Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ലോജിന്റെ കഥ; ഒരു മനുഷ്യന്റെയും

ഒരു ലോജിന്റെ കഥ; ഒരു മനുഷ്യന്റെയും

ഷാജി ജേക്കബ്‌

സ്ഥലം, കാലം, യാഥാർഥ്യം എന്നീ ആഖ്യാന സൂചകങ്ങൾക്ക് കൈവരുന്ന രാഷ്ട്രീയ പരിണാമങ്ങളാണ് കഴിഞ്ഞ നാലു നൂറ്റാണ്ടുകാലവും നോവൽ എന്ന സാഹിത്യരൂപത്തിന്റെ ലാവണ്യചരിത്രത്തെ നിർവചിക്കുകയും നിർമ്മിക്കുകയും ചെയ്ത ഭാവുകത്വഘടകങ്ങളിൽ ഏറ്റവും പ്രധാനം. നോവലിനു മുൻപ് ഒരു സാഹിത്യരൂപവും ഭൗതികസ്ഥലത്തെയോ കലണ്ടർ കാലത്തെയോ മൂർത്തയാഥാർഥ്യങ്ങളെയോ ആഖ്യാനത്തിന്റെ കേന്ദ്രസൂചകമായി സങ്കല്പിച്ചിരുന്നില്ല. ഈ മൂന്നുതലങ്ങളിലും പരമാവധി ഭാവനാത്മകവും ആധിഭൗതികവും അമൂർത്തവുമാകുക എന്നതായിരുന്നു സാഹിത്യത്തിന്റെ (കാവ്യ, നാടകാദികൾ) ധർമവും തത്വവും. നോവൽ, ഭാവനയുടെ ചരിത്രത്തിൽ വെട്ടിത്തുറന്ന പുതിയ രക്തരേഖ സാഹിത്യത്തിന്റെ ഈ വംശപരമ്പരയെ പുനർവ്യാഖ്യാനിക്കുക മാത്രമല്ല നോവലിനുശേഷം വന്ന മുഴുവൻ സർഗാത്മകവ്യവഹാരങ്ങളെയും മൂർത്തമായ ഭാവബന്ധങ്ങളിൽ മാത്രം സങ്കല്പിക്കുകയും ചെയ്തു. സ്ഥല-കാല-യാഥാർഥ്യങ്ങളുടെ ത്രിമാനഭൗതികത നോവലിനു നിർമ്മിച്ചു നൽകിയ ഈ ഭാവബദ്ധത ദേശ, കാല വൈവിധ്യങ്ങളുള്ള പരീക്ഷണാത്മക മണ്ഡലങ്ങൾ നിരന്തരമാവിഷ്‌ക്കരിക്കുകയും നോവലിനെ ഭാവനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും 'വഴക്ക'മുള്ള സർഗരൂപമാക്കി മാറ്റുകയും ചെയ്തു. അതുകൊണ്ടാണ് അച്ചടി മുതലാളിത്തത്തിന്റെ അർധസഹസ്രാബ്ദത്തിലുടനീളം നോവലിനെ വെല്ലുന്ന മറ്റൊരു സൗന്ദര്യനിർമ്മിതി മനുഷ്യഭാവനയ്ക്കു സാധ്യമാകാതെ പോയത്. ഇരുപതാം നൂറ്റാണ്ടിൽ ദൃശ്യമാധ്യമങ്ങളുടെ ഭാവുകത്വവിപ്ലവം നവീനമായൊരു സൗന്ദര്യമണ്ഡലത്തിനു ജന്മം കൊടുക്കുകയും ഇതര സാഹിതീയപാഠങ്ങളൊന്നടങ്കം ആ വിപ്ലവത്തിൽ നിലംപരിശാകുകയും ചെയ്തിട്ടും നോവൽ അതിന്റെ നിരവധിയായ രൂപസാധ്യതകളിൽ സാക്ഷരകലയുടെ പരമമാതൃകയായി നിലനിൽക്കുകയാണ്.

മലയാളപശ്ചാത്തലത്തിൽ മേല്പറഞ്ഞ മൂന്നു ലാവണ്യസൂത്രവാക്യങ്ങളെയും പലനിലകളിൽ പ്രശ്‌നവൽക്കരിക്കുന്ന ശ്രദ്ധേയമായൊരു ചെറുനോവലാണ് എസ്.ആർ. ലാലിന്റെ 'സ്റ്റാച്യു പി.ഒ.'.

1990-കളുടെ മധ്യംതൊട്ടുള്ള ഒന്നര ദശകത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ഒരു ലോജ് കേന്ദ്രീകരിച്ചു രൂപം കൊള്ളുന്ന നാടകീയമായ ചിലമനുഷ്യാവസ്ഥകളുടെയും ബന്ധവൈചിത്ര്യങ്ങളുടെയും കഥകളും അവയിൽ ഭിന്നവേഷം കെട്ടിയാടുന്ന കുറെ മനുഷ്യരുടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ജീവിതങ്ങളുമാണ് സ്റ്റാച്യു പി.ഒ.യിലുള്ളത്. ആദ്യം ജേണലിസം പഠനത്തിനായും പിന്നെ വർഷങ്ങൾക്കുശേഷം സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചപ്പോഴും സ്റ്റാച്യുലോജിൽ താമസിക്കാനെത്തുന്ന യുവാവിന്റെ ആത്മഭാഷണമായാണ് നോവലിന്റെ ആഖ്യാനം മുന്നേറുന്നത്. ലോജിൽ മുറികിട്ടാതിരുന്ന അയാളെ ആദ്യദിവസം തന്റെ മുറിയിൽ താമസിക്കാനനുവദിച്ച വ്യക്തിയുടെ 'ഗൂഢ'വും 'വ്യതിരിക്ത'വും 'വിചിത്ര'വുമെന്ന് മറ്റുള്ളവർ കരുതുന്ന ജീവിതമാണ് നോവലിന്റെ അച്ചുതണ്ട്. ബോംബെ ഐ.ഐ.ടി.യിലെ പഠനമുപേക്ഷിച്ച് തിരിച്ചെത്തി ഡിഗ്രിക്കു ചേർന്ന്, ബാങ്കിൽ ജോലികിട്ടിയതോടെ ആ പഠനവുമുപേക്ഷിച്ച, അസാധാരണമായ ബൗദ്ധികശേഷിയും ചിന്താപദ്ധതികളുമുള്ളയാളാണ് ഈ കഥാനായകൻ. അയാൾക്കു പേരില്ല;. ഭൂതവുമില്ല (ആഖ്യാതാവിനുമില്ല, പേര്). നഗരത്തിൽത്തന്നെയുള്ള വീട്ടിൽ നിന്നു പുറപ്പെട്ടുപോന്നയാളാണ്. ലോജിലും സ്ഥിരമായി തങ്ങുന്നില്ല. കുറെക്കഴിയുമ്പോൾ അയാൾ ബാങ്കിലെ ജോലിയും രാജിവയ്ക്കുന്നു. വിവർത്തകനായി പണിയെടുക്കുന്നു, കുറെക്കാലം. ഇംഗ്ലീഷ് പത്രങ്ങളിൽ കള്ളപ്പേരിൽ ലേഖനങ്ങളെഴുതുന്നു. മകനെ എങ്ങനെയെങ്കിലും തിരികെ വീട്ടിലെത്തിക്കാനും 'നേരെ'യാക്കാനും അയാളുടെ അച്ഛൻ ആഖ്യാതാവിന്റെ സഹായം തേടുന്നു. വേറിട്ട ജീവിതവും പെരുമാറ്റ രീതികളും കണ്ട് സമൂഹം അയാൾക്കു ഭ്രാന്താണ് എന്നു തീരുമാനിക്കുന്നു. ബന്ധുക്കൾ അയാളെ പിടിച്ചുകെട്ടി ഭ്രാന്താശുപത്രിയിലാക്കുന്നു. അവിടെനിന്ന് നിയമസഹായത്തോടെ പുറത്തുവരുന്ന അയാൾ കുറെക്കാലം വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞെങ്കിലും വീണ്ടും പഴയ ജീവിതത്തിലേക്കു വഴിമാറുന്നു. ഒടുവിൽ ദീർഘകാലം ഭക്ഷണം കഴിക്കാതെ ശരീരത്തെ തളർത്തിയും തകർത്തും അയാൾ ആത്മഹത്യചെയ്യുന്നു.

വീടിനും ലോജിനുമിടയിലെ ജീവിതദൂരങ്ങൾകൊണ്ട് സ്ഥലകാലങ്ങളെയും അസ്തിത്വത്തിന്റെ അർഥാന്തരങ്ങളെയും അളന്നുതീർക്കുന്ന മനുഷ്യർ ആധുനികതയിലെ ഒരു സവിശേഷ വിഭാഗമാണ്. ഹോസ്റ്റലുകളോ ഹോട്ടലുകളോ പോലെയല്ല ലോജുകൾ. ഒറ്റമുറിസാമ്രാജ്യങ്ങളിൽ ദീർഘകാലം തമ്പടിക്കുന്ന വ്യക്തികളുടെയും അവരെ തേടിവരികയോ വരാതിരിക്കുകയോ ചെയ്യുന്ന ഒരുപറ്റം മനുഷ്യരുടെയും കഥകളാണ് ലോജുകൾ പറയുക. പഠനത്തിനായി തൊഴിലിനായി, വീട്ടിൽനിന്നു രക്ഷപെടാനായി ഒക്കെ ലോജുകളിൽ അഭയം തേടുന്ന ആണുങ്ങളുടെ രാപകലുകൾ അവയ്ക്കു കാലഭൂമികയൊരുക്കുന്നു. മുറിക്കുള്ളിലും പുറത്തുമായി വിഭജിതമാകുന്ന അവരുടെ ആയുസ്സിന്റെ പോക്കുവരവുകൾ സ്ഥലഭൂമികയും. എസ്. ആർ. ലാൽ എഴുതിയ ഈ നോവൽ മലയാളത്തിൽ അപൂർവമായ ഒരു ഭാവനാഭൂപടമല്ല അവതരിപ്പിക്കുന്നത്. സിനിമയിലും സാഹിത്യത്തിലും ആധുനികതയിലെ രാഷ്ട്രീയ പത്രപ്രവർത്തനചരിത്രത്തിലും ഏറെ പ്രാധാന്യം നേടിയെടുത്തിട്ടുള്ള പുരുഷപൊതുമണ്ഡലം എന്ന നിലയിൽ തീവ്രരാഷ്ട്രീയപ്രവർത്തനം മുതൽ ലൈംഗികവാണിജ്യം വരെയും ബൗദ്ധികകൂട്ടായ്മകൾ മുതൽ അരാജകവാദസംഘങ്ങൾ വരെയും ലിറ്റിൽ മാഗസിൻ പ്രസാധനം മുതൽ സാംസ്‌കാരിക സംവാദവേദികൾ വരെയുമുള്ളവയ്ക്ക് രംഗപശ്ചാത്തലമൊരുക്കിയ ലോജുകളുടെ നിര കേരളത്തിലെ പല പട്ടണങ്ങളിലുമുണ്ട്. തിരുവനന്തപുരത്തുനിന്നും കണ്ടെടുക്കുന്ന അത്തരമൊരു ലോജിന്റെയും അവിടം കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരുപറ്റം മനുഷ്യരുടെ കഥ പറയുകയാണ് ഈ നോവൽ.

ലോജുകളെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തുന്ന തിരുവനന്തപുരത്തിന്റെ ആവാസഭൂമിശാസ്ത്രം ഈ നോവലിലുണ്ട്. തൊണ്ണൂറുകളുടെ മധ്യം തൊട്ടുള്ള കണിശതയുള്ള സമയഭൂമികയും. സ്ഥലകാലങ്ങളുടെ ഈ മൂർത്താനുഭവങ്ങളെ പൂരിപ്പിക്കുന്നത് വ്യക്തികളും സംഭവങ്ങളും സ്ഥാപനങ്ങളും മറ്റുമായി നോവൽ സന്നിഹിതമാക്കുന്ന യാഥാർഥ്യങ്ങളാണ്. എ. അയ്യപ്പൻ, എൻ.ആർ.എസ്. ബാബു, ജി.ആർ. ഇന്ദുഗോപൻ, കെ.എൻ. ഷാജി, സ്റ്റാച്യുവിലെ വഴിയോര പത്രമാസികവ്യാപാരി രമേശൻ എന്നിവരുമായുള്ള സമ്പർക്കങ്ങളുടെയും അവർ നിർണയിക്കുന്ന അവസ്ഥാന്തരങ്ങളുടെയും തുടർച്ചയാണ് ഒരു ഘടകം. 1960-കളിലും '70-കളിലും '80-കളിലും തിരുവനന്തപുരത്ത് രാമനിലയം, അരിസ്റ്റൊ, കാർത്തിക, താജ്, അശോക, ഖദീജാമൻസിൽ, നന്ദാവനം, സി.പി. സത്രം തുടങ്ങിയ ലോജുകൾ കേന്ദ്രീകരിച്ച് രൂപം കൊണ്ട നിരവധിയായ രാഷ്ട്രീയ, സാംസ്‌കാരിക മുന്നേറ്റങ്ങളുടെയും കൂട്ടായ്മകളുടെയും പശ്ചാത്തലമാണ് മറ്റൊന്ന്. സെക്രട്ടേറിയറ്റ്, സർവകലാശാലാ ലൈബ്രറി, പബ്ലിക് ലൈബ്രറി, വി.ജെ.ടി. ഹാൾ, ട്രിവാൻഡ്രം ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളെ മുൻനിർത്തി അടയാളപ്പെടുത്തുന്ന നഗരത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രമാണ് ഇനിയുമൊന്ന്. പുതിയ നൂറ്റാണ്ടാകുമ്പോഴേക്കും ആധുനികതയുടെ നഗര-നരവംശ ഭൂപടങ്ങളിലൊന്നായിരുന്ന ലോജുകൾക്ക് കുലക്ഷയം സംഭവിച്ചു തുടങ്ങുന്നു. രാജഭരണകാലത്ത് അമ്മച്ചിവീടായിരുന്ന, പിന്നീട് സ്റ്റാച്യുലോജ് എന്നറിയപ്പെട്ട കെട്ടിടം, ഉടമകളും ചുമതലക്കാരും പല തലമുറ കൈമാറിവന്ന്, ഒടുവിൽ ഫ്‌ളാറ്റ്‌സമുച്ചയത്തിനുവേണ്ടി സ്വയം വഴിമാറിക്കൊടുക്കുന്നു. കല്ലിന്മേൽ കല്ലുശേഷിക്കാതെ സ്റ്റാച്യുലോജ് ഭൂമിയിൽ നിന്നപ്രത്യക്ഷമാവുകയും ചെയ്തു.

'എല്ലാ നഗരത്തിനുമെന്നപോലെ തിരുവനന്തപുരത്തിനും പല വഴികളുണ്ട്. ഒരു റോഡ് ഒഴിവാക്കി മറ്റൊരിടത്തേക്ക് പ്രവേശിക്കാനുള്ള മാർഗങ്ങൾ സുലഭമാണ്. സ്റ്റാച്യുലോഡ്ജിന്റെ കവാടത്തിലൂടെയുള്ള പാത മനഃപൂർവം ഒഴിവാക്കിയതൊന്നുമല്ല. പക്ഷേ, ഞാനതിലേ സഞ്ചരിച്ചിട്ട് രണ്ടു വർഷമെങ്കിലും കഴിയും.

ഇന്നു വൈകിട്ട് സ്റ്റാച്യുലോഡ്ജുവഴി പോകേണ്ടിവന്നു. ഓഫീസിൽ ഒപ്പം ജോലിചെയ്യുന്ന സുഹൃത്തിന്റെ വീടുകൂടലായിരുന്നു.

രണ്ടുവർഷംകൊണ്ട് വലിയ മാറ്റമൊന്നും അവിടെ കണ്ടില്ല. പതിയെ വളരുന്ന നഗരമാണിവിടം. റോഡിലുള്ള തണൽമരങ്ങൾ അതുപോലുണ്ട്.

മാറ്റം സംഭവിച്ചിരിക്കുന്നത് സ്റ്റാച്യുലോഡ്ജിനാണ്. സ്റ്റാച്യുലോഡ്ജ് നിന്നിടത്ത് പുതിയ ഫ്‌ളാറ്റ് സമുച്ചയം വന്നിരിക്കുന്നു. അതിന്റെ പത്താം നിലയിലാണ് സുഹൃത്തിന്റെ ഫ്‌ളാറ്റ്.

റോഡരികിൽ വണ്ടി ഒതുക്കി അകത്തേക്കു ചെന്നു. ഫ്‌ളാറ്റിലേക്ക് വാഹനത്തിനു കടന്നുചെല്ലാൻ പാകത്തിലുള്ള വഴി രൂപപ്പെട്ടിട്ടുണ്ട്. പീറ്റർസാറിന് പത്തുനാല്പതുകൊല്ലംകൊണ്ട് സാധിക്കാത്തത് ഫ്‌ളാറ്റുടമയ്ക്ക് നിസ്സാരമായി സാധ്യമായി. സ്റ്റാച്യുലോഡ്ജിന്റെ ശേഷിപ്പുകൾ ഒന്നുമേ അവിടെയില്ല. പുതിയ തുറസ്സിൽ നിൽക്കുന്ന പ്രതീതി. പഴയതിനെ പാടേ തൂത്തു വൃത്തിയാക്കിയിരിക്കുന്നു. ഫ്‌ളാറ്റിനുചുറ്റും പ്രദക്ഷിണം വച്ചു. ലോഡ്ജിനെയും അവിടുണ്ടായിരുന്ന കൂറ്റൻ മാവിനെയും വേപ്പിനെയുമെല്ലാം അവിടെ പുനഃപ്രതിഷ്ഠിച്ചുനോക്കി. കിഴക്കേ അതിരിലായി ഇതാ നിൽക്കുന്നു മന്ദാരച്ചെടി. ഞാൻ നട്ടതാണ് ആ മന്ദാരച്ചെടി; ഓർമ്മയുടെ അവസാന അവശിഷ്ടം പോലെ ഒന്ന്. എനിക്ക് അതിനോട് എന്തെന്നില്ലാത്ത അടുപ്പം തോന്നി. ഫ്‌ളാറ്റിന്റെ സെക്യൂരിറ്റി സമീപത്ത് പ്രത്യക്ഷപ്പെട്ടു. എന്റെ നീക്കങ്ങൾ അയാളെ സംശയാലുവാക്കിയതാണ്.

'ഇവിടല്ലേ സ്റ്റാച്യുലോഡ്ജ് ഉണ്ടായിരുന്നത്?' ഞാനയാളുടെ നഗരപരിചയത്തെ അളക്കാൻ ശ്രമിച്ചു.

'ഇവിടോ. അല്ല സാറേ. ഞാനീ ഫ്‌ളാറ്റിന്റെ പണി തുടങ്ങുമ്പോഴേ ഉള്ളതാ. ഇവിടങ്ങനൊന്നില്ല'. അയാൾ തീർപ്പുകല്പിച്ചു.

ഞാൻ തലകുലുക്കി. ഓർമ്മയും മറവിയും ചേർന്നെഴുതുന്ന മായാജാലമാണ് ജീവിതം. ഇരുട്ടും വെളിച്ചവും ചേർന്നുണ്ടാകുന്ന ചലച്ചിത്രം പോലെ.

നഗരം വേഗത്തിൽ സഞ്ചരിക്കുകയും ആകാശത്തേക്ക് വളരുകയും ചെയ്യുന്നു.

കെട്ടിടങ്ങളും മനുഷ്യരുമൊക്കെ ഒരുപോലെതന്നെ. അവരോടൊപ്പം ജീവിച്ച തലമുറ ഓർത്തെന്നുവരും.

സ്റ്റാച്യുലോഡ്ജിന്റെ അവശിഷ്ടങ്ങളെല്ലാം മാഞ്ഞുപോയി. അവിടെ പാർത്ത എന്നെപ്പോലുള്ള ചിലർ ഭൂമിക്കു മുകളിലൂടെ ഇപ്പോഴും നടക്കുന്നുണ്ട്. അവരെയും മണ്ണെടുക്കും. പിന്നെ എല്ലാം ഓർമ്മകൾക്കപ്പുറമാകും'.

ഒരാൾ മരിക്കുന്നതോടെ അയാളെക്കുറിച്ചുള്ള ഓർമകളും മരിച്ചുതുടങ്ങുന്നുവെന്ന് ഈ നോവലിൽ ഒരിടത്തുണ്ട്. വ്യക്തികൾക്കു മാത്രമല്ല, വസ്തുക്കൾക്കും നിർമ്മിതികൾക്കും സ്ഥാപനങ്ങൾക്കും ആശയങ്ങൾക്കുമൊക്കെ ഇതുതന്നെയാണ് വിധി. ജീവിച്ചിരിക്കുമ്പോൾതന്നെ ചിലരെക്കുറിച്ചുള്ള ഓർമകൾ മരിച്ചുതുടങ്ങും. ഒരാൾ വ്യക്തിയെന്ന നിലയിൽ എത്ര അനിവാര്യമാണ് സമൂഹത്തിന്? അവരവരെക്കുറിച്ചല്ലാതെ ആരെയെങ്കിലും കുറിച്ച് അടിസ്ഥാനപരമായി നമുക്കാർക്കെങ്കിലും ഉൽക്കണ്ഠകളുണ്ടോ? താനെങ്ങനെ ജീവിക്കുന്നുവെന്നതിലല്ല, മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്നതിലല്ലേ മിക്കവർക്കും കൂടുതൽ താൽപ്പര്യവും ആകാംക്ഷയും നിർബ്ബന്ധങ്ങളും? മറ്റുള്ളവരുടെ നിലനിൽപ്പിൽ അസ്വസ്ഥരാകാത്തവരായി ആരുണ്ട്? ഊരും പേരുമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആർക്കുമില്ലേ? വ്യക്തി, ഭൂരിപക്ഷസമൂഹത്തിന്റെ നിഷ്ഠകൾക്കും നിയമങ്ങൾക്കും പ്രമാണങ്ങൾക്കും മൂല്യങ്ങൾക്കുമൊത്തു ജീവിക്കാത്തപ്പോൾ അയാളുടെ ഇടം ഭ്രാന്താശുപത്രി, തടവറ തുടങ്ങിയവയാണോ? ചുരുക്കത്തിൽ, മുക്കാൽ നൂറ്റാണ്ടു മുൻപ് ആൽബർ കാമു എഴുതിയ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല, ഇപ്പോഴും. അന്യർ നരകം തന്നെയാണ്. ഒരു വ്യക്തി, കുടുംബത്തിലും സമൂഹത്തിലും ഒറ്റതിരിഞ്ഞുതുടങ്ങിയാൽ പിന്നെ അയാളനുഭവിക്കുന്ന, ഓർമയുടെ പോലും മരണമുൾപ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ചാണ് ഈ നോവൽ. ഏറ്റവും വേണ്ടപ്പെട്ടവർ എന്നു കരുതാവുന്നവർക്കുപോലും സ്വന്തം അസൗകര്യങ്ങളാണ് ബന്ധങ്ങളുടെ അതിർത്തി. കഥാനായകന്റെ അസാധാരണമായ അന്ത്യം എക്കാലത്തേക്കും രഹസ്യമായി സൂക്ഷിക്കാനാണ് ആഖ്യാതാവും ഡോക്ടറും പൊലീസ് ഓഫീസറും ചേർന്നു തീരുമാനിക്കുന്നത്. മരിച്ചവർ മരിച്ചു, ജീവിച്ചിരിക്കുന്നവരുടെ സൗകര്യങ്ങളാണ് പ്രധാനം.

'രാവിലെ കാണുമ്പോൾ കട്ടിലിൽനിന്നും എണീക്കാൻ വയ്യ. നിർബന്ധിച്ചപ്പോൾ ആശുപത്രിയിലേക്ക് പോകാമെന്നായി. ആംബുലൻസുമായി മുരളീകൃഷ്ണൻ എത്തി. സ്‌ട്രെക്ചറിൽ എടുത്തുകൊണ്ടുപോകുന്നവഴി, അയാളെന്തോ തമാശപറഞ്ഞത് ഓർമ്മയുണ്ട്. ആ തമാശ എന്തായിരുന്നെന്നു പിന്നീട് പലവട്ടം ആലോചിച്ചിട്ടുണ്ട്. അതെനിക്ക് ഇതുവരെയും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെത്തും മുൻപ് അയാളുടെ ബോധം മറയുമെന്ന് ഭയന്നു. ഇടയ്ക്കിടെ അയാളെ തൊട്ടുവിളിക്കാൻ ഞാൻ ശ്രദ്ധിച്ചു.

ഹോസ്പിറ്റലിൽ രണ്ട് യുവ ഡോക്ടർമാരായിരുന്നു ഡ്യൂട്ടിയിൽ. അവർ കയ്യുറകൾ ധരിച്ചു. മടികൂടാതെ കാലിലെ മുറിവ് വൃത്തിയാക്കാൻ തുടങ്ങി. അയാൾ വേദനകൊണ്ട് കണ്ണടച്ചു. പുളഞ്ഞു. പരസഹായത്തിനായി ചുറ്റും പരതി. അടുത്തുചെന്നപ്പോൾ എന്റെ കൈയിൽ മുറുകെ പിടിച്ചു. പാദം മുതൽ മുട്ടുവരെ മുറിവ് ആഴത്തിൽ ബാധിച്ചിരുന്നു. മുറിവിൽ പഴുപ്പ് കയറിയിട്ടുണ്ട്. പൊതുന്നനേ അവർക്കെന്തോ സംശയം തോന്നിയിരിക്കണം.

'ഇയാളെ പേരുപറഞ്ഞ് വിളിക്കൂ'. യുവ ഡോക്ടർ എന്നോട് കല്പിച്ചു.

ശൂന്യമനുഷ്യനായി ഞാൻ കുറെനേരം നിന്നു. നെഞ്ചിൽ തീയാളി. എന്തായിരുന്നു ഇയാളുടെ പേര്? മിന്നൽപ്പിണരിന്റെ തുഞ്ചത്തു നിന്നിട്ടും എനിക്കു പേര് തെളിഞ്ഞുകിട്ടുന്നില്ല. ഞാനെന്തോ പുലമ്പിക്കൊണ്ടയാളെ കുലുക്കി വിളിച്ചു. അയാളുടെ ശരീരം തൊട്ടിൽപോലെ ആടാൻ തുടങ്ങി. ഗാഢമായ നിദ്രയിലാണ് അയാൾ. ചൂടു വറ്റിയിട്ടില്ലാത്ത അയാളുടെ കൈ ഞാനെന്റെ ശരീരത്തിൽനിന്നും പറിച്ചുമാറ്റി.

സീനിയർ ഡോക്ടറെ കുറെനേരം കഴിഞ്ഞ് എനിക്ക് കാണേണ്ടിവന്നു. അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. മുരളീകൃഷ്ണനെ ഞാൻ സഹായത്തിന് കൂട്ടി. കണ്ണടയ്ക്കിടയിലൂടെയാണ് ഡോക്ടറുടെ നോട്ടം. ഗൗരവക്കാരൻ. ഭാഗ്യം, മുരളീകൃഷ്ണന് ഡോക്ടറെ നേരിയ പരിചയമുണ്ട്.

ഡോക്ടറുടെ ചോദ്യം മുഴുവൻ എന്നോടായിരുന്നു.

'നിങ്ങളുടെ ആരാണ് ഇയാൾ?'

'സുഹൃത്താണ്'.

'ഓകെ. നിങ്ങളാണ് ഇയാളെ ഇവിടെ കൊണ്ടുവന്നത്?'

ഉവ്വെന്ന് ഞാൻ തലവെട്ടിച്ചു.

'ഇയാളുടെ ബന്ധുക്കളൊക്കെ എവിടെ?'

'ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.യ വീട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ലോഡ്ജിലായിരുന്നു താമസം'.

'ഇയാളെ എന്തേ ആശുപത്രിയിലെത്തിക്കാൻ വൈകി?'

'വരാൻ സമ്മതമായിരുന്നില്ല. വീട്ടുകാരെയും വിവരമറിയിച്ചിരുന്നു. അവരും വന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കളും ശ്രമിച്ചതാണ്'.

'ഇയാൾ ഭക്ഷണമൊക്കെ കഴിച്ചിരുന്നോ?'

'എല്ലാ ദിവസവും വാങ്ങി നൽകിയിരുന്നു'.

'അതുശരി. ഇയാൾ ഭക്ഷണം കഴിച്ചിരുന്നോ?'

'ഉവ്വ്. ചില ദിവസങ്ങളിൽ ഞാൻതന്നെയാണ് ഭക്ഷണം വാങ്ങി നൽകിയത്. ഞാനില്ലാത്ത ദിവസം ലോഡ്ജിന്റെ സൂക്ഷിപ്പുകാരനും'.

'അതല്ലല്ലോ എന്റെ ചോദ്യം'. ഡോക്ടർ ചുണ്ടുകൾ വക്രിപ്പിച്ചു. 'ഇയാൾ ഭക്ഷണം കഴിച്ചിരുന്നോ? ഭക്ഷണം കഴിക്കുന്നത് നിങ്ങൾ കണ്ടിരുന്നോ?'

'ഇല്ല, ഞാൻ കണ്ടിട്ടില്ല'.

'മുറിവൊന്നുമല്ല മരണകാരണം, ഭക്ഷണം കഴിക്കാത്തതാണ്. കുറഞ്ഞത് ഒരു മാസമെങ്കിലുമായിക്കാണും ഇയാൾ ഭക്ഷണം കഴിച്ചിട്ട്'. പരിണതപ്രജ്ഞതയുടെ അടിവരയോടെ ഡോക്ടർ തന്റെ നിഗമനം ഉറപ്പിച്ചു.

'കുറച്ചുദിവസമായി വെള്ളവും ഒഴിവാക്കിയിരുന്നു. ഒരുതരത്തിൽ സൂയിസൈഡാണ്. ബോധപൂർവമാകാം, അബോധപൂർവമാകാം'.

ഡോക്ടറുടെ ദയാരഹിതമായ വാക്കുകളിൽ ഞാൻ പിടഞ്ഞു.

'ആശുപത്രിയിൽ സംഭവിക്കുന്ന ഒട്ടെല്ലാ മരണത്തിനും ഡോക്ടർമാർ എഴുതുന്ന പദമുണ്ട്. പുലിവാലുപിടിക്കാതെ രക്ഷപ്പെടാനാണ്. അതുതന്നെ ഈ മരണത്തിന്റെ കാരണമായി ഞാൻ എഴുതും'. ഡോക്ടർ, മുരളീകൃഷ്ണന്റെ തോളിൽ സൗഹൃദം സ്ഥാപിച്ചു. ഡോക്ടറുടെ ഒരു കൈ അർദ്ധസൗഹൃദംപോലെ എന്നെയും തൊട്ടിരുന്നു. ഡോക്ടർ വെളിപ്പെടുത്തിയ രഹസ്യം മറ്റാരുമറിയാതെ സൂക്ഷിക്കാൻ പിന്നീട് ഞങ്ങൾ രണ്ടാളും തീരുമാനിച്ചു.

ഡോക്ടർ ഒച്ച താഴ്‌ത്തി:

കാർഡിയാക് റെസ്പറേറ്ററി അറസ്റ്റ്' '.

സമാന്തരമായൊഴുകുന്ന മൂന്നു നാലു ബോധധാരകൾ ഈ നോവലിന്റെ ആഖ്യാനത്തെ പൂരിപ്പിക്കുന്നുണ്ട്.

ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തു പഠിക്കാൻ പോയി സ്റ്റാച്യുലോജിൽ തോമസിക്കുകയും പഠനം കഴിഞ്ഞു തിരിച്ചുപോകുകയും പിന്നീട് ജോലികിട്ടി തിരുവനന്തപുരത്തെത്തി വീണ്ടും അവിടെത്തന്നെ വാസമുറപ്പിക്കുകയും ചെയ്യുന്ന, കഥാകൃത്താകാൻ മോഹിച്ചുനടക്കുന്ന ആഖ്യാതാവിന്റെ സ്വാനുഭവങ്ങളുടേതാണ് ഒന്ന്. വിവാഹം കഴിഞ്ഞിട്ടും നഗരത്തിൽ വീടുവച്ചിട്ടും അയാൾ ലോജിലെ മുറി ഒഴിയുന്നില്ല. ആലപ്പുഴയിൽ, ഒരു ലോജിലെ റൂംബോയിയായിരുന്ന അയാൾ സ്റ്റാച്യുലോജിൽ കണ്ടുമുട്ടുന്ന പിള്ളച്ചേട്ടന്റെയും പീറ്റർസാറിന്റെയും ലോജ് മാനേജരായ കാലത്തെ തന്റെ തന്നെയും ജീവിതധാരയാണ് മറ്റൊന്ന്.

സിനിമയുടെയും സാഹിത്യത്തിന്റെയും മോഹവലയങ്ങളിൽപെട്ട് ജീവിതത്തിന്റെ ഗതി മാറ്റിവിടുന്നവരും പത്രപ്രവർത്തനത്തിന്റെയും സാഹിത്യവിവർത്തനത്തിന്റെയും വക്കീലാപ്പീസിന്റെയുമൊക്കെ അക്ഷരലോകങ്ങളിൽ അഭയം തേടുന്നവരുമാണ് ആഖ്യാതാവിന്റെ കൂട്ടുകാർ. കഥാനായകന്റെ വിധിയും മറ്റൊന്നല്ല. അക്കങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്കു രക്ഷതേടി പായുകയാണയാൾ. സ്വന്തം ജീവിതം മറ്റാരെങ്കിലും നിശ്ചയിക്കുന്നിടത്തുകൊണ്ടു കെട്ടുന്നതിനെക്കാൾ ആത്മനിന്ദ തോന്നുന്ന ഒന്നും അയാൾക്കില്ല. അതുകൊണ്ടാണയാൾ വ്യവസ്ഥകളോടും വ്യാവഹാരികപദവി കൈവരിച്ച മുഴുവൻ മൂല്യങ്ങളോടും വിയോജിക്കുകയും സ്വേച്ഛാപ്രകാരം ജീവിതത്തെ പരുവപ്പെടുത്തുകയും ചെയ്യുന്നത്. ആത്മബോധത്തിൽ പ്രകടിപ്പിക്കുന്ന ഈ സ്വാതന്ത്ര്യവും സ്വേച്ഛാബദ്ധതയും അയാളെ ഭ്രാന്തനെന്നു മുദ്രകുത്തി തടവിലിടാനാണ് ബന്ധുക്കളെ പ്രേരിപ്പിക്കുന്നത്. ഈ നോവൽ അടിസ്ഥാനപരമായി ഉന്നയിക്കുന്ന മാനുഷികപ്രശ്‌നവും ജീവിതപ്രശ്‌നവും ഇതുതന്നെയാണ്. ഒരു മനുഷ്യന്റെ ജീവിതത്തെ അർഥവും മൂല്യവും ഗതിയും വഴിയും നിശ്ചയിച്ചു നിർവചിക്കേണ്ടതാരാണ്? മാതാപിതാക്കൾ? മക്കൾ? സുഹൃത്തുക്കൾ? സഹപ്രവർത്തകർ? ബന്ധുക്കൾ? ആരാണ് ഒരു വ്യക്തിയുടെ ഉടമ, അയാളല്ലാതെ? വിവാഹം, ദാമ്പത്യം, കുടുംബം, ഓഫീസ്, ജാതി, മതം, രാഷ്ട്രീയം... മുഴുവൻ വ്യവസ്ഥകൾക്കും കീഴടങ്ങിനിൽക്കാതെ ഒരു വ്യക്തിക്കു ജീവിച്ചുപോകാനാവില്ലേ? വൃത്തി, വെടിപ്പ്, മാന്യത, ചിട്ട, അനുസരണ, ബഹുമാനം, സൗഹൃദം, പ്രണയം... ഓരോന്നും നിശ്ചയിക്കുന്നതാരാണ്, ഒരാളുടെ മനഃസാക്ഷിയല്ലാതെ?

പിത്രാധികാരത്തിന്റെയും ഭരണകൂടത്തിന്റെയും ഇടപെടൽ ഭ്രാന്താശുപത്രിയുടെ ലാബിറിന്തൻ ഘടനയിൽ അയാളെ വരിഞ്ഞുമുറുക്കും വരെ ഒട്ടൊക്കെ തന്നിഷ്ടപ്രകാരം അയാൾ വ്യവസ്ഥകൾക്കും നിശ്ചിതത്വങ്ങൾക്കുമെതിരെ പൊരുതി ജീവിച്ചു. പൊലീസ് സ്റ്റേഷനിൽ, അയാളെ തിരിച്ചറിയുന്ന ഒരുദ്യോഗസ്ഥന്റെ കരുണ കൂട്ടിനെത്തിയതിനാൽ രക്ഷപെട്ടു. പക്ഷെ ഒടുവിൽ അയാൾ വീണുപോയി. അപ്പോഴയാൾ കണ്ട ഏകവഴി എതിർപ്പുകളും കലഹങ്ങളും അലോസരങ്ങളും അറിയിപ്പുകളുമില്ലാതെ ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സ്വന്തം ശരീരത്തിനുമേൽ മറ്റുള്ളവർ ആധിപത്യം സ്ഥാപിച്ചപ്പോൾ അയാൾ ആത്മം കൈവിടാതെ കാത്തു. മറ്റുള്ളവർക്ക് അയാൾ വൃത്തിയും ചിട്ടയും അനുസരണയും വേണ്ട ഒരുടൽ മാത്രമായിരുന്നുവെങ്കിൽ അയാൾക്കത് ഉരിഞ്ഞുകളയേണ്ട ഒരു ജീർണവസ്ത്രം മാത്രമായിരുന്നു. അതുകൊണ്ടയാൾ തന്റെ ശരീരത്തെ നിഷ്‌ക്കരുണം ബലികൊടുത്ത് ആത്മാവിനെ മുറുകെ പിടിച്ചു.

ആൾക്കൂട്ടത്തിൽ തനിയെ ജീവിക്കുന്ന, മുഴുവൻ ലൗകിക സമ്മർദ്ദങ്ങൾക്കുമിടയിൽ തന്റെ ആത്മബോധത്തെ വിശുദ്ധമായി സൂക്ഷിക്കുന്ന, പലായനത്തിനും കീഴടങ്ങലിനുമിടയിൽ തന്റെ അസ്തിത്വമുറപ്പിക്കുന്ന, ജീവിതത്തിനും കഥയ്ക്കുമിടയിൽ തന്റെ ആയുസു പൂർത്തിയാക്കുന്ന ഒരു മനുഷ്യന്റെയും അയാളുടെ രണ്ടാം ഗർഭപാത്രമായി മാറുന്ന ലോജിന്റെയും, ഭൂമിക്കുമേൽ ഓർമകൾ പോലുമവശേഷിപ്പിക്കാത്ത ചരിത്രമെഴുതുകയാണ് എസ്.ആർ. ലാൽ.

നോവലിൽനിന്ന്:-

'സ്റ്റാച്യുലോഡ്ജിന്റെ മാനേജരായിരുന്ന കാലത്താണ് 'ലോഡ്ജുകൾക്കിടയിൽ ഞങ്ങളുടെ ജീവിതം' എന്ന ഫീച്ചർ എഴുതുന്നത്. സെക്രട്ടേറിയറ്റ് സർവീസിന്റെ ഓണപ്പതിപ്പിനുവേണ്ടിയാണ് ഫീച്ചർ തയ്യാറാക്കിയത്. തിരുവനന്തപുരത്തെ ചില ലോഡ്ജുകളിലൂടെയും അവിടെ ജീവിച്ച മനുഷ്യരിലൂടെയുമുള്ള സഞ്ചാരമായിരുന്നു 'ലോഡ്ജുകൾക്കിടയിൽ ഞങ്ങളുടെ ജീവിതം'.

പിള്ളച്ചേട്ടൻ എന്ന വൃദ്ധൻ തിരുവനന്തപുരത്തെ ലോഡ്ജുകളിൽ ചെലവഴിച്ച ജീവിതം ഓർത്തെടുക്കുന്നുണ്ട് അതിൽ. പിള്ളച്ചേട്ടൻ പറഞ്ഞ കാര്യങ്ങളെയും അനുഭവങ്ങളെയും സമൃദ്ധമായി എനിക്കതിലേക്ക് പകരാനായി. ചരിത്രത്തിന്റെ പൂതലിപ്പുള്ള നിരവധി ചിത്രങ്ങൾ ഫീച്ചറിൽ തൂക്കിയിട്ടിരുന്നു.

സ്റ്റാച്യുലോഡ്ജിന്റെ ഇന്നലെകൾ അതിൽ നിറപ്പകിട്ടോടെ കടന്നുവന്നു. സ്റ്റാച്യുലോഡ്ജിന്റെ സമീപത്തുണ്ടായിരുന്ന സ്റ്റാച്യുകഫേയെ പഴമക്കാരുപോലും മറവി വിഴുങ്ങിയിരുന്നു. 1980 ആഖദ സ്റ്റാച്യുകഫേ പ്രവർത്തിച്ചു. സ്റ്റാച്യുലോഡ്ജിനു സമീപത്തെ ഫ്‌ളാറ്റ് ആകാശത്തെ തൊടുന്നത് സ്റ്റാച്യുകഫേ എന്ന ഭക്ഷണശാലയുടെ രുചികൾക്കുമേലാണ്. കഫേ താൽക്കാലികമായി ഉണ്ടാക്കിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു.

പൊരിച്ച കോഴിയും ചപ്പാത്തിയുമായിരുന്നു സ്റ്റാച്യുകഫേയിലെ സ്‌പെഷ്യൽ. സന്ധ്യയ്ക്ക് പലനിറത്തിലുള്ള റാന്തൽവിളക്കുകൾ അതിനുള്ളിൽ തൂക്കിയിട്ടിരിക്കും. താറാമുട്ടയും വെള്ളയപ്പവുമായിരുന്നു മറ്റൊരു ആകർഷണം. നൂറുപേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. രാത്രിയിൽ കഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയും കിട്ടും. എസ്.സി.എ. ഹോസ്റ്റലിലെയും വിൽസ് ഹോസ്റ്റലിലെയും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെയും സനാന ഹോസ്റ്റലിലെയും കുട്ടികൾ അവിടെ വന്ന് ഭക്ഷണം കഴിക്കും.

പാളയത്തെ രാമനിലയത്തെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞത് 'അയാളാ'ണ്. ഫീച്ചറിൽ പേര് ഉണ്ടാകില്ലെന്ന ഉറപ്പിന്മേലാണ് അയാൾ രാമനിലയത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. 'കെ.എസ്'. എന്ന ചുരുക്കെഴുത്തുള്ള രാമനിലയത്തിലെ പഴയ താമസക്കാരൻ എന്ന നിലയിലാണ് അയാൾതന്ന വിവരങ്ങളെ ഉപയോഗപ്പെടുത്തിയത്.

കണ്ണിമാറാ മാർക്കറ്റിൽനിന്നുള്ള മീൻഗന്ധം രാമനിലയത്തിലെ മുറികളിൽ തങ്ങിനിൽക്കും. 1938 കാലത്ത് സ്റ്റേറ്റ് കോൺഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്നത് രാമനിലയത്തിലായിരുന്നു. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തിലുള്ള 'കേരള കവിത' മാസികയുടെ ഓഫീസ് ഏറെക്കാലം രാമനിലയത്തിലെ രണ്ടാം നിലയിലായിരുന്നു. എം.എം. ബഷീറും എം. ഗംഗാധരനും അയ്യപ്പപ്പണിക്കരുമൊക്കെ പതിവായി രാമനിലയത്തിൽ ഒത്തുകൂടും. ഇ.എൻ. മുരളീധരൻനായർ പത്രാധിപരായിരുന്ന 'യുഗരശ്മി' പ്രകാശംപരത്തിയതും രാമനിലയത്തിൽനിന്നാണ്. ആ മാസികയെ കേന്ദ്രീകരിച്ച് നീലംപേരൂർ മധുസൂദനൻനായർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരുടെ ഉത്സാഹത്തിലാണ് 'നവധാര' പ്രസാധക സംഘം ഉടലെടുത്തത്. നവധാര മികച്ച ചില പുസ്തകങ്ങൾ പുറത്തിറക്കി. അയ്യപ്പപ്പണിക്കരുടെ കവിതകളുടെ സമാഹാരം, ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ്', എം. മുകുന്ദന്റെ 'അഞ്ചര വയസ്സുള്ള കുട്ടി' എന്നിവയൊക്കെ ആധ്യം നവധാരയാണ് അച്ചടിച്ചത്. അയ്യപ്പപ്പണിക്കരുടെ ആ കവിതാസമാഹാരത്തിലാണ് എം വി ദേവന്റെ പ്രശസ്തമായ അവതാരികയുള്ളത്. 'സ്ട്രീറ്റ്' എന്ന ശ്രദ്ധേയമായ മാസിക 1970-കളിൽ രാമനിലയത്തിന്റെ ചുവരുകളെ ചുട്ടുപൊള്ളിച്ചു. വർക്കലക്കാരൻ സുഭാഷ് ചന്ദ്രബോസ് ആയിരുന്നു സ്ട്രീറ്റിന്റെ എഡിറ്റർ. നക്‌സലൈറ്റ് ആഭിമുഖ്യമുള്ള പ്രസിദ്ധീകരണമായിരുന്നു. വളരെ ഇന്റലിജന്റായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഒരു ദിവസം വീട്ടിലെ കിണറ്റിൽ ബോസിന്റെ മൃതദേഹം കണ്ടു. കിണറ്റിന്റെ ആൾമറയിൽ ഇരിക്കുമ്പോൾ വഴുതിവീണെന്നു കരുതപ്പെടുന്നു. അതോടെ സ്ട്രീറ്റും മരിച്ചു.

രാമനിലയം നിന്നിടത്താണ് ഇപ്പോഴത്തെ സാഫല്യം കോംപ്ലക്‌സ് നിൽക്കുന്നത്. ഞാൻ തിരുവനന്തപുരത്ത് എത്തുന്നകാലത്ത് രാമനിലയം പൊളിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. ഭാവനകൂടി പാകത്തിൽ ചാലിച്ച് ഞാൻ രാമനിലയത്തിന്റെ ഭൂതകാലത്തെ പൊലിപ്പിച്ചെടുത്തു.

പാളയത്തെ താജ്‌ഹോട്ടലിനെക്കുറിച്ചു പറഞ്ഞത്, താജ് ബഷീർ എന്നറിയപ്പെടുന്ന ബഷീറിക്കയായിരുന്നു. അദ്ദേഹത്തിന്റെ വാപ്പയുടെയാണ് താജ്‌ഹോട്ടൽ. താജ് തുടങ്ങുന്നതിനു മുൻപ് അവിടൊരു ഓറിയന്റ്‌ഹോട്ടലായിരുന്നു പ്രവർത്തിച്ചിരുന്നത്. ബഷീറിക്കയുടെ ബാപ്പയ്ക്ക് ഓറിയന്റലിനോടു ചേർന്ന് സൈക്കിൾഷോപ്പുണ്ടായിരുന്നു. പത്തുമുപ്പത് സൈക്കിളുകൾ വാടകയ്ക്കുകൊടുക്കാൻ പാകത്തിനുണ്ട്. ഓറിയന്റ്‌ഹോട്ടൽ വിറ്റപ്പോൾ ബാപ്പ അതു വാങ്ങി. താജെന്ന പേരിൽ ഹോട്ടലും ലോഡ്ജും ആരംഭിച്ചു. യേശുദാസ്, കെ.ജി. ജോർജ്ജ്, കാക്കനാടൻ തുടങ്ങി സിനിമയിലെയും സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സമുന്നതരുടെ പ്രിയപ്പെട്ട ലോഡ്ജ്. 1976-ൽ താജിൽ നടന്ന ഏറ്റവും നീണ്ട തൊഴിലാളിസമരത്തെക്കുറിച്ചുകൂടി സൂചിപ്പിച്ചാണ് താജിനെക്കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിച്ചത്.

അശോകലോഡ്ജിനോടൊപ്പം വൈകാരികമായി സഞ്ചരിച്ചത് എഴുത്തുകാരനും നിയോഗം ബുക്‌സിന്റെ സ്ഥാപകനുമായ കെ.എൻ. ഷാജി ആയിരുന്നു. ഇപ്പോൾ സൗത്ത് പാർക്ക് നിൽക്കുന്ന ഭാഗത്തായിരുന്നു അശോകയുടെ ആസ്ഥാനം. യൂണിവേഴ്‌സിറ്റി കോളജിനു നേരേ എതിരേ. കേരളത്തിന്റെ സാംസ്‌കാരികചരിത്രം എഴുതുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത ഒന്നാണ് ലോഡ്ജുകളും അവിടെ ഉടലെടുത്ത സാംസ്‌കാരിക കൂട്ടായ്മകളും - കെ.എൻ. ഷാജി ഓർമ്മിപ്പിച്ചു. ആലുവ യു.സി. കോളജിൽ പഠിക്കുന്ന കാലത്താണ് ഷാജി 'സംക്രമണം' മാസിക ആരംഭിച്ചത്. കോളജിലെ ഷാജിയുടെ സീനിയറായിരുന്നു പ്രിയദാസ് ജി. മംഗലത്ത് ഡിഗ്രി കഴിഞ്ഞ് പ്രിയൻ തിരുവനന്തപുരത്ത് പഠിക്കാൻ വന്നു. തലസ്ഥാനത്തുനിന്നും മാസിക പ്രസിദ്ധീകരിക്കുന്നത് നല്ലതായാരിക്കുമെന്ന പ്രിയന്റെ അഭിപ്രായത്തിനു പിന്നാലേ ഷാജി തിരുവനന്തപുരത്തേക്കു വന്നു. സംക്രമണം മാസികയുടെ മൂന്നാം ലക്കം മുതൽ പ്രസിദ്ധീകരിക്കുന്നത് അശോകയിലെ റൂം നമ്പർ 17-ൽ നിന്നുമാണ്. 'അശോക റൂം നമ്പർ 17' - അക്കാലത്തെ ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും ഒത്തുചേരലുകളുടെ ഊഷ്മളത എപ്പോഴും അവിടെ തങ്ങിനിന്നു. സിംഗിൾ റൂമാണ്. കട്ടിലിലും നിലത്തുമൊക്കെയായി, വരുന്ന അതിഥികൾ ചുരുണ്ടുകൂടും. ജോൺ എബ്രഹാം വന്നാൽ മുറിക്കു പുറത്ത് വെറും നിലത്ത് നീണ്ടുനിവർന്നു കിടക്കും. പി.കെ. ബാലകൃഷ്ണൻ, കാവാലം, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, കെ.ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രൻ, വി.പി. ശിവകുമാർ ഇവരുടെയൊക്കെ ഇഷ്ടകേന്ദ്രമായിരുന്നു അശോക. 1978 മുതൽ മൂന്നു കൊല്ലമായിരുന്നു അശോകലോഡ്ജിൽ ഷാജിയുടെ 'സംക്രമണം'.

'സംക്രമണം' മാസികയ്ക്കായി കേരളത്തിലെ വായനാസമൂഹം കാത്തിരുന്നു എന്നുപറഞ്ഞാൽ അതിശയോക്തിയല്ല. പ്രിയദാസ് ആയിരുന്നു മാസികയുടെ മാനേജിങ് എഡിറ്റർ. പ്രശസ്ത വിവർത്തകനായിരുന്ന വി.കെ. ഉണ്ണിക്കൃഷ്ണൻ എഡിറ്ററായി കുറെക്കാലം പ്രവർത്തിച്ചിരുന്നു.

രാത്രിയിൽ ചീട്ടുകളി, മദ്യപാനം. അന്ന് ഒരു കുപ്പി ഹെർക്കുലീസ് റമ്മിന് പതിമൂന്നു രൂപയേ ഉള്ളൂ. ലോഡ്ജുകൾ രാത്രി വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യും. എവിടത്തെയും ലോഡ്ജുകളുടെ പൊതുസ്വഭാവമാണ് അത്.

അശോകയിൽനിന്നും അതിനു കുറെക്കാലം മുൻപ് എ. അയ്യപ്പന്റെ അക്ഷരം മാസിക പുറത്തിറങ്ങിയിരുന്നു. ഒ.എൻ.വി. കുറുപ്പിന്റെ 'അക്ഷരം' എന്ന കവിത ആ മാസികയുടെ ആദ്യലക്കത്തിനുവേണ്ടി എഴുതിയതാണ്. പി.കെ. ഉത്തമൻ എന്ന പക്ഷിനിരീക്ഷകന് അശോകയിൽ ഒരു മുറിയുണ്ടായിരുന്നു. ലോഡ്ജിന്റെ താഴത്തെ നില സംസ്‌കൃതകോളജിന്റെ ഭൂമിയുടെ നിരപ്പിനൊപ്പമായിരുന്നു പാർത്തിരുന്നത്. അപൂർവമായ മരങ്ങളുടെ ധാരാളിത്തമായിരുന്നു ചുറ്റിനും. അവിടേക്ക് പക്ഷികൾ വിരുന്നുവന്നു. ലോഡ്ജിന്റെ താഴത്തെ നിലയിൽ ഇരുന്നാണ് അപൂർവമായ പക്ഷികളെ താൻ വീക്ഷിച്ചിട്ടുള്ളതെന്ന് പി.കെ. ഉത്തമൻ അനുസ്മരിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിട്ടശേഷവും കെ.എൻ. ഷാജിയുടെ ജീവിതം ലോഡ്ജുകളിൽനിന്നും വിമുക്തമായില്ല. തിരുവനന്തപുരം വിട്ടശേഷമുള്ള പത്തുവർഷം അദ്ദേഹം താമസിച്ചത് എറണാകുളത്തെ ബോസ്ബിഗ് ലോഡ്ജിലായിരുന്നു, തൊട്ടടുത്ത് വീടുണ്ടായിട്ടുകൂടി. 'ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല'. കെ.എൻ. ഷാജി വികാരഭരിതനായാണ് അക്കാലത്തെ ആവിഷ്‌കരിച്ചത്.

താൻ ഏറെക്കാലം താമസിച്ചിരുന്ന ഖദീജ മൻസിൽ എന്ന ലോഡ്ജിനെക്കുറിച്ചു സംസാരിച്ചത് കവി കുരീപ്പുഴ ശ്രീകുമാറായിരുന്നു. ആയുർവേദ കോളജിന് അടുത്തുള്ള ഗാന്ധാരിയമ്മൻ കോവിലിനു സമീപമായിരുന്നു ഖദീജ മൻസിൽ. നിർമ്മിതിയിൽ പ്രത്യേകതകളൊന്നുമില്ലാത്ത രണ്ടുനില കോൺക്രീറ്റ് കെട്ടിടം. കരൂർ ശശി 'സിന്ദൂരം' എന്ന മാസിക നടത്തിയിരുന്നത് ഖദീജയിലാണ്. സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്ന ഇംഗ്ലീഷ്-ഇന്ത്യൻ കവി ജേക്കബ് ഐസക് ഇവിടത്തെ താമസക്കാരിൽ ഒരാളായിരുന്നു. മുരളി പിക്കാടിന്റെ ഫോക്കസ് ബുക്‌സിന് ഇവിടെ കുറെക്കാലം ഇരിപ്പിടം കിട്ടി. ഫോക്കസ് ബുക്‌സ് പ്രസിദ്ധീകരിച്ച എ. അയ്യപ്പന്റെ 'മാളമില്ലാത്ത പാമ്പ്', 'ഖലീൽ ജിബ്രാന്റെ കവിതകൾ', ഇ.എം.എസിനെക്കുറിച്ചുള്ള എ.വി. അനിൽകുമാറിന്റെ 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്നിവയൊക്കെ ഇതിന്റെ മുറികളിലിരുന്ന് വർത്തമാനം പറഞ്ഞിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ ഖദീജ മണ്ണോടടിഞ്ഞു. അതോടെ കുരീപ്പുഴ, പി.എം.ജി.ക്കടുത്തുള്ള പ്രേംവിഹാർ ലോഡ്ജിലേക്ക് കുടിയേറി.

ലോഡ്ജുകൾ ഉണ്ടാക്കിയ സംസ്‌കാരത്തെപ്പറ്റിയും തിരുവനന്തപുരം നഗരത്തിൽ വംശനാശം സംഭവിക്കുന്ന ലോഡ്ജുകളെപ്പറ്റിയും സൂചിപ്പിച്ചുകൊണ്ടായിരുന്നു ഫീച്ചർ അവസാനിപ്പിച്ചത്. ഓരോ ലോഡ്ജിനും ഓരോ ഹൃദയമുണ്ട്. ഓരോ മനസ്സുണ്ട്. പല വിചാരങ്ങളുണ്ട്, വികാരങ്ങളുണ്ട്. അവയെല്ലാം ആ ലോഡ്ജിന്റെ തകർച്ചയോടെ പൂർത്തിയാവുകയാണ്, മടങ്ങിവരാത്തവിധം അവ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോവുകയാണ്.

തിരുവനന്തപുരത്തിന്റെ പഴയകാല ജീവിതത്തെ ആവിഷ്‌കരിച്ച എന്റെ എഴുത്ത് ഗൃഹാതുരത്വമുണർത്തുന്ന ഒന്നായെന്നു പരക്കേ അഭിപ്രായമുണ്ടായി. എഴുതിവന്നപ്പോൾ അതിനൊരു കഥയുടെ ചന്തംവന്നു എന്ന് എനിക്കും തോന്നി. ഫീച്ചർ വായിച്ചശേഷം, രാമനിലയത്തെപ്പറ്റി ചിലതുകൂടി പറയാനുണ്ടായിരുന്നെന്ന് പറഞ്ഞ് അയാൾ ഓർമ്മയെ ശപിച്ചു. അശോകയിലെ തീസിസ് എഴുത്തുകാരൻ ജോർജി ഇമ്മട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അയാൾ വാചാലനായി. ഗവേഷകവിദ്യാർത്ഥികൾക്കെല്ലാം ജോർജിയുടെ മുറി പരിചിതമായിരുന്നു. സയൻസ് വിഷയങ്ങളിൽ തീസിസ് തയ്യാറാക്കാൻ പ്രാഗല്ഭ്യം ജോർജിക്കുണ്ടായിരുന്നു. മറൈൻ എൻജിനീയറിങ്ങിലുള്ള ജോർജി ഇമ്മട്ടിയുടെ സ്വന്തം പിഎച്ച്.ഡി. അപ്പോഴും പൂർത്തിയാകാതെ കിടന്നു. അശോക പൊളിച്ചുമാറ്റിയതിനുശേഷം ജോർജി എങ്ങോട്ടുപോയെന്ന് അറിയില്ല.

ഫീച്ചർ വന്നശേഷം വിട്ടുപോയ ലോഡ്ജുകളെപ്പറ്റി പറഞ്ഞ് സഹപ്രവർത്തകരിൽ ചിലർ പരിഭവിച്ചു. നാമാവശേഷമായിപ്പോയ പ്രശസ്തമായ ചില ലോഡ്ജുകളെ അവഗണിച്ചതിൽ മറ്റുചിലർ പരാതിപ്പെട്ടു. തമ്പാനൂർ റെയിൽവേസ്റ്റേഷൻ കോമ്പൗണ്ടിനോടു ചേർന്ന് ഉണ്ടായിരുന്ന ചരിത്രപ്രസിദ്ധമായ സി.പി. സത്രം അതിലൊന്നാണ്. മഹാകവി പി. കുഞ്ഞിരാമൻനായർ തിരുവനന്തപുരത്തെത്തുമ്പോൾ താമസിച്ചിരുന്നത് അവിടെയാണ്. അദ്ദേഹത്തിന്റെ അന്ത്യവും അവിടെവച്ചായിരുന്നു. ഇപ്പോൾ ആ കെട്ടിടം പൂർണ്ണമായി പൊളിച്ചുകളഞ്ഞ് സ്ഥലം റെയിൽവേസ്റ്റേഷന്റെ ഭാഗമാക്കിയിരിക്കുന്നു. സി.പി. സത്രം വിട്ടുപോകാൻ പാടില്ലാത്ത ഒന്നായിരുന്നെന്ന് ചരിത്രകുതുകികളായ സുഹൃത്തുക്കൾ ഉദയനും പ്രശാന്ത് മിത്രനും അഭിപ്രായപ്പെട്ടു. എഴുതിയതിനെ പുസ്തകരൂപത്തിലേക്ക് വികസിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റിലെ കെ. സജീവ്കുമാറും ആർ. ജയറാമും ജി.എ.ഡി.യിലെ എ. അനിൽകുമാറും നിർദ്ദേശിച്ചു. അതെന്തായാലും എന്റെ ആഗ്രഹങ്ങളിലൊന്നാണ്'.

സ്റ്റാച്യു പി.ഒ.
എസ്.ആർ. ലാൽ
ഡി.സി.ബുക്‌സ്
2018, വില: 160 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP