Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് 54 ശതമാനം പേർ; 20 ശതമാനം പേരുടെ പിന്തുണയോടെ കെ മുരളീധരൻ രണ്ടാമത്; 13 ശതമാനം പേരുടെ പിന്തുണ വിഡി സതീശന്; ഒരു ശതമാനം പേരുടെ പോലും പിന്തുണയില്ലാതെ കെവി തോമസും പിജെ കുര്യനും കെസി വേണുഗോപാലും ഹസനും തിരുവഞ്ചൂരും; ഹൈക്കമാണ്ടിന്റെ മനസ്സിലുള്ള മുല്ലപ്പള്ളിക്ക് 1.4ശതമാനത്തിന്റെ മാത്രം പിന്തുണ; ഗ്രൂപ്പ് മാനേജർമാരെ മറന്ന് ജനമനസ്സ് കാണാൻ ഹൈക്കമാണ്ടിന് കഴിയുമോ?

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് 54 ശതമാനം പേർ; 20 ശതമാനം പേരുടെ പിന്തുണയോടെ കെ മുരളീധരൻ രണ്ടാമത്; 13 ശതമാനം പേരുടെ പിന്തുണ വിഡി സതീശന്; ഒരു ശതമാനം പേരുടെ പോലും പിന്തുണയില്ലാതെ കെവി തോമസും പിജെ കുര്യനും കെസി വേണുഗോപാലും ഹസനും തിരുവഞ്ചൂരും; ഹൈക്കമാണ്ടിന്റെ മനസ്സിലുള്ള മുല്ലപ്പള്ളിക്ക് 1.4ശതമാനത്തിന്റെ മാത്രം പിന്തുണ; ഗ്രൂപ്പ് മാനേജർമാരെ മറന്ന് ജനമനസ്സ് കാണാൻ ഹൈക്കമാണ്ടിന് കഴിയുമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരാകണം കെപിസിസിയുടെ അധ്യക്ഷൻ? എല്ലാം രാഹുൽ ഗാന്ധി തീരുമാനിക്കുമെന്നാണ് കോൺഗ്രസുകാർ പോലും പറയുന്നത്. പക്ഷേ സ്ഥാന മോഹികൾ ഏറെയാണ്. അവർ ഹൈക്കമാണ്ടിന്റെ മനസ്സ് പിടിക്കാൻ ഓടുകയാണ്. രാജ്യസഭാ സീറ്റിലെ കലാപം കലുഷിതമാകുന്നതും കെപിസിസി അധ്യക്ഷ പദത്തോടുള്ള മോഹമാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് പലരുടേയും ലക്ഷ്യം. ഹൈക്കമാണ്ടിൽ സമ്മർദ്ദത്തിനായി പലവിധ തന്ത്രങ്ങളും പുറത്തെടുക്കുന്നു. എയും ഐയും പ്രസിഡന്റ് സ്ഥാനം കിട്ടാനുള്ള നെട്ടോട്ടത്തിൽ. ഇതിനിടെയിൽ സാധാരണ കോൺഗ്രസുകാരുടെ മനസ്സ് അറിയാനായിരുന്നു ഓൺലൈൻ വോട്ടിംഗിലൂടെ മറുനാടൻ മലയാളി ശ്രമിച്ചത്. ഈ വോട്ടെടുപ്പിൽ കെ സുധാകരന് പകുതിയിലധികം പേരുടെ പിന്തുണയുണ്ട്. എന്നാൽ ഹൈക്കമാണ്ടിന്റെ പരിഗണനാ പട്ടികയിൽ സുധാകരന്റെ സ്ഥാനം ഏറെ പിന്നിലുമാണ്. ഇത് മനസ്സിലാക്കിയിട്ടാണ് ഓൺലൈൻ വോട്ടെടുപ്പിൽ സുധാകരന് അനുകൂലമായ വിധിയെഴുത്തുണ്ടാകുന്നത്.

ആരേയും പിടിച്ചു കെട്ടാൻ കെൽപ്പുള്ള നേതാവാണ് സുധാകരൻ. കണ്ണൂരിലെ ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കി കോൺഗ്രസിന്റെ ആത്മാഭിമാനം ഉയർത്തിയ നേതാവ്. സിപിഎമ്മിന്റെ ഭീഷണികളെ കാരിരുമ്പിന്റെ ശക്തിയോടെ നേരിട്ട കോൺഗ്രസ് നേതാവ്. അണികളേയും പൊതു സമൂഹത്തേയും ഒരു പോലെ അടുപ്പിച്ച് നിർത്തിയാണ് കണ്ണൂരിൽ സിപിഎമ്മിനെതിരായ പോരാട്ടം സുധാകരൻ നയിച്ചത്. കരുണാകരന്റെ അനുയായി തുടങ്ങിയ സുധാകരൻ പിന്നീട് വയലാർ രവിയുടെ വിശ്വസ്തനായി. ഇന്ന് ഒരു ഗ്രൂപ്പിലും ഈ മുൻ മന്ത്രി അത്ര സജീവമല്ല. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് വയ്‌പ്പെങ്കിലും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് മാനേജർമാർ സുധാകരനെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു. പക്ഷേ കോൺഗ്രസ് വികാരം ഉയർത്തിപിടിക്കാനുള്ള സുധാകരന്റെ മകിവ് കോൺഗ്രസുകാർ തിരിച്ചറിയുന്നു. ഇതാണ് വോട്ടെടുപ്പിൽ പ്രതിഫലിക്കുന്നതും.

54.1 ശതമാനം പേർ സുധാകരന് അനുകൂലമായി വോട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് കെ മുരളീധരനും. മുരളിയുടെ വിശാല ഐ ഗ്രൂപ്പുകാരനായാണ് വിലയിരുത്തുന്നത്. കെ കരുണാകരന്റെ ആശിർവാദത്തോടെ നേരത്തെ കെപിസിസി അധ്യക്ഷനായി തിളങ്ങിയ മുരളിയെ മികച്ച സംഘാടകനായാണ് കോൺഗ്രസുകാർ വിലയിരുത്തുന്നത്. കെപിസിസി ആസ്ഥാനത്തിന് പുതിയ മുഖം നൽകിയതും വീക്ഷണം പത്രം വീണ്ടും സജീവമാക്കിയതുമെല്ലാം മുരളിയുടെ കൂടെ ഇടപെടലുകളുടെ ഭാഗമാണ്. ആന്റണിയുടെ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ഭരിച്ച മുരളീധരന് ഉപതെരഞ്ഞെടുപ്പിൽ തോറ്റതോടെ തിരിച്ചടിയായി. പിന്നീട് ഡിഐസിയിലൂടെ എൻസിപിയിൽ. പിന്നെ കോൺഗ്രസിലേക്ക് മടക്കം. സിപിഎം ഉറച്ച മണ്ഡലമായി കരുതിയ വട്ടിയൂർകാവിനെ കോൺഗ്രസ് പക്ഷത്ത് ഉറപ്പിച്ച് നിർത്തിയ എംഎൽഎയാണ് മുരളീധരൻ ഇന്ന്. വട്ടിയൂർക്കാവിലെ ജനകീയ ഇടപെടലുകൾക്കൊപ്പം കെപിസിസിയെ നയിക്കാൻ മുരളിയെ കൊണ്ടുവരണമെന്ന പക്ഷത്തിനാണ് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനം. ഹൈക്കമാണ്ട് പട്ടികയിൽ യുഡിഎഫ് കൺവീനറാകാനുള്ള യോഗ്യത പോലും മുരളിക്കില്ലെന്നാണ് സൂചന.

വിഡി സതീശനും ഐ ഗ്രൂപ്പ് മുഖമാണ്. നേതൃത്വത്തിലേക്ക് യുവത്വം കൊണ്ടു വരാൻ വിഡി സതീശനെ ഭാവി നേതാവായി കാണുന്നവർ ഏറെയാണ്. രാഹുൽ ഗാന്ധിയുമായും നല്ല അടുപ്പമുണ്ട്. ഐ ഗ്രൂപ്പിൽ അരെങ്കിലും കെപിസിസി അധ്യക്ഷനായാൽ അത് സതീശനാകട്ടേ എന്ന് രമേശ് ചെന്നിത്തലയും ആഗ്രഹിക്കുന്നു. ലോട്ടറി സംവാദത്തിൽ തോമസ് ഐസക്കിനെ തോൽപ്പിച്ച് കരുത്തുമായാണ് സതീശ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നേതൃത്വത്തിലെ കൊള്ളരുതായ്മകൾ തുറന്ന് പറയുന്ന ഇടപെടൽ. നിയമസഭയിലെ അത്യുഗ്രൻ പ്രസംഗങ്ങൾ. അങ്ങനെ സതീശനിൽ കോൺഗ്രസുകാർക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ ഏറെയാണ്. ജാതി മത നേതാക്കളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം. വെള്ളാപ്പള്ളി നടേശനെ പോലും പരസ്യമായി വെല്ലുവിളിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സതീശൻ നേടിയത്. പോരാട്ടത്തിന് കോൺഗ്രസിനെ സജ്ജമാക്കാൻ സതീശന് വോട്ട് ചെയ്യുന്നത് 13.2 ശതമാനം പേരാണ്.

3.9 ശതമാനേ പേരുടെ പിന്തുണ രാജ്‌മോഹൻ ഉണ്ണിത്താനാണ്. അതുകഴിഞ്ഞാൽ പിസി വിഷ്ണുനാഥാണ്. എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ്. അതു കഴിഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുല്ലപ്പള്ളിക്ക് 1.4 ശതമാനം വോട്ടാണുള്ളത്. കെപിസിസി അധ്യക്ഷനാക്കാൻ ഹൈക്കമാണ്ട് കണ്ടുവച്ചിരിക്കുന്നത് മുല്ലപ്പള്ളിയെയാണ്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കാൻ തത്വത്തിൽ രാഹുൽ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിലൊരു നേതാവാണ് വോട്ടെടുപ്പിൽ ഏറെ പിന്നിലാകുന്നത്. മറുനാടൻ വോട്ടെടുപ്പിൽ അഞ്ചാം സ്ഥാനമെങ്കിലും മുല്ലപ്പള്ളി തന്നെയാകും അടുത്ത പ്രസിഡന്റെന്നാണ് ഉയരുന്ന സൂചനകൾ. കോൺഗ്രസുകാരുടെ മനസ്സറിഞ്ഞൊരു മാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറായാൽ മാത്രം മുല്ലപ്പള്ളിക്ക് കെപിസിസി അധ്യക്ഷ പദവിയിലെ മോഹങ്ങൾ കൈവിടേണ്ടി വരും. വടകരയുടെ എംപിയായ മുല്ലപ്പള്ളി കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിലെ മുഖ്യ വരണാധികാരിയായിരുന്നു.

1.2 ശതമാനം വോട്ടുണ്ട് കെ സി ജോസഫിന്. ബെന്നി ബെഹന്നാന് 1.1 ശതമാനം വോട്ടും. നിലവിലെ കെപിസിസി അധ്യക്ഷനായ എം എം ഹസന് വോട്ടെടുപ്പിൽ നേടാനായത് 0.9 ശതമാനം വോട്ട് മാത്രമാണ്. ഏറ്റവും നിരാശനാകുന്നത് കെസി വേണുഗോപാലാണ്. എഐസിസിയുടെ ജനറൽ സെക്രട്ടറിയും രാഹുലിന്റെ അതിവിശ്വസ്തനുമായ കെസിക്ക് കിട്ടിയത് വെറും 0.6ശതമാനം വോട്ടാണ്. പിജെ കുര്യന് 0.4ശതമാനം പേരും കെ വി തോമസിന് 0.1ശതമാനം പേരും വോട്ട് ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയത് 0.9ശതമാനം വോട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP