Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനത്ത മഴയിൽ കണ്ണൂരിലെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ; 12 ഇടങ്ങളിൽ ഉരുൾപൊട്ടിയതോടെ പലയിടത്തും ഗതാഗതം നിലച്ചു; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്ത്; ഇരിട്ടി-മൈസൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു; ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 20 കുടുംബങ്ങളിലെ 100 ഓളം പേരെ മാറ്റി പാർപ്പിച്ചു

കനത്ത മഴയിൽ കണ്ണൂരിലെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ; 12 ഇടങ്ങളിൽ ഉരുൾപൊട്ടിയതോടെ പലയിടത്തും ഗതാഗതം നിലച്ചു; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്ത്; ഇരിട്ടി-മൈസൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു; ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 20 കുടുംബങ്ങളിലെ 100 ഓളം പേരെ മാറ്റി പാർപ്പിച്ചു

രഞ്ജിത്ത് ബാബു

കണ്ണൂർ: അതിശക്തമായ മഴയിൽ ബ്രഹ്മഗിരി വനമേഖല ഉരുൾ പൊട്ടൽ ഭീഷണിയിൽ. 12 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം മാത്രം ഉരുൾപൊട്ടലുണ്ടായത്. ഇരിട്ടി-വീരാജ്പേട്ട വഴി മൈസൂർ-ബംഗളൂരു ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കയാണ്. ഉരുൾ പൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ കുടക് അന്തർ സംസ്ഥാന പാത അടച്ചിട്ടു.

പത്തിലേറെ സ്ഥലത്താണ് കൂട്ടുപുഴ മാക്കൂട്ടം റോഡിൽ ഗതാഗത തടസ്സമുണ്ടായത്. പൊലീസും അഗ്‌നി ശമനസേനയും നടത്തിയ രക്ഷാ പ്രവർത്തനം ഫലം കാണാഞ്ഞതിനാൽ 60 അംഗസൈന്യം രക്ഷാ പ്രവർത്തനം നടത്തി വരികയാണ്. ഡി. എസ്. സി. കമാന്റന്റ് അജയ് ശർമ്മയുടേയും കേണൽ തീർത്ഥങ്കറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് മരങ്ങൾ വീണും മണ്ണൊലിച്ചു തകർന്ന റോഡുകളിലെ ഗതാഗതം സുഗമമാക്കാൻ യത്നിക്കുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ റോഡിൽ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി സേന ഭക്ഷണവും നൽകി.

മലവെള്ളപ്പാച്ചിലിൽപെട്ട് മാക്കൂട്ടം -വിളമന 29 ാം മൈൽ സ്വദേശി ശരത്ത് മരിച്ചു. ലോറി ക്ലീനറായിരുന്ന ശരത്ത് വീരാജ്പേട്ടയിൽ ചെങ്കല്ലിറക്കി മടങ്ങി വരവേ ലോറിക്കു മുകളിൽ മരം വീണതിനെ തുടർന്ന് ലോറിയിൽ നിന്ന് പുറത്തിറങ്ങി നോക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കേരളാ -കർണ്ണാടക അതിർത്തി വനമേഖലയായ മുണ്ടറോട്ടുണ്ടായ ഉരുൾ പൊട്ടലിൽ അഞ്ച് കുടുംബങ്ങളിലെ 14 പേരെ പൊലീസും അഗ്‌നി ശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. മാക്കൂട്ടം വനഅതിർത്തിയിൽ പുറം ലോകത്തെത്താനാവാതെ ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാക്കൂട്ടം-കച്ചേരിക്കടവ് പുഴയിൽ വെള്ളക്കെട്ട് ഉയർന്നതിനാൽ ഇതുവരേയും രക്ഷാ പ്രവർത്തനം നടത്താനായില്ല.

കോളിക്കടവ്, വള്ളിത്തോട്, ടൗണുകൾ വെള്ളത്തിനടിയിലായിരിക്കയാണ്. മലയോര മേഖലകളിലെ പുഴകളെല്ലാം കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയിലാണ്. വളപട്ടണം പുഴയുടെ ഭാഗമായ ചെങ്ങളായി, പൊടിക്കളം, കൊയ്യം, മലപ്പട്ടം, തേറളായി ഭാഗത്തെല്ലാം ജലനിരപ്പ് ക്രമാതീതമായിരിക്കയാണ്. ജില്ലയിലാകെ 20 കുടുംബങ്ങളിലെ 100 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. റമദാൻ തിരക്കാരംഭിച്ചതോടെ ബംഗളൂരുവിൽ നിന്ന് കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളിൽ യാത്രക്കാർ എത്തേണ്ടതുണ്ട്. ഇന്നലെ മാത്രം നിരവധി വാഹനങ്ങൾ പാതി വഴിയിൽ കുടുങ്ങി. കുടക് വഴിയുള്ള ഗതാഗതം നിലച്ചതോടെ വാഹനങ്ങളെല്ലാം വയനാട്- മാനന്തവാടി വഴിയാണ് കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിലേക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP