Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള കോൺഗ്രസ്- മുസ്ലിംലീഗ് ബന്ധം ശക്തമായാൽ കോൺഗ്രസ് ദുർബലപ്പെടും; കേരളത്തിൽ ഇനി ത്രികോണ മത്സരങ്ങൾ മാത്രം; കോൺഗ്രസ് എന്നും കുടിപ്പകയുടെ പാർട്ടി; ബിജെപിയിലേക്ക് പോകുന്നുവെന്ന് കുപ്രചാരണം നടത്തി എന്നെ 'വകവരുത്താൻ' ശ്രമിക്കുന്നത് കോൺഗ്രസുകാർ തന്നെ; പണ്ട് കരുണാകരൻ ഏകാധിപതിയായി പെരുമാറുന്നുവെന്ന് ആരോപിച്ച് രാജിവെച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ യുവ നേതാക്കൾക്കു നേരെ കൊഞ്ഞനം കുത്തുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട്

കേരള കോൺഗ്രസ്- മുസ്ലിംലീഗ് ബന്ധം ശക്തമായാൽ കോൺഗ്രസ് ദുർബലപ്പെടും; കേരളത്തിൽ ഇനി ത്രികോണ മത്സരങ്ങൾ മാത്രം; കോൺഗ്രസ് എന്നും കുടിപ്പകയുടെ പാർട്ടി; ബിജെപിയിലേക്ക് പോകുന്നുവെന്ന് കുപ്രചാരണം നടത്തി എന്നെ 'വകവരുത്താൻ' ശ്രമിക്കുന്നത് കോൺഗ്രസുകാർ തന്നെ; പണ്ട് കരുണാകരൻ ഏകാധിപതിയായി പെരുമാറുന്നുവെന്ന് ആരോപിച്ച് രാജിവെച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ യുവ നേതാക്കൾക്കു നേരെ കൊഞ്ഞനം കുത്തുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലും യുഡിഎഫ് മുന്നണിയിലും ഇപ്പോൾ നടക്കുന്ന പൊട്ടിത്തെറിക്ക് കാരണക്കാർ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. പണ്ട് കരുണാകരൻ ഏകാധിപതിയായി പെരുമാറുന്നുവെന്ന് ആരോപിച്ച് രാജിവെച്ച് പ്രതിഷേധിച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ അതേ സ്ഥാനത്ത്നിന്ന് യുവ നേതാക്കൾ പ്രതിഷേധിക്കുമ്പോൾ അവർക്ക് നേരെ കൊഞ്ഞനം കാട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണിത്താൻ പ്രതികരിച്ചത്. സ്വന്തം ബൂത്തിൽ പോലും വോട്ട് കുറഞ്ഞ കാര്യം പറഞ്ഞ കെ മുരളീധരനെതിരെ അനുയായികളെ കൊണ്ട് സൈബർ ആക്രമണം നടത്തുകയല്ല മറിച്ച് ആ വെല്ലുവിളി ഏറ്റെടുത്ത് പാർട്ടിയെ ബൂത്തിലും പഞ്ചായത്തിലുമൊക്കെ ഒന്നാമതുകൊണ്ട് വരാനാണ് ചെന്നിത്തല ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.

താനും കെ സുധാകരനും ബിജെപിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് പരത്തുന്നത് ഇവിടയുള്ള ചില കോൺഗ്രസ്സുകാർ തന്നെയാണെന്നും തങ്ങൾ പാർട്ടിക്കുള്ളിൽ നിന്നാൽ അത് ഒരു തലവേദനയായിട്ടാണ് ചിലർ കാണുന്നതെന്നും ചൂണ്ടിക്കാണിച്ച ഉണ്ണിത്താൻ തങ്ങൾക്ക് രണ്ട് പേർക്കുമല്ലാതെ നേതൃത്വത്തിലെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്യാനുള്ള  ചങ്കുറപ്പ്  ഉണ്ണിത്താൻ തുറന്നടിച്ചു. താൻ എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇവിടെ തന്നെ കാണുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കൃതൃമം ആണെന്നും അത്തരം നിലപാട് തന്റെ വീട്ടിൽ സ്വീകരിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകിയതായിട്ടും ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയെ കൊണ്ട എല്ലാം നേടിയ ശേഷവും കടിച്ച് തൂങ്ങുന്നത് ശരിയാണോ എന്ന് പണ്ട് കടൽ കിഴവന്മാർക്കെതിരെ രംഗത്ത് വന്നവർ തന്നെ തീരുമാനിക്കട്ടെ എന്നും ഉണ്ണിത്താൻ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ രൂപം

  • രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെ കുറിച്ച്

കേരളത്തിലെ കോൺഗ്രസിനുള്ളിൽ കെ കരുണാകരന്റെ കാലം മുതൽ തന്നെ കുടിപക എന്ന സാധനം നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നവർ ഇന്നും അത് തുടരുന്നു. 1994ൽ കേന്ദ്ര നേതൃത്വവും സംസ്ഥാഥാന നേതൃത്വവും കൈവള്ളയിലായിരുന്നു കെ കരുണാകരന്റെ. അന്ന് രണ്ട് സീറ്റ് ഇത് പോലെ ഒഴിവ് വന്നപ്പോൾ തന്റെ ശത്രുവായ കുട്ടപ്പന് സീറ്റ് കിട്ടാതിരിക്കാൻ കരുണാകരൻ ലീഗിനെ ഇറക്കി ഒരു കളി കളിച്ചു.ഒരു ഘടകകഷിയും അവകാശമുന്നയിക്കാതിരുന്നപ്പോഴാണ് ഈ കളി നടന്നത്.പരസ്യമായി തന്നെ അവഗണിച്ച ആളെ സ്ഥാനാർത്ഥിയാക്കിതിനെ ലീഡർ എതിർത്തപ്പോൾ ആയിരുന്നു ലീഗിനെ ഇറക്കി അന്ന് കളി നടത്തിയത്. മുന്നണി സംവിധാനം നില നിൽക്കാൻ ഇത് ആവശ്യമാണെന്ന് ഹൈക്കമാൻഡിനെ ബോധിപ്പിച്ചു. ഇതിന് വലിയ വിലയാണ് കോൺഗ്രസ് നൽകേണ്ടി വന്നത്. അന്ന് ധനകാര്യ മന്ത്രിയായ ഉമ്മൻചാണ്ടചി രാജിവെച്ച് സംസ്ഥാനത്തുടനീളം കരുണാകരന് എതിരെ പ്രസംഗിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഇതിൽ ശരിക്കും വിഷമിച്ചിരുന്നു.അന്ന് പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയെ സ്‌നേഹിക്കുന്നവർക്കും വിഷമമുണ്ടായെങ്കിലും പാർട്ടിയിലെ തന്റെ ഉന്നധ സ്വാധീനം ഉപയോഗിച്ച് കരുണാകരൻ അതിനെ മറികടന്നു.

പിന്നീട് ഉമ്മൻ ചാണ്ടി പറഞ്ഞതാണ് ശരിയെന്ന് പിന്നീട് ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും തിരിച്ചറിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് ഉയർന്നു.ഒരു ഹീറോ ആയി മാറിയ അദ്ദേഹം പിന്നീട് രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആയി. അന്ന് എതിർപ്പ് കാണിച്ച അതേ ഉമ്മൻ ചാണ്ടി ഇന്ന് കരുണാകരന്റെ അതേ പരിപാടിയാണ് കാണിച്ചത്.ഇതിൽ ഒരു വിശ്വാസവുമില്ല.അന്ന് ഹൈക്കമാൻഡ് കരുണാകരന്റെ ഒപ്പവും ഇന്ന് ഇവിടത്തെ മൂവർ സംഘത്തിനൊപ്പമാണ് ഹൈക്കമാൻഡ്. പിന്നെ ഇപ്പോൾ ഉയരുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് പറഞ്ഞാൽ അന്ന് ഉമ്മൻ ചാണ്ടി കാണിച്ചത്‌പോലെയുള്ള പ്രതിഷേധമൊന്നും ഇപ്പോഴും ഇവിടെ ഉയർന്ന് വന്നിട്ടില്ല.ഇന്ന് ഉമ്മൻ ചാണ്ടി കേരള കോൺഗ്രസിന് നൽകിയത് അവർ ചോദിച്ചിട്ടല്ല. പഴയത് പോലെ ഇന്നും കുടിപ്പക നേതാക്കൾക്ക് ഉള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.അന്ന് എടുത്ത തീരുമാനം എല്ലാവരേയും ബോധ്യപ്പെടുത്താൻ കരുണാകരന് കഴിഞ്ഞിരുന്നു എന്നാൽ ഇനി ഒരു ജന്മം ജനിച്ചാലും ഈ വിഷയം ആരെയും പറഞ്ഞ് മനസ്സിലാക്കാൻ മൂന്ന് പേർക്കും കഴിയില്ല.

കരുണാകരൻ കോൺഗ്രസിലെ ഏകാധിപതിയാണെന്നും ശൈലിമാറ്റണമെന്നും ആവശ്യപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി എന്ന് ഓർക്കണം.ശൈലി മാറ്റാൻ ഒന്നും തയ്യാറാവാതെ വന്നപ്പോഴാണ് തിരുത്തൽവാദികളും എ ഗ്രൂപ്പ് നേതൃത്വവുമൊക്കെ ചേർന്ന് കരുണാകരനെ മാറ്റിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് അതേ രീതി പിന്തുടർന്നിട്ട് ഇപ്പോൾ അവർക്കെതിരെ പ്രതിഷേധം ഉയരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.ഇന്ന് ഇവിടെ ആരും രാജിവെച്ചൊന്നുമില്ലല്ലോ. പിന്നെ പിജെ കുര്യൻ പറഞ്ഞത് സ്വാഗതാർഹമാണ് സീറ്റ് എനിക്ക് തന്നില്ലേലും കുഴപ്പമില്ല പക്ഷേ മറ്റൊരു കോൺഗ്രസ് നേതാവിന് നൽകണം എന്നാണ്.പണ്ട് ചെയ്തതിനെ ആണ് ഇപ്പോൾ തിരിച്ച് കിട്ടുന്നത് അതിന് വി എം സുധീരനേയോ, ഷാനിമോൾ ഉസ്മാനെയോ അഞ്ച് എംഎൽഎ മാരെയോ ഒന്നും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

തങ്ങളെ കുറ്റം പറയുന്നവർ പാർട്ടി വിടാൻ പോകുന്നവരാണ് എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. എതിർക്കാതിരുന്ന് മംഗള പത്രം എഴുതി കൊടുക്കുന്ന സ്ഥുതിഗീതങ്ങൾ ആലപിക്കുന്ന ആളുകൾക്ക് എല്ലാം നൽകുകയും മറ്റുള്ളവരെ തള്ളി പറയുകയും ചെയ്യുന്നതാണ് പ്രശ്‌നം.ഈ പാർട്ടിയെ സ്‌നേഹിക്കുന്നവർ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ പറയുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കു. അതിനെ കുറ്റം പറയേണ്ട. പകരം ചെയ്യേണ്ടത് അവരുടെ അഭിപ്രയാം കൂടി പരിഗണിക്കുക എന്നതാണ്.രാജ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും 19 സംസ്ഥാനത്തെ മുഖ്യമന്ത്രിയുമൊക്കെ ആർഎസ് എസ് ആണ്. രാജ്യസഭയിൽ മാത്രമാണ് അവർക്ക് ഭൂരിപക്ഷമില്ലാത്തത്. അതിന് സാഹചര്യമുണ്ടാക്കികൊടുക്കുന്നത് അത്ര നല്ല പ്രവണതയല്ല.ഇടത് പക്ഷത്തെ നോക്കും അവർ രണ്ട് സീറ്റ് കിട്ടിയപ്പോൾ മുന്നണിയിലെ പ്രധാന കക്ഷികൾ പങ്കിട്ടെടുക്കുകയാണ് ചെയ്തത്.ഇത് കോൺഗ്രസിൽ സംഭവിക്കരുതെന്നും തകരരുതെന്നും ഇടത് പക്ഷം പോലും ആഗ്രഹിക്കുന്നു.മാർക്‌സിസ്റ്റ് പാർട്ടി സ്വയം ശക്തിപെടുത്തി മുന്നണിയെ കെട്ടിപടുക്കുമ്പോൾ കോൺഗ്രസ് ചെയ്യുന്നത് നേരെ തിരിച്ചാണ്.

  • കോൺഗ്രസിലെ കലാപത്തിന്റെ നേട്ടം ബിജെപിക്ക് തന്നെയല്ലേ?

അത് ഇപ്പോൾ പറയാൻ കഴിയുകയില്ല. കാരണം പ്രധാനമന്ത്രി വളരെ ഭംഗിയായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വെന്നിക്കൊടി പാറിച്ച് മുന്നോട്ട് പോകുന്നു.ഉദാഹരണത്തിന് ചെങ്ങന്നൂരിലെ കാര്യം തന്നെ എടുക്കാം മുൻപ് അവിടെ ഏറ്റവും കൂടുതൽ വോട്ട് നേടിയത് എംട രമേശ് പന്ത്രണ്ടായിരം വോട്ട് നേടിയതാണ് അത് പിന്നെ മൂവായിരവും ആറായിരവും ഒക്കെ ആയി മാറി. പിന്നെ ഒരു മുന്നണിയായി ശ്രീധരൻ പിള്ള 2016ൽ മത്സരിച്ചപ്പോൾ 42000 വോട്ടുകൾ ലഭിച്ചു. ഇപ്പോൾ ബിജിഡെഎസ് പിന്മാറിയപ്പോൾ അത് 35000 ആയി കുറഞ്ഞു.എസ്എൻഡിപി അവരുടെ സ്വാധിനം ഉപയോഗിച്ച് രൂപീകരിച്ച പാർട്ടിയായ ബിഡിജെഎസ് പിന്മാറിയപ്പോൾ പോലും 35000 വോട്ട് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. ഇനി ഇപ്പോളത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞാൽ ഇനി ഇപ്പോൾ എന്ത് തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്നാലും അത് ത്രികോണ മത്സരമായിരിക്കും.
ചെങ്ങന്നൂരിൽ വോട്ട് കുറഞ്ഞപ്പോൾ തന്നെ ബിഡിജെഎസ് എന്ന സഖ്യകക്ഷിയെ അവർ പരിഗണിച്ചു.

കേരളത്തിലെ ഹിന്ദുക്കളുടെ വോട്ട് ഇനി മൂന്നായി വിഭജിക്കപ്പെടും. അത് മുന്ന് പാർട്ടികളും പങ്കിട്ടെടുക്കും. ഹിന്ദുക്കളുടെ വോട്ട് വികടിക്കുമ്പോൾ ഏറ്റവും കുറവി ഹിന്ദു വോട്ട് കിട്ടുന്ന പാർട്ടിയായി കോൺഗ്രസ് മാറും. പിന്നെയുള്ളത് ന്യൂനപക്ഷത്തിന്റെ വോട്ടാണ്.കോൺഗ്രസ് മൃതുഹിന്ദുത്വ നിലപാടെടുക്കുന്നു എന്നാരോപിച്ച് വോട്ട് സിപിഎം കൊണ്ട് പോകുമ്പോൾ അതിനെ തടയാൻ പോലും നേതൃത്വത്തിലിരിക്കുന്നവർക്ക് കഴിയുന്നില്ല.കോൺഗ്രസിന്റെ ഓരോ പ്രവർത്തിയെയും മൃതുഹിന്ദുത്വ നിലപാടിനെ സ്വാധൂകരിക്കുമ്പോൾ ന്യൂനപക്ഷം അകലുന്നതിൽ ഒരു കുറ്റവും പറയാൻ പറ്റില്ല.അതാണ് ചെങ്ങന്നൂരിൽ കണ്ടത്. പിന്നെ ഇതിൽ കോൺഗ്രസിന് നഷ്ടം വരുമെന്ന് ഉറപ്പാണെങ്കിലും അതുകൊണ്ട്‌പോയത് എൽഡിഎഫ് ആണോ ബിജെപി ആണോ എന്നറിയാൻ തെരഞ്ഞെടുപ്പിന്റെ ഫലം വരണം.

  • കേരള കോൺഗ്രസ്- മുസ്ലിം ലീഗ് ബന്ധം ശക്തമാകുന്നത് കോൺഗ്രസിന് ഭീഷണിയോ

തീർച്ചയായും അത് ഒരു ഭീഷണിയാണ്.കോൺ്ഗ്രസ് ദുർബലപ്പെടും എന്നതിൽ തർക്കമില്ല. പക്ഷേ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ശക്തിപ്പെടണം. ലീഗിനെ ദുർബലപ്പെടുത്താൻ ഒന്നും ആർക്കും കഴിയില്ല. അവർക്ക് അവരുടെ ഒരു ജില്ല തന്നെ കയ്യിലുണ്ട്.അവർക്ക് കിട്ടാൻപോകുന്ന സീറ്റുകൾ ഒരു പരിധിക്ക് താഴെ ഒന്നും പോകില്ല എന്നതാണ് സത്യം.കേരള കോൺഗ്രസിനും അവരുടേതായ ശക്തികേന്ദ്രങ്ങളുണ്ട്.കേരളത്തിലെ യുഡിഎഫിൽ എല്ലാ ബൂത്തുകളിലും പ്രവർത്തനം നടത്താൻ പറ്റുന്നത് കോൺഗ്രസിന് മാത്രമാണ്. അത്‌കൊണ്ട് തന്നെയാണല്ലോ നേതൃത്വത്തിൽ കോൺഗ്രസിനെ നിർത്തുന്നത്. ഇല്ലെങ്കിൽ അത് വല്ലതും അംഗീകരിക്കുമോ? പി്‌ന്നെ കേരളത്തിൽ കോൺഗ്രസിന് മുകളിൽ ഈ കക്ഷികൾ പോയാൽ കോൺഗ്രസിന്റെ കയ്യിലുള്ള മറ്റ് പലതും അവർ ആവശ്യപ്പെടും.അപ്പോൾ കൊടുക്കേണ്ടി വരും അത് തന്നെയാണ് സംഭവിക്കുക.

ഇപ്പോൾ തന്നെ കെഎം മാണിയെ കൊണ്ട് വരണം എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. കേരളത്തിൽ ഒറ്റയ്ക്ക് ഒരു രാജ്യസഭ അംഗത്തെ ഉണ്ടാക്കാൻ കെൽപ്പില്ല. സീറ്റ് ആവശ്യപ്പെട്ടിട്ട് തന്നില്ലെങ്കിൽ മുന്നണിയെ ബാധിക്കും എന്ന് മനസ്സിലാക്കിയാണ് കാറ്റുള്ളപ്പോൾ തൂറ്റുക എന്ന നയം സ്വീകരിച്ചത്. കോൺഗ്രസിന്റെ കാര്യം വീക്ഷണം പറഞ്ഞത് പോലെ തന്നെ ഗ്രൂപ്പ് രാഷ്ട്രീയം തുടങ്ങിയിട്ട് കാലങ്ങളായി. കരുണാകരനും ആന്റണിയുമൊക്കെ ഗ്രൂപ്പ് ഭരിക്കുമ്പോൾ ജനങ്ങളുമായി ബന്ധമുള്ള പ്രവർത്തന പരിചയമുള്ള നേതാക്കളെയാണ് തെരഞ്ഞെടുത്ത് മുൻനിരയിലേക്ക് കൊണ്ട് വന്നിരുന്നത്.ഇന്നിരിക്കുന്ന നേതാക്കൾ പക്ഷേ തങ്ങളുടെ പെട്ടി ചുമക്കുന്നവരേയും യാതോരു ഗുണവുമില്ലാത്ത ഗ്രൂപ്പിലെ തന്നെ ഏറ്റവും വേസ്റ്റായിട്ടുള്ളവരെയാണ് മുന്നിലേക്ക് കൊണ്ട് വരുന്നത്.

കാരണം സ്ഥുതിപാടകരേയും മംഗളപത്രം എഴുതുന്നവരുമാണ് ഇന്ന് നേതാക്കൾക്ക് പ്രിയപ്പെട്ടത് എന്ന് വീക്ഷണം പത്രം പറഞ്ഞത് വളരെ ശരിയാണ്.ഇന്ന് കേരളത്തിലുണ്ടായിരിക്കുന്ന ഈ ദുരവസ്ഥയ്ക്ക് കാരണം രമേശ് ചെന്നിത്തലയും ഹസ്സനും ഉമ്മൻ ചാണ്ടിയും തന്നെയാണ്. രമേശും ഉമ്മൻ ചാണ്ടിയും എന്ത് തീരുമാനിക്കുന്നവോ അതിന്റെ അടിയിൽ ഒപ്പിട്ട് കൊടുക്കുന്ന മാനസപുത്രനാണ് ഹസ്സൻ. അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തിയിട്ട് പാർട്ടി ശക്തിപ്പെടുന്നില്ലെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ല. മൂന്ന് മാസം സമയം കിട്ടിയിട്ടും ബൂത്തിലിരിക്കാനും നോട്ടീസ് വിതരണം ചെയ്യാൻ ആളി്‌ലലാത്തത് സംഘടനാ ദൗർബല്യമാണ്. ഇത് പറയാൻ വരുന്ന പ്രവർത്തകനെ അടുപ്പിക്കാതെ ഗ്രൂപ്പ് വക്താക്കളെ നിർത്തിയാൽ ഇതൊക്കെ തന്നെ അവസ്ഥ. പ്ണ്ട് കുട്ടിയെ മുറിച്ച് വീതം വയ്ക്കാൻ ശ്രമിച്ച സ്ചത്രീകളുടെ കഥപോലെയാണ് കോൺഗ്രസിന്റെ അവസ്ഥ.

  • പ്രതിപക്ഷ നേതാവെന്ന നിലയിലും പാർട്ടി നേതൃത്വത്തിരിക്കുന്ന വ്യക്തി എന്ന നിലയ്ക്കും രമേശ് ചെന്നിത്തല ഒരു പരാജയമാണോ

കോൺഗ്രസ് പാർട്ടിയുടെ ഒരു വക്താവെന്ന ഉത്തരവാദിത്തപെട്ട സ്ഥാനത്തിരുന്ന് അതിന് ഉത്തരം പറയുന്നത് ശരിയല്ല.ജനങ്ങളാണ് അതിന് ഉത്തരം പറയേണ്ടത്. കോൺഗ്രസിനെ സ്‌നേഹിക്കുന്നവരും സാധാരണക്കാരായ പ്രവർത്തകരുമാണ് അതിന് ഉത്തരം പറയേണ്ടത്. ജനങ്ങൾക്കിടയിൽ ഒരു പോൾ നടത്തിയാൽ അതിന്റെ ഉത്തരം കിട്ടും.

  • ഉമ്മൻ ചാണ്ടി- കുഞ്ഞാലിക്കുട്ടി കൂട്ട്‌കെട്ട് കോൺഗ്രസിന് ഗുണമാണോ ദോഷമാണോ

കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു മുന്നണിയാണ് ഐക്യമുന്നണി.അതിലെ പ്രബലമായ കക്ഷിയാണ് മുസ്ലിം ലീഗ്. അതിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് കുഞ്ഞാലിക്കുട്ടി. അപ്പോൾ കോൺഗ്രസ് നേതാക്കളും ഘടകക്ഷികളുടെ നേതാക്കളും തമ്മിലുണ്ടാവേണ്ടത് വൈകാരികമായ ഒരു മാനസികമായ അടുപ്പമാണ്. ഇപ്പോൾ ഉദാഹരണത്തിന് മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധമാണ്. മാണി എൽഡിഎഫിലേക്ക് പോകാതിരുന്നതിന് കാരണം. നിരവധി തവണ അവർ എൽഡിഎഫിലേക്ക് പോകാൻ ആഗ്രഹിച്ചതും തയ്യാറെടുത്തതുമാണ്. ലീഗിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അതച് സംഭവിച്ചേനെ. കുഞ്ഞാലിക്കുട്ടിയുമായി മാണിക്കുള്ള ബന്ധമാണ് മലപ്പുറത്തും വേങ്ങരയിലും പിന്തുണ നൽകിയതിന് പിന്നിൽ. അന്ന് മാണി എടുത്ത് പറഞ്ഞ കാര്യമാണ് ഈ പിന്തുണ യുഡിഎഫിന് അല്ല മറിച്ച് ലീഗിനാണ് എന്ന്. അപ്പോ വ്യക്തിബന്ധത്തിന് അതിന്റേതായപ്രാധാന്യമുണ്ട്. കോൺഗ്രസുമായി മാണിയുടെ ബന്ധം വഷളായപ്പോൾ പോലും കുഞ്ഞാലിക്കുട്ടിക്ക് മാണിയുമായിട്ടുള്ള ബന്ധമാണ് ഇന്ന് മാണി തിരിച്ച് യുഡിഎഫിലേക്ക് വന്നതിന്റെ തന്നെ കാരണെം.അത് വളരെ നല്ല കാര്യമാണ്. ഉമ്മൻ ചാണ്ടിയും മാണിയും തമ്മിൽ നല്ല ബന്ധം ഉണ്ടോ എന്ന് അറിയില്ല പക്ഷേ അത് ഉണ്ടാവുക തന്നെ വേണം പക്ഷേ ആ ബന്ധം ഉപയോഗിക്കേണ്ടത് കോൺ്ഗ്രസിനെ ശക്തിപെടുത്താനാണ് അല്ലാതെ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ അല്ല.

  • കോൺഗ്രസിനെ എപ്പോവും പ്രതിരോധിച്ചിട്ടുള്ള നേതാവായ താങ്കൾക്ക് ഈ രാജ്യസഭ സീറ്റ് മാന്യമായും നൽകേണ്ടതല്ലേ?

ഞാൻ ഒരിക്കലും ഈ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. അതായത് ഒരിക്കലും എനിക്ക് ഈ സീറ്റ് തരില്ലെന്ന് നന്നായി അറിയാവുന്നയാൾ ഞാൻ തന്നെയായിരുന്നു എന്നതാണ് ശരി. എനിക്ക് കിട്ടാത്തതിന് കാരണം പറയാം. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഈ പാർട്ടിയെ നയിക്കുന്നിടത്തോളം കാലം എന്നെ അംഗീകരിക്കില്ല. അവർക്ക് ആവശ്യം സ്തുതി ഗീതം പാടുന്നവരേയും പാദസേവകരേയുമാണ്. എന്നെപ്പോലെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളെ അവർക്ക് ആവശ്യമില്ല.സോളാർപോലെ ഒരു നാറ്റക്കേസ് വന്നപ്പോൾ ഇവിടെ ചാനലുകൾ മുഴുവൻ ഇട്ട് അലക്കിയപ്പോഴും ഞാൻ പാർട്ടിയെ പ്രതിരോധിച്ച വ്യക്തിയാണ്. ഇല്ലായിരുന്നെങ്കിൽ അന്ന് പലരും ഇവിടെ മുണ്ട് തലയിലിട്ട് നടക്കേണ്ടി വന്നേനെ. കോൺഗ്രസ് പ്രവർത്തകന്റെ വികാരം വൃണപ്പെട്ട് അവൻ ഗുഡ്‌ബൈ പറഞ്ഞാൽ പാർട്ടി തകരും. പിന്നെ പാർട്ടിയുടെ നേതാവാകാൻ ആരുമില്ലാത്ത സ്ഥിതിയാകും. ചെയ്യു്‌നനത് അധർമ്മം ആണെന്ന് അറിഞ്ഞിട്ടും അന്ന് ഞാൻ പാർട്ടിയെ പ്രതിരോധിച്ചിട്ടേയുള്ളു.

ബാർ കോഴ കേസിൽ മാണി നാണം കെട്ട നിന്നപ്പോഴെല്ലാം ഞാൻ ചാനൽ ചർച്ചകളിൽ പാർട്ടിക്ക് വേണ്ടി പടവാളെടുത്തിട്ടുണ്ട്. പി്‌നനീട് 282 കെപിസിസി മെമ്പർമാരായി തെരഞ്ഞെടുത്തപ്പോൾ 92ൽ ഏറ്റവും കൂടുതൽ വോട്ട്, വാങ്ങിയ എന്നെ ഒഴുവാക്കി. വാദവും തളർച്ചയും ഒന്നും പിടിച്ച് കിടക്കുകയായിരുന്നില്ല.അന്ന് ഞാൻ. പച്ച മനുഷ്യനായ എന്നെ അവർ അറുത്ത് മാറ്റി.92ൽ തെരഞ്ഞെടുക്കപ്പെട്ട എഐസിസി അംഗമായിരുന്നിട്ടും എന്നെ പരിഗണിച്ചില്ല. പിന്നീട് തെരഞ്ഞെടുക്കപ്പെട്ടവരുട ചരിത്രം പരിശധിച്ചാൽ നാറി പോകും എന്നിട്ടും എനിക്ക് പരിഗണന കിട്ടിയില്ല.നല്ല സംഘാടകനും പ്രാസംഗികനുമാണെന്ന് എല്ലാവരും പറഞ്ഞിട്ടും ചാനൽ ചർച്ചയിൽ പാർട്ടിയെരക്ഷിക്കുന്ന എനിക്ക് 2006ൽ തന്ന സമ്മാനം തലശ്ശേരിയിൽ നിന്നും മത്സരിച്ച് ജയിച്ച് വരാനായിരുന്നു. ഒരു കാരണവശാലും ഞാൻ നിയമസഭയിൽ എത്തരുതെന്ന് വാശിയുള്ളത് പോലെ.എന്റെ പരാജയം ഒറപ്പിച്ചിട്ടായിരുന്നു തലശ്ശേരി തന്നത്. രണ്ട് മാസം കൂടി കിട്ടിയിരുന്നെങ്കിൽ ഞാൻ തലശ്ശേരി എംഎൽഎ ആയിരുന്നു.

കഴിഞ്ഞ തവണ ഞാൻ ചോദിച്ചതുകൊല്ലം മണ്ഡലം പക്ഷേ എനിക്ക് തന്നത് കോൺഗ്രസ് സ്ഥിരം തോൽക്കുന്ന കുണ്ടറ മണ്ഡലം. അവിടെ എന്നെ കാല് വാരി തോപ്പിച്ചു. ഒപ്പം ജയസാധ്യതയുണ്ടായിരുന്ന കരുനാഗപള്ളിയിലെ സിആർ മഹേഷിനേയും കാല് വാരി തോൽപ്പിച്ചു.ഇടത്പക്ഷം പോലും കരുനാഗപള്ളിയും കുണ്ടറയും എഴുതി തള്ളിയിരുന്നു.

  • ഉണ്ണിത്താനുൾപ്പടെയുള്ള നേതാക്കൾ ബിജെപിയിലേക്ക് എന്ന പ്രചാരണം

ഈ പ്രചാരണം ഏറ്റവും കൂടുതൽ കേൾക്കുന്നുണ്ട്. ഇതിൽ നിന്നും മനസ്സിലാക്കേണ്ട കാര്യം ഈ പ്രാരണം കേൾക്കുന്നത് എൽഡിഎഫിൽ നിന്നോ അല്ലെങ്കിൽ ബിജെപിയിൽ നിന്നോ അല്ല. അത് കോൺഗ്രസിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഈ പ്രചാരണം ഉണ്ടാകുന്നത്. രാജ്‌മോഹൻ ഉണ്ണിത്താനെയും കെ സുധാകരനേയും പുറത്തേക്കിറക്കിയാൽ മാത്രമെ ഈ നേതാക്കൾക്ക് തോന്ന്യവാസം കാണിക്കാൻ പറ്റുകയുള്ളു. ഞങ്ങൾ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇവർ ഈ കാണിക്കുന്ന തോന്ന്യവാസങ്ങൾ ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള നേതാക്കൾ ഞങ്ങൾ രണ്ട് പേർ മാത്രമെയുള്ളു.കെ സുധാകരൻ, അയാൾക്ക് ഇനി എന്ത് നഷ്ടപ്പെട്ടാലും ശരി പറയാനുള്ളത് പറയും. കോൺഗ്രസിന് മോശം കാര്യങ്ങൾ സംഭിച്ചാൽ അതിന് എതിരെ ഞാൻ ശക്തമായി പ്രതിഷേധിച്ചിരിക്കും. ഇന്ന് രാജ്‌മോഹൻ ഉണ്ണിത്താനും കെ സുധാകരനും പാർട്ടിക്ക് പുറത്ത് പോകേണ്ടത് അവരുടെ വലിയ ആവശ്യമാണ്. കാരണം ഞങ്ങൾ ഈ നേതാക്കൾക്ക് തലവേദനയാണ്. ഇതിന്റെ കൂടെ ആ സുധീരനും കൂടി പോയി കിട്ടിയാൽ നല്ലതെന്നാണ് നേതാക്കൾ ചിന്തിക്കുന്നത്. കെപിസിസി ഓഫീസ് വിൽപ്പനയ്ക്ക് വച്ചാൽ വരെ കമ്മീഷൻ അടിക്കാൻ നിൽക്കുന്നവരാണ് കൂടുതൽ. പിന്നെ ഒരു കാര്യം പറയാലോ ഞങ്ങൾ ഈ പാർട്ടിയെ ഉപേക്ഷിച്ച് പോകും എന്ന് സ്വപ്നം കാണണ്ട. പിന്നെ അത് നടക്കാതെ വരുമ്പോൾ ശിങ്കിടികളെ ഇറക്കി നടത്തുന്ന സ്ഥിരം പരിപാടിയാണ് ഇത്.

ഇപ്പോൾ പ്രചാരണം തുടങ്ങി ഞാനും സുധാകരനും ബിജെപിയിലേക്ക് പോകും എന്ന് പോയാൽ ബിജെപി ഞങ്ങളെ പൊന്ന് പോലെ കൊണ്ട് നടക്കും. സിപിഎമ്മും പൊന്ന് പോലെ കൊണ്ട് നടക്കും. കാരണം ഇന്ന് കോൺഗ്രസിന് വേണ്ടി ചെയ്യുന്ന പരിപാടികൾ ബിജെപിക്കോ ഇടത് പക്ഷത്തിനോ വേണ്ടി ചെയ്താൽ അവർ ഞങ്ങളെ രാജാക്കന്മാരെ പോലെ കൊണ്ട് നടക്കും.ഇവർ ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്. പക്ഷേ അവിടെ രാജാവാകുന്നതിലും ഞങ്ങൾക്ക് ഇഷ്ടം ഇവിടെ തെണ്ടികളായി തുടരാൻ ആണ്.

  • എംഎം ഹസൻ കെപിസിസി പ്രസിഡന്റായി ഇരിക്കാൻ യോഗ്യനാണോ ?

കെ.എസ്.യു പഴയകാല നേതൃനിരയിൽ ഉണ്ടായിരുന്നവരാണ് ഇവരെല്ലാം. അത് വെച്ച് നോക്കിയാൽ ഇത് ഹസ്സന്റെ ഊഴം തന്നെയാണ്. പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്. പക്ഷേ കെപിസിസി അദ്ധ്യക്ഷനായി ഹസന് കേരളത്തിൽ ഒരു കരിയില പോലും അനക്കാൻ കഴിയില്ല.ഈ രണ്ട് ഗ്രൂപ്പിന് എതിരായി പ്രതികരിച്ച സുധീരനെ ഇന്നവർ വീട്ടിൽ ഇരുത്തി. പിന്നെ ഹസ്സൻ ഈ രണ്ട് ഗ്രൂപ്പിന് വേണ്ടിയും ഒരുപാട് വൃത്തികേടുകൾ ചെയ്ത മാനസപുത്രനാണ്.ഹസൻ കാസർഗോഡ് നിന്നും ഒരു യാത്ര തുടങ്ങിയപ്പോൾ അത് പൊളിക്കാൻ ശ്രമിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഹസ്സന് തന്നെ അറിയാം ആരൊക്കെയാണ് എതിരെന്ന്. പിന്നെ അയാൾ ഒരു പാവമാണ്. മാപ്പ് സാക്ഷിയാണ് അയാൾ. ഈ രണ്ട് നേതാക്കളും കൂടി എടുക്കുന്ന തീരുമാനത്തിന് ചിരിച്ചിരിക്കുന്നതുകൊണ്ട് നാളെ അയാൾ യുഡിഎഫ് കൺവീനർ ഒക്കെ ആയേക്കാം. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കാനൊക്കെ യോഗ്യനാണ് പക്ഷേ ആ സ്ഥാനത്തിരുന്ന് പാർട്ടിയെ രക്ഷപ്പെടുത്താൻ പറ്റുമോ എന്ന് ചോദിച്ചാൽ ഇല്ല.ഹസൻ നല്ല ഓപ്പറേഷൻ നടത്തും പക്ഷേ രോഗി മരിക്കും.എല്ലായിടത്തും ബൂത്തായി എന്ന് പറഞ്ഞു ഓപ്പറേഷൻ സക്‌സസ് പക്ഷേ രോഗി മരിച്ചു. ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി പോലും പറയുന്നു എന്റെ വീട്ടിൽ പോലും സ്ലിപ്പ് കിട്ടിയില്ല വോട്ട് പിടിക്കാൻ ആളില്ലാ എന്നൊക്കെ.

  • താങ്കളുടെ മകന്റെ രാഷ്ട്രീയം

നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ഇഷ്ടമുള്ള ആഹാരം കഴിക്കാം വസ്ത്രം ധരിക്കാം ആചാരങ്ങൾ അനുഷ്ടിക്കാം. അവന് അങ്ങനെ ഒരു വിശ്വാസം വന്നാൽ ചോദ്യം ചെയ്യില്ല. പക്ഷേ എന്റെ വീട്ടിൽ താമസിക്കുമ്പോൾ എന്റെ വിശ്വാസത്തിന് വിപരീതമായ ഒരു രീതി തുടരാൻ അനുവദിക്കുന്നില്ല. അവൻ അങ്ങനെ ഒരു പോസ്റ്റ് കൊടുത്തതാണെന്ന് ഞാൻ കരുതുന്നില്ല പക്ഷേ കൊടുത്ത് മിനിറ്റുകൾക്കുള്ളിൽ അത് പിൻവലിച്ചു. അത് ഫേയ്ക്ക് ആണ്. അവൻ അറിഞ്ഞിട്ട് ചെയ്തതാണെങ്കിൽ അത് നടക്കില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ എനിക്ക് മൂന്ന് മക്കളുണ്ട്. മറ്റഒരു മകൻ കർണാടക തെരഞ്ഞെടുപ്പിലെ വിധിയെ പറ്റി ഒരു പോസ്റ്റിട്ടിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കുമാരസ്വാമിയെ മുഖ്യമന്ത്രിയാ്കകിയത് കൃത്യസമയത്ത് എടുത്ത കൃത്യ നിലപാട് എന്ന് പ്രകീർത്തിച്ചിരുന്നു. കോൺഗ്രസിന് ഭാവിയുണ്ടെന്നും പോസ്റ്റ് ഇട്ടു.അത് എടുത്ത് കാണിക്കാൻ ഒരു പാർട്ടി്കകാരും മാധ്യമങ്ങളും തയ്യാറായില്ല. അത് എടുത്ത് കാണിച്ചാൽ ഉണ്ണിത്താന് ഗുണം കിട്ടിയാലോ എന്ന ചിന്തയാണ് അതിന് കാരണം. വാർത്തയാക്കി മാറ്റിയത് എന്നെ പണിയാൻ വരുന്നവരാണ്. പാർട്ടിക്കാർ തന്നെയാണ് ആ പോസ്റ്റ് പർവ്വതീകരിച്ച് കാണിച്ചത്.

ഇവിടെ കോൺഗ്രസിലെ പത്ത് നേതാക്കളുടെ മക്കൾ വേറെ പാർട്ടിയിൽ ഉള്ളത് ഞാൻ കാണിച്ച് തരാം. പിന്നെ അതൊന്നും പറഞ്ഞ് ഞാൻ ആരെയും നാറ്റ്ക്കുന്നില്ല.എന്നെ നാണം കെടുത്താൻ പല തവണ ശ്രമിച്ചതാണ് പക്ഷേ പരാജയപ്പെട്ടിട്ടേയുള്ളു. ഞാൻ പെണ്ണ് പിടിയനും കള്ളുകുടിയനുമാണെങ്കിൽ അത് പൊതു പ്രവർത്തന രംഗത്ത് തുടരാൻ പറ്റുമോ. ഓരോ ജില്ലയിലെ പ്രവർത്തകരോടും അനുയായികളോടും ചോദിച്ചാൽ മതിയല്ലോ. എവിടെ പോയാലും പാർട്ടിക്കാർക്കറിയാം ഞാൻ എങ്ങോട്ടാ പോണത് എന്ന്. ഈ പാർട്ടിയിൽ പെണ്ണുപിടിക്കണതും കള്ള് കുടി്കകണതും ക്കൈകൂലി വാങ്ങുന്നതും ആരാണെന്ന് എല്ലാവർക്കും അറിയാം. ഗ്രൂപ്പുണ്ടെങ്കിൽ ഇതൊക്കെ നടക്കും. പിന്നെ ഞാൻ കൂടുതൽ പറഞ്ഞാൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാകും അതുകൊണ്ട് വേണ്ട.

എന്റെ കുടുംബത്തിന് ഒരുപാട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഞാൻ കൊണ്ട് വന്നവർ പാർട്ടിയിൽ വലിയ സ്ഥാനതെത്തി എംഎൽഎമാരായി. മുരളീധരന് എതിരെ ഞാൻ സംസാരിച്ചിട്ടുള്ളത് വ്യക്തിപരമായി അക്രമിച്ചിട്ടുള്ളപ്പോൾ മാത്രമാണ്. എനിക്കെതിരെ പറഞ്ഞപ്പോൾ മുരളിയെ പിന്തുണച്ചവർ ഇപ്പോൾ അവരുടെ നേതാവിനെ പറ്റി പറഞ്ഞപ്പോൾ മുരളിയെ അക്രമിക്കുന്നത് ശരിയല്ല. വേണ്ടി വന്നാൽ കോൺഗ്രസിലെ പ്രവർത്തകർ മുരളിക്ക് പിന്തുണ നൽകും.മുരളി നല്ലത് പറഞ്ഞാൽ ഞാൻ പിന്തുണയ്ക്കും. സംഘടനയ്ക്ക ഗുണകരമായ കാര്യങ്ങൾ കോൺഗ്രസിന്റെ രക്ഷയ്ക്കായി പറയുമ്പോൾ ഞാൻ പിന്തുണയ്ക്കും. പിന്നെ മകന്റെ പോസ്റ്റിനെ കുറിച്ച് പറയുന്നവർ അവന്റെ അച്ഛന് എന്ത് നൽകി എന്ന് കൂടി പറയട്ടെ. എന്നെ ചീമുട്ടയെറിഞ്ഞു, മുണ്ടുരിഞ്ഞു. ഇന്ന് ഈ പാർട്ടിയിലെ ഏറ്റവും വലിയ സുരക്ഷയില്ലയ്മയിലുള്ളത് ഞാനാണ്. എന്നെ വകവരുത്താൻ ശ്രമിക്കുന്നത് എന്റെ പാർട്ടിക്കാർ തന്നെയാണ്.

എന്റെ മകനെ വളഞ്ഞിട്ട് അക്രമിച്ചവർ പ്രണാബ് മുഖർജിയെ കുറിച്ച് ഇത് പോലെ പറയുമോ. എല്ലാം പാർട്ടി നൽകിയ ഒരു വ്യക്തിയാണ് മതേതര പ്രഭാഷണം നടത്താൻ ആർഎസ്എസ് സ്ഥാപകനെ വീര പുത്രൻ എന്നാണ് വിളിച്ചത്. വേശിയാലയത്തിൽ പോയി മാനസാന്തരം നടത്താൻ ശ്രമിച്ചാലും പോയത് വേശ്യാലയത്തിൽ അല്ലേ എന്നാണ്. പ്രണാബിനെ അക്രമിച്ചാൽ അടി വാങ്ങും എന്ന് അറിയാം അതാണ് മിണ്ടാത്തത്.അവിടെ പോയതിലൂടെ തെറ്റായ സന്ദേശമാണ് കൈമാറുക. അവിടെ പോയാലെ ഉപദേശിക്കാൻ പറ്റുകയുള്ളോ. എന്റെ മകനെ വിമർശിച്ചവർ ഉദ്ദേശിച്ചത് നല്ലതാണെങ്കിൽ പ്രണാബ് ജിയോട് അത് പറയാൻ ധൈര്യം ഉണ്ടോ

  • കെപിസിസി അദ്ധ്യക്ഷനായി ആര് വരണം

അത് അറിയാൻ പാരൂർപടി വരെ പോണം. ആകാൻ നടക്കുന്നവരുടെ ഗൃഹനിലയുമായി അവിടെ പോണം. എനിക്ക് അറിയില്ല കേരളത്തിലെ കോൺഗ്രസിനെ എങ്ങനെ രക്ഷപ്പെടുത്തും എന്ന്. ഇപ്പോ ഓരോരുത്തരും പറയുന്നു ഞാൻ രക്ഷിക്കാം ഞാൻ രക്ഷിക്കാം എന്ന്. ഇപ്പോൾ സ്വന്തം പേരിലുള്ള പോസ്റ്ററും ചുവരെഴുത്തും നേരിട്ട് പോയി ചെയ്യേണ്ട അവസ്ഥയാണുള്ളത്.ആര് രക്ഷിക്കും എന്ന് മനസ്സിായാൽ അവരെ ഇവിടെ വെച്ചോണ്ടിരിക്കുമോ? ആരെ വച്ചാൽ രക്ഷപ്പെടും എന്നൊക്കെ അറിയാം എന്നാലും അത് ചെയ്യില്ല. പിന്നെ നമ്മളായിട്ട് ആരെയെങ്കിലും പറഞ്ഞാൽ ഒരിക്കലും അവരെ ആക്കില്ല.

  • ഈ പ്രതിസന്ധിക്ക് എല്ലാം കാരണം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അല്ലേ?

1970 കാലഘട്ടത്തിൽ കടൽ കിഴവന്മാർക്കെതിരെ രംഗത്ത് വന്ന ഒരു സംഘമുണ്ട്.അതിലെ പ്രധാനികളാണ് ഉമ്മൻ ചാണ്ടിയും ആന്റണിയും. പാർലമെന്റ് സീറ്റിൽ 971ൽ മത്സരിപ്പിക്കാൻ ഇന്ദിരാ ജി നേരിട്ട് തീരുമാനിച്ച 61 കാരനായ ശങ്കറിനെ കടൽ കിഴവനെന്നാണ് ചെറുപ്പക്കാർ വിളിച്ചത്. കരഞ്ഞ്‌കൊണ്ടാണ് അന്ന് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. ഇതൊക്കെ ചരിത്രമാണ്. അന്ന് 61 കാരനെ മാറ്റി രംഗത്ത് വന്നത് ചെറുപ്പക്കാരനായ വയലാർ രവി ആയിരുന്നു. പി്‌നനീട് ഇപ്പോൾ 81 വയസ്സുള്ള അദ്ദേഹം ചെറുപ്പക്കാർ അഭിപ്രായം പറഞ്ഞപ്പോൾ ആദ്യം രംഗത്ത് വരികയാണ് ചെയ്തത്. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അധികാര മോഹമാണെന്ന് പറയുന്ന അദ്ദേഹം അന്ന് അദ്ദേഹത്തിന് എന്തായിരുന്നു എന്ന് ആലോചിച്ചാൽ മതി.

70ൽ പാർലമെന്ററി ജീവിതമാരംഭിച്ച ഉമ്മൻ ചാണ്ടി 48 വര്ഞമായി എംഎൽഎ ആണ്, തൊഴിൽ മന്ത്രിയായി, ധനകാര്യമന്ത്രിയായി, ആഭ്യന്തര മന്ത്രിയായി, യുഡിഎഫ് കൺവീനറായി, പ്രതിപക്ഷ നേതാവായി, രണ്ട് തവണ മുഖ്യമന്ത്രിയായി ഒരു മനുഷ്യന്റെ ആയുസ്സിൽ നേടാനാവുന്നതെല്ലാം ഈ പാർട്ടിയിലൂടെ നേടി. പിന്നെ ചെന്നിത്തല, കെ.എസ്.യു എൻ.എസ്.യു നേതൃത്വത്തിലെത്തി. എംഎൽഎ, മന്ത്രി, എംപി, കെപിസിസി, ആഭ്യന്തര മന്ത്രി തുടങ്ങി എല്ലാം അദ്ദേഹം വഹിച്ച പദവികളാണ്.ഇനി ഒരു ആഗ്രഹം മുഖ്യമന്ത്രിയാവുക എന്നത് മാത്രമാണ്. ഇവർ രണ്ട് പേരും പരമാവധി എല്ലാം നേടി. ഒന്നും നേടാത്തവരണ് അധികവും എന്ന് ഓർക്കണം. എല്ലാവർക്കും അവസരം കിട്ടട്ടെ എന്ന് അവർ ചിന്തിക്കണം. പണ്ട് നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ചെറുപ്പക്കാർ പറയുന്നത് എന്ന് മനസ്സിലാക്കി ഇവരെങ്കിലും മനസ്സിലാക്കണമായിരുന്നു.

കേരളത്തിലെ മുന്നണിയെ ഒരുമിച്ച് കൊണ്ട് പോകേണ്ട പ്രതിപക്ഷ നേതാവ് പലപ്പോഴും പരിപാടികൾ അറിയിക്കാറില്ല. ഇതൊക്കെയാണെങ്കിലും കോൺഗ്രസിന് വേണ്ടി ചാനലിൽ ഘോര ഘോരം പ്രസംഗിക്കുമ്പോൾ മറ്റ് പാർട്ടിക്കാർ തന്നെ ക്ഷണിച്ചിട്ടുണ്ട്.അവരെന്നെ ക്ഷണിച്ചപ്പോഴും എന്നെ ചവിട്ടി തേച്ചവർക്കൊപ്പം നിന്നത് പാർട്ടിയോടുള്ള സ്‌നേഹം കൊണ്ട് മാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP