Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഷ്ട 'കാല'! ആവേശം ചോർന്ന് പുതിയ രജനി ചിത്രം; പഴമയും പുതുമയും കൂട്ടിക്കുഴച്ച് എങ്ങുമത്തൊതെ പാ രഞ്ജിത്ത് ചിത്രം; രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ദ്രാവിഡ വികാരം ഊതിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള സിനിമ; ഏക ആശ്വാസം 68-ാം വയസ്സിലും കെടാതെ നിൽക്കുന്ന രജനി സ്‌റ്റൈൽ മാത്രം

കഷ്ട 'കാല'! ആവേശം ചോർന്ന് പുതിയ രജനി ചിത്രം; പഴമയും പുതുമയും കൂട്ടിക്കുഴച്ച് എങ്ങുമത്തൊതെ പാ രഞ്ജിത്ത് ചിത്രം; രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ദ്രാവിഡ വികാരം ഊതിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള സിനിമ; ഏക ആശ്വാസം 68-ാം വയസ്സിലും കെടാതെ നിൽക്കുന്ന രജനി സ്‌റ്റൈൽ മാത്രം

എം മാധവദാസ്

ന്റെമ്മോ! ഒരു രജനിപടം റിലീസ് ദിവസം തന്നെ യാതൊരു തിരക്കുമില്ലാതെ ടിക്കറ്റെടുത്ത്, കർണ്ണകഠോരമായ ബഹളങ്ങളൊന്നുമില്ലാതെ കാണാൻ കഴിയുമെന്ന് ഈ ജന്മത്ത് പ്രതീക്ഷിച്ചതല്ല. പക്ഷേ അതും സംഭവിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ രജനീകാന്ത് ചിത്രം 'കാല' കണ്ടത് മരണവീടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു തീയേറ്റിലായിരുന്നു! എത്രപെട്ടെന്നാണ് മെഗാ സ്റ്റാർ രജനീകാന്തിന്റെ കാൽക്കീഴിലെ മണ്ണൊലിച്ചുപോയതെന്ന് നോക്കുക. 'കബാലിക്കായി' രജനിയുടെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയവരെയും,ആടിനെ ബലി നൽകിയവരെയൊന്നും എവിടെയും കാണാനില്ല.

കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ചിത്രത്തിന് ശോകമൂകമായ പ്രതികരണമാണ്.കർണാടകയിൽ റിലീസിന്‌പോലും കഴിഞ്ഞിട്ടില്ല.നോക്കണം,ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരാധകൻ ട്രയിനിനു ചാടി മരിച്ചുവെന്നുള്ള വാർത്തകളൊക്കെയായിരുന്നു മുമ്പ് ഒരു രജനിപടത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴകത്തുനിന്ന് കേൾക്കാറുണ്ടായിരുന്നത്. അമിതാബച്ചനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറായ, ഒരുപക്ഷേ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന നടനമ്മാരിൽ ജാക്കിചാൻ കഴിഞ്ഞാൽ, ഏറ്റവും കൂടതൽ ആരാധകരുള്ള ഒരു താരമാണ് ഈ രീതിയിൽ കൂപ്പുകുത്തുന്നത്!

പ്രശ്‌നം സിനിമയല്ല.രാഷ്ട്രീയമാണ്.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം തമിഴ്‌നാടിന്റെ പൊതുതാൽപ്പര്യങ്ങൾക്ക് എതിരാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ട അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ തന്നെയാണ് ആരാധകരെ അകറ്റിയത്.കാവേരി നദീജല പ്രശ്‌നത്തിൽ വൈകി നിലപാട് എടുത്തതും, തൂത്തുക്കുടി വെടിവെപ്പിനെ ന്യായീകരിച്ചതും തകർത്തുകളഞ്ഞത്, തമിഴ്മക്കളുടെ രജനിയെന്ന കടവുൾ സമാനമായ വികാരത്തെയായിരുന്നു.ഒരു കണക്കിന് അതും നന്നായി.തന്റെ ഫാൻസ് എന്നാൽ താൻ എന്തുചെയ്താലും അന്ധമായ ന്യായീകരിക്കുന്ന ആൾക്കുട്ടങ്ങളാണെന്നതിനുപകരം, വ്യക്തിതമുള്ളവരാണെന്ന് രജനിയും മനസ്സിലാക്കട്ടെ.

സിനിമയിലേക്ക് വരാം.പക്ഷേ അവിടെയും രാഷ്ട്രീയം വിടാൻ കഴിയില്ല.അല്‌ളെങ്കിലും തമിഴകത്ത് വെള്ളിത്തിരയും,പോയസ്ഗാർഡനും തമ്മിലുള്ള ദൂരം നന്നേ ചെറുതാണല്ലോ. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം മുന്നിൽ കണ്ട്, ദ്രാവിഡ വികാരം ഊതിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ടെയിലർ മെയ്ഡ് സിനിമയെന്ന് കാലയെ വിശേഷിപ്പിക്കാം.പക്ഷേ കലയും കച്ചവടവും കൂട്ടിവിളക്കി സാധാരണക്കാരനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ചലച്ചിത്രമാക്കാൻ സംവിധായകൻ പാ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.

സ്‌റ്റൈലും ത്രില്ലുമാണ് രജനി പടങ്ങളുടെ പ്രത്യേകത.കലാപരമായി നോക്കുമ്പോൾ അടുത്തകാലത്ത് ഇറങ്ങിയ രജനിപടങ്ങളേക്കാൾ മുകളിലാണ് ഈ ചിത്രമെങ്കിലും, പലയിടത്തും ലാഗടിക്കുന്നുണ്ട്.അവിടെയാക്കെ ചിത്രത്തെ കണ്ടിരിക്കാനാക്കുന്നത്, കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ കൊട്ടകകളെ പ്രകമ്പനം കൊള്ളിച്ച ആ ശബ്ദവും സ്റ്റെലും തന്നെയാണ്! കറുത്ത ഷർട്ടും കറുത്ത മുണ്ടും കറുത്ത കണ്ണടയുമായുള്ള ആ വരവും, പടക്കത്തിന് തീകൊളത്തുന്നതുപോലുള്ള ഡയലോഗ് ഡെലിവറിയുമൊക്കെ, രജനിക്ക് ഇനിയും ഒന്നല്ല പത്ത് അങ്കത്തിന് ഈ 68-ാംവയസ്സിലും ബാല്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു.പക്ഷേ കേട്ടുമടുത്ത ദുർബലമായ കഥയും, ത്രില്ലില്ലാത്ത സംവിധാനവും മേൽപ്പറഞ്ഞ രാഷ്ട്രീയവും കാലയെ വല്ലാത്ത കഷ്ടകാലത്തിലേക്കാണ് എത്തിച്ചത്.

ത്രില്ലും ഫാമലി സെന്റിമെൻസും അൽപ്പം ആക്ഷനും... ഒരു കാലത്ത് ഇതു മതിയായിരുന്നു ഒരു രജനി ചിത്രം ഹിറ്റാകാൻ.പക്ഷേ കാലം മാറിയത് സംവിധായകൻ മറന്നുപോയിരിക്കുന്നു.വിജയ് സേതുപതിയെപ്പോലുള്ള അഡാർ നടന്മാരും, വിക്രംവേദപോലുള്ള വ്യത്യസ്തമായ ചിത്രങ്ങളും ഇറങ്ങുന്ന ന്യൂജൻ തമിഴകത്ത് ഇതൊന്നും പോര.

കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം

പക്ഷേ രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന് ആശയ അടിത്തറ നൽകാനുള്ള വകുപ്പുകളെല്ലാം ഈ പടത്തിലുണ്ട്.മുംബൈയിലെ ധാരാവിയിൽ ജീവിക്കുന്ന തമിഴ് കുടിയേറ്റക്കരുടെ കഥയാണ് ചിത്രം പറയുന്നത്.വരദരാജമുതലിയാരുടെയും ഹാജി മസ്താന്റെയും കഥകളായി പലതവണ ബോളിവുഡ്ഡിലടക്കം വന്ന തിരക്കൂട്ട്. മണിരത്‌നത്തിന്റെ നായകൻ,രാംഗോപാൽ വർമ്മയുടെ സത്യ തുടങ്ങിയ പല ചിത്രങ്ങളുമായും സാമ്യമുണ്ടെങ്കിലും കൃത്യമായി കറുപ്പിന്റെ രാഷ്ട്രീയം പറയുന്നതിലൂടെയാണ് കാല വ്യത്യസ്തമാവുന്നത്.

തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽനിന്ന് വന്ന് മുംബൈ യിലെ ധാരാവിയിൽ സ്വന്തം സാമ്രാജ്യം പണിത, കരികാലൻ എന്ന കാലയുടെയും അയാളുടെ ജനതയുടെയും കഥയാണിത്.കാല എന്ന യമരാജാവ്.സാക്ഷാൽ കാലൻ.ശത്രവിന് മുന്നിൽ പത്തുതലയുള്ള രാവണൻ എന്ന രീതിയിലുള്ള കമേർഷ്യൽ സിനിമയിൽ പതിവുള്ള ബിൽഡപ്പുകൾ വേറെയും.

മുബൈയിലെ ചേരികൾ പൊളിച്ച് വൃത്തിയാക്കാൻ ഇറങ്ങിയ ഹരിദേവ് ( നാനാ പടേക്കർ) എന്ന രാഷ്ട്രീയക്കാരനും, കാലയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം.കാല അടിമുടി കറുപ്പാണെങ്കിൽ ഹരിദേവ് തൂവെള്ളയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു.സംഘപരിവാറിന്റെയും ശിവസേനയുടെയും മണ്ണിന്റെ മക്കൾ വാദവും, ശുദ്ധതാവാദവും ഹരിദേവും ഉയർത്തുന്നുണ്ട്.കാലയുടെത് കറുപ്പിന്റെ സ്വത്വരാഷ്ട്രീയവും,ഹരിദേവിന്റെ വെളുപ്പിന്റെ സവർണ രാഷ്ട്രീയവും!

ഹരിദേവിനെയും കൂട്ടരെയും സംബന്ധിച്ച് കാല രാവണനാണ്.ചിത്രത്തിന്റെ കൈ്‌ളമാക്‌സിൽ സംഘി രാഷ്ട്രീയത്തോടുള്ള തന്റെ വിയോജിപ്പുകൾ കൃത്യമായി എടുത്തു പറയുന്നുണ്ട് സംവിധായകൻ.രാമ-രാവണ യുദ്ധത്തിന്റെ ചില ഭാഗങ്ങൾ എ ടുത്തുപറഞ്ഞുകൊണ്ടുള്ള ആധ്യാത്മിക പ്രഭാഷണത്തിന് ഇടയിലാണ്, ചേരിയിലെ യഥാർഥ യുദ്ധം കാണിക്കുന്നത്.കാലിൽ വീഴുന്നത് ഇഷ്ടപ്പെടുകയും ഹസ്തദാനം ചെയ്യാൻ മടിക്കകയും ചെയ്യുന്ന ധവളരാഷ്ട്രീയം, മത പുസ്തകങ്ങളെ കൂട്ടുപിടിച്ച് എങ്ങനെ ഹിംസയെ ന്യായീകരിക്കുന്നുവെന്നും ചിത്രം വ്യക്തമാക്കുന്നു.( ഈ ചിത്രം രജനിയുടെ രാഷ്ട്രീയ അഭിപ്രായമാണെങ്കിൽ ഒരു കാര്യ വ്യക്തമാണ്.അദ്ദേഹത്തിന് ഒരിക്കലും സംഘപരിവാറിനൊപ്പം കൂടാനാവില്ല)

പക്ഷേ രാജ്യത്തെ വെറും വെള്ളരിക്കാപ്പട്ടണമായി ചുരുക്കുന്നതും, പൊലീസ് അടക്കമുള്ള ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും പാവങ്ങൾക്ക് എതിരാണെന്ന ധ്വനി പരത്തുന്നതിനോടും വിയോജിപ്പുണ്ട്.അതുപോലെ ചിത്രമുയർത്തുന്ന അന്ധമായ സ്വത്വബോധത്തോടും. ചില പ്രതീകാത്മകമായ ദൃശ്യങ്ങൾകൊണ്ട് സമ്പന്നമാണെങ്കിലും ഇടക്കെപ്പോഴൊ വല്ലാതെ ആവേശം ചോരുന്നുമുണ്ട്.കാലയുടെ കുടുംബ രംഗങ്ങളും പൂർവ കാമുകിയെ കണ്ടത്തെുന്നതുമൊക്കെ സാമാന്യം നന്നായി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്.മൊത്തത്തിൽ ഒരേ നിലവാരം തുടരാൻ ചിത്രത്തിലൂടെ പാ രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.ചിലയിടത്ത് മനോഹരമായ രംഗങ്ങൾ കാണാം.തൊട്ടടുത്ത സീനിൽ പതിവ് ചപ്പടാച്ചിത്തരങ്ങളും.

ഉദാഹരമായി രജനീകാന്ത് ഒരു കുടവെച്ച് എതിരാളികളെ അടിച്ചു തകർക്കുന്ന പഴഞ്ചൻ ഫൈറ്റുണ്ട് ഈ പടത്തിൽ! എങ്ങനെയായിരിക്കണം ഈ ചിത്രമെന്നതിന് സംവിധായകന് കടുത്ത ആശയക്കുഴപ്പം ഉണ്ടായിരുന്നെന്ന് വ്യക്തം.ഒന്നുകിൽ ഒരു പതിവ് രജനിപ്പടമായി പക്കാ ത്രില്ലർ ഒരുക്കുക. അല്ലെങ്കിൽ ആധുനിക സിനിമാലോകത്തിന് അനുയോജ്യമായ ഒരു പുതുമയുള്ള ചിത്രം ഒരുക്കുക. ഇത് രണ്ടിന്റെയും മിശ്രിതമായി ഇറക്കുന്നത് പാതിവെന്ത പരുവത്തിലുള്ള ഒരു പടപ്പാണ് ഉണ്ടാക്കിയത്.

താരം ചങ്ങലിക്കിട്ട നടൻ

താരാധിപത്യം ചങ്ങലക്കിട്ട നടനാണ് രജനീകാന്തെന്ന് അക്കാദമിക്ക് പഠനങ്ങളിൽതന്നെ പറയുന്ന കാര്യമാണ്.താരഗോഷ്്ഠികൾക്കിടയിൽ വീർപ്പുമുട്ടിനിൽക്കുന്ന രജനിയിലെ നടനെ പുറത്തെടുക്കുന്നുണ്ട് പാ രഞ്ജിത്ത് ഈ പടത്തിൽ ചിലയിടത്ത്.പൂർവകാമുകിയെ കണ്ട് മടങ്ങുന്ന രംഗവും കൈ്‌ളമാക്‌സിലെ ആ ചിരിയുമൊക്കെ അത് ഓർമ്മിപ്പിക്കുന്നു.

പക്ഷേ ശിവാജിറാവു ഗെയ്ക്ക്വാദ് എന്ന മറാത്താകുടംബത്തിൽ ജനിച്ച സിനിമാമോഹിയായ ചെറുപ്പക്കാരനെ, രജനീകാന്ത് എന്ന മെഗാ സ്റ്റാറാക്കിയ ആ സ്റ്റെലും ഫയറും ഈ 68ാം വയസ്സിലും അദ്ദേഹത്തിൽനിന്ന് കൈമോശം വന്നിട്ടില്‌ളെന്ന് കാല തെളിയിക്കുന്നു. ബോംബിടുന്നപോലുള്ള സംഭാഷണങ്ങളിലും, തീപാറുന്ന നോട്ടവും ആക്ഷനുമൊക്കെ രജനിയെ വ്യത്യസ്തനാക്കുന്നു. ശിവാജി ഗണേശനുശേഷം ഇത്ര ശക്തമായ ഡയലോഗ് പറയാൻ കഴിവുള്ള താരം ഇന്ത്യൻ സിനിമയിൽ തന്നെയില്ല. കമൽഹാസനൊക്കെ കിട്ടിയപോലുള്ള റിയലിസ്റ്റിക്കായ വേഷങ്ങൾ രജനിക്ക് കിട്ടിയിരുന്നെങ്കിൽ തമിഴ് ചലച്ചിത്ര സംസ്‌ക്കാരം തന്നെ മാറിമറയുമായിരുന്നു. കാലക്ക് കട്ടക്ക് കട്ട നിൽക്കുന്ന ഘടാഘടിയൻ വില്ലനായത്തെിയ നാനാ പടേക്കറുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ദീർഘനാളിന്‌ശേഷമാണ് ഒരു മുഖ്യധാര സിനിമിൽ പടേക്കറെ കാണുന്നത്. സാധാരണ കറുത്ത് കരിവാളിച്ച് കാണാറുള്ള പടേക്കർ ഇത്തവണ തൂവെള്ളയിൽ കുട്ടപ്പനായിട്ടാണെന്ന മാറ്റവുമുണ്ട്.

രജനി പടങ്ങളിൽ നായികമാർക്കൊന്നും വലിയ പ്രസക്തയില്‌ളെന്നത് ഇവിടെയും ആവർത്തിക്കുന്നു.കാലയുടെ ആദ്യ പ്രണയിനിയായി വരുന്ന ഹുമാ ഖുറൈശിക്കും,ഭാര്യയായ ഈശ്വരിറാവുവിനും കാര്യമായ റോളില്ല.ഹുമാ ഖുറൈശിയുടെ വേഷം ചിലപ്പോഴൊക്കെ ചിത്രത്തിന് ബാധ്യതയാവുന്നുമുണ്ട്.സമുദ്രക്കനിയുടെ കാര്യസ്ഥൻ കം സുഹൃത്തിന്റെ വേഷമാണ് തമ്മിൽ ഭേദം. സന്തോഷ് നാരായണന്റെ ഗാനങ്ങൾ എടുത്തുപറയേണ്ടതാണ്. ജി.മുരളിയുടെ കാമറയും, ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും കൂട്ടിനുണ്ടായിട്ടും ചിത്രം പ്രതീക്ഷച്ചതിലേക്ക് ഉയർന്നിട്ടില്ല.

വാൽക്കഷ്ണം: രജനീകാന്തിന്റെ അനുഭവം ഒന്നാന്തരം പാഠമാകേണ്ട ഓരാളുണ്ട് നമ്മുടെ നാട്ടിൽ.മറ്റാരുമല്ല നമ്മുടെ മെഗാ സ്റ്റാർ മമ്മൂട്ടിതന്നെ.നിന്നുതിരിയാൻ സമയമില്ലാതെ സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടുന്ന മമ്മൂട്ടിയുടെപേര് ഇത്തവണത്തെ രാജ്യസഭാ സീറ്റിൽപോലും പറഞ്ഞുകേൾക്കുന്നുണ്ട്, ഇടതുപക്ഷത്തിന്റെ നോമിനിയായിട്ട്. തമിഴ്‌നാട്ടിൽപോലും ചീറ്റിത്തുടങ്ങിയ താര രാഷ്ട്രീയം കേരളത്തിലേക്ക് പറിച്ചുനടുന്നതിനുമുമ്പ് മമ്മൂട്ടിയെപ്പോലുള്ളവർ മൂന്നുവട്ടം ചിന്തിക്കട്ടെ.രജനിയുടെ അനുഭവം അതാണ് ഓർമ്മപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP