Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛനോട് പിണങ്ങി കഴിയുന്ന അമ്മ പലപ്പോഴും ഭക്ഷണം പോലും നൽകില്ല; വിശപ്പ് സഹിക്കാനാവാതെ വല്ല്യച്ഛന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു മടങ്ങവേ പാടത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങി; പൊലിഞ്ഞത് എട്ടും ആറും വയസ് വീതമുള്ള രണ്ട് മാലാഖമാരുടെ ജീവിതം: മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

അച്ഛനോട് പിണങ്ങി കഴിയുന്ന അമ്മ പലപ്പോഴും ഭക്ഷണം പോലും നൽകില്ല; വിശപ്പ് സഹിക്കാനാവാതെ വല്ല്യച്ഛന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു മടങ്ങവേ പാടത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങി; പൊലിഞ്ഞത് എട്ടും ആറും വയസ് വീതമുള്ള രണ്ട് മാലാഖമാരുടെ ജീവിതം: മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: പുത്തനുടുപ്പും പുസ്തകവുമായി എല്ലാ കുട്ടികളേയും പോലെ അഭിജിത്തും ലക്ഷ്മിപ്രിയയും സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു വെള്ളിയാഴ്ച. എന്നാൽ മരണത്തിലേക്ക് നടന്ന് നീങ്ങാനായിരുന്നു അവരുടെ വിധി. കുമളിയിൽ കുളത്തിൽ മുങ്ങി മരിച്ച രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ഓർമ്മയിൽ തേങ്ങുകയാണ് നാട്ടുകാരും വീട്ടുകാരും. സഹോദരങ്ങളായ ഇവരെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുമളി ചെങ്കര ആനക്കുഴി എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ അനീഷിന്റെയും എസക്ക്യാമ്മയുടെയും മക്കളാണ് അഭിജിത്ത് എന്ന എട്ടു വയസ്സുകാരനും ലക്ഷ്മി പ്രിയ എന്ന ആറു വയസ്സുകാരിയും.

മാസങ്ങളായി അച്ഛനോട് പിണങ്ങി കഴിയുന്ന അമ്മയ്‌ക്കൊപ്പമായിരുന്നു ഇരുവരുടേയും താമസം. പലപ്പോഴും അമ്മ വിശപ്പിന് മാത്രം ഭക്ഷണം പോലും നൽകിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ എല്ലാവരും സ്‌കൂളിലേക്ക് പോയപ്പോൾ ഇരുവരും വീട്ടിൽ തന്നെ ഇരുന്നു. ഉച്ചയോടെ ഇവർ താമസിക്കുന്ന ലയത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള വല്ല്യച്ഛന്റെ വീട്ടിൽചെന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ തിരികെയെത്തിയില്ല. കുമളി പൊലീസും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ വല്യച്ഛന്റെ വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിൽ കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് പൊലീസ് സമീപത്തുള്ള കുളങ്ങളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആനക്കുഴി യേശുരാജിന്റെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അതേസമയം കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള ഈ കുളത്തിലേക്കു ദുർഘടമായ വഴിയിലൂടെ കുട്ടികൾ പോകാനുള്ള സാധ്യത വിരളമാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. തോട്ടം തൊഴിലാളിയായ വല്യമ്മ സരസ്വതി, ഉച്ചയ്ക്കു വീട്ടിലെത്തി കുട്ടികൾക്കു ഭക്ഷണം നൽകിയശേഷം ജോലി സ്ഥലത്തേക്കു മടങ്ങി. വല്യച്ഛൻ രാജൻ വീട്ടിൽ എത്തിയപ്പോഴാണു കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്നു നാട്ടുകാരും പൊലീസും പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പത്ത് അടിയിലേറെ താഴ്ചയുള്ള പടുതാക്കുളത്തിന്റെ മൂടിയുടെ ഒരു ഭാഗം നീങ്ങിയ നിലയിലായിരുന്നു. മൂടി നീക്കി പരിശോധിച്ചപ്പോഴാണു കുട്ടികളെ അതിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ മുങ്ങിമരണമാണെന്നു സ്ഥിരീകരിച്ചതായി കുമളി എസ്‌ഐ പ്രശാന്ത് പി.നായർ പറഞ്ഞു. എന്നാൽ കുട്ടികൾ വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും ഇതു ദുരൂഹതയുണർത്തുന്നതാണെന്നുമാണു ബന്ധുക്കളുടെ ആരോപണം.

കുട്ടികൾ രണ്ടുപേരും ഡൈമുക്ക് ലൂർദ് എൽ.പി. സ്‌കൂളിലെ മൂന്നും രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികളാണ്. ആനക്കുഴിയിലുള്ള എസക്യാമ്മയുടെ ലയത്തിലായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. എസക്യാമ്മ ഭർത്താവുമായി മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. തമിഴ് വംശജരാണ്. ഇരുവരുടേയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.

വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടി മരിച്ചെന്നാണ് മൃതദേഹ പരിശോധനാ റിപ്പോർട്ട്. പത്തടിയോളം താഴ്ചയുള്ളതാണ് പടുതാക്കുളം. ഏലത്തിന് ജലസേചനത്തിനായി കുളംനിറയെ വെള്ളം സംഭരിച്ചിരുന്നു. കട്ടപ്പന ഡിവൈ.എസ്‌പി. രാജ്‌മോഹന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ 10-ന് ആനക്കുഴി എച്ച്.എം.എൽ. പൊതുശ്മശാനത്തിൽ ഇരുവരുടെയും ശവസംസ്‌കാരം നടത്തും.

ഏതാനും നാളുകളായി അനീഷും എസക്കിയമ്മയും വേർപിരിഞ്ഞു കഴിയുകയാണ്. കുട്ടികൾ എസക്കിയമ്മയ്‌ക്കൊപ്പം ആനക്കുഴിയിൽ എസ്റ്റേറ്റ് ലയത്തിലാണു താമസിച്ചിരുന്നത്. ഇതിനു സമീപത്തു തന്നെയാണ് എസക്കിയമ്മയുടെ മാതാപിതാക്കളും താമസിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഇന്നു 10ന് ആനക്കുഴി പുതുവലിലെ ശ്മശാനത്തിൽ സംസ്‌കരിക്കും. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP