Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലിനി മാലാഖയായിരുന്നില്ല; ചുറ്റും വീശിയടിക്കുന്ന കടവാവലുകൾക്കിടയിൽ നിന്ന് സ്വന്തം തൊഴിൽ അഭിമാനകരമായി ചെയ്തു തീർത്തു കടന്നു പോയ തൊഴിലാളിയാണ്: ദയവായി മാലാഖമാരോളം ലിനിയെ താഴ്‌ത്തിക്കളയരുത്

ലിനി മാലാഖയായിരുന്നില്ല; ചുറ്റും വീശിയടിക്കുന്ന കടവാവലുകൾക്കിടയിൽ നിന്ന് സ്വന്തം തൊഴിൽ അഭിമാനകരമായി ചെയ്തു തീർത്തു കടന്നു പോയ തൊഴിലാളിയാണ്: ദയവായി മാലാഖമാരോളം ലിനിയെ താഴ്‌ത്തിക്കളയരുത്

ശ്രീചിത്രൻ എം ജെ

ലിനി മാലാഖയായിരുന്നില്ല. ആരോഗ്യപ്രവർത്തകയായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു. ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുണ്ടായിരുന്ന മനുഷ്യസ്ത്രീയായിരുന്നു.

വാസ്തവങ്ങളുടെ തിളക്കം വിശേഷണങ്ങൾക്കില്ല. മാലാഖയും വിശുദ്ധയുമായി മരണാനന്തരം ജീവിക്കാനുള്ള വിശേഷണമൂല്യമല്ല, മനുഷ്യ ദുരന്തത്തിനു മുന്നിൽ തൊഴിലാളിയായി നിന്ന് പൊരുതി വീണ ആരോഗ്യ പ്രവർത്തകയുടെ അഭിമാനകരമായ മൂല്യമാണ് ലിനിക്ക് നൽകാനുള്ള ഏറ്റവും തിളക്കമുള്ള പദവി. ദയവായി മാലാഖമാരോളം ലിനിയെ താഴ്‌ത്തിക്കളയരുത്.

ലിനിയുടെ ചിത്രം കാണുമ്പോൾ സങ്കടത്തോടൊപ്പം ഒരു കയ്‌പ്പ് വന്നു നിറയുന്നു. നമുക്കിന്നും ആരാണ് നഴ്‌സ്? എണ്ണമറ്റ അശ്ലീലക്കഥകളിൽ, 'ഓ, നഴ്‌സാണല്ലേ ' എന്ന മുഖം കോട്ടിച്ചിരികളിൽ, ഹോസ്പിറ്റലിനകത്തു പോലും അർത്ഥം വെച്ചുള്ള നോട്ടങ്ങളിൽ, കല്യാണക്കമ്പോളത്തിലെ പരിഹാസങ്ങളിൽ, 'വിദേശത്ത് നല്ല മാർക്കറ്റുള്ള ജോലിയാ' എന്ന കുലുങ്ങിച്ചിരിയിൽ, എത്രയോ പുളിച്ച ചലച്ചിത്രഡയലോഗുകളിൽ... നഴ്‌സ് നമുക്കിടയിൽ ജീവിക്കുന്നതിന്നും ഇങ്ങനെയാണ്. ഒരു ജോലി സുരക്ഷയുമില്ലാതെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന ആയിരങ്ങളുടെ നേരെ മലയാളി നോക്കുന്ന പുഴുത്ത നോട്ടത്തിനു മുന്നിലാണ് അവർ ജീവിക്കാനായി സമരം ചെയ്തത്. നീതിയുടെ വിതരണത്തിൽ നാം എത്ര വലിയ പരാജയമെന്ന് അന്ന് ബോദ്ധ്യപ്പെട്ടതാണ്.

നോക്കൂ, നമുക്കിന്നു വരെ ലിനിയുടെ ജോലി ചെയ്യുന്നവരെ വിളിക്കാൻ നമ്മുടെ ഭാഷയിൽ ഒരു നല്ല വിളിപ്പേരു പോലുമില്ല. നമ്മളും ഇംഗ്ലീഷുകാരെ അനുകരിച്ച് സിസ്റ്റർ എന്നു വിളിക്കുന്നു. ഇംഗ്ലീഷുകാർ ഇംഗ്ലീഷിൽ സിസ്റ്റർ എന്നു വിളിക്കുമ്പോൾ ' പെങ്ങളേ ' എന്ന ഭാവാർത്ഥമാണ് അനുഭവിക്കുന്നത്. ഭാഷ അനുഭവലോകമാണ് എന്നു തിരിച്ചറിവുള്ളവർക്ക് പ്രശ്‌നം മനസ്സിലാവും. ശരീരത്തിൽ തൊട്ട് പരിചരിക്കാൻ വരുന്നൊരു സ്ത്രീയെ പെങ്ങളേ എന്നു വിളിക്കുന്നതോടെ വാതിൽ തുറക്കുന്ന സാഹോദര്യത്തിന്റെ ഒരു പ്രപഞ്ചമുണ്ട്. അതിന്നും മലയാളിക്കന്യമാണ്. അതുകൊണ്ടു തന്നെ തിരിഞ്ഞു കിടന്ന് സൂചി വെക്കാൻ ഡ്രസ് താഴ്‌ത്തുമ്പോഴേക്കും തരളിതരാവുന്ന പൂവാലജീവിതം നമ്മുടെ സിനിമയിലും ആശുപത്രിയിലും തുടരുന്നു.

അങ്ങനെ, നഴ്‌സിങ്ങ് ജീവിതത്തിൽ ഭാഷ പോലുമില്ലാത്തവളുടെ തൊഴിൽഭാഷയാണ് ശുശ്രൂഷ. ഏതു ദയനീയ തൊഴിൽ സാഹചര്യത്തിലും അവരത് എത്ര മേലാഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരുവന് ആ ജന്മം നഴ്‌സുകളെ പരിഹസിക്കാനും ദ്വയാർത്ഥപ്പെടാനും നാവു പൊന്തില്ല.

മുംബെയിൽ ആരും നോക്കാനില്ലാത്തൊരു അഡ്‌മിറ്റ് കാലത്ത് അടിവസ്ത്രമടക്കം വാങ്ങിക്കൊണ്ടുവന്നു തന്ന, ഇന്നും പേരറിയാത്തൊരു നഴ്‌സിന്റെ മുഖം മുന്നിൽ നിറയുന്നു. അവർ മാലാഖയായിരുന്നില്ല. എപ്പൊഴോ അവരെന്റെ കണ്ണീർ തുടച്ചിട്ടുണ്ട്.

ലിനിയും മാലാഖയല്ല. ചുറ്റും എന്നും വീശിയടിക്കുന്ന കടവാവലുകൾക്കിടയിൽ നിന്ന് സ്വന്തം തൊഴിൽ അഭിമാനകരമായി ചെയ്തു തീർത്തു കടന്നു പോയ തൊഴിലാളിയാണ്. അത്രയും അംഗീകാരം ലിനി അർഹിക്കുന്നുണ്ട്. ലിനി പ്രതിനിധീകരിക്കുന്ന സംബോധനാരഹിതകളായ ആയിരങ്ങളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP