Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതയുടെ കത്ത് കോടതി അസാധുവാക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്കും നേതാക്കൾക്കുമെതിരെ കേസെടുക്കാൻ സാധ്യതകൾ ആരാഞ്ഞ് സർക്കാർ; അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ റിപ്പോർട്ട് ഇല്ലാതായെന്ന ധാരണ പരക്കുമെന്ന് നിരീക്ഷണം; കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ കേസെടുക്കാമെന്ന് എജിയോട് നിയമോപദേശം തേടി; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വീണ്ടും ശക്തമാക്കാൻ പിണറായി

സരിതയുടെ കത്ത് കോടതി അസാധുവാക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്കും നേതാക്കൾക്കുമെതിരെ കേസെടുക്കാൻ സാധ്യതകൾ ആരാഞ്ഞ് സർക്കാർ; അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ റിപ്പോർട്ട് ഇല്ലാതായെന്ന ധാരണ പരക്കുമെന്ന് നിരീക്ഷണം; കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ കേസെടുക്കാമെന്ന് എജിയോട് നിയമോപദേശം തേടി; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വീണ്ടും ശക്തമാക്കാൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സരിതയുടെ കത്ത് കോടതി അസാധുവാക്കിയതോടെ കേസിൽ ആരോപണവിധേയരായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുക്കാൻ മറ്റ് വകുപ്പുകൾ തേടി സർക്കാർ. സരിതയുടെ കത്തിന് പുറത്തുള്ള വിഷയങ്ങളിൽ ഏതിലെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനും ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വിഷയം വീണ്ടും സജീവമാക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച ചില നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്നോട്ടുവച്ചതായ വിവരമാണ് ലഭിക്കുന്നത്.

ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപായി തുടർ നടപടി വേണമെന്ന നിലയിൽ കാര്യങ്ങൾ നീക്കാനാണ് ശ്രമം. സരിതയുടെ കത്ത് കമ്മിഷൻ റിപ്പോർട്ടിൽ നിന്നു ഹൈക്കോടതി നീക്കിയതോടെയാണ് സർക്കാരിന് അത് വലിയ തിരിച്ചടി ആയത്. കത്തിൽ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെ ചുമത്തി നേതാക്കൾക്ക് എതിരെ കേസെടുക്കാനായിരുന്നു സർക്കാർ ആലോചന. എന്നാൽ കോടതി ഇടപെട്ടതോടെ ഇത്തരമൊരു അന്വേഷണത്തിന് സാധ്യത ഇല്ലാതായി. അടിയന്തര തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ റിപ്പോർട്ട് തന്നെ ഇല്ലാതായെന്ന ധാരണ പരക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ബെഹ്‌റയെ അറിയിച്ചു.

ഈ സാഹചര്യത്തിൽ സോളാർ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും ആറു മാസം മുൻപു രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഐജി ദിനേന്ദ്ര കശ്യപുമായി ബെഹ്‌റ പൊലീസ് ആസ്ഥാനത്തു ദീർഘനേരം ചർച്ചയും നടത്തി. രണ്ടു കാര്യങ്ങളാണു ചർച്ചയിൽ പരിഗണിക്കപ്പെട്ടത്. ഒന്നുകിൽ സോളർ പദ്ധതിയുടെ പേരിൽ അഴിമതി നടത്തിയെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നവരുടെ പേരിൽ അഴിമതി നിരോധന നിയമ പ്രകാരവും വഞ്ചനാ കുറ്റം ചുമത്തി ക്രിമിനൽ നടപടി പ്രകാരവും ഉടൻ കേസ് രജിസ്റ്റർ ചെയ്യുക. അതിൽ ഉമ്മൻ ചാണ്ടിയും മുൻ മന്ത്രിമാരും എംഎൽഎമാരും പെടും. സോളർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം സരിത മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക എന്ന സാധ്യതയും പരിഗണിക്കുന്നു.

കമ്മിഷൻ റിപ്പോർട്ടിലെ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിന്റെ നിയമസാധുത നേരത്തേ തന്നെ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത നേരിട്ട് മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ പരാതിയെന്നോണം സമർപ്പിച്ചത്. ഇതു പരിഗണിച്ച് കേസെടുക്കാൻ കഴിയുമോ എന്ന സാധ്യതയാണ് സർക്കാർ ആരായുന്നത്. ഈ കത്തു നേരത്തെ തന്നെ പ്രത്യേക സംഘത്തിനു കൈമാറുകയും അതു വച്ചു സരിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ വിശ്വാസയോഗ്യമല്ലാത്ത പരാതിയുടെയോ മൊഴിയുടെയോ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാട് പ്രത്യേക സംഘത്തലവനായിരുന്ന ഡിജിപി രാജേഷ് ദിവാൻ നേരത്തേ സ്വീകരിച്ചിരുന്നു. മൂന്നു കത്തുകളിലൂടെ ബെഹ്‌റയെ ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. തുടക്കം മുതൽ ഐജി ദിനേന്ദ്ര കശ്യപും ഈ നിലപാടിലായിരുന്നു. കേസില്ലാതെ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരിമിതി ഉണ്ടെന്നും അദ്ദേഹം ധരിപ്പിച്ചു.

ഇതോടൊപ്പം സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലും എജിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. അപ്പീൽ നൽകരുതെന്നാണു ചില നിയമവിദഗ്ദ്ധർ പൊലീസ് ഉന്നതർക്കു വാക്കാൽ നൽകിയ ഉപദേശം. പ്രത്യേക സംഘത്തെ പുനഃസംഘടിപ്പിക്കുന്നതും അന്വേഷണ വിഷയങ്ങൾ പുതുക്കി ഉത്തരവിറക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. രാജേഷ് ദിവാനു പകരക്കാരനെ വയ്ക്കുന്നതിനൊപ്പം കേസെടുക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ സംഘത്തിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്.

സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നു സരിത എസ്.നായരുടെ കത്തും ഇതേക്കുറിച്ചുള്ള പരാമർശവും ശുപാർശകളും നീക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽതന്നെ സർക്കാർ അഡ്വക്കറ്റ്് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പത്രക്കുറിപ്പ് ഇറക്കിയത് ഉൾപ്പെടെയുള്ള തുടർ നടപടികൾ പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതും എങ്ങനെ നേരിടണമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

വിധിയെക്കുറിച്ചു കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതിനാൽ ഇന്നലത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല. സോളർ തട്ടിപ്പിന് ആവശ്യമായ സഹായം ഉമ്മൻ ചാണ്ടി നൽകിയെന്നായിരുന്നു ആരോപണം. അദ്ദേഹത്തിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മുന്മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ തെളിവുണ്ടെന്നാണു സർക്കാർ വാദം. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്്ണൻ പൊലീസ് ഉദ്യോഗസ്ഥർ മുഖേന ശ്രമിച്ചെന്ന കമ്മിഷൻ റിപ്പോർട്ടിലെ പരാമർശവും നീക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP