Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപേക്ഷിച്ചു പോകാൻ പറ്റുന്നില്ല... ശ്ലീഹാക്കാലം 3-ാം ഞായർ; ലൂക്കാ 10:25-37

ഉപേക്ഷിച്ചു പോകാൻ പറ്റുന്നില്ല... ശ്ലീഹാക്കാലം 3-ാം ഞായർ; ലൂക്കാ 10:25-37

ഡോ. ജെ. നാലുപാറയിൽ എംസിബിഎസ്

ശോ പറഞ്ഞ നല്ല സമരിയക്കാരന്റെ കഥയാണ് ഇന്നത്തെ സുവിശേഷം. അതിന്റെ പശ്ചാത്തലം ഒരു നിയമജ്ഞന്റെ ചോദ്യമാണ്: ''നിത്യ ജീവൻ അവകാശമാക്കാൻ എന്തു ചെയ്യണം?'' (ലൂക്കാ 10: 25). നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന ഈശോയുടെ ചോദ്യത്തിന് നിയമജ്ഞൻ, ദൈവസ്നേഹത്തെയും അയൽക്കാരനോടുള്ള സ്നേഹത്തെയും എടുത്തു പറയുന്നു.

അപ്പോഴാണ് അയാളുടെ അടുത്ത ചോദ്യം - ''ആരാണ് എന്റെ അയൽക്കാരൻ?'' (ലൂക്കാ 10: 29). ഈ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈശോ സമരിയക്കാരന്റെ കഥ പറയുന്നത്. എന്നാൽ കഥയുടെ അവസാനമാകുമ്പോൾ ഈശോ പറയുന്ന ഉത്തരമാണ് കൗതുകകരം. ആരാണ് എന്റെ അയൽക്കാരൻ എന്ന് ചോദിക്കുന്ന ചോദ്യ കർത്താവിനോട് ഈശോ പറയുന്നത്, നീ അയൽക്കാരനായിത്തീരുക എന്നാണ് (ലൂക്കാ 10: 36-37). ''നീയും പോയി അങ്ങനെ ചെയ്യുക'' (10: 33) എന്നു പറഞ്ഞാൽ 'നീ അയൽക്കാരനായിത്തീരുക' എന്നു തന്നെയാണ് അർത്ഥം.

അങ്ങനെയെങ്കിൽ എങ്ങനെയാണ് ഒരാൾക്ക് അയൽക്കാരനായിത്തീരാൻ പറ്റുന്നത്? എങ്ങനെയാണ് എനിക്ക് അയൽക്കാനായിത്തീരാൻ പറ്റുന്നത്? ഈശോ പറയുന്ന കഥയിലെ മുറിവേറ്റവന്റെ മുമ്പിലൂടെ മൂന്ന് കഥാപാത്രങ്ങളാണ് കടന്നു പോകുന്നത്.

ആദ്യം വന്ന പുരോഹിതൻ മുറിവേറ്റവനെക്കണ്ടിട്ട്, 'മറുവശത്തു കൂടെ കടന്നു പോയി' (10:31). അതുപോലെ തന്നെ ലേവായനും അവനെ കണ്ടെങ്കിലും 'മറുവശത്തുകൂടെ കടന്നു പോയി' (10:32). എന്നാൽ നേരെ മറിച്ച് സമരിയക്കാരൻ അവനെക്കണ്ടിട്ട് 'കടന്നു പോയില്ല.' പകരം അവൻ എന്താണ് ചെയ്തത്?

സമരിയക്കാരൻ അവൻ കിടന്ന സ്ഥലത്ത് വന്ന് അവരെക്കണ്ട് അനുകമ്പ തോന്നി അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചു കെട്ടി... (10: 33 34)

അതായത് മറ്റു രണ്ടുപേരും കടന്നു പോകുമ്പോൾ സമരയക്കാരന് മുറിവേറ്റവനെ കണ്ടിട്ട് കടന്നു പോകാൻ കഴിഞ്ഞില്ല. മൃതപ്രായനായവനെ കടന്നു പോകാൻ പറ്റാത്തവിധം അവനുമായി സമരിയക്കാരൻ ഒരു ഹൃദയബന്ധത്തിലാകുന്നു. ആ ഹൃദയബന്ധത്തെയാണ് 'അനുകമ്പ' അഥവാ ഹൃദയാലിവ് എന്ന് ഈശോ പേരു വിളിക്കുന്നത് (10:33).

അങ്ങനെയെങ്കിൽ അയൽക്കാരനാകണമെങ്കിൽ എന്തു ചെയ്യണം? മുറിവേറ്റവരുമായി ഹൃദയബന്ധത്തിലാകാൻ സാധിക്കണം. അവരെ ഉപേക്ഷിച്ച് കടന്നു പോകാൻ പറ്റാത്ത വിധത്തിലുള്ള ഒരു ഹൃദയബന്ധം അവരുമായി നീ ഉണ്ടാക്കണം. അപ്പോഴാണ് നീ അയൽക്കാരനായി രൂപാന്തരപ്പെടുന്നത്.

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമാണ് 'ആഹ്ലാദിച്ച് ആനന്ദിച്ചാലും.' അതിന്റെ 98ാം മത്തെ നമ്പരിൽ പറയുന്ന ഉദാഹരണം (ഓഡിയോ കേൾക്കുക)

മുറിവേറ്റവരും, അഗതികളും, അവശരും നമ്മുടെ ചുറ്റിലുമുണ്ട്. അവരെ കാണുമ്പോൾ കടന്നു പോകാൻ നിനക്ക് കഴിയാതിരിക്കണമെങ്കിൽ അവരുമായി നീ ഹൃദയബന്ധം വളർത്തിയെടുക്കണം. അതായത് മുറിവേറ്റവനിൽ നിനക്കു നിന്റെ സ്വന്തം സഹോദരനെ കാണാനാവണം. അപ്പോഴാണ് നിനക്ക് കടന്നു പോകാൻ പറ്റാതെ വരുന്നത്. അപ്പോഴാണ് നീ അവന്റെ അയൽക്കാരനായിത്തീരുന്നത്.

ഇങ്ങനെ അയൽക്കാരനായിത്തീർന്നാൽ എന്താണ് സംഭവിക്കുക? ''ഇതനുസരിച്ച് പ്രവർത്തിക്കുക. നീ ജീവിക്കും'' (10: 28) അയൽക്കാരനായിത്തീർന്നാൽ 'നീ ജീവിക്കുമെന്നു സാരം.' ഈശോ പറയുന്നത്, നിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു തന്നെയാണ്. അയൽക്കാരനായിത്തീർന്നാൽ നിന്റെ ഇപ്പോഴത്തെ ജീവിതം കൂടുതൽ സജീവമാകും. നീ പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കുന്നവനായിത്തിരും.

ഈയിടെ യൂട്യൂബിൽ കണ്ട അജ്ഞലി ടീച്ചറിന്റെയും മനുവിന്റെയും കഥ (ഓഡിയോ കേൾക്കുക)

മുറിവേറ്റവർ, ജീവൻ നഷ്ടപ്പെട്ടവർ, ജീവിതം നഷ്ടപ്പെടുന്നവർ നമ്മുടെ ചുറ്റിലുമുണ്ട്. അവരെ കണ്ടിട്ടും കടന്നു പോകുക എന്നത് പലപ്പോഴും നമ്മുടെ സ്വഭാവികമായ പ്രതികരണാണ്. അങ്ങനെ കടന്നു പേകാനാവാത്തവിധം ഒരു വൈകാരികബന്ധം അവരുമായി ഉണ്ടാക്കിയെടുക്കുന്നിടത്താണ് ജീവൻ ഉണ്ടാകുന്നത്. ആർക്ക്? അവർക്കല്ല മറിച്ച് നിനക്ക് ജീവനുണ്ടാകുന്നത് അപ്പോഴാണ്. നീ യതാർത്ഥത്തിൽ ജീവിക്കുന്നവനാകുന്നത് അപ്പോഴാണ്.

അങ്ങനെയെങ്കിൽ കഥയിലെ പുരോഹിതനും ലേവായനമോ? അവർ മൃതരാണ്, ജീവനില്ലാത്തവരാണ്. ഇപ്പോഴും ആത്മീയ മേഖലയിലും ഭക്തിയുടെ മേഖലയിലും നിൽക്കുന്നവരിൽ പലരും മൃതരാണെന്നാണ് കഥ മുമ്പോട്ടു വയ്ക്കുന്ന സൂചന.

യഥാർത്ഥത്തിൽ ജീവനുള്ളവനാണെങ്കിൽ മുറിവേറ്റവനെയും അഗതിയെയും കാണുമ്പോൾ ഹൃദയത്തിൽ നൊമ്പരപ്പെടാനും മനസ്സലിയാനും നിനക്ക് കഴിയണം. അവരെ ഉപേക്ഷിക്കാനാവാത്തവിധം ഒരു വൈകാരിക ബന്ധം അവരുമായി വളർന്നു വരണം. അപ്പോഴാണ് നിന്നിൽ ജീവൻ വയ്ക്കുന്നത്. നീ അയൽക്കാരനായി മാറുന്നത്.

കഥയ്ക്കു മുമ്പുള്ള നിയമജ്ഞന്റെ ചോദ്യം നമ്മൾ ഓർക്കണം - ''നിത്യജീവൻ അവകാശമാക്കാൻ എന്തു ചെയ്യണം?'' (10:25). ഈശോ പറയുന്നത്, ഇവിട ജീവൻ വയ്ക്കണമെങ്കിൽതന്നെ നീ അയൽക്കാരനാകണം. അങ്ങനെ നിന്നിൽ ജീവൻ വളർന്ന് ശക്തി പ്രാപിച്ചാൽ മരണം വരുമ്പോൾ മരണത്തിനു പോലും നിന്നിലെ ജീവനെ കീഴ്പ്പെടുത്താനാവില്ല. നിന്റെ ജീവൻ നിത്യതയിലേക്ക് വളർന്ന് വ്യാപിക്കും. നീ നിത്യ ജീവൻ അവകാശമാക്കുന്നവനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP