Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകകപ്പിന് പന്തുരുളുമ്പോൾ മലയാളികളുടെ ആദ്യ പിന്തുണ സൗദി അറേബ്യയ്ക്ക്; റഷ്യക്കെതിരെ സൗദി കളത്തിലിറങ്ങുമ്പോൾ ഉണ്ടചോറിന് നന്ദി കാണിക്കാൻ ഒരുങ്ങി പ്രവാസികൾ; സൗദി ടീമിനായുള്ള പച്ചയിൽ കുളിച്ച ഫ്‌ളക്‌സുകളുമായി മലബാറിലെ ഫുട്‌ബോൾ പ്രേമികൾ

ലോകകപ്പിന് പന്തുരുളുമ്പോൾ മലയാളികളുടെ ആദ്യ പിന്തുണ സൗദി അറേബ്യയ്ക്ക്; റഷ്യക്കെതിരെ സൗദി കളത്തിലിറങ്ങുമ്പോൾ ഉണ്ടചോറിന് നന്ദി കാണിക്കാൻ ഒരുങ്ങി പ്രവാസികൾ; സൗദി ടീമിനായുള്ള പച്ചയിൽ കുളിച്ച ഫ്‌ളക്‌സുകളുമായി മലബാറിലെ ഫുട്‌ബോൾ പ്രേമികൾ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ ഉണ്ടചോറിന് നന്ദികാണിക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് മലബാറിലെ പ്രവാസികൾ. സ്വന്തം നാട് ഏതായാലും ലോകകപ്പിൽ മത്സരിക്കുന്നില്ല. എങ്കിൽ പിന്നെന്തിന് തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾക്ക് വേണ്ടി തൊണ്ടപൊട്ടിക്കണം. പകരം ഇത്രയും കാലവും, ഇനിയങ്ങോട്ടും തങ്ങൾക്ക് അന്നം തന്ന നാടായ സൗദി അറേബ്യക്കാണ് മലബാറിലെ പ്രവാസികളുടെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ.

അന്നം തന്ന നാടിന്റെ ടീമിനോടാണ് ആരാധനയും. മലപ്പുറത്തെയും കോഴിക്കോട്ടെയും തെരുവുകളിലൊക്കെയും മറ്റു ടീമുകളുടേതിനേക്കാൾ പൊക്കത്തിലും തലയെടുപ്പിലും ഫ്ളക്സുകളും കട്ടൗട്ടുകളുമുയർത്തിയാണ് മലബാറിലെ പ്രവാസികൾ തങ്ങൾക്കും കുടുംബത്തിനും ഇത്രയും നാൾ തണലേകിയ ഇനിയങ്ങോട്ടും തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയുള്ള നാടിനോടും അവിടുത്തെ ഫുട്ബോൾ ടീമിനോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. വീടും വാഹനങ്ങളുമെല്ലാം ഇഷ്ടടീമെന്നതിലപ്പുറം വളർത്തിയ നാടെന്ന നിലിയിൽ സൗദിയുടെ നിറമടിച്ച നിരവധി പേരെ മലബാറിലെ തെരുവുകളിൽ ഈ ദിവസങ്ങളിൽ കാണാനാകും.

സോഷ്യൽ മീഡിയകളിലും പ്രവാസികൾ തങ്ങളുടെ വളർത്തമ്മക്ക് വേണ്ടി പ്രചാരങ്ങൾ കൊഴുപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് ഇന്നത്തെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യയുമായി സൗദി അറേബ്യയുടെ മത്സരത്തെ വളരെ ആവേശത്തോട് കൂടി വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഇവിടുത്തെ പ്രവാസികൾ മുഴുവൻ. പിറന്ന നാട് ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിൽ പിന്നെ ഞങ്ങളെ വളർത്തിയ നാടിനെ അല്ലാതെ മറ്റാരെ പിന്തുണക്കുമെന്നാണ് മലബാറിലെ പ്രവാസികൾ ചോദിക്കുന്നത്. നാട്ടിൽ ഫ്ളക്സ് വെക്കാനും കട്ടൗട്ട് വെക്കാനുമൊക്കെയായി ലീവിന് വന്ന പ്രവാസികളും അവർക്ക് എല്ലാവിധ സാമ്പത്തിക സഹായവുമായി ഇപ്പോഴും സൗദിയിൽ ജോലി ചെയ്യുന്നവരും ഇവിടുത്തെ സ്ഥിരം കാഴ്ചയായി കഴിഞ്ഞു. ഇന്ന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരുമായി ഏറ്റുമുട്ടുമ്പോൾ സൗദിക്ക് വേണ്ടി മമ്പുറത്തേക്ക് നേർച്ചനേർന്നിട്ടുള്ള പ്രവാസികളുമുണ്ട്.

സ്പാനിഷ് ലീഗിൽ കളിച്ച ആറോളം താരങ്ങളുടെ കരുത്തിലാണ് സൗദി ഇന്ന് കളത്തിലിറങ്ങുന്നത്. ഇത് തന്നെയാണ് ആരാധകരുടെ ആത്മവിശ്വാസവും. റഷ്യയും, ഉറുഗ്വായും, ഈജിപ്തുമടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് സ്പാനിഷ് ലീഗിൽ കളിച്ച താരങ്ങളുടെ കരുത്തുകൊണ്ട് അനായാസം രണ്ടാം റൗണ്ടിലേക്ക് സൗദി കയറുമെന്ന ഉറച്ച വിശ്വാസത്തിലാണ് മലബാറിലെ പ്രവാസികൾ. മലയാളികളുടെ ഈ സ്നേഹവും കൂറും തിരിച്ചറിഞ്ഞാതുകൊണ്ടാകണം സൗദി അറേബ്യ തങ്ങളുടെ ടീമിന്റെ പ്രഖ്യാപനം പോലും മലയാളത്തിലാക്കിയത്.

20 ലക്ഷത്തിലധികം മലയാളികൾ സൗദിയിൽ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 75 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. വിശിഷ്യാ മലപ്പുറത്തുകാർ. മലബാറിന്റെ ഇന്നത്തെ അവസ്ഥയിൽ കാണുന്ന എല്ലാവിധ ഉന്നമനങ്ങൾക്കും ഏറ്റവും വലിയ കരുത്തായി നിന്നത് അറബിനാട്ടിൽ ചോരനീരാക്കി പ്രവാസികൾ അയച്ച പണമാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP