Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ്പാ വൈറസ്: ഒരുമരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന പാലാഴി സ്വദേശി എബിൻ; ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ജൂൺ അഞ്ചിനകം പുതിയ കേസുകൾ വന്നില്ലെങ്കിൽ നിപ്പയുടെ വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് ആരോഗ്യ വകുപ്പ്

നിപ്പാ വൈറസ്: ഒരുമരണം കൂടി; മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന പാലാഴി സ്വദേശി എബിൻ; ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ജൂൺ അഞ്ചിനകം പുതിയ കേസുകൾ വന്നില്ലെങ്കിൽ നിപ്പയുടെ വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് ആരോഗ്യ വകുപ്പ്

ജാസിം മൊയ്തീൻ

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. പാലാഴി സ്വദേശി എബിൻ (26) ആണ് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

പാലാഴി നാരാട്ട് സുരേഷിന്റെ മകനാണ് അബിൻ് മാതാവ് പ്രേമലത. സഹോദരി അമൃത. മൃതദേഹം ഇന്ന് (ഞായർ) വൈകുന്നേരം ആറു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ പ്രത്യേക സുരക്ഷ സംവിധാനത്തോടെ സംസ്‌കരിക്കും. പാലാഴിയിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു അബിൻ.

കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി.

ആറു പേരാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇവർക്ക് ആർക്കും തന്നെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ ആകെ 15 പേർക്കാണ് നിപ്പാ ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. ആദ്യം മരിച്ച സാബിത്തിനെ കൂടാതെയാണിത്. സാബിത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല.

നിപ്പ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളിൽ പോയവരുമായ വ്യക്തികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. പരമാവധി ജാഗ്രത പുലർത്തുക എന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

നിരീക്ഷണത്തിലുള്ള മുഴുവൻ പേരെയും നിപ്പ വൈറസ് ബാധ പരിശോധിക്കുന്നത് ആരോഗ്യവകുപ്പ് നിർത്തിവെച്ചു. രോഗലക്ഷണം ഇല്ലാത്ത ഇവരെ പരിശോധിച്ചാൽ ഫലം നെഗറ്റീവാകും എന്നതിനാലാണിത്. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരിൽ നിന്നുള്ള സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.

സംസ്ഥാനത്തെയാകെ ഭീതിയിലാഴ്‌ത്തിയ നിപ്പവൈറസിന്റെ ഇൻക്യുബേഷൻ പീരിഡ് കണക്കിലാക്കിയാൽ രോഗത്തിന്റെ അടുത്ത തിരയുണ്ടെങ്കിൽ അത് അഞ്ച് ദിവസത്തിനകം പ്രത്യക്ഷമാകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ അഞ്ചിനകം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ രോഗത്തിന് കാരണമായ വൈറസിന്റെ വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരും ആരോഗ്യ പ്രവർത്തകരും കണക്കുകൂട്ടുന്നത്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെയും ആശുപത്രികളെയും സംബന്ധിച്ച് വളരെ പ്രധാനമായ ദിവസങ്ങളാണ്. നിലവിൽ ചികിത്സയിലുള്ള രണ്ട് പേർക്കാണ് അസുഖം സ്ഥിതീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇവരുമായി ബന്ധമുള്ളവരെയാണ് ഇപ്പോൾ നിരീക്ഷിക്കുന്നത്. ഇൻക്യുബേഷൻ പിരീഡിന്റെ കണക്കനുസരിച്ച് ഇപ്പോൾ ചികിത്സയിലുള്ള ആളുകളിൽ നിന്ന് വൈറസ് പടർന്നിട്ടുണ്ടെങ്കിൽ പരമാവധി ജൂൺ അഞ്ചിനകം അവർ ലക്ഷണങ്ങൾ കാണക്കുകയോ അസുഖം വരികയോ ചെയ്യണം.

ജൂൺ അഞ്ചിനകം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇപ്പോൾ ചികിത്സയിലുള്ള രണ്ട് പോരുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത മറ്റൊരാൾ ഇനി അസുഖമായി വരാതിരുന്നാലും സംസ്ഥാനത്ത് നിപ്പാവൈറസിന്റെ വ്യാപനം അവസാനിച്ചതായി വേണം കണക്കുകൂട്ടാൻ. നിലവിൽ അസുഖം സ്ഥിരീകരിച്ച ചികിത്സയിലുള്ളവരുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്. ഏതെങ്കിലും രീതിയിൽ അവർക്ക് വൈറസ് ബാധയേറ്റിട്ടുണ്ടെങ്കിൽ അത് മറ്റൊരാളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായിട്ടാണിത്.

ഇതിന്റെ ഭാഗമായാണ് ഇപ്പോൾ തിരക്കിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് രോഗികളടക്കമുള്ളവരെ ഒഴിപ്പിക്കുന്നതും മറ്റ് മുൻകരുതലുകൾ ശക്തമാക്കിയിട്ടുള്ളതും. ഇനി സ്ഥിതിഗതികൾ ഏറ്റവും സങ്കീർണമാകാൻ ഒരേയൊരു സാധ്യതയാണുള്ളത്. അത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുമായി ബന്ധമില്ലാത്ത മറ്റൊരാളിൽ ഈ അസുഖം സ്ഥിരീകരിച്ചാലാണ്. അങ്ങനെയെങ്കിൽ അയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും വീണ്ടും സമയമെടുക്കും. ഇതൊഴിവാക്കാനാണ് കോഴിക്കോട് മെഡിക്കൽ കോളേജുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP