Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയം ഉറപ്പിച്ചത് ഒന്നും ആലോചിക്കാതെ ചെറിയ കക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊണ്ടുള്ള ഉറച്ച തീരുമാനം; സോണിയയുടെ നിർദേശത്തെ കണ്ണുമടച്ച് രാഹുൽ പിന്തുണച്ചപ്പോൾ കോൺഗ്രസ് നാണംകെട്ട പരാജയത്തെ തിളക്കമുള്ള വിജയമാക്കി മാറ്റി; കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാൻ എന്തു വിട്ടുവീഴ്‌ച്ചക്കും ഒരുങ്ങാൻ എംഎൽഎമാർക്ക് കർശന നിർദ്ദേശം നൽകി കോൺഗ്രസ്

വിജയം ഉറപ്പിച്ചത് ഒന്നും ആലോചിക്കാതെ ചെറിയ കക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊണ്ടുള്ള ഉറച്ച തീരുമാനം; സോണിയയുടെ നിർദേശത്തെ കണ്ണുമടച്ച് രാഹുൽ പിന്തുണച്ചപ്പോൾ കോൺഗ്രസ് നാണംകെട്ട പരാജയത്തെ തിളക്കമുള്ള വിജയമാക്കി മാറ്റി; കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാൻ എന്തു വിട്ടുവീഴ്‌ച്ചക്കും ഒരുങ്ങാൻ എംഎൽഎമാർക്ക് കർശന നിർദ്ദേശം നൽകി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

 ബംഗളുരൂ: യെദ്യൂരപ്പയുടെ രാജിയോടെ കർണാടകത്തിൽ കോൺഗ്രസ് നേടിയത് രാഷ്ട്രീയ വിജയമാണ്. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി മറ്റ് ജനാധിപത്യകക്ഷികളെ ഒപ്പം ചേർക്കുകക എന്ന തന്ത്രത്തിന്റെ വിജയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഒറ്റയ്കക് മത്സരിച്ച കോൺഗ്രസിന് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജെഡിഎസ് എന്ന രാഷ്ട്രീയ കക്ഷിയെ കൂടി ലഭിച്ചു. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തിൽ കോൺഗ്രസ് മുക്തഭാരതം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ ബിജെപിക്കേറ്റ തിരിച്ചടി കൂടിയായി ഇപ്പോഴത്തെ ഫലം.

37 കക്ഷികളുള്ള ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകുക എന്ന ചാണക്യതന്ത്രം പ്രയോഗിച്ച കോൺഗ്രസിന്റെ നീക്കമാണ് ഇപ്പോഴത്തെ വിജയാരവങ്ങൾക്ക് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കേ ജെഡിഎസ് നിർണായക നീക്കമാകുമെന്ന പ്രതീക്ഷയിൽ കണക്കുകൂട്ടി കോൺഗ്രസ് കാര്യങ്ങൾ നീക്കുകയായിരുന്നു. സോണിയ ഗാന്ധിയുടെ ചടുല നീക്കങ്ങളാണ് കോൺഗ്രസിന് പ്രതീക്ഷ പോയ കർണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിത്. ഗോവയിൽ ബിജെപി കളിച്ച അതേകളി തന്നെ കോൺഗ്രസ് കർണാടകത്തിൽ തിരിച്ചു പയറ്റുകയയായിരുന്നു.

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ജെഡിഎസുമായി കൈകോർത്തത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും സിദ്ധരാമയ്യ അറിയിക്കുകയും കോൺഗ്രസ് നേതാക്കൾ അതിനെ പിന്തുണക്കുകയും ചെയ്തതാണ് നിർണായകമായത്. ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റിനിർത്തണമെന്ന ശക്തമായ നിർദ്ദേശം രാഹുൽ ഗാന്ധിയും സംസ്ഥാന ഘടകത്തിന് നൽകി. കെ സി വേണുഗോപാൽ ഏകോപനവുമായി രംഗത്തുണ്ടായിരുന്നു. പിന്നാലെ ഗുലാം നബി ആസാദ് അടക്കമുള്ള പ്രമുഖരും രംഗത്തിറങ്ങി.

ജെഡിഎസുമായുള്ള ഫോർമുല പ്രകാരം കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകും. പകരം ഉപമുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന ലഭിച്ചു. കൂടാതെ 20 മന്ത്രിമാരെയും നൽകും. കൂടാതെ ദളിന് 14 മന്ത്രിമാരെയും നൽകുമെന്നാണ് പ്രഖ്യാപനം. ആദ്യം പുറത്തുനിന്നുള്ള പിന്തുണ നൽകാമെന്നാണ് കോൺഗ്രസ് അറിയിച്ചത്. എന്നാൽ, അതുപോരാ, സർക്കാരിൽ കോൺഗ്രസ് വേണമെന്നു ദേവെഗൗഡ വാദിക്കുകയായിരുന്നു. ഈ നീക്കം കോൺഗ്രസും അംഗീകരിക്കുകയായിരുന്നു.

ഇതോടെ അന്തിമ ഫലം വരുമ്പോൾ കോൺഗ്രസ് എംഎൽഎമാരുടെയും ജെഡിഎസ് എംഎൽഎമാരുടെയും പിന്തുണ അറിയിച്ചുള്ള കത്ത് ഗവർണർക്ക് കൈമാറി. വോട്ടെണ്ണി കഴിയും മുമ്പ് ജെഡിഎസിനെ വരുതിയിലാക്കിയ നീക്കമാണ് ബിജെപി പ്രതീക്ഷ പൊളിച്ചത്. ഡികെ ശിവകുമാർ എന്ന അതികായനെ അണിനിരത്തി എംഎൽഎമാർക്ക് സുരക്ഷ ഒരുക്കുക കൂടി ചെയ്തതോടെ കാര്യങ്ങളെല്ലാം കോൺഗ്രസിന് അനുകൂലമായി. യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും അത് ചരിത്രത്തിന്റെ ആവർത്തനമായി മാറുകയായിരുന്നു.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജെഡിഎസ് ഒപ്പം ചേരാനുള്ള സാധ്യത ഏറെയായിരുന്നു. ബിജെപി മനസിൽ കണ്ടത് മാനത്ത് കണ്ട സോണിയ ഗാന്ധി തന്നെയാണ് ജനതാദൾ തലവൻ എച്ച് ഡി ദേവെഗൗഡയെ ഫോണിൽ വിളിച്ചത്. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ചേർന്ന് ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയ ചരിത്രവും ഓർമ്മിപ്പിച്ചു. കരുക്കൾ നീക്കാൻ സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നെന്നാണ് കേൾവി.

എന്തു വിട്ടുവീഴ്‌ച്ചക്ക് തയ്യാറാകാൻ എംഎൽഎമാർക്ക് നൽകിയ നിർദേശങ്ങളും ഗുണം കണ്ടു. സത്യപ്രതിജ്ഞ ചെയ്ത് 55 മണിക്കൂറുകൾക്കുള്ളിൽ യെദിയൂരപ്പ രാജി വെക്കേണ്ടി വന്നത് ഈ വിഷയത്തിൽ കോൺഗ്രസ് നടത്തിയ ജീവന്മരണ പോരാട്ടത്തിലാണ്. അക്ഷരാർത്ഥത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ രാഷ്ട്രീയ വിജയം തന്നെയായിരുന്നു ഇത്.

222 അംഗ നിയമസഭയിൽ 104 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. 116 എം.എൽ.മമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഗവർണറെ സമീപിച്ചെങ്കിലും ഗവർണർ യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. തുടർന്നങ്ങോട്ട് കണ്ടത് രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു.

കേവല ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നൽകിയിരുന്നെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചതോടെ ശനിയാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ബിജെപിയുടെ ഭാഗത്തു നിന്ന് വലിയ കുതിരക്കച്ചവടം നടന്നതായുള്ള ആരോപണങ്ങൾ ഉയർന്നു. എംഎ‍ൽഎമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു. ബിജെപിയുടെ ദേശീയ സെക്രട്ടറിയും യെദിയൂരപ്പയുടെ മകനും വരെ കോടികൾ വാഗ്ദാനം ചെയ്യുന്നതായ ആരോപണവുമായി ശബ്ദ ശകലങ്ങൾ കോൺഗ്രസ് പാളയം പുറത്തു വിട്ടു.

വാഗ്ദാനങ്ങളിൽ വീണുപോകാതെ തങ്ങളുടെ എംഎ‍ൽഎമാരെ മറുകണ്ടം ചാടാതെ പിടിച്ചു നിർത്തുകയെന്ന അതീവ സങ്കീർണമായ കാര്യങ്ങളാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്ത് എംഎ‍ൽഎമാരെ റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്കും ഒടുവിൽ നിയമസഭയിലേക്കും എത്തിക്കാൻ സാധിച്ചു. മാത്രമല്ല, സഭയിലെത്താതെ ഹോട്ടൽ മുറിയിൽ ഒളിച്ചിരുന്ന രണ്ട് എംഎ‍ൽഎമാരെ കണ്ടെത്തി വിപ്പു നൽകി സഭയിലെത്തിക്കാനും കഴിഞ്ഞതോടെ ബിജെപി ക്ക് കളം വിട്ടൊഴിയുക തന്നെയായിരുന്നു ഏക പോംവഴി. ഇതു തന്നെയായിരുന്നു കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ രാഷ്ട്രീയവിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP