറഞ്ഞു എന്ന നിലയിലാണ് ബിജെപി വിലയിരുത്തലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവരുടെ കൂടെ വോട്ടുകളുടെ പിന്തുണയോടെയാണ് ബിജെപിക്ക് ഇത്രയധികം ലോക്‌സഭാ സീറ്റുകൾ നേടാനായത്. ഇപ്പോൾതന്നെ കർണാടകത്തിൽ കോൺഗ്രസ്സും ജനതാദള്ളും ഒരുമിച്ചു നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ സ്ഥിതി വേറൊന്നാകുമായിരുന്നു അവിടെ.

യുപിയിൽ എസ്‌പിയും ബിഎസ്‌പിയും കൈകോർത്തുനിൽക്കുകയും അവരോടൊപ്പം കോൺഗ്രസ് കൂടി നിൽക്കുകയും ചെയ്താൽ ബിിജെപി ഒരിക്കലും അധികാരത്തിൽ എത്തുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നു. ഇത്തരത്തിൽ ബിജെപിക്ക് നിലവിൽ ലോക്‌സഭയിൽ കൂടുതൽ സീറ്റുകൾ ഉള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിരുദ്ധത ഉയർത്തുന്ന രാ്ഷ്ട്രീയ പാർട്ടികൾ കൈകോർക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഒരുമിച്ച് നിന്നാൽ ബിജെപിയെ വിഴ്‌ത്താമെന്ന സത്യം എല്ലാവരും തിരിച്ചറിയുന്നു. ഇത്തരത്തിൽ അധികാരം തിരിച്ചുപിടിക്കാനുള്ള പ്രക്രിയയിൽ ഒരു ബിജെപി വിരുദ്ധ മുന്നണി ദേശീയ തലത്തിൽ ഉണ്ടാകുമെന്ന സ്ഥിതി വരുന്നതോടെ മോദിയും അമിത്ഷായും സ്വപ്‌നം കാണുന്ന തുടർഭരണം ഇല്ലാതാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. അക്കാര്യങ്ങൾ സംസ്ഥാന അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് മറുനാടൻ.

ശക്തികേന്ദ്രങ്ങളിൽ ഇപ്പോഴുള്ള 258 സീറ്റ് 133 ആയി കുറയും

യുപിയും മഹാരാഷ്ട്രയും രാജസ്ഥാനും ഗുജറാത്തും മധ്യപ്രദേശുമാണ് ബിജെപിയുടെ പ്രധാന ശക്തികേന്ദ്രങ്ങളായി ഉയർത്തിക്കാട്ടാവുന്ന പ്രബല സംസ്ഥാനങ്ങൾ. കൂടെ ആന്ധ്രയും കർണാടകയും. നിലവിൽ ലോക്‌സഭയിൽ ഏറ്റവുമധിസം സീറ്റുകൾ ബിജെപി നേടിയത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ ആകെയുള്ള 301 ലോക്‌സഭാ സീറ്റുകളിൽ 258 സീറ്റുകളും ഈ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി തൂത്തുവാരി. നിലവിൽ 274 സീറ്റുകളാണ് ബിജെപിക്ക് ഉള്ളതെന്നുകൂടി അറിയുമ്പോഴാണ് ഈ സംസ്ഥാനങ്ങൾ ബിജെപിയുടെ രണ്ടാമൂഴത്തിൽ എത്രത്തോളം നിർണായകമാകും എന്ന് മനസ്സിലാവുക.

എന്നാൽ ഇവിടെ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ നേടാനാവുക പരമാവധി 133 സീറ്റുകൾ മാത്രമാകുമെന്നാണ് മറുനാടൻ നടത്തുന്ന വിലയിരുത്തൽ. മഹാരാഷ്ട്രയിൽ നിലവിൽ 48ൽ 42 സീറ്റ് നേടിയിരുന്നു ബിജെപി. എന്നാൽ ശിവസേനയുമായി പിണങ്ങിയതോടെ ഇവിടെ തിരിച്ചടിയുണ്ടാകും. 28ൽ 17 സീറ്റും നേടിയ കർണാടകയിലും തിരിച്ചടി ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ജനതാദളും കോൺഗ്രസും ചേർന്നാൽ ബിജെപിക്ക് വലിയ പ്രതീക്ഷ വേണ്ട. അത് അവർ പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയാണ് ഭരിക്കുന്നത്. ഇവിടങ്ങളിൽ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുകൾ ഇതിനികം പുറത്തുവന്നുകഴിഞ്ഞു. രാജസ്ഥാനിൽ 25ൽ 25ഉം മധ്യപ്രദേശിൽ 29ൽ 27ഉം സീറ്റുകളാണ് കഴിഞ്ഞതവണ ബിജെപി നേടിയത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയം നേടി രണ്ട് സംസ്ഥാനങ്ങളിലും കോൺ്ഗ്രസ് അനുകൂല വികാരമാണെന്ന വസ്തുത വ്യക്തമാകുകയും ചെയ്തു. അതിനാൽ ഇവിടങ്ങളിൽ വലിയ തിരിച്ചടി ബിജെപിക്ക് ഉണ്ടായേക്കുമെന്ന് ഉറപ്പ്.

രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള യുപിയിൽ 80ൽ 73 സീറ്റും നേടിയാണ് മോദി അധികാരത്തിലേറിയത്. യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചുവെന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിശ്വാസം. കഴിഞ്ഞ അസംബ്‌ളി തിരഞ്ഞെടുപ്പിലും യുപിയിൽ ബിജെപി എതിരാളികളെ നിഷ്പ്രഭരാക്കി വൻ വിജയം നേടി. എന്നാൽ ബിഎസ്‌പിയും എസ്‌പിയും കോൺഗ്രസുമെല്ലാം മൂന്നും മൂന്നുവഴിക്കെന്ന മട്ടിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതോടെയാണ് ബിജെപിക്ക് അസംബ്‌ളിയും പിടിക്കാൻ അവസരമൊരുങ്ങിയതും. എന്നാൽ ഇപ്പോൾ അഖിലേഷും മായാവതിയും കൈകോർത്തു നിൽക്കുകയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളും കൂടെ കോൺഗ്രസും ചേർന്നാൽ യുപിയിൽ വലിയ തിരിച്ചടിയാകും ബിജെപിക്ക് ഉണ്ടാവുക.

ബിജെപിയുടെ എക്കാലത്തെയും ശക്തികേന്ദ്രമായി നിൽക്കുന്ന ഗുജറാത്തിലും ഇക്കഴിഞ്ഞ അസംബ്‌ളി തിരഞ്ഞെടുപ്പ് ആശാവഹമല്ല. ആകെയുള്ള 26 സീറ്റും കഴിഞ്ഞതവണ തൂത്തുവാരിയെങ്കിൽ ഇക്കുറി അത്രയും സീറ്റുകൾ കിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അസംബ്‌ളി ഫലങ്ങൾ. ദളിത് പട്ടേൽ വിഭാഗങ്ങളുടെ എതിർപ്പും വ്യവസായികളിൽ വലിയൊരു വിഭാഗത്തിന് ഉണ്ടായ എതിർപ്പും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ ഇപ്പോഴുള്ള സീറ്റുകളിൽ വലിയൊരു വിഭാഗം കൈവിട്ടുപോകും. ഇത്തരത്തിൽ പ്രബല ശക്തികേന്ദ്രങ്ങളായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂടെ നിന്ന ഏഴ് സംസ്ഥാനങ്ങളിലും നിന്നായി ബിജെപിക്ക് കഴിഞ്ഞതവണ നേടിയ 252 സീറ്റുകളുടെ സ്ഥാനത്ത് 133 സീറ്റുകൾ മാത്രമേ നേടാനാവൂ എന്നാണ് സൂചന.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് മെച്ചം

കോൺഗ്രസ്സിനൊപ്പമോ മറ്റ് കക്ഷികൾക്കൊപ്പമോ നിന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ നേട്ടമുണ്ടാക്കാനാകും. എന്നാൽ ശക്തികേന്ദ്രങ്ങളിലെ ചോർച്ചയെ മറികടക്കാൻ ഇതുകൊണ്ട് കഴിയില്ലെന്ന് ഉറപ്പ്. അരുണാചൽ, മണിപ്പൂർ, അസം, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആകെയുള്ളത് 24 സീറ്റാണ്. ഇതിൽ നിലവിൽ എട്ടെണ്ണമാണ് ബിജെപിക്കുള്ളത്. ഈ സ്ഥിതി മാറും. ത്രിപുരയിലുൾപ്പെടെ അധികാരം പിടിച്ചതിനാൽ എട്ടുസീറ്റ് 16 ആയി ഉയരുമെന്നാണ് നിലവിലെ വിലയിരുത്തൽ.

മുൻതൂക്കമുള്ള ചെറു സംസ്ഥാനങ്ങളിലും തിരിച്ചടി

ഹരിയാന, ഹിമാചൽ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ ചെറു സംസ്ഥാനങ്ങളിലും പാർലമെന്റിൽ ബിജെപി കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയിരുന്നു. ആകെയുള്ള 40 സീറ്റിൽ 35ഉം ബിജെപിക്കാണ്. എന്നാൽ ഇവിടെയെല്ലാം ഇത് ആവർത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞേക്കില്ല. അതിനാൽ സീറ്റുകളുടെ എണ്ണം 25 ആയി കുറയുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഡൽഹിയിലും ഉത്തരാഖണ്ഡിലും ഹിമാചലിലും ബിജെപി കഴിഞ്ഞ കുറി ക്‌ളീൻ സ്വീപ്പാണ് നടത്തിയത്. എന്നാൽ ഇവിടെയെല്ലാം സീറ്റുകൾ അടുത്ത തിരഞ്ഞെടുപ്പിൽ കുറയും. ഡൽഹിയിൽ ആംആദ്മിയുടെ സ്വാധീനം വലിയ തിരിച്ചടിയാകും ബിജെപിക്ക്. ഹരിയാനയിൽ ഉൾപ്പെടെ സ്ഥിതി മാറുകയും പ്രാദേശിക പാർട്ടികൾ ബിജെപിയിൽ നിന്ന് അകലുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഇതെല്ലാം ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

സീറ്റുകൾ കുറഞ്ഞ സംസ്ഥാനങ്ങളിൽ സ്ഥിതി മെച്ചപ്പെടും

കേരളവും തമിഴ്‌നാടുമുൾപ്പെടെ ബിജെപിക്ക് എതിരെ നിലകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ബിജെപിക്ക് മെച്ചമുണ്ടാകും. തെലങ്കാന, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലുൾപ്പെടെ ഈ അഞ്ച് സംസ്ഥാനങ്ങളലുമായി ബിജെപിക്ക് ആകെ കഴിഞ്ഞ തവണ നേടാനായത് ഏഴു സീറ്റുകൾ മാത്രമാണ്. ആകെയുള്ള 139 സീറ്റുകളിൽ ഇത്രയും കുറച്ചേ കിട്ടിയുള്ളൂ ബിജെപിക്ക്. ഈ സ്ഥിതി മറികടക്കാൻ എല്ലാ അടവും പയറ്റാൻ ഒരുങ്ങുകയാണ് ബിജെപി. എന്നാൽ അത് അത്ര എളുപ്പമല്ല. ബംഗാളിൽ മമതയും കേരളത്തിൽ സിപിഎമ്മും തമിഴ്‌നാട്ടിൽ പ്രാദേശിക കക്ഷികളുമെല്ലാം അധികാരം പങ്കെട്ടെടുക്കുന്ന സ്ഥിതി മാറുന്ന സാഹചര്യം ഇപ്പോഴില്ല. ആകെ പ്രതീക്ഷയർപ്പിക്കാൻ കഴിയുന്നത് ഇതിനിടയിൽ തമിഴ്‌നാട്ടിൽ മാത്രമാണ്. കൂടെ തെലങ്കാനയിലും ഒഡീഷയിലും ഒരുകൈനോക്കാനാകുമെന്നും മറ്റിടങ്ങളിൽ നഷ്ടപ്പെടുന്ന സീറ്റുകൾ ഇവിടെ പിടിച്ചെടുക്കാൻ കഴിയുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ഇവിടങ്ങളിൽ നിലവിലുള്ള ഏഴു സീറ്റുകളെ പതിനെട്ടു സീറ്റെങ്കിലുമായി ബിജെപിക്ക് വർധിക്കാനായേക്കും. എന്നാലും ഇതുകൊണ്ടൊന്നും വലിയ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന നിഷ്ടം തിരിച്ചുപിടിക്കാനാവില്ല.

2019ൽ ബിജെപിയുടെ പ്രതീക്ഷകൾ ഇങ്ങനെ

ഇത്തരത്തിൽ കണക്കുകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിന്റെ വിലയിരുത്തലിലും ബിജെപിക്ക് വൻ തിരിച്ചടിയാണ് കഴിഞ്ഞ തവണത്തേക്കാൾ ദേശീയ തലത്തിൽ ഉണ്ടാകാൻ പോകുന്നത്. ഗോവയിലും പഞ്ചാബിലുൾപ്പെടെ മറ്റിടങ്ങളിൽ നിന്ന് കുറച്ച് സീറ്റുകൾ ബിജെപിക്ക് പ്രതീക്ഷിക്കാമെങ്കിലും അതൊന്നും ഒറ്റയ്ക്ക് ഭരണത്തിലേറാനുള്ള മാജിക് ഫിഗറിലേക്ക് പാർട്ടിയെ എത്തിക്കില്ല. അതിനും ബഹുദൂരം പിന്നിലാണ് 2019ലെ ബിജെപിയുടെ സാധ്യതകൾ ഇങ്ങനെ ക്രോഡീകരിക്കാം. ബിജെപിക്ക് മുൻതൂക്കമുള്ള സംസ്ഥാനങ്ങളിൽ 133, ചെറു സംസ്ഥാനങ്ങളിൽ 25, ബിജെപി രഹിത സംസ്ഥാനങ്ങളിൽ 18, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 16, മറ്റു സീറ്റുകൾ ആറ് എന്നിങ്ങനെ ആകെ 198 സീറ്റുകളേ ബിജെപിക്ക് നേടാനാവൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. കഴിഞ്ഞതവണ 282 സീറ്റ് നേടിയ സാഹചര്യത്തിലാണിത്.

അട്ടിമറി സാധ്യതകളിലൂടെ ബിജെപി നില മെച്ചപ്പെടുത്തുമോ?

എന്നാൽ ഈ മോശം സ്ഥിതി ബിജെപി മെച്ചപ്പെടുത്തുമോ എന്ന ചോദ്യമുയരുമ്പോൾ അതിനുള്ള സാധ്യതകളും നിരവധിയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് മാറിമറിയാൻ നിരവധി സാധ്യതകൾ അവശേഷിക്കുന്നു. ഇതിലേതെങ്കിലും ബിജെപി പ്രയോഗിച്ചാൽ പല സംസ്ഥാനങ്ങളിലും ബിജെപി അനുകൂല തരംഗം സൃഷ്ടിക്കപ്പെടാം. മുമ്പും ബിജെപി രാജ്യത്ത് അധികാരത്തിലെത്താൻ നടത്തിയ തന്ത്രങ്ങൾ പലതും ഇത്തരത്തിൽ ഉള്ളതുമാണ്.

അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ബിജെപി ആരംഭിക്കുന്ന ഘട്ടമെത്തിയാൽ രാജ്യത്ത് അത് വലിയൊരു വർഗീയ ഏകീകരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചെക്കാം. തീവ്ര ഹൈന്ദവ നിലപാടിലേക്ക് പാർട്ടി വീണ്ടും നീങ്ങുന്നു എന്ന സ്ഥിതിവന്നാൽ പാർട്ടിയിൽ നിന്ന് ഇപ്പോൾ അകന്നുനിൽക്കുന്ന പല ചെറു സംഘപരിവാർ സംഘങ്ങളും കൂടെ തിരിച്ചെത്തും. ശിവസേനയുൾപ്പെടെ ഇത്തരം കക്ഷികളുടെ പിന്തുണയ്‌ക്കൊപ്പം ഹൈന്ദവ വോട്ടുകളും പാർട്ടിയിലേക്ക് കൂടുതൽ എത്താൻ സാധ്യതയേറും.

രാജ്യത്ത് ഏറെ ചർച്ചയായ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി തീരുമാനമെടുത്താലും ഇപ്പോഴത്തെ സ്ഥിതി മാറിമറിയും. മുസ്‌ളീം ന്യൂനപക്ഷം പാർട്ടിക്കെതിരെ നിൽക്കുമെങ്കിലും ഇതും ഹൈന്ദവ ഏകീകരണത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇപ്പോഴത്തെ മോദി ഭരണക്കാലത്ത് ജനങ്ങൾക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും ഉയർന്നുനിൽക്കുന്ന വികാരമാണ് പെട്രോൾ ഡീസൽ വില വർധനവ്. ജിഎസ്ടിയിൽ ഉൾപ്പെടുത്തി പെട്രോൾ ഡീസൽ വിലയിൽ വൻ കുറവുവരുത്താൻ കേന്ദ്രം തയ്യാറായാൽ അത് മോദിക്കും ബിജെപിക്കും കൂടുതൽ മെച്ചപ്പെട്ട പ്രതിച്ഛായ സൃഷ്ടിക്കാൻ വഴിയൊരുക്കും.

തമിഴ്‌നാട്ടിൽ ഇതുവരെ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല. ദ്രാവിഡ പാർട്ടികൾക്കൊപ്പം ശക്തമായി നിലകൊള്ളുന്ന തമിഴകത്ത് ഇപ്പോൾ പക്ഷേ ബിജെപിക്ക് വലിയൊരു പ്രതീക്ഷയുണ്ട്. ജയലളിതയ്ക്ക് ശേഷം അണ്ണാ ഡിഎംകെ ഭിന്നിച്ചു നിൽക്കുകയും ഈ സ്ഥിതി മുതലെടുത്തെന്നോണം ജനമനസ്സിൽ ഇടംപിടിച്ച നായകൻ രജനീകാന്ത് തന്നെ പുതിയ പാർട്ടിയുമായി മുന്നോട്ടുവരികയും ചെയ്തു. രജനീകാന്തും ബിജെപിയമായി സഖ്യത്തിനുള്ള സാധ്യതകളും സജീവ ചർച്ചയിലാണ്. ഇത് വിജയിച്ചാൽ തമിഴകത്ത് കുറച്ച് സീറ്റുകൾ ബിജെപിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകും.

സമാന രീതിയിൽ ആന്ധ്രയിൽ ഇപ്പോൾ തെലുഗുദേശം സഖ്യംവിട്ടതിന്റെ ക്ഷീണം തീർക്കാൻ വൈഎസ്ആർ കോൺഗ്രസിനെ കൂടെ നിർത്താൻ കഴിഞ്ഞാലും ബിജെപിക്ക് അത് വലിയൊരു തകർച്ച ഒഴിവാക്കാൻ ആ സംസ്ഥാനത്ത് കഴിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും. ബീഹാറിലും നിതീഷ് കുമാർ കൂടെ വന്നതിന്റെ ഗുണം ഇതുവരെ ഉണ്ടായില്ലെങ്കിലും അത് പ്രതീക്ഷിക്കുന്നുണ്ട് ബിജെപി. കർണാടകത്തിൽ കോൺഗ്രസും ജനതാദളും ഒരുമിച്ച് നിന്നാൽ ബിജെപിക്ക് ഒരു രക്ഷയുമില്ലെന്നാണ് ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്.

എന്നാൽ ദളിനെ ശിഥിലീകരിക്കുകയും കോൺഗ്രസിലെ നേതൃത്വുവുമായി ഭിന്നിച്ച് നിൽക്കുന്നവരെ കൂടെ കൂട്ടുകയും ചെയ്യാനായാൽ അതും ബിജെപിക്ക് നില മെച്ചപ്പെടുത്താൻ വലിയ സഹായമായി മാറും. ഇത്തരത്തിൽ സ്ഥിതി മാറിമറിഞ്ഞാൽ മാത്രമേ വീണ്ടും മാജിക് ഫിഗറിലേക്ക് ബിജെപി എത്തൂ. അല്ലെങ്കിൽ കാര്യമായ രാഷ്ട്രീയ സഖ്യത്തിന് പോലും സാധ്യതയില്ലാത്ത വിധം ബിജെപിയും ചില ചെറു പാർട്ടികളും ഒരുവശത്തും മറുവശത്ത് സംഘപരിവാർ വിരുദ്ധ ശക്തികളും എന്ന നിലയിലാകും അടുത്ത തിരഞ്ഞെടുപ്പ് ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP