Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളം കണ്ട ഏറ്റവും വലിയ ഗായകനല്ല ഞാൻ; ഭാഗ്യമുള്ള ഒരു പാട്ടുകാരൻ മാത്രമാണ്; ക്യാമറയുടെ മുൻപിലിരുന്ന് ഞാൻ അറിയാതെ കരഞ്ഞു പോയിട്ടുണ്ട്: ഒരാഴ്ചത്തെ യുകെ പര്യടനം കഴിഞ്ഞു മടങ്ങും മുമ്പ് ജി വേണുഗോപാൽ മറുനാടൻ മലയാളിയോട് മനസു തുറക്കുമ്പോൾ

മലയാളം കണ്ട ഏറ്റവും വലിയ ഗായകനല്ല ഞാൻ; ഭാഗ്യമുള്ള ഒരു പാട്ടുകാരൻ മാത്രമാണ്; ക്യാമറയുടെ മുൻപിലിരുന്ന് ഞാൻ അറിയാതെ കരഞ്ഞു പോയിട്ടുണ്ട്: ഒരാഴ്ചത്തെ യുകെ പര്യടനം കഴിഞ്ഞു മടങ്ങും മുമ്പ് ജി വേണുഗോപാൽ മറുനാടൻ മലയാളിയോട് മനസു തുറക്കുമ്പോൾ

രശ്മി പ്രകാശ്‌

ലയാളികളുടെ മനസിലേക്ക് തണുപ്പു പോലെ പതിയെ പടരുന്ന രാഗാലാപനമാണ് ജി വേണു ഗോപാലിന്റേത്. കഴിഞ്ഞ 35 വർഷമായി മലയാളി സിനിമയുടെ പിന്നണി ഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന ഈ ഗായകൻ പ്രണയത്തിന്റെ വശ്യ സുഗന്ധമായും വിരഹത്തിന്റെ നേർത്ത നോവായും വിഷാദത്തിന്റെ അശ്രുപുഷ്പമായും താരാട്ടിന്റെ തുവൽസ്പർശമായും ഒക്കെയാണ് മലയാളി മനസുകളിലേക്ക് ചേക്കേറിയത്. തിരക്കിട്ട സംഗീത ജീവിതത്തിനിടയിൽ നിന്നും ഒരാഴ്ച പര്യടനത്തിന് യുകെയിലെത്തിയ ജി വേണുഗോപാൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മറുനാടൻ മലയാളിയിലൂടെ.

അനുകരണങ്ങൾക്കപ്പുറമാണ് ഈ ആർദ്ര ഗായകൻ. സംഗീതലോകത്തെ മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വാക്കിലും പെരുമാറ്റത്തിലും നിറഞ്ഞ ലാളിത്യം മാത്രം. മൂന്ന് തവണ മികച്ചഗായകനുള്ള സംസ്ഥാന അവാർഡും മറ്റു നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുള്ള ജി വേണുഗോപാൽ അനുഗ്രഹീത സംഗീതജ്ഞരുടെ പരമ്പരയിലാണ് ജനിച്ചത്.

സംഗീത ലോകത്തെ 35 വർഷങ്ങൾ യുകെ മലയാളികളോടൊപ്പം ആഘോഷിക്കാനാണ് വേണുഗോപാൽ വേണുഗീതവുമായി യുകെയിൽ എത്തിയത്. ഗ്ലാസ്‌ഗോ, ലെസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ മൂന്നു സ്റ്റേജുകൾ. എല്ലാം നിറഞ്ഞ സദസ്സുകൾ, ഇതിനപ്പുറം ഒരു ഗായകന് മറ്റെന്തു വേണം. എല്ലാ ഉയർച്ചകളും ദൈവത്തിൽ അർപ്പിച്ചു, പിന്നണി ഗാനരംഗത്തെ വിജയം തന്റെ ആരാധകർക്ക് സമർപ്പിച്ചു പതിയെ സംസാരിച്ചു തുടങ്ങുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു ആ മുഖത്ത്.

സംഗീതത്തെക്കുറിച്ചും, ഇന്ത്യയ്ക്ക് പുറത്തു ചെയ്ത പരിപാടികളെ കുറിച്ചും, പുതിയ ഗായകരെക്കുറിച്ചും, കവിതകളെക്കുറിച്ചും, ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും ഒക്കെ ജി വേണുഗോപാൽ ഏറെ വാചാലനായി. 1984ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതസപര്യ 2018 ലും അനസ്യൂതം തുടരുന്നു. പാടിയ പാട്ടുകളെല്ലാം ആസ്വാദകരുടെ ഉള്ളിലേയ്ക്ക് പെയ്തു നിറയുമ്പോൾ സംഗീതത്തെ മൃദുവായി പുൽകി സുഖമുള്ളൊരു കാറ്റുപോലെ വേണുഗോപാൽ സ്വതസിദ്ധമായ ചിരിയോടെ എപ്പോഴും നമുക്കിടയിലുണ്ട്.

വേണുഗീതം 2018 മൂന്നു സ്റ്റേജുകൾ വളരെ ഭംഗിയായി പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഈ പരിപാടിയെ നോക്കി കാണുന്നത്. സംഘാടകരേയും ആസ്വാദകരേയും ജി വേണുഗോപാൽ എന്ന ഗായകൻ എങ്ങനെ വിലയിരുത്തുന്നു?
വളരെ സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് ഞാൻ ഈ പ്രോഗ്രാമുകളെ നോക്കി കാണുന്നത്. ആദ്യമേ തന്നെ നന്ദി പറയേണ്ടത് ഗ്ലാസ്‌ഗോയിലുള്ള കുടുംബസുഹൃത്തും എന്റെ പ്രിയ സുഹൃത്തുമായ ഡോക്ടർ രാജ് മോഹനോടാണ്. ശരിക്കും ഈ മൂന്നു പരിപാടികൾക്കും മോഹൻ ഒരാൾ ആണ് ഇതിന്റെ പുറകിലുള്ള ചുക്കാൻ പിടിച്ചത്. നാല് പരിപാടികളാണ് ആദ്യം പ്ലാൻ ചെയ്തത്. സമയപരിമിതി കൊണ്ട് ഞാൻ തന്നെ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. വേണുഗീതം കൂടാതെ എൻഎച്ച്എസിനു വേണ്ടി അവരുടെ 70 വർഷത്തിന്റെ ആഘോഷവേളയിൽ ഒരു മണിക്കൂറിൽ താഴെയുള്ള ഒരു കച്ചേരി ഞാൻ ചെയ്തിരുന്നു. അതും വളരെ വിജയകരമായി നടന്നു.

മൂന്ന് പരിപാടികളും മൂന്ന് സംഘടനകളാണ് നടത്തിയത്. ഗ്ലാസ്ഗോയിൽ യുസ്മ (യുണൈറ്റഡ് സ്‌കോട്ടിഷ് മലയാളി അസോസിയേഷൻ), ലെസ്റ്ററിൽ യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസ്സോസിയേഷൻസ്), ലണ്ടനിൽ ഫ്രണ്ട്‌സ് ഓഫ് ലണ്ടൻ അത് ജെയ്സൺ ജോർജ് എന്ന് പറയുന്ന ഒരു വ്യക്തിയാണ് കോർഡിനേറ്റ് ചെയ്തത്. ഈ പരിപാടികൾ എല്ലാം തന്നെ വെൽ അറ്റെൻഡഡ് ആൻഡ് വെൽ ഓർഗനൈസ്ഡ് ആയിരുന്നു. അതുകൊണ്ടുതന്നെ വൻ വിജയവുമായിരുന്നു.

സ്റ്റേജ് പ്രോഗ്രാമുകളിലെ ആസ്വാദകരുടെ കാര്യം ചോദിച്ചിരുന്നു. എനിക്കു എന്റെ ആദ്യകാലത്തുള്ള ഒരു അമേരിക്കൻ യാത്രയാണ് ഓർമ്മ വരുന്നത്. അന്ന് മാധുരി ചേച്ചിയുമൊത്താണ് ഞാൻ പോയത്. അവർക്കു ഒരു പുതിയ പാട്ടുകാരനെ വേണ്ടിയിരുന്നു. പഴയ പാട്ടുകാരിൽ നിന്നും മാധുരി ചേച്ചിയും പുതിയ പാട്ടുകാരിൽ നിന്ന് ഞാനും. ഇന്ന് ഇവിടെ യുകെയിൽ മൂന്ന് സ്റ്റേജ് ഭംഗിയായി നടക്കുമ്പോൾ ഇവിടെ നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റ് വൈഷ്ണവ് ഗിരീഷ് വേണം എന്നുള്ളതായിരുന്നു. റിയാലിറ്റി മ്യൂസിക് ഷോയിൽ വൈഷ്ണവ് തിളങ്ങി നിൽക്കുന്ന ടൈം ആണ്. വൈഷ്ണവിനെ കൂടാതെ വിദേശത്തു അധികം പരിപാടികൾ ചെയ്തിട്ടില്ലാത്ത മൃദുല വാരിയറിനെക്കൂടി ഞാൻ കൊണ്ടുവന്നിരുന്നു.

പണ്ട് ഒരു ആണും പെണ്ണും നിന്ന് പാടുക അത്രയേ ഉള്ളൂ. ഇന്നത്തെ കാലത്തെ പ്രോഗ്രാമിന്റെ വിജയം എന്ന് പറയുന്നത് വെറൈറ്റി എന്റർടൈന്റ്‌മെന്റ്‌സ് ആണ്. വേണുഗീതത്തിൽ തമാശയുമായി സാബു തിരുവല്ല ഉണ്ടായിരുന്നു, മൈൻഡ് മാജിക്കുമായി രാജമൂർത്തി, പിന്നെ ഫാദർ വിൽസൺ മേച്ചേരിൽ (കോമഡി ഉത്സവം ഫെയിം), അദ്ദേഹം ആദ്യമായാണ് ഒരു പബ്ലിക് സ്റ്റേജിൽ ഒരു പ്രധാന പരിപാടിയുടെ ഭാഗമായി വരുന്നത്. ഈ പുതുമകളെയെല്ലാം ആസ്വാദകർ ഇഷ്ടപ്പെടുന്നു, സ്വീകരിക്കുന്നു. ഈ മേഖലയിൽ വന്ന ഏറ്റവും വലിയ വ്യത്യാസം എന്ന് പറയുന്നത് പണ്ട് പത്തുവർഷത്തിൽ ഒരു പുതിയ ആള് വന്നെങ്കിൽ ഇന്ന് പത്തു ദിവസത്തിൽ പുതിയ ആൾക്കാർ വരുന്നു എന്നതാണ്.

പിന്നണി ഗാനരംഗത്ത് മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മലയാള സിനിമാ സംഗീതത്തിൽ എന്താണ് ജി വേണുഗോപാൽ എന്ന ഗായകന്റെ പ്രസക്തി?
(ഒരു ചിരിയോടു കൂടി) ഒരു കാരണവശാലും മലയാളം കണ്ട ഏറ്റവും വലിയ ഗായകനല്ല ഞാൻ. ഭാഗ്യമുള്ള ഒരു പാട്ടുകാരൻ മാത്രമാണ്. എനിക്ക് ആദ്യ കാലത്തു ലഭിച്ച പാട്ടുകൾ, സാമ്പത്തികമായി തകർന്ന സിനിമയിലെ പോലും പാട്ടുകൾ വൻ വിജയമായി. അതിന്റെ സൃഷ്ട്ടാക്കളൊക്കെ ഏറെ പ്രതിഭാശാലികൾ ആയിരുന്നു. അങ്ങനെ ഞാൻ എസ്റ്റാബ്ലിഷ്ഡ് ആയി. ഇപ്പോൾ ഈ 35 വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഒരു വ്യത്യാസം ഞാൻ കാണുന്നത് ഈ സംഗീത കുടുംബത്തിലെ മറ്റ് അംഗങ്ങളെ വച്ച് നോക്കുമ്പോൾ ഞാൻ മറ്റു പല കാര്യങ്ങളിലും വ്യാപാരിക്കുന്നുണ്ട്. ഇംഗ്ലീഷ് സാഹിത്യവും ജേർണലിസവും ആണ് ഞാൻ പഠിച്ചത് അതുകൊണ്ടു തന്നെ വായനയും എഴുത്തും എപ്പോഴും കൂടെയുണ്ട്.

സോങ്‌സ് ഓൺ സാൻഡ് എന്ന് പറഞ്ഞ ഒരു ബ്ലോഗ് ഉണ്ടായിരുന്നു. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചായിരുന്നു അതിൽ കൂടുതൽ എഴുതിയിരുന്നത്. കൂടാതെ എന്റെ കരിയർ ഡ്രോപ്പ് ചെയ്ത സമയത്തു മ്യൂസിക് വിത്ത് മീനിങ് എന്ന് പറഞ്ഞു ഒരു പ്രൊജക്റ്റ് ചെയ്തു. കേരളത്തിലെ ഏറ്റവും പ്രശസ്തരായിട്ടുള്ള സമകാലീന കവികളുടെ കവിതകൾ സംഗീതം നൽകി ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്തു പുറത്തിറക്കിയ ഒരു സംരംഭം. അത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. ഓ എൻ വി സർ അന്ന് ഉദ്ഘാടന വേളയിൽ പറഞ്ഞത് 'ഈ ചെറുപ്പക്കാരന് ഇതിനുള്ള ധൈര്യം എവിടെ നിന്ന് കിട്ടി എന്നെനിക്കറിയില്ല. ഇത്ര മാത്രം കൊമേഴ്ഷ്യൽ പിടിവാളികളുള്ള ഈ രംഗത്ത് കാലു വയ്ക്കുമ്പോൾ അത് ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു' എന്നാണ്.

1999ൽ ആരും ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. ഈ കാസ്സറ്റുകൾ ആരും വാങ്ങാതെ റാക്സിൽ ഇരിക്കുമ്പോൾ ആണ് ഒരു പരസ്യം വേണു ചെയ്തു തന്നാൽ മീശ മാധവൻ എന്ന ചിത്രത്തിൽ കൊടുക്കാം എന്ന് പ്രൊഡ്യൂസർ പറയുന്നത്. മീശ മാധവൻ പോലെയുള്ള ഒരു ചിത്രത്തിൽ ഈ ഉദാത്തമായ കവിതകൾക്ക് പരസ്യം കൊടുത്താൽ കവികൾ എന്നെ ചീത്ത പറയുമോ എന്ന പേടിയോടെയാണ് പരസ്യം ചെയ്തത്. ഭാഗ്യവശാൽ ചിത്രം സൂപ്പർഹിറ്റ് ആയി അതോടെ കാസറ്റുകളും വിറ്റു പോകാൻ തുടങ്ങി. കാവ്യരാഗം എന്ന ആദ്യ കവിത കാസെറ്റുകൾക്കു ശേഷം കാവ്യഗീതികൾ എന്നൊരു കാസ്സെറ്റ് കൂടി ഇറക്കി.

ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും സക്‌സസ്ഫുൾ ആയ ഒരു വെഞ്ചുവർ ആയിരുന്നിരിക്കണം അത്. ഇതിൽ സഫലമീ യാത്ര, കൃഷ്ണാ നീയെന്നെ അറിയില്ല ഈ കവിതകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കവികളൊക്കെ അവരുടെ മക്കളെപ്പോലെ അവർ സ്നേഹിച്ച കവിതകൾ എന്നെ വിശ്വസിച്ചു ഏൽപ്പിച്ചു. മക്കളെ വിവാഹം ചെയ്തു തരുന്നു എന്നൊക്കെ പറയും പോലെ അത്ര വിശ്വാസത്തിൽ. അതിനു ഞാൻ അവരോടു ഒരുപാട് കടപ്പെട്ടിരിക്കുന്നു. വ്യക്തിപരമായി എനിക്ക് ഈ കവികളോടുള്ള അടുപ്പവും സാഹിത്യത്തോടും കവിതകളോടുള്ള എന്റെ താല്പര്യവുമാണ് എന്നെ ഇതിലേയ്ക്കെത്തിച്ചത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് എന്നെ വ്യത്യസ്തനാക്കുന്നത്.

എന്റെ ഓൺലൈൻ ഏറെ സജീവമാണ്. അതിനു ഞാൻ പ്രത്യേകം നന്ദി പറയേണ്ടത് അത് നോക്കി നടത്തുന്നവരോടും എന്റെ ഫാൻസിനോടും ഒക്കെയാണ്. മൂന്നു പേജും കൂടി ഏതാണ്ട് ഏഴര ലക്ഷത്തോളം വരും. ഹൃദയവേണു എന്ന് പറഞ്ഞു എനിക്ക് ഒരു ചാനൽ ഉണ്ട്. അതിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ നാല്പത്തയ്യായിരം മുതൽ രണ്ടു ലക്ഷത്തോളം ആളുകൾ കാണുന്നുണ്ട്. അങ്ങനെ ശക്തമായ ഒരു അടിത്തറ എനിക്ക് കിടപ്പുണ്ട് അതിനു ഈശ്വരനോടും അതിന്റെ ഭാഗമായിട്ടുള്ളവരോടും കടപ്പെട്ടിരിക്കുന്നു.

വ്യത്യസ്തമായ മറ്റു ഗായകരെ വച്ച് നോക്കുമ്പോൾ ജി വേണുഗോപാൽ എന്ന ഗായകൻ വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പാട്ടു കൂടെയുണ്ട് അതോടൊപ്പം സസ്നേഹം എന്ന ചാരിറ്റി ഗ്രൂപ്പ് ഉണ്ട് എങ്ങനെയാണ് ചാരിറ്റിയിലേയ്ക്ക് വന്നത്?
ജി വേണുഗോപാൽ: അത് അങ്ങനെ സംഭവിച്ചു വന്ന ഒരു കാര്യമാണ് ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ഒരു പരിപാടിയുടെ ഭാഗമായി റീജിയണൽ ക്യാൻസർ സെന്ററിൽ പോയിരുന്നു. മുതിർന്നവരുടെ വാർഡിൽ ഒക്കെ ഞങ്ങൾ പോയി അവരോടൊക്കെ സംസാരിച്ചു. അപ്പോഴാണ് ഒരു ആന്റി ചോദിക്കുന്നതുകൊച്ചു കുട്ടികളുടെ വാർഡിൽ പോകാൻ ധൈര്യം ഉണ്ടോ എന്ന്. ഞങ്ങൾ മൂന്നു പേര് പോയതിൽ മറ്റു രണ്ടുപേരും പിൻവാങ്ങിയപ്പോൾ എന്തോ കുട്ടികളുടെ വാർഡിൽ പോകണമെന്ന് എനിക്ക് തോന്നി. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ എന്നെ കാത്തിരുന്നത്.

വാർഡിലേക്ക് കടന്നപ്പോൾ കട്ടിലാണോ തൊട്ടിലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ചെറിയ ചെറിയ മേക് ഷിഫ്റ്റ് ബെഡ്ഡുകളും മുടിയില്ലാത്ത കുട്ടികളും ഡ്രിപ് കൊടുത്തിട്ടിരിക്കുന്ന കുട്ടികളും കയ്യിൽ ഐവി കാനുലയുമായി നടക്കുന്ന കുട്ടികളേയും ഒക്കെ കാണാമായിരുന്നു. ഏകദേശം പകുതി കണ്ടുകഴിഞ്ഞപ്പോൾ എന്റെ ധൈര്യം ഒക്കെ ചോർന്നു പോയി തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ എന്റെ കുർത്തയിൽ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരു കാർട്ടൂൺ ബുക്ക് പിടിച്ചു വലിയ കണ്ണുള്ള മുടിയില്ലാത്ത ഒരു പെൺകുട്ടി. ഞാൻ മാമനെ ടിവിയിൽ കാണാറുണ്ട്, എനിക്ക് പാട്ടൊരുപാടിഷ്ടാ ഒരു ഒപ്പിട്ടു തരുമോ എന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ ബുക്ക് നീട്ടി. കാർട്ടൂൺ ബുക്കിൽ ഞാൻ ഒപ്പിട്ടു കൊടുത്തു. ആക്ച്വലി ദാറ്റ് വാസ് എ കതാഴ്സിസ്. കതാഴ്സിസ് എന്ന് പറഞ്ഞാൽ ഒരു മനുഷ്യനെ ഒരു വലിയ സംഭവത്തിലൂടെ സമൂലമായി മാറ്റി മറിക്കുന്ന പറഞ്ഞാൽ ഒരു വികാസ പ്രക്രിയയാണിത്. ഇംഗ്ലീഷ് ഡ്രാമയിലൊക്കെ അത് കാണാം. ഒരാളുടെ മുഴുവൻ ചിന്താഗതിയും മാറും. ഈ സംഭവം തന്നെ എനിക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.

അവശയായി മരിക്കാൻ പോകുന്നൊരു കുട്ടി എന്റെ പാട്ടു കേട്ടിരിക്കുന്നു എന്ന് കരുതാം വേറൊരു തരത്തിൽ ആലോചിക്കാം ഈ മരണം കാത്തു കാത്തിരിക്കുന്ന അവസ്ഥയിലും ഈ കുട്ടിക്കെന്റെ മനസ്സ് ഓർമ്മ വന്നു, മുഖം ഓർമ്മ വന്നു, പാട്ടോർമ്മ വന്നു ഇതിനു ഞാൻ ആരോട് കടപ്പെട്ടിരിക്കുന്നു. ആ ഒരു നിമിഷം എന്നെ അടിമുടി മാറ്റിമറിച്ചു. വീട്ടിൽ ചെന്ന് ആലോചിച്ചപ്പോൾ ഞാൻ ഉൾപ്പെടെ ഈ സിനിമാലോകത്തും സംഗീത ലോകത്തും പ്രവർത്തിക്കുന്നവർ 100% സ്വാർത്ഥരാണ്. അതിൽ പാട്ടുകാർ പ്രത്യേകിച്ചും അവർ തങ്ങളുടെ സ്വനപേടകത്തെ, ശരീരത്തിലെ ചെറിയ ഒരവയവമായ സ്വനപേടകത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നു. ഞങ്ങളുടെ ചിന്തകളും വല്ലാതെ ഇടുങ്ങി പോയിരിക്കുന്നു.

ആ സമയത്താണ് എനിക്ക് വനിതയുടെ ഇന്റർവ്യൂ വരുന്നത്. ഫോട്ടോ എടുക്കാൻ എബ്രിഡ് ഷൈൻ ആണ് വന്നത്. ക്യാമറയുടെ മുന്നിൽ ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി. കാരണം ഈ സംഭവം കഴിഞ്ഞിട്ട് അധിക ദിവസമായിരുന്നില്ല. അതിലുപരി എന്റെ മനസ്സിനെ അത്രമേൽ ഈ സംഭവം സ്വാധീനിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഗിരീഷിന്റെ നേതൃത്വത്തിൽ ഫാൻസ് ഗ്രൂപ്പിലെ ആളുകൾ എന്റെ സംഗീതലോകത്തെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഞങ്ങൾ ആലോചിച്ചു ഇത്ര വർഷങ്ങൾ ആളുകൾ എനിക്ക് തന്ന സ്നേഹം സംഗീതത്തിലൂടെയല്ലാതെ എങ്ങനെ മടക്കിക്കൊടുക്കാം. ആ ചിന്തയിൽ വന്ന ഒരാശയമാണ് ഇന്ന് സസ്നേഹമെന്ന പേരിൽ മുന്നോട്ടു പോകുന്നത്. ഫാൻസ് ഗ്രൂപ്പ് തന്നെയാണ് സസ്നേഹം ജി വേണുഗോപാൽ എന്ന പേരും നിർദ്ദേശിച്ചത്. ഞാൻ ഇടയ്ക്കു മാർഗ്ഗനിർദ്ദേശം കൊടുക്കും ബാക്കി എല്ലാ കാര്യങ്ങളും അവരാണ് ചെയ്യുന്നത്. പ്രായമായവരെ മാത്രമല്ല കുട്ടികളുടെ പഠന കാര്യത്തിലും സസ്നേഹം കൈത്താങ്ങാകാറുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നും ആളുകൾ സസ്നേഹത്തിനു കൈത്താങ്ങാകാറുണ്ട്. ഇവിടെ യുകെയിൽ നിന്നും മദേഴ്‌സ് ചാരിറ്റി ഒരു കുട്ടിയെ പഠിപ്പിച്ചിരുന്നു. അഴൂർ ഒരു വൃദ്ധസദനം ഉണ്ട് അവിടെ കൂടുതൽ പേരെ താമസിപ്പിക്കാൻ പുതിയ കെട്ടിടം പണി നടക്കുന്നു. ഫണ്ട് റേസിങ്ങിനായി സസ്നേഹവും അവരോടൊപ്പം കൈ കോർക്കുന്നു. അതുപോലെ പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലാണ് എല്ലാ വർഷവും എന്റെ പിറന്നാൾ ആഘോഷിക്കുന്നത്, വർഷത്തിൽ രണ്ടു മൂന്നു പരിപാടികൾ ഞങ്ങൾ അവിടെ നടത്താറുണ്ട്. പിന്നെ ഞാനിപ്പോൾ സേവാഭാരതിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് അവരുടെ ഓർഫനേജസായ അനന്തശായിയിലും പൂർണശ്രീയിലും ഞാൻ ഒരു പേട്രനാണ്. ഞങ്ങളുടെ സംഘടനയിൽ ഭാരവാഹികൾ ഇല്ല പ്രസിഡന്റും സെക്രട്ടറിയുമില്ല സ്നേഹത്തിന്റെ കെട്ടുറപ്പ് മാത്രമാണുള്ളത്.

സ്നേഹവും കരുണയും ദയയും എല്ലാ സംഘടനകളിലും ഉണ്ടാവട്ടെ എന്ന് മാത്രമാണ് എന്റെ ആത്മാർഥമായ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP