Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വല്യേട്ടന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവിനുള്ള നീക്കം സിപിഐ തടഞ്ഞു; നിയമത്തിൽ കാതലായ മാറ്റമുണ്ടാകില്ലെന്ന് റവന്യു മന്ത്രി; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ

വല്യേട്ടന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവിനുള്ള നീക്കം സിപിഐ തടഞ്ഞു; നിയമത്തിൽ കാതലായ മാറ്റമുണ്ടാകില്ലെന്ന് റവന്യു മന്ത്രി; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് വരുത്താനുള്ള സർക്കാർ ശ്രമം പൊളിഞ്ഞു. സിപിഐയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് നീക്കം ഉപേക്ഷിച്ചത്. നിയമം നിലവിലെ രീതിയിൽ തന്നെ തുടരുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. നിലവിലെ നിയമത്തിൽ കാതലായ ഒരു മാറ്റവും ഉണ്ടാവില്ല. നഗരങ്ങളെ നിയമത്തിൽ നിന്നും ഒഴിവാക്കുന്നത് ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.കൃഷി, റവന്യൂ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. സിപിഎം-സിപിഐ ഉഭയകക്ഷി യോഗവും ചേർന്നപ്പോൾ സിപിഐ മന്ത്രിമാർ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

ഭേദഗതി ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കേയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. നഗരപ്രദേശങ്ങളിൽ നിന്ന് ഭൂമി നികത്തലുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ വർധിച്ചുവരുന്നു എന്ന് കാണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.2008ലെ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദ്ദേശം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇതിനിടെ തിടുക്കപ്പെട്ട് യോഗം വിളിക്കുന്നത് വൻകിട കെട്ടിട നിർമ്മാതാക്കളുടെയും ഭൂമാഫിയയുടെയും സമ്മർദ്ദത്തെ തുടർന്നാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.

പൊതുആവശ്യങ്ങൾക്കു ഭൂമി നികത്തുമ്പോഴുണ്ടാകുന്ന മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിൽ ഇളവ് നൽകിക്കൊണ്ടാണ് ഭേദഗതി പരിഗണിക്കുന്നത്. ഇതിനോട് സിപിഐയ്ക്ക് യോജിപ്പില്ല. ഇതിനിടെയാണ് നിയമത്തിൽ ഇളവ് കൂടി പരിഗണിക്കുന്നത്.തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. നിയമത്തിലെ കടുത്ത നിർദ്ദേശങ്ങളിൽ ഇളവിനും ആലോചനയുണ്ടായിരുന്നു.

വി എസ് സർക്കാരിന്റെ കാലത്താണ് നെൽവയൽ, തണ്ണീർത്തട നിയമം കൊണ്ടുവന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്തുമ്പോൾ പ്രാദേശിക സമിതികളുടെ റിപ്പോർട്ടുകൾ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാർശകൾക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.

ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉദ്ദേശിച്ചായിരുന്നു ഭേദഗതി കൊണ്ടുവന്നത്. 2008 ന് മുൻപുള്ള നെൽവയൽ നികത്തലുകൾക്ക് പിഴ ഈടാക്കിക്കൊണ്ട് സാധൂകരണം നൽകാമെന്നും ഭേദഗതിയുണ്ടായിരുന്നു. ഈ ഭേദഗതികളടങ്ങുന്ന ബില്ലാണ് ഇപ്പോൾ നിയമസഭ പരിഗണിക്കുന്നത്. നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ഇത് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിരമായി യോഗം വിളിച്ചത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സുപ്രധാന നിയമത്തിൽ സർക്കാർ ഇളവ് നൽകുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 2008ന് മുൻപ് ഫ്ളാറ്റ് നിർമ്മാതാക്കളുടെയും മറ്റും നികത്തിയ ഭൂമി ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഇത്തരം ഭൂമിയുടെ കാര്യത്തിൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് ഇളവ് വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP