Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആശങ്ക വേണ്ട' എന്ന് മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല; നിയന്ത്രണത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ എന്താണ് ചെയ്യുന്നത് എന്ന് പറയണം; മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തത്സമയം നൽകാൻ ഒരു വെബ്സൈറ്റ് വേണം; എല്ലാ സമയവും ബന്ധപ്പെടാൻ ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം: നിപ എമർജൻസി കൈകാര്യം ചെയ്യുമ്പോൾ.. മുരളി തുമ്മാരുകുടി എഴുതുന്നു

'ആശങ്ക വേണ്ട' എന്ന് മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല; നിയന്ത്രണത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ എന്താണ് ചെയ്യുന്നത് എന്ന് പറയണം; മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തത്സമയം നൽകാൻ ഒരു വെബ്സൈറ്റ് വേണം; എല്ലാ സമയവും ബന്ധപ്പെടാൻ ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം: നിപ എമർജൻസി കൈകാര്യം ചെയ്യുമ്പോൾ.. മുരളി തുമ്മാരുകുടി  എഴുതുന്നു

മുരളി തുമ്മാരുകുടി

ണ്ടു ദിവസമായി നിപ വൈറസ് മൂലം ഉണ്ടായ മരണത്തെ തുടർന്നുള്ള ചർച്ചകൾ ആണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അറിവുള്ളവരും അറിവില്ലാത്തവരും വേണ്ടതും വേണ്ടാത്തതും ഒക്കെ പറയുന്നു. ശരിയും തെറ്റും ആയ നിർദേശങ്ങൾ വാട്ട്‌സാപ്പിൽ പറന്നു കളിക്കുന്നു. ഒരു പന്നിപ്പനിക്കാലത്ത് ചൈനയിലെ ക്വറന്റൈനിയിൽ കുടുങ്ങിയതിന്റെ വ്യക്തിപരമായ അനുഭവും എബോള വൈറസിനെ നേരിട്ടതിൽ നിന്നും യു എൻ നേടിയ പാഠങ്ങളും അടിസ്ഥാനമായി ചില കാര്യങ്ങൾ പറയാം.

1. എപ്പോഴും പറയാറുള്ള പോലെ ദുരന്തങ്ങൾ വരുന്നതിന് മുൻപാണ് തെയ്യാറെടുപ്പുകൾ വേണ്ടത്. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പ്ലാൻ ചെയ്ത പോലെ 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീഡിയർ' ഒന്നൊന്നായി നടപ്പിലാക്കുകയാണ് വേണ്ടത്. ഹെൽത്ത് എമെർജെൻസിക്ക് അങ്ങനെ ഉള്ള സംവിധാനങ്ങൾ കേരളത്തിലെ ദുരന്ത നിവാരണ അഥോറിറ്റിയുടെ അടുത്ത് ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇനിപ്പറയുന്ന കാര്യങ്ങൾ ആളുകൾക്ക് ഈ വിഷയത്തെ പറ്റി കൂടുതൽ അറിവുണ്ടാകാൻ വേണ്ടി എഴുതുന്നതാണ്.

2 . തൽക്കാലം എങ്കിലും വൈറസ് ബാധ കുറഞ്ഞ ഒരു ഭൂപ്രദേശത്തു നിന്നും മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത് പടരുന്നതായോ പുതിയതായ പ്രദേശങ്ങളിൽ എന്തെങ്കിലും സംഭവിക്കുന്നതായോ വാർത്ത ഇല്ല. അതുകൊണ്ടു തന്നെ ഇതൊരു ക്രൈസിസ് സാഹചര്യം ആകാതെ പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതേ സമയം കാര്യങ്ങൾ കൂടുതൽ വഷളായാൽ എന്ത് ചെയ്യണം എന്ന് ചിന്തിക്കുകയും ആവാം.

3. ഏറ്റവും പ്രധാനമായിട്ടുള്ളത് അധികാരികൾ ജനങ്ങളോട് സത്യസന്ധമായി വിവരങ്ങൾ പങ്കുവെക്കുക എന്നതാണ്. കാര്യങ്ങൾ നിയന്ത്രണത്തിൽ ആണെങ്കിലും അല്ലെങ്കിലും ജനങ്ങൾ അതറിയണം. നിയന്ത്രണത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ എന്താണ് ചെയ്യുന്നത് എന്ന് പറയണം. 'ആശങ്ക വേണ്ട' എന്ന് മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല.

4. പ്രശ്‌നം ഉണ്ടായ പ്രദേശത്ത് ലഭ്യമായ സാങ്കേതിക ജ്ഞാനത്തിൽ കൂടുതൽ ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ വേണ്ടതിനാലും കേരളത്തിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്ന പ്രശ്‌നം ആയതിനാലും ഇത് സംസ്ഥാന തലത്തിൽ ഉള്ള ഒരു എമർജൻസി ആയി കൈകാര്യം ചെയ്യണം.

5. അതുകൊണ്ടു തന്നെ ഡോക്ടർമാരും, മാധ്യമ വിദഗ്ദ്ധരും ഭരണാധികാരികളും ഉൾപ്പെട്ട ഒരു ക്രൈസിസ് മാനേജ്മെന്റ്‌റ് ടീം തിരുവനനന്തപുരത്തും പ്രശ്‌ന ബാധിത ജില്ലയിലും വേണം. ഇതിന്റെ നേതൃത്വം എല്ലാ ദിവസവും ഒരു അഞ്ചു മിനുട്ടെങ്കിലും മാധ്യമങ്ങളെ കാണണം, കാര്യങ്ങളുടെ തൽസ്ഥിതി നാട്ടുകാരെ അറിയിക്കണം. ശരിയായ വിവരങ്ങൾ ഏറ്റവും ഉയർന്ന നേതൃത്വത്തിൽ നിന്നും വരുന്നത് വിശ്വാസം ആർജ്ജിക്കാൻ ഏറ്റവും പ്രധാനം ആണ്.

6. കൂടാതെ മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തത്സമയം നൽകാൻ ഒരു വെബ്സൈറ്റ് വേണം. അവർക്ക് എല്ലാ സമയവും ബന്ധപ്പെടാൻ ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം.

7. സാങ്കേതികമായി ഇതിനെ എങ്ങനെ നേരിടാം എന്നതിനെ പറ്റി ലോകാരോഗ്യ സംഘടനയുടെയും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും അനവധി മാർഗ്ഗരേഖകൾ ലഭ്യമാണ്. അതിനെ പറ്റി കൂടുതൽ പറയുന്നില്ല. ഷെയർ ചെയ്യാം.

8. അതേ സമയം ഈ വിഷയത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് നല്ല പരിശീലനവും, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങളും എല്ലാ വിധത്തിലുള്ള പരിരക്ഷയും സർക്കാർ നൽകണം. ഏത് വ്യക്തി സുരക്ഷ സംവിധാനങ്ങൾ ആണ് വേണ്ടത് എന്നതിനെ പറ്റിയും ധാരാളം മാർഗ്ഗരേഖകൾ ലഭ്യമാണ്. ഷെയർ ചെയ്യാം.

9. ആരോഗ്യ എമർജൻസി എന്നാൽ ഡോക്ടർമാർ മാത്രം കൈകാര്യം ചെയ്യുന്നതോ ചെയ്യേണ്ടതോ ആയ ഒന്നല്ല. രോഗത്തിന്റെ ഉത്ഭവം അന്വേഷിക്കുന്ന എപ്പിഡെമിയോളസ്റ്റുകൾ, രോഗികളെ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മരിച്ചുകഴിഞ്ഞാൽ അവരെ ആദരപൂർവ്വവും എന്നാൽ പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാക്കാതെ മറവു ചെയ്യുന്നവർ, രോഗം പടരാതെ മുൻകൂർ നടപടികൾ എടുക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ, രോഗത്തെ പറ്റി സമൂഹത്തെ ബോധവൽക്കരിക്കുവാനുള്ള സംഘം എന്നിങ്ങനെ ചുരുങ്ങിയത് അഞ്ചു ടീം എങ്കിലും വേണം. ഇവർക്കെല്ലാം വേണ്ട സംരക്ഷണം നൽകാനുള്ള പൊലീസിങ്ങും ഉണ്ടായിരിക്കണം. കേന്ദ്ര ദുരന്ത നിവാരണ സംവിധാനങ്ങളിൽ ബയോളജിക്കൽ എമെര്‌ജെന്‌സി നേരിടാൻ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ടീമുകൾ ഉണ്ട്. അവരുടെ സഹായം തേടണം.

10. അറിഞ്ഞോ അറിയാതേയോ തെറ്റായ വാർത്തകൾ പരത്തുന്നവർ ഈ സമയങ്ങളിൽ വലിയ പ്രശ്‌നം ആണ്. ഇതിൽ അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ പരത്തുന്നവരെ കർശനമായി നിയന്ത്രിക്കണം, വേണ്ടി വന്നാൽ ദുരന്ത നിവാരണ നിയമം അനുസരിച്ചു അറസ്റ്റ് ചെയ്യണം. ഒരു നാലു പേരെ അറസ്റ്റ് ചെയ്താൽ തന്നെ ഈ പ്രശ്‌നം ഇല്ലാതാകും. ശരിയായ വിവരങ്ങൾ സർക്കാർ തന്നെ എപ്പോഴും പുറത്തു വിട്ടാൽ തെറ്റായ വിവരങ്ങളുടെ ഒഴുക്ക് തന്നെ കുറയും.

11. കേരളത്തിൽ ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നും മറുനാടൻ തൊഴിലാളികൾ താമസിക്കുന്നുണ്ട്. മലയാളത്തിലോ ഇംഗ്‌ളീഷിലോ നമ്മുടെ മാധ്യമങ്ങളിൽ വരുന്ന വാർത്ത അവരിൽ എത്തില്ല. അവർ ഒരു ആവശ്യവും ഇല്ലാതെ പേടിച്ചോടാനുള്ള സാധ്യത ഒരു വശത്ത്. അസുഖം വാസ്തവത്തിൽ ഉണ്ടായാൽ അവരായി ഇന്ത്യ മുഴുവൻ പരത്താനുള്ള സാധ്യത മറുവശത്ത്. അത് രണ്ടും മുൻകൂട്ടി കണ്ട് മറുനാട്ടുകാരിൽ ശരിയായ വിവരങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

12. ബി ബി സി യിൽ വരെ വാർത്ത എത്തിയതിനാലും എബോള വീണ്ടും തല പൊക്കുന്ന സമയം ആയതിനാലും ഈ വിഷയത്തെ പറ്റി കേരളത്തിലേക്ക് വരാൻ പ്ലാൻ ചെയ്യുന്നവരിൽ ആശങ്ക ഉണ്ടാക്കും എന്നത് ഉറപ്പാണ്. ഇവരോട് 'ആശങ്ക വേണ്ട' എന്ന് പറഞ്ഞതുകൊണ്ട് കാര്യം ഇല്ല. മറിച്ച് പ്രശ്‌നത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്, എന്ത് നടപടികൾ ആണ് സർക്കാർ സ്വീകരിക്കുന്നത്, ഇവിടെ വരുന്നവർക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ എന്ത് സംവിധാനങ്ങൾ ആണ് ഉള്ളത് എന്നുള്ള വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകളിൽ ലഭ്യമാക്കണം. ഇപ്പോൾ നമ്മുടെ ദുരന്ത നിവാരണ അഥോറിറ്റിയുടെ വെബ്സൈറ്റിലോ ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലോ നോർക്ക വെബ്‌സൈറ്റിലോ ഒന്നും യാതൊരു വിവരവും ലഭ്യമല്ല. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ അല്പം വിവരങ്ങൾ മലയാളത്തിൽ മാത്രം ലഭ്യമാണ്. ഇത് പോരാ. മുൻപ് പറഞ്ഞത് പോലെ ശരിയായ വിവരങ്ങൾ കൊടുക്കാതിരുന്നാൽ തെറ്റായ വിവരം ആണ് ആ സ്ഥലം ഏറ്റെടുക്കുന്നത്. സത്യം പാന്റിട്ട് വരുമ്പോഴേക്കും നുണ പകുതി ലോകം സഞ്ചരിച്ചിരിക്കും എന്ന ചർച്ചിലിന്റെ വാക്കുകൾ എപ്പോഴും ഓർക്കുക.

13. ഈ രോഗികളും ആയി നേരിട്ട് ബന്ധപ്പെടാത്തവരോ ആ ഗ്രാമങ്ങളിൽ നിന്നും ഇല്ലാത്തവരോ ആയവർക്ക് വ്യകതിപരം ആയ നിലക്ക് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി ശരിയെന്ന് ഉറപ്പില്ലാത്ത വിവരങ്ങൾ പങ്കുവക്കാതിരിക്കുക. രണ്ടാമത് അമിതമായി പേടിച്ച് തീരുമാനങ്ങൾ എടുക്കാതിരിക്കുക. ഞാൻ കേരളത്തിൽ ഉണ്ട്, നിപ പേടിച്ച് ഞാൻ സ്ഥലം വിടാൻ പോകുന്നില്ല, ഇങ്ങോട്ട് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്തുന്നും ഇല്ല. പ്രശ്‌നം കൂടുതൽ സ്ഥലങ്ങളിലേക്ക് ബാധിക്കുന്നുണ്ടെങ്കിൽ അപ്പോൾ ഈ ഉപദേശം ഞാൻ മാറ്റും.

14. ഈ രോഗികളും ആയി നേരിട്ട് ബന്ധപ്പെട്ടവരിലോ (ആരോഗ്യപ്രവർത്തകർ അല്ലാതെ) ആ പ്രദേശങ്ങളിൽ ഉള്ളവരും ഡോക്ടർമാരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പൂണ്ണമായും പാലിക്കുക. തൽക്കാലം ഇതൊക്കെ അല്പം അമിതമായി തോന്നിയേക്കാം, പക്ഷെ നിങ്ങളുടെയും നാടിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതം ആണ്. ഒരിക്കൽ ഒരു പന്നിപ്പനിയുടെ കാലത്ത് ഞാൻ കുറെ നാൾ ചൈനയിലെ ഒരു പ്രത്യേക ആശുപത്രിയിൽ മറ്റൊരാളും ആയി ബന്ധപ്പെടാൻ പോലും ആകാതെ കഴിച്ചു കൂട്ടിയിട്ടുണ്ട്. വ്യക്തിപരം ആയി ഏറെ വിഷമിപ്പിച്ചതാണെങ്കിലും നമുക്കും സമൂഹത്തിനും വേണ്ടി അത് അംഗീകരിച്ചേ തീരു.

15. എബോള രോഗബാധയുടെ സമയത്തെ ഒരു പ്രധാന പ്രശ്‌നം മരിച്ചവരുടെ ശവശരീരം മറവു ചെയ്യന്നതിന് മുൻപുള്ള ചടങ്ങുകൾ ആയിരുന്നു. മൃതദേഹം കുളിപ്പിക്കുന്നതൊക്കെ രോഗം പടർത്തുന്ന കാര്യങ്ങൾ ആണ്. നിപയുടെ കാര്യവും അതുപോലെ തന്നെ. അതുകൊണ്ട് നിപ ബാധിച്ച് ആരെങ്കിലും മരിച്ചാൽ അവരുടെ ശരീരം പ്രത്യേകം പരിശീലനം ലഭിച്ചവർ മാത്രം കൈകാര്യം ചെയ്യണം. ഇക്കാര്യത്തിൽ കുടുംബവും മത നേതാക്കളും വിട്ടുവീഴ്ചകൾ കാണിക്കണം.

ഔദ്യോഗികമായി ഞാൻ കേരള ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗം അല്ല എന്നറിയാമല്ലോ. അതുകൊണ്ടു തന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. കേരളത്തിലെ കാര്യങ്ങൾ ഞാൻ എന്നത്തേയും പോലെ ശ്രദ്ധിക്കുന്നുണ്ട്. ഏറെ കാര്യങ്ങൾ പറയാനും ഉണ്ട്. ഈ പ്രശ്‌നം അവസാനിക്കുന്നത് വരെ എനിക്കറിയാവുന്ന വിവരങ്ങളും ഉപദേശങ്ങളും ഇവിടെ പങ്കുവെക്കാം.  ഏറെ നല്ല വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അവ വേറൊരു പോസ്റ്റായി ഇടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP