Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം; പറ്റില്ലെങ്കിൽ ബിജെപി ഡൽഹി വിടുക എന്ന മുദ്രാവാക്യവുമായി പ്രചരണം നടത്തും; സംസ്ഥാനം പാസാക്കിയ ബിൽ ഒപ്പിടാൻ വീട്ടുമുറ്റത്ത് കിടന്നു മടുത്ത കെജ് രിവാളിന്റെ പ്രഖ്യാപനം ഇങ്ങനെ; ആം ആദ്മിയുടെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം; പറ്റില്ലെങ്കിൽ ബിജെപി ഡൽഹി വിടുക എന്ന മുദ്രാവാക്യവുമായി പ്രചരണം നടത്തും; സംസ്ഥാനം പാസാക്കിയ ബിൽ ഒപ്പിടാൻ വീട്ടുമുറ്റത്ത് കിടന്നു മടുത്ത കെജ് രിവാളിന്റെ പ്രഖ്യാപനം ഇങ്ങനെ; ആം ആദ്മിയുടെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകിയാൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബിജെപി.ക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ വിഷയം ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ബിജെപിക്കും മോദിക്കുമെതിരെ സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടിയ നേതാവായിരുന്നു കെജ് രിവാൾ. ഡൽഹിയിൽ ബിജെപിയെ തകർത്ത നേതാവ്. എന്നാൽ കെജ് രിവാളും ആരും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് മാറുകയാണ്. ഡൽഹിക്കു പൂർണ സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്മേൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് കെജ്രിവാളിന്റെ വാഗ്ദാനം. എന്നാൽ, മോദി സർക്കാർ അതിനു തയ്യാറാകുന്നില്ലെങ്കിൽ ബിജെപി. ഡൽഹി വിടുക എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തുമെന്ന് കെജ്രിവാൾ മുന്നറിയിപ്പ് നൽകി. അങ്ങനെ പുതിയ നിലപാട് പ്രഖ്യാപിക്കുകയാണ് കെജ് രിവാൾ.

അതിനിടെ ഡൽഹി സർക്കാരിനോട് 'ശീതസമരം' തുടരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ലെഫ്. ഗവർണർ അനിൽ ബൈജലിന്റെ ഓഫീസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരിപ്പാരംഭിച്ചു. ഇത് ഇപ്പോഴും തുടരുകയാണ്. വീട്ടുപടിക്കൽ റേഷനെത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുംവരെ കുത്തിയിരിപ്പ് തുടരുമെന്ന നിലപാടിലാണ് കെജ്രിവാൾ. മറ്റുമന്ത്രിമാരോടൊപ്പം കെജ്രിവാൾ തിങ്കളാഴ്ച വൈകീട്ടാണ് ലെഫ്. ഗവർണറുടെ ഓഫീസിലെത്തിയത്.

തുടർന്ന് ലെഫ്. ഗവർണർക്ക് കത്ത് കൈമാറി. അതിനുശേഷമായിരുന്നു കുത്തിയിരിപ്പ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരും കെജ്രിവാളിനോടൊപ്പമുണ്ട്. സി.സി.ടി.വി. പദ്ധതി അംഗീകരിക്കാത്തതിനെതിരേ ലെഫ്. ഗവർണറുടെ വീട്ടിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുനടത്തി ഒരുമാസം തികയുംമുമ്പാണിത്. അങ്ങനെ ഭരണം തടസ്സപ്പെടുത്താൻ ലെഫ് ഗവർണ്ണർ ശ്രമിക്കുന്നത് കണ്ട് മനസ്സ് മടുത്താണ് കെജ് രിവാൾ സംസ്ഥാന പദവിക്കായി ബിജെപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.

ഡൽഹിയിൽ ആംആദ്മിയും കോൺഗ്രസും സഖ്യത്തിലാകുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഏഴ് സീറ്റിൽ അഞ്ച് ആംആദ്മിയും രണ്ടിടത്ത് കോൺഗ്രസും മത്സരിക്കുമെന്ന് മോദി വിരുദ്ധർ വിലയിരുത്തി. ഇതിനിടെയാണ് തനിക്ക് വേണ്ടത് ഡൽഹിയുടെ സമ്പൂർണ്ണ പദവി മാത്രമാണെന്ന് കെജ് രിവാൾ പ്രഖ്യാപിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്നാണ് ബിജെപി.യോട് പറയാനുള്ളത്. പൂർണ സംസ്ഥാന പദവി നൽകിയാൽ മുഴുവൻ ജനങ്ങളുടെയും വോട്ട് ബിജെപി.ക്ക് ലഭിക്കും.

ആം ആദ്മി പാർട്ടി ബിജെപി.ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യും. എന്നാൽ, അവർ അതിനു തയ്യാറായില്ലെങ്കിൽ ബിജെപി. ഡൽഹി വിടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുമെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് കോൺഗ്രസ് ക്യാമ്പിനേയും ഞെട്ടിച്ചു. ഈ ഒറ്റ ആവശ്യത്തിൽ കെജ് രിവാൾ ബിജെപി വിരുദ്ധത വിടുമെന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോദിയുടെ കടുത്ത എതിരാളിയായിരുന്നു ഡൽഹി മുഖ്യമന്ത്രി ഒരുകാലത്ത്. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽവി പിണഞ്ഞതോടെ തീരുമാനം മാറ്റി. മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന് പറഞ്ഞത് കേവലം തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം മാത്രമായിരുന്നോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡൽഹിയുടെ വികസനത്തിനും നമ്മുടെ കുട്ടികളുടെ ഭാവിക്കുംവേണ്ടി നാം പൊരുതണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിക്ക് പൂർണസംസ്ഥാന പദവി മോദി വാഗ്ദാനം ചെയ്തതാണ്. ഇത് വെറും പ്രചാരണതന്ത്രമായിരുന്നോയെന്ന് മോദി വ്യക്തമാക്കണം.

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ അനുഭവിക്കേണ്ടിവന്നതിനെക്കാൾ പീഡനമാണ് കേന്ദ്രസർക്കാരിൽനിന്ന് ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ വൈസ്രോയിയുടെ ഭരണത്തിനു തുല്യമാണ് ലഫ്. ഗവർണറുടേത്. 1556 മുതൽ ഡൽഹി രാജഭരണത്തിലായിരുന്നു. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ, ഡൽഹിക്ക് ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. വൈസ്രോയിയുടെ സ്ഥാനത്ത് കേന്ദ്രസർക്കാർ നിയോഗിച്ച ലഫ്. ഗവർണറാണ് ഡൽഹിയുടെ ഭരണം നടത്തുന്നത്-ഡൽഹി മുഖ്യമന്ത്രി പറയുന്നു.

ഡൽഹിയിൽ ജനങ്ങളുടെ ഭരണമല്ല നടക്കുന്നത്. കിങ് എൽ-ജിയാണ് ഭരിക്കുന്നത്. എന്തുകൊണ്ടാണ് ഡൽഹിക്കാർക്ക് സ്വാതന്ത്ര്യം ലഭിക്കാത്തത്? നമ്മുടെ പൂർവികരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുണ്ട്. ഡൽഹിയുടെ സ്വാതന്ത്യത്തിനുവേണ്ടി പോരാടേണ്ട സമയമായിരിക്കുന്നു. ലഫ്. ഗവർണറുടെ ഭരണം അവസാനിപ്പിച്ച് ജനങ്ങളുടെ ഭരണം സ്ഥാപിക്കേണ്ട സമയമായിരിക്കുന്നു. സ്വരാജ്യം എന്റെ ജന്മാവകാശമാണെന്ന ബാലഗംഗാധര തിലകന്റെ പ്രഖ്യാപനം അനുസ്മരിച്ച കെജ്രിവാൾ, ഡൽഹിയിൽ സ്വരാജ്യം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

1935-മുതൽ ബ്രിട്ടീഷുകാർ തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും അധികാരം വൈസ്രോയിക്കായിരുന്നു. അതുപോെല 1992-മുതൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെങ്കിലും അധികാരം ലെഫ്. ഗവർണറുടെ കൈയിലാണ്. എന്തുകൊണ്ടാണ് ഡൽഹിയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നത്? എന്തുകൊണ്ടാണ് ഡൽഹിക്കാരുടെ വോട്ടിന്റെ വില പൂജ്യമായത്? ബിജെപി.യുടെ ലെഫ്. ഗവർണർ ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. കിങ് എൽ-ജി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.

സർക്കാരിനെ ബഹിഷ്‌കരിക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥർ നാലുമാസമായി സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ''ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സമരവുമായി ബന്ധപ്പെട്ട് ലെഫ്. ഗവർണർക്ക് അഞ്ചുതവണ കത്തയച്ചെങ്കിലും അദ്ദേഹം ഇടപെട്ടില്ല. സമരത്തെ അദ്ദേഹം പിന്തുണയ്ക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എങ്ങനെയാണ് ഭരിക്കാനാവുക?'' -കെജ്രിവാൾ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP