Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പിണറായി താങ്കൾ ആഭ്യന്തരവകുപ്പ് ഒഴിയണം; നിങ്ങളുടെ ധാർഷ്ട്യത്തെ ഞങ്ങൾ ജനം പുല്ല് പോലെ പുച്ഛിച്ച് തള്ളുന്നു'; പിണറായി വിജയനെ ചൊടിപ്പിച്ചത് സൂപ്പർ പ്രൈംടൈമിലെ സ്മൃതി പരുത്തിക്കാടിന്റെ കടുത്ത വിമർശനവും; മുഖ്യമന്ത്രിയെ വിമർശിച്ച വാർത്താ ചർച്ചക്ക് പിന്നാലെ അവതാരകയ്ക്ക് നേരെ സൈബർ ആക്രമണം

'പിണറായി താങ്കൾ ആഭ്യന്തരവകുപ്പ് ഒഴിയണം; നിങ്ങളുടെ ധാർഷ്ട്യത്തെ ഞങ്ങൾ ജനം പുല്ല് പോലെ പുച്ഛിച്ച് തള്ളുന്നു'; പിണറായി വിജയനെ ചൊടിപ്പിച്ചത് സൂപ്പർ പ്രൈംടൈമിലെ സ്മൃതി പരുത്തിക്കാടിന്റെ കടുത്ത വിമർശനവും; മുഖ്യമന്ത്രിയെ വിമർശിച്ച വാർത്താ ചർച്ചക്ക് പിന്നാലെ അവതാരകയ്ക്ക് നേരെ സൈബർ ആക്രമണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കടുത്ത വിമർശനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും ചൊടിപ്പിട്ടിച്ചുണ്ട് എന്നത് വളരെ വ്യക്തമാണ്. ഇന്നലെ വിനു വി ജോൺ നയിച്ച ചർച്ചയിലും മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് കടുത്ത മറുപടി തന്നെ നൽകിയിരുന്നു. ഈ ചർച്ചക്ക് ശേഷം ഇന്നും പിണറായി ആവർത്തിച്ചത് മാധ്യമപ്രവർത്തകർ വിധികർത്താക്കളാകേണ്ട എന്നാണ്. എന്തായാലും മുഖ്യമന്ത്രിയെ ചൊടിപ്പിച്ച വാർത്താ ചർച്ചകളുടെ കൂട്ടത്തിൽ മാതൃഭൂമി ന്യൂസിലെ അവതാരക സ്മൃതി പരുത്തിക്കാടുമുണ്ട്.

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് മാതൃഭൂമി ന്യൂസിലെ സൂപ്പർ പ്രൈംടൈമിൽ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രസ്താവന പോലെ പറഞ്ഞിരുന്നു. സുരക്ഷ വേണ്ടത് മുഖ്യമന്ത്രിക്കോ എന്നാണ് സൂപ്പർ പ്രൈംടൈം ഇന്നലെ ചർച്ച ചെയ്തത്. ഈ ചർച്ച സൈബർ സഖാക്കളെയും ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ഈ ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ സ്മൃതി പരുത്തിക്കാടിന്റെ ഫേസ്‌ബുക്ക് പേജിൽ സൈബർ സഖാക്കളുടെ തെറിവിളിയുമായി വിമർശനം തുടർന്നു. സ്മൃതിയെ അസഭ്യം പറഞ്ഞും രാഷ്ട്രീയം പഠിപ്പിച്ചു കൊണ്ടുമാണ് വിമർശനം. സ്മൃതി മാർച്ച് മൂന്നിന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലും പ്രൊഫൈൽ പിക്ചറിന് കീഴിലുമാണ് സൈബർ സഖാക്കളുടെ അസഭ്യ പ്രകടനം.

ഇന്നലെ സൂപ്പർ പ്രൈം ടൈമിൽ മുഖ്യമന്ത്രി ഒരു പരാജയമാണെന്ന വിധത്തിലാണ് അഭിപ്രായം പ്രകടിപ്പിച്ചത്. താങ്കളുടെ കീഴിലുള്ള പൊലീസ് താങ്കളുടെ നിയന്ത്രണത്തിലല്ല എന്നുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് താങ്കൾ ആഭ്യന്തരവകുപ്പ് ഒഴിയണം. കെവിൻ എന്ന ദളിത് യുവാവ് ജാതിക്കൊലയുടെ ഇരയായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. മകനെ കാണാനില്ലെന്ന് ഇന്നലെ കെവിന്റെ പിതാവ് പുലർച്ചെയും ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ നീനു രാവിലെ 11 മണിക്കും നൽകിയ പരാതിയിൽ ഉടൻ അന്വേഷണം നടത്താതെ താങ്കൾക്ക് കാവലിനോടിയ പൊലീസ് നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി താങ്കൾ ആഭ്യന്തരം ഒഴിയണം.- സ്മൃതി പറഞ്ഞു.

ഉടൻ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ തിരിച്ചു കിട്ടിയേനെ എന്നുള്ള കെവിന്റെ മാതാപിതാക്കളുടെ കണ്ണീരിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി താങ്കൾ കസേര ഒഴിയണം. അല്ലാതെ താങ്കളുടെ സുരക്ഷാ ചുമതല ഉള്ളതുകൊണ്ട് തിരച്ചിൽ നടത്തിയില്ല എന്നുള്ള പൊലീസ് വാദം ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമ പ്രവർത്തകയുടെ ചാനൽ അന്വേഷിച്ച് വിരട്ടാമെന്ന് കരുതിയാൽ താങ്കൾക്ക് തെറ്റി. താങ്കളുടെ ധാർഷ്ട്യം ഞങ്ങൾ ജനം പുല്ലു പോലെ പുച്ഛിച്ച് തള്ളുകയാണ്. ശ്രീ പിണറായി വിജയൻ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നെന്ന മേനി പറയുന്ന താങ്കൾ ഞങ്ങൾക്കുള്ള സുരക്ഷ കൂടി താങ്കൾക്ക് ചുറ്റും വിന്യസിക്കുമ്പോൾ ഞങ്ങൾ ജനം താങ്കളെ നോക്കി പുച്ഛിക്കുകയാണ്. അക്രമികളുടെ പേരും നമ്പരും അടക്കം നൽകിയിട്ടും അവരെ തിരയാൻ പോകാതെ നിന്ന പൊലീസ് താങ്കൾക്ക് കാവൽ നിൽക്കാൻ ഓടുകയായിരുന്നു. കെവിന്റെ ജീവൻ രക്ഷിക്കേണ്ടിയിരുന്ന പൊലീസ് കളങ്കിത സുവിശേഷകൻ തങ്കു പാസ്റ്ററുടെ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ താങ്കൾക്ക് കവചം ഒരുക്കുകയായിരുന്നു.

താങ്കളാവട്ടെ സ്വന്തം ഭരണത്തെ ക്രിസ്തുവിനോട് ഉപമിച്ച് സ്വയം കമ്മ്യൂണിസ്റ്റ് ക്രിസ്തുദേവൻ ആകുകയായിരുന്നു. രോഗശാന്തി തട്ടിപ്പും വെട്ടിപ്പുമായി കഴിയുന്ന നിരവധി കേസുകളിൽപ്പെട്ട തങ്കു പാസ്റ്ററും താങ്കളും തമ്മിൽ എന്താണ്. കേരളത്തിലെ സാധാരണക്കാരോട് പാവങ്ങളോട് ദളിതരോട് ഇല്ലാത്ത ഐക്യപ്പെടൽ എന്താണ് താങ്കൾക്ക് തങ്കുപാസ്റ്ററുമായി. നിയമക്രമസമാധാന പാലനത്തിൽ ഒന്നാം സ്ഥാനമെന്ന വൻപരസ്യം രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ നൽകിയ ദിവസം തന്നെ താങ്കളുടെ ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ ജനം എണ്ണിയെണ്ണി ചർച്ച ചെയ്യുകയാണ്. ശ്രീജിത്തിനും വിദേശ വനിതയ്ക്കും പിന്നാലെ പൊലീസ് അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ പട്ടികയിലേക്ക് കെവിൻ എന്ന ദളിത് യുവാവ് കൂടി എത്തുമ്പോൾ സൂപ്പർ പ്രൈംടൈം ഇന്ന് ചോദിക്കുന്ന ഒറ്റ ചോദ്യമിതാണ് സുരക്ഷ വേണ്ടത് മുഖ്യമന്ത്രിക്കോ?

ഈ ചർച്ചയിൽ മുഖ്യമന്ത്രിയെ വിലയിരുത്തി കൊണ്ടാണ് സ്മൃതി ചർച്ച നയിച്ചത്. ഈ വിമർശനത്തിന്റെ പേരിൽ കടുത്ത അവഹേളനമാണ് അവർ സൈബർ ലോകത്ത് നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP