Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശ്ശേരിയിൽ പിടികൂടിയത് 11 കോടിയുടെ വിദേശ കറൻസി; യുഎസ് ഡോളറും സൗദി റിയാലുമായി എത്തിയ അഫ്ഗാൻ സ്വദേശിയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തതയില്ല; വൻതോതിലുള്ള കറൻസി വേട്ടയ്ക്ക് വഴിയൊരുക്കിയതിൽ മുഖ്യപങ്ക് സിയാൽ സുരക്ഷാ വിഭാഗത്തിലെ സ്‌ക്രീനർമാരുടെ ജാഗ്രത; അഭിനന്ദനവുമായി കസ്റ്റംസ് വിഭാഗം

നെടുമ്പാശ്ശേരിയിൽ പിടികൂടിയത് 11 കോടിയുടെ വിദേശ കറൻസി; യുഎസ് ഡോളറും സൗദി റിയാലുമായി എത്തിയ അഫ്ഗാൻ സ്വദേശിയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തതയില്ല; വൻതോതിലുള്ള കറൻസി വേട്ടയ്ക്ക് വഴിയൊരുക്കിയതിൽ മുഖ്യപങ്ക് സിയാൽ സുരക്ഷാ വിഭാഗത്തിലെ സ്‌ക്രീനർമാരുടെ ജാഗ്രത; അഭിനന്ദനവുമായി കസ്റ്റംസ് വിഭാഗം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 11 കോടിയുടെ വിദേശ കറൻസി പിടികൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അഫ്ഗാൻ സ്വദേശിയായ യുവാവിൽ നിന്നാണ് ഈ വമ്പൻ തുക കണ്ടെടുത്തത്. യൂസഫ് മുഹമ്മദ് സിദ്ദിഖ് (33) എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കറൻസി പിടിച്ചെടുത്തത്. ഇന്നലെ പുറപ്പെടേണ്ട ഡൽഹി-കൊച്ചി-ദുബായ് വിമാനത്തിലാണ് കറൻസിയുമായി അഫ്ഗാൻ സ്വദേശി എത്തിയത്. സാങ്കേതിക തകരാറുകളെ തുടർന്ന് ഇന്നലെ വിമാനത്തിന്റെ തുടർ യാത്ര മുടങ്ങിയിരുന്നു. പിന്നീട് യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കി. ഇന്ന് പുലർച്ചെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇവരെ കയറ്റി വിടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്.

യുഎസ് ഡോളറും സൗദി റിയാലുമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് കമ്മീഷണറുടെയും സിയാലിന്റെയും ഇടപെടലിനെ തുടർന്നാണ് പരിശോധന നടന്നത്. ഡൽഹിയിൽനിന്നാണ് 11 കോടി രൂപ കൊണ്ടുവന്നത്. ദുബായിലേക്ക് കൊണ്ടുപോകുകയായിരുന്നു ഈ പണം. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ വിദേശ കറൻസി പിടികൂടുന്നത്. പണം കടത്തിയതിനു പിന്നിൽ ആരാണെന്നോ ഉദ്ദേശമെന്തായിരുന്നു എന്നതോ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല.

അതേസമയം പതിനൊന്നുകോടിയോളം രൂപയുടെ വിദേശ കറൻസി നോട്ടുകൾ പിടിച്ചെടുത്തതിന് പിന്നിൽ സിയാൽ സുരക്ഷാ വിഭാഗത്തിലെ സ്‌ക്രീനർമാരുടെ ജാഗ്രതയാണ്. വൻതോതിലുള്ള കറൻസി വേട്ടയ്ക്ക് വഴിയൊരുക്കിയതിൽ സിയാൽ സുരക്ഷാവിഭാഗത്തിനെ കസ്റ്റംസ് വകുപ്പ് അഭിനന്ദിച്ചു. വിമാനത്തിലേയ്ക്കുള്ള എല്ലാ ചെക്ക്- ഇൻ ബാഗേജുകളും സ്‌ക്രീനിങ് നടത്തുന്നതിന്റെ ചുമതല സിയാൽ സെക്യൂരിറ്റി വിഭാഗത്തിനാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള സ്‌ക്രീനർമാരാണ് ബാഗേജുകൾ സ്‌ക്രീൻ ചെയ്യുന്നത്. നാല് ഘട്ടങ്ങളിലായാണ് പരിശോധന നടത്തുന്നത്.

ചെക്ക്-ഇൻ കൗണ്ടറുകളിൽ നിന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ അത്യാധുനിക സി.ടി. സ്‌കാനറിലൂടെ കടന്നുപോകുന്നു. ഇന്ത്യയിൽ തന്നെ ആദ്യ ഘട്ടംമുതൽ മുഴുവൻ ബാഗേജും ത്രിമാന സ്‌കാനിങ് നടത്തുന്നത് സിയാലിന്റെ അന്താരാഷ്ട്ര ടെർമിനലിൽ മാത്രമാണ്. ബാഗേജിന്റെ വിശദമായ ത്രിമാന രൂപം ഒന്നാംഘട്ടത്തിലെ സ്‌ക്രീനർമാരുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്നു. വെറും 20 സെക്കന്റിനുള്ളിൽ ഒന്നാംഘട്ടത്തിലെ സ്‌ക്രീനിങ് പൂർത്തിയാക്കണം. ബുധനാഴ്ച പുലർച്ചെ 3.10 ന് അഫ്ഗാൻ സ്വദേശിയുടെ ബാഗിന്റെ പ്രതിബിംബം സിയാൽ സെക്യൂരിറ്റീസ് സീനിയർ അസിസ്റ്റന്റ് എം.ശ്രീകാന്തിന്റെ കമ്പ്യൂട്ടർ മോണിറ്ററിലെത്തി.

വസ്ത്രങ്ങൾ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയാണ് ബാഗിൽ ഉണ്ടായിരുന്നതെങ്കിലും ഇവയ്ക്കുള്ളിലെ ചില ഭാഗങ്ങളിലെ സൂക്ഷ്മമായ നിറവ്യത്യാസം ശ്രീകാന്തിന്റെ ശ്രദ്ധയിൽപ്പെടുകയും വിശദപരിശോധനയ്ക്കായി ബാഗിനെ രണ്ടാംഘട്ടത്തിലേയ്ക്ക് അയക്കുകയും ചെയ്തു. ഈ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ബാഗ് വിമാനത്തിലേയ്ക്ക് എത്തുമായിരുന്നു. സീനിയർ അസി.വിപിൻ കെ.എം. വീണ്ടും ബാഗ് സ്‌ക്രീൻ ചെയ്തതിൽ സംശയം ബലപ്പെട്ടു. തുടർന്ന് ഈ ബാഗ് കൺവെയർ സംവിധാനത്തിൽ നിന്ന് മാറ്റുകയും ഇതിന് മാത്രമായി മൂന്നാംഘട്ടത്തിൽ എക്‌സ്-റെ പരിശോധന നടത്തുകയും ചെയ്തു. ബാഗിനുള്ളിൽ അനധികൃതമായി എന്തോ ഉണ്ടെന്ന് തെളിഞ്ഞു.

തുടർന്ന് നാലാംഘട്ടത്തിൽ, യാത്രക്കാരനെ വിളിച്ചുവരുത്തി ബാഗ് തുറപ്പിച്ചു. ഇതോടെ ഇൻഡക്ഷൻ കുക്കറിനുള്ളിലും വസ്ത്രങ്ങളിലും വിദഗ്ധമായി ഒളിപ്പിച്ച കറൻസി നോട്ടുകൾ കണ്ടെത്തി. സെക്യൂരിറ്റീസ് സൂപ്രണ്ടുമാരായ മുഹമ്മദ് മുസ്തഫ പി.ടി, ബിജു ടി.ജി, സീനിയർ അസിസ്റ്റന്റ് ബിജു എ.പി, അസി.മാനേജർ രാജു എസ്.കെ. എന്നിവരാണ് തുടർ ഘട്ടങ്ങളിൽ പരിശോധന നടത്തിയത്. ബാഗിൽ കറൻസി നോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞതോടെ സിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ സോണി ഉമ്മൻ കോശിയുടെ നിർദ്ദേശ പ്രകാരം കസ്റ്റംസ് വിഭാഗത്തെ അറിയിക്കുകയും കസ്റ്റംസ് സൂപ്രണ്ട് കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഒരുദിവസം ഇരുപതിനായിരത്തോളം ബാഗേജുകളാണ് സിയാൽ സുരക്ഷാവിഭാഗം പരിശോധിക്കുന്നത്. ഭൂരിഭാഗം വിമാനത്താവളങ്ങളിലും ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് നടത്തുന്നത് എക്‌സ്-റെ മെഷീൻ ഉപയോഗിച്ചാണ്. സിയാൽ ടി-ത്രിയിൽ അത്യാധുനിക സി.ടി. സ്‌കാനർ ഉള്ളതിനാൽ തുടക്കംമുതൽ തന്നെ ഓരോ ബാഗിന്റേയും ത്രിമാന പ്രതിബിംബം ലഭിക്കുന്നു. ഏറെ വേഗത്തിൽ അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ട ബാഗേജ് പരിശോധനയിൽ മികവ് കാണിച്ച സിയാൽ സുരക്ഷാ സ്‌ക്രീനർമാരെ കസ്റ്റംസ് വിഭാഗം അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP