Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ്ടു പഠനത്തിനിടെ കണ്ടു മുട്ടിയപ്പോൾ തോന്നിയ പ്രണയം ഒന്നിക്കാൻ കാരണമായി; പ്രണയത്തിന് വീട്ടുകാരെ എതിരാക്കിയത് പ്രിൻസിപ്പലിന്റെ കുത്തിത്തിരിപ്പ്; കാമുകന് 18 വയസ്സേയുള്ളൂ എന്നറിഞ്ഞപ്പോൾ ചങ്കൊന്ന് കാളിയെന്ന് റിഫാന; ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത് ഹലാലായി തന്നെയാണെന്ന് ഹനീസ്; 18 കാരനും 19 കാരിക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന കോടതി വിധി സമ്പാദിച്ച കൗമാര കമിതാക്കൾ മറുനാടനോട് മനസ്സു തുറക്കുന്നു

പ്ലസ്ടു പഠനത്തിനിടെ കണ്ടു മുട്ടിയപ്പോൾ തോന്നിയ പ്രണയം ഒന്നിക്കാൻ കാരണമായി; പ്രണയത്തിന് വീട്ടുകാരെ എതിരാക്കിയത് പ്രിൻസിപ്പലിന്റെ കുത്തിത്തിരിപ്പ്; കാമുകന് 18 വയസ്സേയുള്ളൂ എന്നറിഞ്ഞപ്പോൾ ചങ്കൊന്ന് കാളിയെന്ന് റിഫാന; ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത് ഹലാലായി തന്നെയാണെന്ന് ഹനീസ്; 18 കാരനും 19 കാരിക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന കോടതി വിധി സമ്പാദിച്ച കൗമാര കമിതാക്കൾ മറുനാടനോട് മനസ്സു തുറക്കുന്നു

പീയൂഷ് ആർ

ആലപ്പുഴ: കേരളത്തിൽ ഏറെ ചർച്ച ചെയ്ത പ്രണയമാണ് ആലപ്പുഴ സ്വദേശികളായ റിഫാനയുടെയും ഹനീസിന്റെയും. 18 കാരനായ ഹനീസും 19 കാരിയായ റിഫാനയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയ വിധിന്യായാമാണ് ഇവരുടെ പ്രണയം വാർത്തകളിൽ ഇടംപിടിക്കാൻ ഇടയായത്. പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ നിർണായക ഉത്തരവ് പ്രണയിക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു.

പതിനെട്ടുകാരനായ ആൺകുട്ടിക്കും പത്തൊൻപതുകാരിയായ പെൺകുട്ടിക്കും ഒരുമിച്ച് കഴിയാൻ നിയമം തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോൾ പൂവണിഞ്ഞത് ഹനീഷിന്റേയും റിഫാന്റേയും സ്വപ്നങ്ങളാണ്. ഒരുമിച്ച് ജീവിക്കാനുള്ള സ്വപ്നം. അതിനെക്കുറിച്ച് ആലപ്പുഴക്കാരായ റിഫാന റിയാദും എച്ച്. ഹനീസും മറുനാടൻ മലയാളിയോട് മനസ്സു തുറന്നു. അവരുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും.. അഭിമുഖത്തിലേക്ക്

  • എങ്ങനെയാണ് നിങ്ങൾ പ്രണയത്തിലാകുന്നത്?

ഹനീസ്: ആലപ്പുഴയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ്ടു കോഴ്സിന് ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. പ്ലസ്ടു പൂർത്തി ആക്കുവാൻ കഴിയാതിരുന്നതിനാൽ ആറുമാസത്തെ കോഴ്സിനാണ് ചേർന്നത്. റിഫാന കമ്പ്യൂട്ടർ സയൻസിനും ഞാൻ ഹ്യുമാനിറ്റീസിലും ആയിരുന്നു. ആദ്യം എനിക്കൊരു പ്രണയമുണ്ടായിരുന്നുവെങ്കിലും അവൾ ചതിച്ചിട്ടു പോയിരുന്നു. റിഫാനയും അങ്ങനെ ചെയ്യുമോ എന്ന് പേടിയുണ്ടായിരുന്നതിനാൽ ആദ്യം പ്രണയം തുറന്ന് പറയാൻ മടിയായിരുന്നു. പിന്നെ പറയാതിരിക്കാൻ കഴിഞ്ഞില്ല. രണ്ടും കൽപ്പിച്ച് പറഞ്ഞു. എന്നാൽ മറുപടി പറഞ്ഞില്ല. ഞങ്ങൾ ഫെയ്സ് ബുക്കിൽ ഫ്രണ്ട്സായിരുന്നു. അന്ന് രാത്രിയിൽ എനിക്ക് ഫേസ്‌ബുക്ക് വഴി മെസ്സേജ് അയച്ചു, ഇഷ്ടമാണ് എന്നെ. അങ്ങനെയാണ് പ്രണയം തുടങ്ങിയത്.

  • പ്രണയത്തിന് തടസ്സം നിന്നതാരൊക്കെയായിരുന്നു?

ഹനീസ്: പ്ലസ്ടുവിന് രണ്ട് ക്ലാസ്സുകളിലായിരുന്നെങ്കിലും സെക്കൻഡ് ലാംഗ്വേജിന്റെയും ഇംഗ്ലീഷിന്റെയും ക്ലാസ്സുകൾ ഒന്നിച്ചിരുത്തിയായിരുന്നു. ഇതിനിടയിലായിരുന്നു പ്രണയം മുളപൊട്ടിയത്. വിവരം സ്ഥാപനത്തിൽ പാട്ടായി. അതോടെ ഞങ്ങളെ ഒന്നിച്ച് ക്ലാസ്സിലിരുത്തുന്നത് നിർത്തി. പലവട്ടം റിഫാനയോട് സ്ഥാപനത്തിലെ പ്രിൻസിപ്പാൾ താക്കീത് നൽകി. എനിക്ക് (ഹനീസ്) മാരക രോഗം ആണെന്ന് വരെ റിഫാനയോട് പറഞ്ഞു. പക്ഷഅവൾ വിശ്വസിച്ചില്ല. അകറ്റാൻ പലവിധം നോക്കിയെങ്കിലും ഞങ്ങൾ അടുക്കുകയായിരുന്നു. പ്രിൻസിപ്പാളായിരുന്നു ഇക്കാര്യം റിഫാനയുടെ വീട്ടിൽ അറിയിച്ചത്. ഉമ്മ റിഫാനയെ കുറേ വഴക്ക് പറഞ്ഞിരുന്നു. ഉമ്മയോടും അവർ എനിക്ക് വലിയ മാരക രോഗമുണ്ടെന്നും മദ്യപാനിയാണെന്നുമൊക്കെ പറഞ്ഞു പ്രശ്നമുണ്ടാക്കിയിരുന്നു. അതാണ് ഉമ്മയ്ക്ക് ദേഷ്യം വരാൻ കാരണം. ഉമ്മയായിരുന്നു ഏറ്റവും കൂടുതൽ തടസ്സം നിന്നിരുന്നത്. വാപ്പയോട് ഉമ്മ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് മനസ്സ് മാറ്റിയാണ് പ്രശ്നം ഗുരുതരമാക്കിയത്. വീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ റിഫാന എന്റെയൊപ്പം ഇറങ്ങി വരികയായിരുന്നു. അങ്ങനെയാണ് വാപ്പ എനിക്കെതിരെ പരാതി നൽകിയത്.

  • പ്രണയം വീട്ടിലറിഞ്ഞപ്പോൾ റിഫാനയുടെ വീട്ടിലെ പ്രതികരണം എങ്ങനെയായിരുന്നു?

റിഫാന: പ്രണയം സാവധാനം വീട്ടിൽ അറിയിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടലുകൾ. എന്നാൽ പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പാൾ വിവരം ഉമ്മയോട് പറഞ്ഞ് ഗുരുതരമാക്കിയിരുന്നു. ഉമ്മ എന്റെ ഫോണൊക്കെ തിരിച്ചു വാങ്ങി. പിന്നീട് ഹനീസ് ഇക്കാ മറ്റൊരു ഫോൺ എനിക്ക് വാങ്ങിത്തരുകയായിരുന്നു. വാപ്പാ അറിഞ്ഞത് ഞങ്ങൾ ഒരുമിച്ച് നിന്ന് സംസാരിക്കുന്നത് കണ്ടു. അന്ന് ഉമ്മായോട് വിവരം ചോദിക്കുകയും ഞങ്ങളുടെ ബന്ധം അറിയുകയുമായിരുന്നു. അന്ന് വാപ്പ വീട്ടിൽ വന്നില്ല. രാത്രിയായപ്പോൾ ഞാൻ ആക്ടീവ എടുത്ത് വാപ്പായുടെ അക്വേറിയം ഷോപ്പിൽ പോയി വീട്ടിലേക്ക് വരുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ഇനി വരില്ല എന്നും നീ വീട്ടിലേക്ക പോകാനും പറഞ്ഞു. എന്നാൽ ഞാൻ പോകാതെ അവിടെ ഇരുന്നു.

അതോടെ വാപ്പ ഇറങ്ങി പോയി. രാത്രി പന്ത്രണ്ട് മണിവരെ ഷോപ്പിൽ ഞാൻ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വാപ്പ വന്നു. എന്നോട് പറഞ്ഞു അവനുമായി ഇനി ബന്ധം വേണ്ട എന്ന് പറഞ്ഞു. എന്നാൽ ഞാൻ അവനെ തന്നെ മതി എന്ന് പറഞ്ഞപ്പോൾ എങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപോകാൻ പറഞ്ഞു. അങ്ങനെ അന്ന് രാത്രിയിൽ തന്നെ ഞാൻ വീട്ടിൽ നിന്നിറങ്ങി. ഹനീസിക്കായെ വിളിച്ചു പറഞ്ഞു എന്നെ കൂട്ടിക്കൊണ്ട് പോകാൻ. വേഗം എത്തിയ ഇക്കാ എന്നെ തിരിച്ച് മാതാപിതാക്കൾക്കൊപ്പം വിടുകയാണ് ചെയ്തത്. എന്നാൽ വീട്ടിൽ നിന്നും വീണ്ടും കുത്തു വാക്കുകളും മർദ്ദനവും തുടർന്നതോടെ ഇക്കായെ വിളിച്ചു പറഞ്ഞു എന്നെ വിളിച്ചു കൊണ്ട് പോകാൻ. വാപ്പയെ കണ്ട് മൂന്ന് വട്ടം എന്നെ വിവാഹം ചെയ്ത് തരുമോ എന്ന് ചോദിക്കണം. എന്ത് പറയുന്നു എന്ന് നോക്കിയിട്ട് തീരുമാനിക്കണം എന്ന് പറഞ്ഞു.

അങ്ങനെ ഏപ്രിലിൽ ഇക്കാ വീട്ടിൽ വന്ന് വാപ്പയോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. എന്നാൽ ഒന്നും മിണ്ടിയില്ല. മൂന്ന് വട്ടം സലാം പറഞ്ഞിട്ടും മടക്കിയില്ല. ഇതോടെ ഇക്കാ എന്നെ വിളിച്ചു ഞാൻ പോകുകയായിരുന്നു. ഹനീസിക്കയുടെ വീട്ടിലേക്കാണ് എന്നെ കൊണ്ടു പോയത്. അന്ന് രാത്രിയിൽ തന്നെ ഞങ്ങൾ ഒരു ബന്ധുവിന്റെ കായംകുളത്തെ വീട്ടിലേക്ക് മാറിയിരുന്നു. വാപ്പ എന്നെ കാണാനില്ല എന്ന കാട്ടി പൊലീസിൽ പരാതിയും നൽകി. അന്ന് രാത്രിയിൽ എന്റെ മൂത്തുമ്മയും ഉമ്മയും പനീസിക്കായുടെ തോട്ടപ്പള്ളിയിലെ വീട്ടിലെത്തി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്ക. എന്നെ പറ്റി വളരെ മോശമായി വരെ സംസാരിച്ചു. എന്നാൽ ഞങ്ങളെ സംരക്ഷിക്കുകയാണ് ഹനീസിക്കയുടെ കുടുംബം ചെയ്തത്. പിറ്റേന്ന് തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുയും അവിടെ വച്ച് എനിക്ക് ഇക്കായോടൊപ്പം പോകാനാണ് താൽപ്പര്യം എന്ന് പറയുകയും ചെയ്തു. അങ്ങനെ ഞ്ങ്ങൾ വീണ്ടും ഒന്നിച്ചു. പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞു എന്നു കരുതിയപ്പോഴാണ് ഹൈക്കോടതിയിൽ നിന്നും നോടടീസ് വരുന്നത്. അന്ന് ഒരുപാട് പേടിച്ചിരുന്നു.

  • ഹൈക്കോടതിയിൽ നിന്നും ഒരു മാസം വീട്ടുകാരോടൊപ്പം പോയി നിൽക്കാൻ പറഞ്ഞിരുന്നല്ലോ?

റിഫാന: അതെ കോടതി പറഞ്ഞു ഒരുമാസം വീട്ടുകാരോടൊപ്പം പോയി നിൽക്കൂ. എന്റെ മനസ്സ് മാറുമോ എന്നറിയാൻ വേണ്ടിയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഞാൻ ഇക്കായുടെ വീട്ടിലേക്ക് പോകുകയായിരുന്നു.

  • ഹനീസിന് 18 വയസ്സേയുള്ളൂ എന്ന് അറിഞ്ഞിരുന്നോ?

റിഫാന: പ്രണയിച്ചു കഴിഞ്ഞാണ് സത്യം പറഞ്ഞാൽ ഞാൻ ഇക്കയുടെ വയസ്സ് അറിയുന്നത്. കഴിഞ്ഞ ഇക്കായുടെ ബർത്തഡേക്ക് മുൻപ്. 18 വയസ്സേയുള്ളൂ എന്നറിഞ്ഞപ്പോൾ ചങ്കൊന്ന് കാളി. എന്നാൽ ഇക്കായെ കണ്ടാൽ ഒരിക്കലും 18 വയസ്സേയുള്ളൂ എന്ന് പറയില്ല. അതിനാൽ വീട്ടുകാരോട് എങ്ങനെയും പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് ആശ്വസിച്ചിരുന്നു. ഇക്കായ്ക്ക് എന്റെ വയസ്സ് അറിയാമായിരുന്നു.

  • കോടതി വിധി എങ്ങനെ നോക്കികാണുന്നു?

പ്രണയം സത്യമാണെങ്കിൽ അവർ ഒരുമിക്കണം. ഒരു ശക്തിക്കും അവരം വേർപെടുത്താൻ കഴിയില്ല, ദൈവത്തിന് ഒഴിച്ച്. അതിനാൽ ഈ വിധി ഓരോരുത്തർക്കും ആശ്വാസമാണ്. പക്ഷേ ഇത് ദുരുപയോഗം ചെയ്യരുത് എന്ന് റിഫാനയും ഹനീസും പറയുന്നു.

  • മുസ്ലിം സമുദായത്തിൽ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് ഹറാമല്ലേ?

ഞങ്ങൾ ഇപ്പോഴും ഹലാൽ ആയിട്ടാണ് ജീവിക്കുന്നത്. ഒരു വീട്ടിലാണെങ്കിലും രണ്ട് മുറികളിലാണ് താമസം. ഉടനെ നിക്കാഹ് നടത്തണം എന്നാണ് തീരുമാനം. പിന്നീട് എനിക്ക് (ഹനീസ്) 21 വയസ്സ് പൂർത്തിയാകുമ്പോൾ ഇന്ത്യൻ നിയമ പ്രകാരം വിവാഹം നടത്തും

  • കോടതി വിധിക്ക് ശേഷം റിഫാനയുടെ വീട്ടുകാരുടെ പ്രതികരണം?

വാപ്പ ഇടക്ക് വിളിക്കാറുണ്ട്. ഉമ്മയ്ക്കാണ് ദേഷ്യം മുഴുവൻ. എന്റെ (റിഫാന) സർട്ടിഫിക്കറ്റ് ഒന്നും തരില്ല എന്നാണ് പറയുന്നത്. വാപ്പ വിളിക്കുമെങ്കിലും നിക്കാഹ് നടത്തി തരില്ല എന്നാണ് പറയുന്നത്. വാപ്പയുടെ മനസ്സ് മാറുമെന്നാണ് വിശ്വാസം.

ഈ പ്രണയ കഥ ഇനി ചരിത്രമാണ്. പത്തൊൻപത് വയസ്സുള്ള റിഫാനയും പതിനെട്ട് വയസ്സുള്ള ഹനീസിനേയും പിരിക്കാൻ ഇനിയാർക്കുമാകില്ല. പ്രതിസന്ധികളും സമ്മർദ്ദങ്ങളും നേരിട്ടുകൊണ്ട് ജീവിത വഴിയിൽ മുന്നോട്ട് പോവുകയാണ് ഇരുവരും. ആർക്കും ഇനി ഇവരെ വേർപെടുത്താനാകില്ല. ആലപ്പുഴയിലെ ഈ യുവ പ്രണയിതാക്കൾ ഇനിയും ഒരുമിച്ച് തന്നെ ജീവിതം തുടരും.

ഹനീസിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയാൻകര തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. തീവ്രമായ പ്രണയം പക്ഷേ ആരും അംഗീകരിച്ചില്ല. കുട്ടിക്കളിയായി കണ്ട് വേർപിരിക്കാൻ ശ്രമിച്ചു. ഒടുവിൽ ഇരുവരും ഒളിച്ചോടി. ഏപ്രിലാണ് രണ്ടുപേരും ഒളിച്ചോടിയത്. റിഫാനയുടെ മാതാപിതാക്കൾ ആലപ്പുഴ പൊലീസിൽ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തു. രണ്ടുപേരെയും ഏപ്രിൽ 22ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രണ്ടുപേരും ഒരുമിച്ച് താമസിക്കാൻ കോടതി ഉത്തരവായി. എന്നാൽ റിഫാനയുടെ കടുംബം ഇത് അംഗീകരിച്ചില്ല.

ഹൈക്കോടതിയെ സമീപിച്ച് റിഫാനയ്ക്ക് വിവാഹം പ്രായമായില്ലെന്ന് പറഞ്ഞെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പിന്നെ കാമുകന്റെ തടവിൽ കഴിയുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. അത് പുതിയ ചരിത്രവും എഴുതി. തങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും റിഫാനയും ഹനീഷും കോടതിയില്ഡ വ്യക്തമാക്കി. ഹനീഷിന് 21 വയസ്സാകുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോൾ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹരജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.

യുവാവ് കുട്ടിയെന്ന നിർവ്വചനത്തിൽ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂർത്തിയായ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാൽ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇൻ റിലേഷൻഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായവർക്ക് സ്വന്തം താൽപര്യപ്രകാരം ജീവിക്കാൻ കഴിയും. കോടതിക്ക് സൂപ്പർ രക്ഷിതാവ് ചമയാൻ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഈ പ്രണയത്തിന് പുതിയ തലം വന്നു.

പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നത് സർവസാധാരണമായ സമൂഹത്തിൽ കണ്ണടച്ച് ഇരിക്കാൻ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് .മാത്രമല്ല അത്തരമൊരു വിഷയത്തിൽ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കില്ലെന്നും കോടതിവ്യക്തമാക്കി. പ്രായപൂർത്തിയയവർക്ക് ഒരുമിച്ച് കഴിയാൻ സ്വന്തം നിലയിൽ തീരുമാനമെടുക്കാം. ഇവിടെ പെൺകുട്ടിക്ക് വിവാഹപ്രായമാവുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് കഴിയാൻ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അധികരിച്ചാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോൾ പ്രണയിക്കുന്നവരുടെ സൂപ്പർ ഹീറോകളാണ് റിഫാനയും ഹനീസും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP