Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ്പാ വൈറസ് പടർന്നത് കിണർ വെള്ളത്തിൽ നിന്ന്; പനി ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിന്ന് വൈറസ് ജലത്തിൽ പടർന്നു; കോഴിക്കോട് മരണസംഖ്യ പത്തായി ഉയർന്നതോടെ ഭീതിയേറുന്നു; വൈറസ് ബാധ തടയുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി; നഴ്‌സിന് രോഗം ബാധിച്ച പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തും; രണ്ടാമത്തെ കേന്ദ്ര സംഘം നാളെ എത്തുമെന്നും കെ.കെ.ശൈലജ

നിപ്പാ വൈറസ് പടർന്നത് കിണർ വെള്ളത്തിൽ നിന്ന്; പനി ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിന്ന് വൈറസ് ജലത്തിൽ പടർന്നു; കോഴിക്കോട് മരണസംഖ്യ പത്തായി ഉയർന്നതോടെ ഭീതിയേറുന്നു; വൈറസ് ബാധ തടയുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി; നഴ്‌സിന് രോഗം ബാധിച്ച പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തും; രണ്ടാമത്തെ കേന്ദ്ര സംഘം നാളെ എത്തുമെന്നും കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് നിപാ വൈറസ് ബാധ മൂലം മരണം ഒമ്പതായതോടെ സംസ്ഥാനമാകെ ജാഗ്രതാ നിർദ്ദേശം നൽകി. രോഗം പടരാതിരിക്കാൻ ഓരോ ജില്ലയിലും ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുടങ്ങി. 0495 2376063 എന്നാണ് കൺട്രോൾ റൂം നമ്പർ. അവധിയിലുള്ള സർക്കാർ ഡോക്ടർമാരെ തിരികെ വിളിച്ചു. സ്വകാര്യ ആശുപത്രികളോടും അതീവ ജാഗ്രതാ പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറിൽ നിന്നാണ് രോഗം പടർന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കിണറ്റിൽ വാവലുകളെ ചത്ത നിലയിൽ കണ്ടെത്തി. ഈ വവ്വാലുകളിൽ നിന്നാണ് വൈറസ് ജലത്തിൽ പടർന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കിണർ മൂടിയിട്ടുണ്ട്. നിപ്പാ വൈറസിനെ തടയുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ല. രണ്ടാമത്തെ മരണം സംഭവിച്ചപ്പോൾ തന്നെ കേന്ദ്ര സർക്കാരിനെ വിവരം അറിയിച്ചിരുന്നു. കേന്ദ്ര സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. നാളെ മറ്റൊരു സംഘം കൂടി എത്തുന്നുണ്ട്. അവരും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനതിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കൽ ടീമിനെ അയക്കാൻ തീരുമാനിച്ചത്.

രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടർന്ന് നഴ്‌സിന് രോഗം ബാധിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാർക്ക് സുരക്ഷ ഏർപ്പെടുത്തും. ഇവർക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും നൽകാനും തീരുമാനിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് ആവശ്യമെങ്കിൽ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുമെന്നും ശൈലജ പറഞ്ഞു.

പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തി ഉചിതമായ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങളുള്ളവരുടെ രക്തവും സ്രവങ്ങളും പരിശോധിച്ച് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുെട നേതൃത്വത്തിൽ അവലോകന യോഗം നടത്തും. മന്ത്രി ടി.പി രാമകൃഷ്ണനും യോഗത്തിൽ പെങ്കടുക്കും. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനമെടുക്കും.

കോഴിക്കോട് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽ ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. ആദ്യം ആരോഗ്യ മന്ത്രിയെ കണ്ട് സ്വീകരിച്ച നടപടികൾ മനസിലാക്കിയ ശേഷമായിരിക്കും സംഘം സ്ഥലം സന്ദർശിക്കുക. ഞായറാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ദേശീയ രോഗനിയന്ത്രണ മന്ത്രാലയം ഡയറക്ടറോട് സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പട്ടിരുന്നു. നിപ ബാധയിൽ സംസ്ഥാന സർക്കാറിന് വേണ്ട സഹായം നൽകാനും സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, സൂപ്പിക്കടയിൽ പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവ് മൂസക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പണം അടക്കാത്തതിനാൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് ചികിത്സ നൽകിയില്ലെന്നാണ് പരാതി. രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റരുതെന്നും വേണ്ട ചികിത്സ നൽകണമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് മരിച്ച നാലുപേർക്ക് നിപ ബാധിച്ചിട്ടുണ്ടെന്ന് സ്ഥീരീകരിച്ചിട്ടില്ല. പരിശോധനകൾ പൂർത്തിയായ ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇപ്പോഴുണ്ടായ രോഗം വായു, വെള്ളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകൾക്കോ, ഈച്ചകൾക്കോ ഈ രോഗം പകർത്താൻ സാധ്യമല്ല. രോഗം പകർന്നിട്ടുള്ളത് രോഗിയുടെ ശരീരത്തിലെ 'സ്രവങ്ങൾ' വഴിയാണ്.

രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിലാണ് ഇതുവരെ രോഗം സ്ഥീരീകരിക്കപ്പെട്ടിട്ടുള്ളത്. നിപ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ എന്നിവരുമായി നേരിട്ടുള്ള സമ്പർക്കം വഴിയും രോഗം പകരാം. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങൾ, വവ്വാലുകൾ കൂടുതലുള്ള ഇടങ്ങളിൽ തുറന്നവെച്ച കള്ള് എന്നിവ കഴിക്കാതിരിക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP