Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ

റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബിജെപിക്ക് 104 സീറ്റ് കിട്ടിയപ്പോഴേ കുതിരക്കച്ചവടത്തിന്റെ സാധ്യത കോൺഗ്രസ് മുൻകൂട്ടി കണ്ടു. അതിവേഗം കുമാരസ്വാമിയെ മുഖ്യന്ത്രിയാക്കാമെന്ന് പ്രഖ്യാപിച്ച് ജനതാദള്ളിനെ ഒപ്പം കൂട്ടി. മോദിയുടെ വിശ്വസ്തനാണ് ഗവർണ്ണർ എന്നും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ തീരുമാനമെല്ലാം ബിജെപിക്ക് അനുകൂലമാകുമെന്നും കണക്ക് കൂട്ടി. ഇതൊന്നും പിഴച്ചില്ല. അങ്ങനെ തന്നെ സംഭവിച്ചു. ഇത് മനസ്സിലാക്കിയുള്ള തന്ത്രങ്ങളാണ് ബിജെപിക്കെതിരെ കോൺഗ്രസ് ഒരുക്കിയത്. ഇതിന് അവർ നൽകിയ പേര് 'ഓപ്പറേഷൻ ഡികെ' എന്നായിരുന്നു. ഡികെയുടെ മാത്രം അറിഞ്ഞ് ചെയ്യുന്ന ഓപ്പറേഷൻ അതായിരുന്നു ഈ പേരിലൂടെ ഉദ്ദേശിച്ചത്. സിദ്ധരാമയ്യയ്ക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഗുലാംനബി ആസാദും അശോക് ഗെഹലോട്ടും ഡികെ ശിവകുമാറും മാത്രം അറിഞ്ഞ് ചെയ്ത പദ്ധതി. ഇതാണ് കർണ്ണാടകത്തിൽ നിന്ന് യദൂരിയപ്പയെ മാറ്റി നിർത്തുന്നത്.

കോൺഗ്രസിന് സഭയിലുണ്ടായിരുന്നത് 78 പേരാണ്. ജനതാദള്ളിന് 37ഉം. രണ്ട് സ്വതന്ത്രരും. ഇതിൽ സ്വതന്ത്രരെ തുടക്കത്തിലേ ശിവകുമാർ കൈയിലെടുത്തു. അതിന് ശേഷം ബിജെപിയുടെ കുതിരക്കച്ചവടക്കണ്ണുകളിലേക്ക് 12 പേരെ ഇട്ടുകൊടുത്തു. ബിജെപി നേതൃത്വം സംസാരിച്ചതും വിലപേശൽ നടത്തിയതും ഇവരുമായിട്ടായിരുന്നു. ഈ 12 പേരെ കോൺഗ്രസ് ക്യാമ്പിൽ നിന്ന് പലപ്പോഴും കാണാതായി. എംഎൽഎമാർ കൂറുമാറിയെന്ന് കുമാരസ്വാമിയും സിദ്ധരാമയ്യയും പോലും പരസ്യമായി പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാം ബിജെപി ക്യാമ്പ് പ്രതീക്ഷയിലായി. 12 എംഎൽഎമാരെ കിട്ടിയതു കൊണ്ട് തന്നെ ജെഡിഎസിലെ വിമതരെ പോലും ബിജെപി സമീപിച്ചില്ല. തന്ത്രപരമായാണ് ഈ പന്ത്രണ്ട് എംഎൽഎമാരെ നിശ്ചയിച്ചത്. ഖനി മുതലാളിയായ റെഡ്ഡിമാരുടെ വിശ്വസ്തരായി പേരെടുത്ത കോൺഗ്രസുകാരെയാണ് ബിജെപിക്ക് മുമ്പിലേക്ക് ഇട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ ഇവരെല്ലാം രാജിവയ്ക്കുമെന്നും അതിലൂടെ സഭയിൽ അംഗ സംഘം കുറഞ്ഞ് 207 ആകുമെന്നും ബിജെപി സ്വപ്‌നം കണ്ടു. ഇവർക്ക് 12 പേർക്കും വൻതുക കൊടുക്കേണ്ടതിനാൽ അതിന് അപ്പുറത്തേക്ക് ഒന്നും ബിജെപി ചിന്തിച്ചില്ല. ഇതാണ് കർണ്ണാടകയിൽ യെദൂരിയപ്പയ്ക്ക് വിനയായത്.

ജനതാദള്ളിലെ രേവണ്ണ വിഭാഗം കുമാരസ്വാമിയുമായി പിണക്കത്തിലാണ്. ദേവഗൗഡയുടെ മറ്റൊരു മകനായ രേവണ്ണയ്ക്ക് പാർട്ടിയിൽ പ്രധാന റോളുകളൊന്നുമില്ല. ഇതിൽ വേദന പൂണ്ട് രേവണ്ണ ബിജെപി പക്ഷത്ത് എത്തുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഉപമുഖ്യന്ത്രി സ്ഥാനം നൽകിയാൽ അതിന് രേവണ്ണ ഒരുപക്ഷേ തയ്യാറാവുമായിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രിയാകാൻ കച്ച കെട്ടിയ റെഡ്ഡിമാരിൽ ഒരാൾ ആളുകളെ തങ്ങൾ പിടിച്ചു തരാമെന്ന് യെദൂരിയപ്പയോട് ഉറപ്പ് നൽകി. ഇതോടെ ജെഡിഎസിനെ പിളർത്തി സമയം കളയാതെ പണത്തിന് ക്യൂനിൽക്കുന്ന എംഎൽഎമാരെ അടുപ്പിക്കാൻ തീരുമാനിച്ചു. ഭൂരിപക്ഷം ഉറപ്പാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഈ സമയത്താണ് ഗവർണ്ണർ ഇടപെടലുമായി എത്തുന്നതും കുമാരസ്വാമിയെ മന്ത്രിസഭയുണ്ടാക്കാൻ വിളിക്കുന്നതും. ഇതിന് ശേഷവും കളി നിയന്ത്രിച്ചത് ഡികെ ശിവകുമാറായിരുന്നു. ഇത് തിരിച്ചറിയാൻ ചാണക്യനായ അമിത് ഷായ്ക്ക് പോലും കഴിഞ്ഞില്ല.

ഗോവയിലും മേഘാലയയിലും സംഭവിച്ചത് കർണ്ണാടകയിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദിയും കരുതി. കേന്ദ്ര സർക്കാർ അഭിഭാഷകർ പോലും യെദൂരിയപ്പയ്ക്ക് അനുകൂലമായി സംസാരിച്ചു. ഗവർണ്ണർ മന്ത്രിസഭാ രൂപീകരണത്തിന് യെദൂരിയപ്പയെ രാത്രിയിലാണ് വിളിച്ചത്. സുപ്രീംകോടതി ഇടപെടലുണ്ടാകാതിരിക്കാൻ രാവിലെ സത്യപ്രതിജ്ഞയും നടത്തി. ഇതിനിടെ അർദ്ധരാത്രി കോടതിയിലേക്ക് കോൺഗ്രസ് എത്തിയതും തന്ത്രങ്ങളുടെ ഭാഗമായിരുന്നു. വിശ്വാസ വോട്ട് തേടലിനെ തങ്ങൾ ഭയക്കുന്നുവെന്നും അതുകൊണ്ടാണ് സത്യപ്രതിജ്ഞ തടയാൻ നിയമപോരാട്ടത്തിന് എത്തിയതെന്നുമുള്ള സന്ദേശം ഇതിലൂടെ നൽകാനായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടേം സ്പീക്കറുടെ വിഷയത്തിൽ കോടതിയെ സമീപിച്ചതും ബിജെപിയെ തെറ്റധരിപ്പിക്കാനായിരുന്നു. പ്രോടേം സ്പീക്കർ ബിജെപിക്കാരനാകുമ്പോൾ നീതി നടക്കില്ലെന്ന് കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ എംഎൽഎമാരുടെ കൂറുമാറ്റം ഉറപ്പാണെന്ന ധാരണ പടർന്നു.

ഇതെല്ലാം ബിജെപി ക്യാമ്പിനെ ആത്മവിശ്വാസത്തിലാക്കി. കോൺഗ്രസ് എറിഞ്ഞു കൊടുത്ത പല എംഎൽഎമാരോടും റെഡ്ഡിമാരും ശ്രീരാമലുവുമൊക്കെ സംസാരിച്ചു. ഇതിൽ പലതും പുറത്തുവിട്ട് ബിജെപിയെ അഴിമതിയുടെ നിഴലിലും ആക്കി. കളിയുടെ യഥാർത്ഥ നിയന്ത്രണം കോൺഗ്രസിനൊപ്പമായിരുന്നു. എല്ലാം ഡികെ ശിവകുമാർ നന്നായി തന്നെ മുന്നോട്ട് കൊണ്ടു പോയി. സത്യപ്രതിജ്ഞയ്ക്ക് പല എംഎൽഎമാരും തുടക്കത്തിൽ എത്തിയില്ല. ചിലർ റൂമുകളിൽ അടച്ചിരുന്നു. എംഎൽഎമാരെ തട്ടിക്കൊണ്ടു പോയെന്ന് കോൺഗ്രസുകാർ തന്നെ പൊലീസിൽ പരാതി നൽകി. ഉന്നത പൊലീസുദ്യോഗസ്ഥർ ഈ എംഎൽഎമാരോട് കാര്യങ്ങൾ തിരക്കി. അപ്പോഴെല്ലാം ഈ എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്ന പ്രതീതിയാണുണ്ടായത്. അതുകൊണ്ട് ഈ 12 എംഎൽഎമാരിലൂടെ വിശ്വാസം ഉറപ്പിക്കാമെന്ന് യെദൂരിയപ്പ ഉറച്ചു വിശ്വസിച്ചു. വിശ്വാസ വോട്ടെടുപ്പ് ദിവസം അണികളോട് ആഹ്ലാദ പ്രകടനത്തിന് തയ്യാറെടുക്കാനും പറഞ്ഞു.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ പകുതിയോടെ അടുത്തപ്പോഴാണ് ചതി ബിജെപി തിരിച്ചറിഞ്ഞത്. എല്ലാം പറഞ്ഞുറപ്പിച്ച കോൺഗ്രസുകാരെല്ലാം പതിയെ കളം മാറി. ശിവകുമാറിന് കൈകൊടുത്ത് ഇവർ നിങ്ങുന്നത് യെദൂരിയപ്പയും അറിഞ്ഞു. കാണാനില്ലെന്ന് കോൺഗ്രസ് പറഞ്ഞവരും സീനിൽ പ്രത്യക്ഷമായി. സത്യപ്രതിജ്ഞ തീരുന്നതിന് തൊട്ട് മുമ്പ് അവരും സഭയിൽ എത്തി. കോൺഗ്രസിന്റെ എംഎൽഎമാരായി മാറി. ഇതോടെ ആരും മറിച്ച് വോട്ട് ചെയ്യില്ലെന്ന് യെദൂരിയപ്പയ്ക്ക് മനസ്സിലായി. ജെഡിഎസിനെ പിളർത്താൻ സാധിക്കാത്തതിൽ നിരാശനുമായി. ഇതോടെയാണ് രാജി പ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിക്കാൻ യെദൂരിയപ്പ തയ്യാറായത്. നിയമസഭ പിരിഞ്ഞ ശേഷം ദേശീയ ഗാനാപാലനം കേൾക്കാൻ പോലും യെദൂരിയപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്നെ കോൺഗ്രസ് അടിമുടി തകർത്തുവെന്ന് യെദൂരിയപ്പ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നിൽ ഡികെയാണെന്നും വ്യക്തമായിരുന്നു. നിയമസഭയിൽ കോൺഗ്രസും കുമാരസ്വാമിയും ഡികെയെ അഭിനന്ദിക്കുന്നത് ഇതിന് തെളിവായി മാറി.

കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാതെ കരുതൽ സ്വീകരിക്കുക എന്നതായിരുന്നു ഡി കെ ശിവകുമാറിൽ നിയുക്തമായ കർത്തവ്യം. അദ്ദേഹം കൃത്യമായി ആ ദൗത്യം നിർവഹിച്ചു. അതിന് രാഹുൽഗാന്ധി അടക്കം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടാണ്. അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മതയാണ് കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമായി കാര്യങ്ങൾ നീങ്ങാൻ പ്രധാന കാരണമായത്. കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ ഇത് രണ്ടാം തവണയാണ് അമിത് ഷായും കൂട്ടരും പരാജയം അടയുന്നത്. അതുകൊണ്ട് തന്നെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 56 വയസു മാത്രമുള്ള അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷനായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. അന്ന് എംഎൽഎമാരെ രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കർണാടകത്തിൽ താവളം വാഗ്ദാനം ചെയ്തു. സിദ്ധു ആ ദൗത്യം ഏൽപിച്ചത് ഊർജമന്ത്രിയായ ഡി.കെയായിരുന്നു. റിസോർട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കർണാടകത്തിൽ അരങ്ങേറുന്നു. കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോൾ വോക്കലിഗ സമുദായക്കാരന് ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. അതാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിയാകാൻ തടസമായി നിന്നത്. എന്നാൽ വെല്ലുവിളികൾ അതിജീവിച്ചതിനുള്ള പ്രത്യുപകാരമായി അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനകീയത മാത്രം മതിയാകില്ല രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ എന്ന് കോൺഗ്രസിനെ പഠിപ്പിച്ച രാഷ്ട്രീയ കാലാവസ്ഥയായിരുന്നു കഴിഞ്ഞുപോയത്.

കാലങ്ങളായി തന്നെ ഡികെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. ഡി.കെയെ ബിജെപിയിലെത്തിക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാൽ താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP