Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ ബിടെക്കിന് വെറും പാസ് മാർക്കുമാത്രം; ഒരു ശക്തമായ പ്രമേയം ഫോക്കസില്ലാതെ കുളമാക്കുന്നു; ഇത് നിരപരാധികളെ തീവ്രവാദികളാക്കുന്ന 'ടെറർ പൊളിറ്റിക്സ്' പച്ചക്ക് ചർച്ച ചെയ്യുന്ന ചിത്രം; മാസ് നായകനിലേക്ക് ഉയർന്ന് ആസിഫലി; മനസ്സുകവർന്ന് അലൻസിയറും

ഈ ബിടെക്കിന് വെറും പാസ് മാർക്കുമാത്രം; ഒരു ശക്തമായ പ്രമേയം ഫോക്കസില്ലാതെ കുളമാക്കുന്നു; ഇത് നിരപരാധികളെ തീവ്രവാദികളാക്കുന്ന 'ടെറർ പൊളിറ്റിക്സ്' പച്ചക്ക് ചർച്ച ചെയ്യുന്ന ചിത്രം; മാസ് നായകനിലേക്ക് ഉയർന്ന് ആസിഫലി; മനസ്സുകവർന്ന് അലൻസിയറും

എം മാധവദാസ്

തുടർച്ചയായി അറുബോറൻ പടങ്ങൾ കാണണ്ടി വന്നതുകൊണ്ടുതന്നെ, ഒരു ആസിഫലി പടത്തിന് ടിക്കറ്റെടുക്കുക എന്നത് ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന കാര്യമായിരുന്നു. ഒപ്പം ബിടെക്ക് എന്ന പേരുകൂടിയായതോടെ ഉറപ്പിച്ചു.പതിവുപോലെ വെള്ളമടി, , അടിപിടി, കഞ്ചാവടി,അശ്‌ളീല തമാശ, ദ്വയാർഥപ്രയോഗം തുടങ്ങിയ കലാപരിപാടികൾ ആയിരക്കുമെന്നാണ്. പക്ഷേ ചിത്രത്തിന്റെ രണ്ടാം പകുതി കണ്ടപ്പോൾ അമ്പരന്നുപോയി. നിരപരാധികളെ തീവ്രവാദികളാക്കുകയും, ജനിച്ച സമുദായം നോക്കി കേസ് എടുക്കുയും ചെയ്യുന്ന സമകാലീന ഇന്ത്യൻ ടെറർ പൊളിറ്റിക്‌സും അതിനെതിരെ കാമ്പസുകൾ നടത്തുന്ന പ്രതിഷേധവും കൃത്യമായി അടയാളപ്പെടുത്താൻ നവാഗത സംവിധായകൻ മൃദുൽ നായർക്ക് കഴിഞ്ഞിട്ടുണ്ട്.

യാതൊരു കോമ്പ്രമൈസുമില്ലാതെ, മുസ്ലീങ്ങൾ ആയതുകൊണ്ട് മാത്രമാണ് ഈ ചെറുപ്പക്കാർ തീവ്രവാദികളായി പിടിക്കപ്പെട്ടതെന്ന് ചിത്രം പറയുന്നു. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇതും വലിയ ധീരതതന്നെയാണ്.(ഈ ഒരൊറ്റക്കാരണത്താൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കേറ്റ് നിഷേധിക്കപ്പെടാനും സാധ്യതയുണ്ടായിരുന്നു!) പക്ഷേ ചിത്രത്തിന്റെ ടോട്ടാലിറ്റിയെടുക്കുമ്പോൾ നിരാശയാണ് ബാക്കി. പ്രസക്തമായ ഒരു തീമിനെ യുക്തിഭദ്രമായി വികസിപ്പിക്കാൻ എഴുത്തുകാരൻ കൂടിയായ സംവിധായകന് കഴിഞ്ഞില്ല. പതിവ് കാമ്പസ് ചിത്രങ്ങളിലെ മസാലകളും ആസിഫലിയെ ഒരു മാസ് നായകനാക്കി മാറ്റാനുള്ള ബോധപൂർവമായ രംഗങ്ങളും ചേർന്ന് ബിടെക്കിന്റെ വിജയം വെറും പാസ് മാർക്കിൽ ഒതുക്കുന്നു.

അതേസമയം ആസിഫലി പതിവ് വെറുപ്പിക്കലുകൾ ഒഴിവാക്കി ഒരു പ്രിതിനായക സ്വഭാവമുള്ള ഹീറോയുടെ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.ടൈപ്പ് കഥാപാത്രങ്ങളെ ഒഴിവാക്കിയാൽ കയറിവരാനുള്ള സ്‌കോപ്പ് ഇപ്പോഴും ഈ നടനിൽ അവശേഷിക്കുന്നുണ്ട്.തിലകന്റെ ഗ്യാപ്പ് നികത്തികൊണ്ട് അലൻസിയർ ലോപ്പസ് എന്ന നടന്റെ ഒന്നാനതരം പ്രകടനവും ചിത്രത്തിന് മാറ്റുകൂട്ടുന്നു.

ഒരു സംവിധായകൻ എന്ന നിലയൽ മൃദുൽ നായർ പൂർണമായും നിരാശപ്പെടേണ്ട സിനിമയല്ല ഇത്.മനോഹരമായ ചില ഫ്രെയിമുകളിലൂടെ കൈയിൽ മരുന്നുള്ള സംവിധായകൻ തന്നെയാണ് താൻ എന്ന് അദ്ദേഹം തെളിയിക്കുന്നു.പക്ഷേ ആ മികവ് തിരക്കഥയിലും അനാവശ്യരംഗങ്ങൾ വെട്ടിയൊതുക്കുന്നതിലും കൂടി പ്രകടിപ്പിച്ചിരുന്നെങ്കിൽ ബിടെക്ക് ഫസ്റ്റ് ക്‌ളാസിൽ പാസാകുമായിരുന്നു.

അവർ തീവ്രാദികൾ ആവുമ്പോൾ!

എതൊരു പതിവ് കാമ്പസ് കഥയെയും പോലെയാണ് ബിടെക്കും തുടങ്ങുന്നത്.ബംഗലൂരുവിലെ ഒരു എഞ്ചീനീയറിങ്ങ് കോളജിലെ വിദ്യാർത്ഥികളാണ് ആസിഫലിയുടെ ആനന്ദ് എന്ന് നായകനും കൂട്ടുകാരും. എട്ടുവർഷം ബിടെക്ക് പഠിച്ചിട്ടും കിട്ടാൻ പേപ്പറുകൾ ബാക്കിയായി ഇയർഔട്ടായ വിദ്യാർത്ഥിയാണ് ആനന്ദ്.ഒറ്റനോട്ടത്തിൽ തന്നെ തികഞ്ഞ റെബൽ. ജോജോയും (ശ്രീനാഥ് ഭാസി), നിസാറും (ദീപക്) അടക്കുന്നതാണ് അയാളുടെ സംഘം. കോളജിന് തൊട്ടടുത്ത് ഹോട്ടൽ നടത്തുന്ന അലൻസിയറുടെ കഥാപാത്രവും ജാഫർ ഇടുക്കിയുമൊക്കെ ചേരുന്നതോടെ ഒരു ടിപ്പിക്കൽ കാമ്പസ് ചിത്രത്തിനുള്ള വകുപ്പായി.

പതിവുപോലെ അടിയും ഇടിയും തമാശയും മദ്യപാനവുമൊക്കെയായി നീങ്ങുന്ന അവരുടെ ജീവിതത്തിലേക്കാണ് ആദ്യവർഷ വിദ്യാർത്ഥിയായ തനി നാട്ടിൻപുറത്തുകാരനും എന്നാൽ സാങ്കേതികവിദ്യകളിലടക്കം മിടുക്കനുമായ ആസാദ് മുഹമ്മദ് ( അർജുൻ അശോക്) എത്തിപ്പെടുന്നത്. അതോടെ കഥ മാറുകയാണ്.

ആദ്യ പകുതിയങ്ങനെ പോകവെ ഒരു ഞെട്ടലായാണ് രണ്ടാം പകുതി പ്രേക്ഷനെ സ്വീകരിക്കുന്നത്.ഒരു ദിവസം തന്റെ കൂട്ടുകാരിയെ കൂട്ടാൻ ഷോപ്പിങ്ങ് മാളിലേക്ക്‌പോയ ആസാദ് മുഹമ്മിന്റെ സ്‌കൂട്ടർ പൊട്ടിത്തെറിച്ച് അയാൾ അടക്കം നിരവധി പേർ മരിക്കുന്നു. ഈ രംഗങ്ങളൊക്കെ നടുക്കമുണ്ടാക്കുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.അതിലും ഭീകരമായ വിഷയങ്ങളായിരുന്നു ആ സുഹൃത്തുക്കൾക്ക് പിന്നീട് നേരിടേണ്ടി വന്നത്.ആസാദ് ഒരു ചാവേർ ബോംബ് ആയിരുന്നെന്നും തീവ്രാവാദിയാണെന്നുമുള്ള നിഗമനത്തിലാണ് ബംഗലൂരു പൊലീസ് എത്തിച്ചേർന്നത്.അതിന്റെ ഭാഗമായി അവർ ആസാദിന്റെ മുഴുവൻ സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.ഇതിനൊടുവിലാണ് കളി.മുസ്ലിം നാമധാരികളായ മുഴുവൻപേരെയും അറസ്റ്റ്‌ചെയ്ത് മറ്റുള്ളവരെ പൊലീസ് വെറുതെ വിടുന്നു!

അഴിക്കുള്ളിലായ കൂട്ടുകാരെ രക്ഷപ്പെടുത്താനും ആസാദിന് നീതികിട്ടാനുമുള്ള ആനന്ദിന്റെയും കൂട്ടരുടെയും സമരവും പോരാട്ടവുമാണ് പിന്നീടുള്ള സിനിമ.ജെ.എൻ.യുവിലടക്കം നിരവധി കാമ്പസുകളിൽ കണ്ട അതേ അവസ്ഥ പിന്നീട് നമുക്ക് കാണാം.ഒരുഘട്ടത്തിൽ സമരം നയിച്ച് ആനന്ദ് പറയുന്നുണ്ട്.അവരെ അറസ്റ്റ് ചെയ്തത് അവർ ആ പേരിൽ അറിയപ്പെട്ടതുകൊണ്ട് മാത്രമാണെന്ന്!

ഇത്രയും ശക്തമായ ഒരു പൊളിറ്റിക്കൽ തീമിനെ പ്രധാനഭാഗമാക്കി കഥവികസിപ്പിക്കാതെ രണ്ടാം പകുതിവരെ സമയം കളഞ്ഞതാണ് ഈ ചിത്രത്തിന്റെ അണിയറക്കാർ ചെയ്ത ഏറ്റവും വലിയ പാതകം.തുടർന്നങ്ങോട്ടുള്ള നിയമപോരാട്ടവും തെളിവ് ശേഖരണവും പൂർണമായും യുക്തിഭദ്രമായി എടുക്കാൻ സംവിധായകന് ആയിട്ടില്ല.കാശുണ്ടാക്കാൻ വേണ്ടി വിദ്യാർത്ഥികൾ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതുപോലുള്ള കടുത്ത പ്രയോഗങ്ങളും പടത്തിൽ മുഴച്ചു നിൽക്കുന്നു.

അതുപോലെതന്നെ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെയും എൻജിനീയറിങ്ങ് കച്ചവടത്തിന്റെയും ദൂഷ്യവശങ്ങൾ ചിത്രം ചർച്ചചെയ്യുന്നുണ്ടെങ്കിലും അത് പ്രധാന പ്രമേയമായി വരുന്നില്ല.മായാനദിയിലെ മാത്തന്റെ അവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഇവിടെയും ഉണ്ടായിരുന്നു.ആയിരക്കണക്കിന് എഞ്ചിനീയറിങ്ങ് കോളജുകളും അവിടെനിന്ന് കോപ്പിയടിച്ചും മറ്റുമായി ഒരു കണക്കിന് ജയിച്ച് ഇറങ്ങുന്ന വിദ്യാർത്ഥികളുമൊക്കെയായുള്ള പുതിയ തൊഴിൽ രഹിത സമൂഹത്തെയും, ചിത്രം എടുത്തുകാണിക്കുന്നുണ്ട്.പക്ഷേ ഈ പുതുമകളിലേക്ക് ഊന്നൽ കൊടുക്കാതെ കാമ്പസ് ചിത്രത്തിന്റെ മസാലക്കൂട്ടുകളിലുടെയാണ് ചിത്രം ഭൂരിഭാഗം സമയവും കടുന്നുപോവുന്നതും.

ആസിഫലിയും അലൻസിയറും പിന്നെ നിരഞ്ജനയും

ആസിഫലിക്ക് താരപരിവേഷം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള രംഗങ്ങളാൽ സമൃദ്ധമാണ് ഈ പടം.പക്ഷേ കെട്ടിലും മട്ടിലും നിഷേധിയായ ഈ ഫ്രീക്കനെ ആസിഫ് ഉൾക്കൊണ്ടിട്ടുണ്ട്.സ്വഭാവ നടന്മാരിൽ ഇന്ന് തന്നെ വെല്ലാൻ മലയാളത്തിൽ ആരുമില്‌ളെന്ന് അലൻസിയർ ലോപ്പസ് ഒരിക്കൽ കൂടി തെളിയിക്കുന്നു.കോടതിയിൽ തന്റെ നിരപരാധിത്വം കരഞ്ഞ് പറയുന്നിടത്തൊക്കെയുണ്ട് ആ നടന മികവിന്റെ ക്‌ളാസ്.നിരഞ്ജന അനൂപ് എന്ന യുവനടിയുടെ കരിയർ ബെസ്റ്റാണ് ഈ പടം.ആസാദിന്റെ ജോടിയായി വരുന്ന നിരഞ്ജനയുടെ പ്രസരിപ്പ് ചിത്രത്തെ മൊത്തത്തിൽ ഉഷാറാക്കുന്നുണ്ട്.

അതേസമയം നായകന് ജോഡിയൊപ്പിക്കണം എന്ന നിർബന്ധത്തോടെ കൊണ്ടവന്ന അപർണ ബാലമുരളിക്ക് യാതൊന്നും ചെയ്യാനുമില്ല.അത് അപർണയുടെ കുഴപ്പമല്ല സംവിധായകന്റെത് മാത്രമാണ്.അതുപോലെ അനാവശ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നതാണ് അജുവർഗീസിന്റെ കഥാപാത്രവും.ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, അനൂപ്‌മേനോൻ, ജാഫർ ഇടുക്കി തുടങ്ങിയവരും മോശമാക്കിയിട്ടില്ല.എടുത്തുപറയേണ്ടത് ആസാദ് എന്ന വിദ്യാർത്ഥിയായി എത്തിയ അർജുൻ അശോകിന്റെ പ്രകടനമാണ്.ഭാവിയുള്ള നടൻ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറഞ്ഞുപോവും.മികച്ച ക്യാമറ ചിത്രത്തിന് മുതൽക്കൂട്ടാവുമ്പോൾ,രാഹുൽരാജിന്റെ സംഗീതം 'കുഴപ്പമില്ല' എന്ന ഒഴപ്പൻ കമന്റിനപ്പുറം പോവില്ല.

വാൽക്കഷ്ണം: ഈ സിനിമയുടെ ടൈറ്റിലുകൾ കണ്ടപ്പോഴും അമ്പരപ്പുണ്ടായി.മമ്മൂട്ടി ഫാൻസിനും മോഹൻലാൽ ഫാൻസിനും മാത്രമല്ല സകല മലയാളത്തിലെ നടന്മാരുടെ ഫാൻസിനും നന്ദി പറയുന്നുണ്ട്.ഇതിലും ഭേദം ലോകത്തിലെ മുഴവൻ നടീ നടന്മാരുടെ ഫാൻസിനും നന്ദി അറിയിക്കയായിരുന്നു.കൂവിത്തോൽപ്പിക്കലും നെഗറ്റീവ് പബ്‌ളിസ്റ്റിയടക്കിലുമായി ഏതെങ്കിലും ഫാൻസുകാർ കളിച്ചാലോ എന്ന് ഭയന്നാവണം, സകല ദൈവങ്ങൾക്കും നന്ദി പറയുന്നപോലുള്ള ഈ പരിപാടി.ഫാൻസുകാരെ നിർമ്മാതാക്കൾ ഭയക്കുന്നുണ്ടെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP