Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുൽ മന്ത്രിസഭ ഉണ്ടാക്കിയൽ കാബിനറ്റ് റാങ്ക് മാത്രമല്ല ഉമ്മൻ ചാണ്ടി ഉറപ്പിച്ചത്; ഡൽഹിയെ സ്വാധീനവലയമായി വച്ച രണ്ട് പേരേയും ചാടിച്ചു; കുര്യനൊപ്പം പിസി ചാക്കോയ്ക്കും ഇനി നാട്ടിലേക്ക് മടങ്ങേണ്ടി വരും; അടുത്ത പണി വേണുഗോപാലിനെന്ന് സൂചന; തലമുറമാറ്റത്തിന്റെ പേരിൽ യുവ നേതാക്കളെ തെരുവിൽ ഇറക്കിയ രാഷ്ട്രീയ തന്ത്രത്തിൽ സമ്പൂർണ്ണ വിജയം നേടി ഉമ്മൻ ചാണ്ടി

രാഹുൽ മന്ത്രിസഭ ഉണ്ടാക്കിയൽ കാബിനറ്റ് റാങ്ക് മാത്രമല്ല ഉമ്മൻ ചാണ്ടി ഉറപ്പിച്ചത്; ഡൽഹിയെ സ്വാധീനവലയമായി വച്ച രണ്ട് പേരേയും ചാടിച്ചു; കുര്യനൊപ്പം പിസി ചാക്കോയ്ക്കും ഇനി നാട്ടിലേക്ക് മടങ്ങേണ്ടി വരും; അടുത്ത പണി വേണുഗോപാലിനെന്ന് സൂചന; തലമുറമാറ്റത്തിന്റെ പേരിൽ യുവ നേതാക്കളെ തെരുവിൽ ഇറക്കിയ രാഷ്ട്രീയ തന്ത്രത്തിൽ സമ്പൂർണ്ണ വിജയം നേടി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി എകെ ആന്റണിക്കും ഡൽഹിയിൽ അധിക കാലം റോളുണ്ടാകില്ല. തന്ത്രങ്ങളിലൂടെ ആന്റണിയേയും ഉമ്മൻ ചാണ്ടി വെട്ടിയൊതുക്കുമെന്ന് കരുതുന്നവർ കോൺഗ്രസിൽ ഏറെയാണ്. എഐസിസി അധ്യക്ഷന്റെ ഗുഡ് ബൂക്കിൽ കയറിക്കൂട്ടി ഡൽഹിയിൽ സമ്പൂർണ്ണ ആധിപത്യം നേടാനാണ് ഉമ്മൻ ചാണ്ടി കരുനീക്കം നടത്തുന്നത്. ഇതിൽ വെട്ടിവീഴ്‌ത്തിയ ആദ്യ പ്രമുഖനാണ് പിജെ കുര്യൻ. പിസി ചാക്കോയെന്ന ഒറ്റയാനും റോളുകൾ നഷ്ടപ്പെട്ടുക്കഴിഞ്ഞു. ഇരുവരും ഡൽഹിയിൽ നിന്ന് കളം കേരളത്തിലേക്ക് മാറ്റും. രാഹുലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കെസി വേണുഗോപാലിനേയും ഉമ്മൻ ചാണ്ടി താമസിയാതെ വെട്ടിവീഴ്‌ത്തും. അതിന് ശേഷം ആന്റണിയേയും.

മോദി സർക്കാരിന് ഭരണത്തിൽ പിടി അയയുകയാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഒരുമിച്ച് നിന്ന് ഭരണം പിടിക്കാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും. ഈ മന്ത്രിസഭയിൽ പ്രധാനിയായി ഉമ്മൻ ചാണ്ടി മാറും. ഇതിന് വേണ്ടിയാണ് കേന്ദ്ര മന്ത്രിമാരാകാൻ സാധ്യതയുള്ളവരുടെ ചിറകുകൾ ഉമ്മൻ ചാണ്ടി അരിയുന്നത്. കോൺഗ്രസിന് അധികാരം കിട്ടിയാൽ കുര്യന് പ്രധാന വകുപ്പ് കിട്ടാൻ സാധ്യതയുണ്ട്. രാജ്യസഭാ അംഗമായി തുടരാൻ കുര്യൻ ആഗ്രഹിച്ചതും അതുകൊണ്ടാണ്. കുര്യൻ രാജ്യസഭയിൽ നിന്ന് പുറത്താകുന്നതോടെ കാബിനറ്റ് മന്ത്രിയാകാനുള്ള സാധ്യതയും അടഞ്ഞു. കാബിനെറ്റ് മന്ത്രിപദം ആഗ്രഹിക്കുന്ന പിസി ചാക്കോയും കെ സി വേണുഗാപോലും ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടാണ്. ചാക്കോയെ വെട്ടിയൊതുക്കി കഴിഞ്ഞു. കെസിയേയും പുകയ്ക്കാൻ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ സമ്പൂർണ്ണമായും ഹൈക്കമാണ്ടിനെ കൈയിലൊതുക്കാനാണ് എഐസിസി ജനറൽ സെക്രട്ടറിയായതോടെ ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്.

കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാൻ ഡൽഹിയിലും ബന്ധം വേണമെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. ഇതിനുള്ള കളികളാണ് നടക്കുന്നത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാനായ പി.ജെ. കുര്യനെ ഏറെ നാളായി ഉമ്മൻ ചാണ്ടി ലക്ഷ്യം വച്ചിരുന്നതാണ്. 2012ൽ കുര്യൻ രാജ്യസഭയിലേക്കു വരുന്നതിനു തടസ്സം നിന്നു. അന്ന് നടന്നില്ല. തന്ത്രങ്ങളിലൂടെ കുര്യനെ ഇത്തവണ വെട്ടിവീഴ്‌ത്തി. 2012ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കു മുതിർന്ന കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായിരുന്ന എൻ.പി.മൊയ്തീൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാവുന്നതിലായിരുന്നു താൽപര്യം. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് അതു തള്ളി. കുര്യനെത്തി. അതു മനസ്സിൽ വച്ചായിരുന്നു ആദ്യം യുവ ബ്രിഗേഡിനെ ഇറക്കി കുര്യനെ എതിർത്തത്. അതിന് ശേഷം കേരളാ കോൺഗ്രസിനെ മുന്നിൽ നിർത്തി കുര്യനെ വെട്ടിവീഴ്‌ത്തി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിക്ക് കൂട്ടായി.

കെപിസിസി നിർവാഹക സമിതി യോഗത്തിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച ചർച്ച നടന്നപ്പോൾ ഉമ്മൻ ചാണ്ടി യുവനേതാക്കൾക്കു വേണ്ടി നിലകൊണ്ടിരുന്നു. പിസി വിഷ്ണുനാഥിന് സീറ്റ് കിട്ടുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ യുവാക്കൾ ഉറഞ്ഞു തുള്ളി. അവസാനം ആർക്കും ഒന്നും കിട്ടിയില്ല. യുവ നേതാക്കൾ അപമാനിതരുമായി. ഇതിൽ ശബ്ദമുയർത്തിയവരിൽ ഷാഫി പറമ്പിൽ മാത്രമാണ് ഉമ്മൻ ചാണ്ടി പക്ഷക്കാരൻ. ഹൈബി ഈഡനും അനിൽ അക്കരയും ചെന്നിത്തല പക്ഷക്കാരാണ്. വി.ടി.ബൽറാമാകട്ടെ ഒരു പക്ഷത്തുമില്ല. ഇതിൽ വിടി ബൽറാമിന്റെ ഇമേജ് ഇടിക്കാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. ഇതിനൊപ്പം ഐ ഗ്രൂപ്പിലെ ഹൈബി ഈഡനേയും തകർത്തു. രമേശ് ചെന്നിത്തലയും കുര്യനു മനസ്സ് കൊണ്ട് എതിരായിരുന്നു. 2004ലെ മാവേലിക്കര ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കുര്യന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന് ചെന്നിത്തല കരുതുന്നുണ്ട്. ഈ പകയും കുര്യനെ വെട്ടിവീഴ്‌ത്താൻ കൂടെ കൂട്ടി ഉമ്മൻ ചാണ്ടി. അന്നു മാവേലിക്കര സീറ്റിൽ കുര്യന് ഒരു നോട്ടമുണ്ടായിരുന്നു. ഇത് തടഞ്ഞതും ഉമ്മൻ ചാണ്ടിയാണ്.

കുര്യൻ സ്ഥാനത്തു നിന്നു മാുമ്പോൾ ഹൈക്കമാൻഡിന്റെ മുന്നിലുള്ളത് മുതിർന്ന കോൺഗ്രസ് നേതാവായ പി.സി.ചാക്കോയാണ്. പക്ഷംപിടിക്കാത്ത നിലപാടാണു തന്റേതെന്നു ടുജി സ്‌പെക്ട്രംടെലികോം ലൈസൻസ് സംബന്ധിച്ച അഴിമതി അന്വേഷണത്തിനായി രൂപീകരിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിയിലെ പ്രവർത്തനത്തിലൂടെ തന്നെ ചാക്കോ വ്യക്തമാക്കിയതാണ്. പാർട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നാണ് ചാക്കോയുടെ നീക്കം. ചാക്കോയ്ക്ക് ഇനി ഹൈക്കമാണ്ടിൽ ഉത്തരവാദിത്തം ഒന്നും ഉണ്ടാകില്ല. അദ്ദേഹത്തെ ഉടൻ ഹൈക്കമാണ്ട് കേരളത്തിലേക്ക് മടക്കി അയക്കും. ഇതിന് ശേഷമാകും ഡൽഹിയിൽ ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. അതിന് ശേഷം ഹൈക്കമാണ്ടിന്റെ മുഖമായി ഉമ്മൻ ചാണ്ടി മാറും. ഇത് ആന്റണിയുടെ രാഷ്ട്രീയ കരുത്തിനേയും ചോർത്തും. രാഹുലുമായി ഏറ്റവും അടുത്ത് നിൽക്കുന്ന കേരളത്തിലെ മറ്റൊരു നേതാവ് കെസി വേണുഗോപാലാണ്. ഇത് മനസ്സിലാക്കി കെസിയെ വെട്ടാനും ഉമ്മൻ ചാണ്ടി കരുനീക്കം തുടങ്ങുമെന്നാണ് വിലയിരുത്തൽ.

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൈമാറിയ കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ പകതീർക്കലായിരുന്നു. കെ കരുണാകരനെ ചാരക്കേസിൽ കുടുക്കി പുറത്താക്കിയ അതേ ബുദ്ധിയാണ് തനിക്കെതിരേയും പ്രവർത്തിച്ചതെന്നാണ് പിജെ കുര്യൻ വിലയിരുത്തുന്നത്. എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി. ഈ പ്രതികാരമാണ് കുര്യനെ വെട്ടിവീഴ്‌ത്തി ഉമ്മൻ ചാണ്ടി പൂർത്തീകരിക്കുന്നത്. ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്.

ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി. ഇനി ഡൽഹിയിൽ കരുക്കൾ നീക്കാൻ കുര്യനുണ്ടാകില്ല. ഇത് ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന്റെ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP