Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുമ്മനത്തെ ട്രോളിയ മനോരമ ന്യൂസ് റൂമിലേക്ക് വിളിച്ച് തെറിവിളികൾ; ഒന്നുമറിയാത്ത റിപ്പോർട്ടർമാർക്ക് നേർക്കും സൈബർ ആക്രമണം; അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അടിക്കുറിപ്പ് മാത്രം എടുത്ത് പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമെന്ന് വിശദീകരിച്ച് മനോരമ ചാനൽ; സ്‌ക്രോളിങ്ങിൽ ഖേദപ്രകടനം നടത്തിയിട്ടും സൈബർ അറ്റാക്കിന്റെ മൂർച്ഛ കുറയുന്നില്ല

കുമ്മനത്തെ ട്രോളിയ മനോരമ ന്യൂസ് റൂമിലേക്ക് വിളിച്ച് തെറിവിളികൾ; ഒന്നുമറിയാത്ത റിപ്പോർട്ടർമാർക്ക് നേർക്കും സൈബർ ആക്രമണം; അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അടിക്കുറിപ്പ് മാത്രം എടുത്ത് പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമെന്ന് വിശദീകരിച്ച് മനോരമ ചാനൽ; സ്‌ക്രോളിങ്ങിൽ ഖേദപ്രകടനം നടത്തിയിട്ടും സൈബർ അറ്റാക്കിന്റെ മൂർച്ഛ കുറയുന്നില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി കൊണ്ടിറക്കിയ ഉത്തരവിന് പിന്നാലെ മനോരമ നൽകിയ വാർത്തയിൽ കുമ്മനം ഗവർണ്ണർ എന്ന സ്ട്രിപ്പിനൊപ്പം ബ്രാക്കറ്റിൽ ട്രോളല്ല എന്നെഴുതിയത് സൈബർ ലോകത്ത് വൻ വിവാദമാകുന്നു. സംഘപരിവാർ അനുയായികൾ കൂട്ടത്തോടെ മനോരമ ചാനലിനെതിരെ രംഗത്തെത്തി. സൈബർ ലോകത്ത് കടുത്ത വിമർശനമാണ് ചാനലിനെതിരായി നടക്കുന്നത്.

ഇന്നലെ ഒമ്പത് മണി വാർത്തയിലെ ഹെഡ്ലൈനിൽ കുമ്മനം ഗവർണ്ണർ എന്ന സ്ട്രിപ്പിനൊപ്പം ബ്രാക്കറ്റിൽ ട്രോളല്ല എന്നതും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ മിനുട്ടുകൾക്കുള്ളിൽ തന്നെ മനോരമയിലേക്ക് പ്രതിഷേധ സ്വരവുമായി ബിജെപി-ആർഎസ്എസ് അനുഭാവികൾ വിളിച്ച് തുടങ്ങി. സൈബർലോകത്ത് തുടങ്ങിവെച്ച പ്രതിഷേധം പിന്നീട് ചാനലിലേക്കുള്ള ഫോൺവിളികളുടെ രൂപത്തിലായി. ന്യൂസ് ഡെസ്‌ക്കിൽ വിളിച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് നമ്പർ വെച്ചുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ചാനലിലേക്കു ഫോൺവിളികൾ പ്രവഹിക്കാൻ തുടങ്ങിയത്.

ഇത് കൂടാതെ മനോരമയുടെ ഫേസ്‌ബുക്ക് പേജിലുമെത്തെ തെറിവിളികൾ ശക്തമായിരുന്നു. ബ്യൂറോകളിലേക്ക് ഫോണിൽ വിളിച്ചും തെറിവിളികൾ തുടങ്ങി. സൈബർ ലോകത്ത് സംഘടിതമായി തന്നെ ബ്യൂറോകളിലേക്കും റിപ്പോർട്ടർമാർക്കും ഫോൺവിളി എത്തുന്നു. ഗതികെട്ട് പകരും ഫോൺ എടുക്കാതെ ഒഴിവാകേണ്ട അവസ്ഥയിലാണ്. സ്ഥാപനമെന്ന നിലയിൽ ട്രോളിയതിനെതിരെയാണ് സംഘപരിവാർ ആക്രമണം നടക്കുന്നത്.

അതേസമയം, ഉച്ചയോടെ സ്‌ക്രോളിങ്ങിൽ മനോരമ ഖേദപ്രകടനം നടത്തി. അറിഞ്ഞു കൊണ്ടുള്ള തെറ്റല്ല ഇതെന്നു പറഞ്ഞു കൊണ്ടാണ് ചാനൽ ഖേദപ്രകടനം നടത്തിയത്. അടിക്കുറിപ്പ് മാത്രം എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിർഭാഗ്യകരമാണെന്നും ചാനൽ വിശദീകരിച്ചു. വിശദീകരണ കുറിപ്പ് ഇങ്ങനെ:

ഇത് സംബന്ധിച്ച വിശദീകരണ കുറിപ്പും ചാനൽ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. മിസോറം ഗവർണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മനോരമ ന്യൂസാണ്. മറ്റൊരു വിഷയം ചർച്ച ചെയ്യുകയായിരുന്നിട്ടു കൂടി കൗണ്ടർ പോയന്റിൽ റിപ്പോർട്ടറെ അപ്പോൾത്തന്നെ തൽസമയം ഫോണിൽ കൊണ്ടുവന്നു വിവരങ്ങൾ പ്രേക്ഷകരെ അറിയിച്ചു. പത്തു മണിവാർത്തയിൽ ആദ്യതലക്കെട്ട് തന്നെ നൽകി. പിന്നാലെ വിശദമായ റിപ്പോർട്ടും. ബിജെപിക്കും അതിന്റെ നേതാക്കൾക്കും അഭിമാനിക്കാൻ വക നൽകുന്ന നേട്ടം എന്നു തന്നെ ആയിരുന്നു വാർത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും തന്റെ പുതിയ പദവിയെക്കുറിച്ച് തൽസമയം പ്രതികരിച്ചു.

പലതവണ തന്നെ കേന്ദ്രമന്ത്രിയാക്കി വാർത്തകൾ വന്നിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സരസമായ പ്രതികരണം. പുതിയ നിയമനവാർത്തയും തമാശയെന്ന വിധത്തിൽ ആ സമയത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പിൽ 'ട്രോളല്ല' എന്നു ചേർത്തത്. ട്രോളുകളിലൂടെ കുമ്മനത്തെ നിരന്തരം ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അക്കാര്യത്തിൽ അദ്ദേഹത്തിനുള്ള വേദന പങ്കിടുന്നതിന് മാത്രമായി ഒരു അരമണിക്കൂർ പരിപാടി സംപ്രേഷണം ചെയ്ത ചാനലാണ് മനോരമ ന്യൂസ്. ട്രോളുകളെ ഗൗരവത്തിൽ എടുക്കില്ലെന്നും തമാശയായി മാത്രം കണ്ടാൽ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടിക്കുറിപ്പ് മാത്രം എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിർഭാഗ്യകരമാണ്. - ചാനൽ വിശദീകരിച്ചു.

അതേസമയം കുമ്മനത്തെ പ്രശസ്തനാക്കിയതിൽ ട്രോളുകൾക്കും സൈബർ സഖാക്കൾക്കുമുള്ള പങ്കു വളരെ വലുതാണ്. നെഗറ്റീവാകാൻ വേണ്ടി ചെയ്തതെല്ലാം കുമ്മനത്തിന് പോസിറ്റീവായി ഭവിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ട്വിറ്ററിലടക്കം കുമ്മനത്തെ പ്രചരിപ്പിച്ച് ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയതോടെ അദ്ദേഹം വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കുമ്മനം ഫേസ്‌ബുക്കിലോ ട്വിറ്ററിലോ എന്തു പറഞ്ഞാലും അതിനടിയിൽ പോയി ചിരി ഇമോജി ഇടുന്നതും അപഹസിക്കുന്ന കമന്റുകളിടുന്നതും പതിവാക്കിയ ആയിരക്കണക്കിന് സഖാക്കളുണ്ട്്. കുമ്മനടി, കുമ്മോജി, കുമ്മനാന തുടങ്ങിയ നിരവധി പദങ്ങളും അദ്ദേഹത്തെ കളിയാക്കി ഉടലെടുത്തു.

ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരിടത്തും നേരിടാത്തവിധമുള്ള സൈബർ അക്രമണത്തിന് ഇരയായിരുന്നു അദ്ദേഹം. എന്നാൽ ഇതിലൂടെ കുമ്മനത്തിന്റെ റീച്ച് കൂടുകയും അദ്ദേഹം കൂടുതൽ പ്രശസ്തനാവുകയുമായിരുന്നു എന്നതാണ് വാസ്തവം. സോഷ്യൽമീഡിയയിൽ അൽപ്പമെങ്കിലും ജ്ഞാനമുള്ള എല്ലാവർക്കും കുമ്മനത്തെ സുപരിചിതനാക്കി എന്നതാണ് സൈബർ സഖാക്കളെക്കൊണ്ടുണ്ടായ ഗുണം. ട്വിറ്ററിലും ഇത് തുടർന്നതോടെ ദേശീയ തലത്തിലും കുമ്മനത്തിന് നല്ല റീച്ചുണ്ടായി. ഇതിനിടെയാണ് ട്രോളുന്നത് ഹരമാക്കിയവരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം മിസോറാം ഗവർണറാകുന്നത്. ഞെട്ടൽ വിട്ടുമാറിയതോടെ വീണ്ടും ആവേശപൂർവം ട്രോളുകൾ വരുന്നുണ്ടെങ്കിലും അതൊന്നും കുമ്മനത്തിന്റെ അധികാരലബ്ധിയെ ഒരുതരത്തിലും ബാധിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP