Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണി പോയാൽ പുല്ലാണെന്ന് പറഞ്ഞ് ബഹളം വെച്ച കോട്ടയത്തെ കോൺഗ്രസ് നേതാക്കളെ കൊണ്ടു ഏത്തമിടീച്ചു; പാരവെച്ച നേതാക്കളെയെല്ലാം വീട്ടിലെത്തിച്ചു; സിപിഎമ്മിനൊപ്പം എന്ന സൂചന നൽകി കേസിൽ നിന്നൂരി; 85ാം വയസിലും ചാണക്യ തന്ത്രത്തിൽ മാണിയെ വെല്ലാൻ ആരുണ്ട് കേരളത്തിൽ?

മാണി പോയാൽ പുല്ലാണെന്ന് പറഞ്ഞ് ബഹളം വെച്ച കോട്ടയത്തെ കോൺഗ്രസ് നേതാക്കളെ കൊണ്ടു ഏത്തമിടീച്ചു; പാരവെച്ച നേതാക്കളെയെല്ലാം വീട്ടിലെത്തിച്ചു; സിപിഎമ്മിനൊപ്പം എന്ന സൂചന നൽകി കേസിൽ നിന്നൂരി; 85ാം വയസിലും ചാണക്യ തന്ത്രത്തിൽ മാണിയെ വെല്ലാൻ ആരുണ്ട് കേരളത്തിൽ?

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കേരള രാഷ്ട്രീയത്തിൽ കെ എം മാണിയോളം പയറ്റിത്തെളിഞ്ഞ മറ്റൊരു നേതാവ് ഉണ്ടാകില്ല. തുടർച്ചയായി പാലയിൽ നിന്നും എംഎൽഎ പദവിയിൽ അമ്പതു വർഷം ഇരുന്ന അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പം എത്താൻ ആർക്കും സാധിച്ചില്ല. ഈ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കഠിനമായ സമയത്തിലൂടെ അദ്ദേഹം കടന്നുപോയത് ബാർകോഴ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലായിരുന്നു. വിജിലൻസ് കേസിൽപെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അവസാനമായി എന്നു പറഞ്ഞവർ ഏറെയാണ്. എന്നാൽ, അവിടെ നിന്നും കരകയറി ഇരുമുന്നണികളോടും ഒരുപോലെ വിലപേശിയിരിക്കയാണ് 85 പിന്നിട്ട കെ എം മാണിയെന്ന രാഷ്ട്രീയ ചാണക്യൻ.

കെ എം മാണി യുഡിഎഫ് വിട്ടാൽ അത് തങ്ങൾക്ക് പ്രശ്‌നമല്ലെന്നും ഒരു കോട്ടവും സംഭവിക്കില്ലെന്നും വിശ്വസിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ ഏറെയാണ്. അവർ പരസ്യമായി തന്നെ ഇക്കാര്യം വ്യക്തമാക്കുകയുമുണ്ടായി. എന്നാൽ, തന്നെ തള്ളിപ്പറഞ്ഞവർ തന്നെ ഇപ്പോൾ പിന്തുണ തേടി വീട്ടിലെത്തിയതോടെ മാണി ഉള്ളിൽ ഊറിച്ചിരിക്കുകയാണ്. തന്റെ മേൽ തുങ്ങിക്കിടന്ന ബാർകേസും ഇതിനോടകം ഒഴിവാക്കാൻ മാണിക്ക് സാധിച്ചു. ഇരു മുന്നണികളോടും ഒരുപോലെ വിലപേശി കാര്യം നേടാനും പറ്റി. ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ചേരാമെന്നുമാണ് മാണി പ്രതീക്ഷിക്കുന്നത്.

ബാർകോഴ കേസിൽ മാണിക്ക് ഏറ്റവും എതിർപ്പുണ്ടായിരുന്നത് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയോടെയാണ്. രമേശിനെ പ്രതിപക്ഷ നേതാവാക്കിയപ്പോൾ മുതലാണ് മാണി ഇടഞ്ഞതും. തന്നെ പ്രതിരോധത്തിലാക്കിയതിൽ രമേശിന് പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അടുപ്പക്കാരോടും ഇക്കാര്യം പറഞ്ഞു. ഇതോടെയാണ് കോടിയേരി അടക്കമുള്ള നേതാക്കൾ വഴി എൽഡിഎഫിലേക്ക് അദ്ദേഹം പാലമിട്ടത്. എന്നാൽ, മാണി വന്നാൽ തങ്ങളുടെ സ്ഥാനം പോകുമെന്ന് വിശ്വസിച്ച സിപിഐ അദ്ദേഹത്തെ തുരത്താൻ രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പോലും അനുകൂലമായിട്ടും ഇതോടെ മാണിക്ക് മനസു മാറ്റേണ്ടി വന്നു.

ഒടുവിൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ പ്രധാന വിഷയമാക്കി വിലപേശൽ തന്ത്രം തുടരുകയാണ് കെ എം മാണി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പു കൂടിയാണ്. അതുകൊണ്ടാണ് മാണിയെ നേരിൽ കാണാൻ അദ്ദേഹം എത്തിയതും. വീട്ടിലെത്തിയ രമേശിനോട് മാണി നീരസം പ്രകടിപ്പിച്ചെന്ന വിധത്തിൽ വാർത്തകൾ വന്നു. എന്നാൽ ഇത്തരത്തിൽ വാർത്ത വന്നതു പോലും മാണിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വാഹനത്തിലാണ് ഉമ്മൻ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.എം.ഹസനും കെ.എം.മാണിയുടെ വസതിയിൽ എത്തിയത്. മുൻ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു. യുഡിഎഫ് നേതാക്കളെ കെ.എം.മാണിയും ജോസ് കെ.മാണിയും നേരിട്ടെത്തി സ്വീകരിച്ചു. ഇത് അദ്ദേഹം തന്റെ തറവാട്ടിലേക്ക വീണ്ടും പോകുന്നു എന്നതിന്റെസൂചനയാണ്.

യോഗം തുടങ്ങുന്നതിനുമുമ്പും അവസാനിച്ചശേഷവും രമേശിനു ഹസ്തദാനം നൽകിയാണു പിരിഞ്ഞതെന്നു നേതാക്കൾ വിശദീകരിച്ചു. രമേശ് തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്ന കൂടി പറഞ്ഞതോടെ മാണിയെ സംബന്ധിച്ച് നേട്ടമായി. എന്തായാലും അധികം വൈകാതെ കെ എം മാണി യുഡിഎഫിലെ കാരണവർ റോളിൽ തന്നെ സജീനമാകുമെന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP