Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ തീരുമാനം കൊണ്ട് എൻട്രൻസ് പരിശീലന സെന്ററുകൾക്കും സ്വാശ്രയ കോളേജുകൾക്കും ഒരു പോലെ നേട്ടം; പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയാലും റാങ്ക് ലിസ്റ്റിൽ വരുമായിട്ടും എൻട്രൻസ് നടത്തിപ്പ് അഴിമതിക്ക് വേണ്ടി തന്നെ

ഒറ്റ തീരുമാനം കൊണ്ട് എൻട്രൻസ് പരിശീലന സെന്ററുകൾക്കും സ്വാശ്രയ കോളേജുകൾക്കും ഒരു പോലെ നേട്ടം; പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയാലും റാങ്ക് ലിസ്റ്റിൽ വരുമായിട്ടും എൻട്രൻസ് നടത്തിപ്പ് അഴിമതിക്ക് വേണ്ടി തന്നെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരമല്ല ലക്ഷ്യമെന്ന് പുതിയ തീരുമാനത്തെ കുറിച്ചുള്ള സർക്കാർ വിശദീകരണം പോലും വ്യക്തമാക്കുന്നു. പഠിക്കാൻ കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായ സ്വാശ്രയ എൻജിനീയറിങ് കോളേജുകളെ രക്ഷപ്പെടുത്താനുള്ള അവസാന അവസരമായി തീരുമാനത്തെ സർക്കാരും വിശദീകരിക്കുന്നു. മുപ്പതിനായിരത്തോളം എഞ്ചിനിയറിങ് സീറ്റുകൾ കാലിയായിക്കിടന്നതിനലാണ് എൻട്രൻസ് പരീക്ഷയിലെ മാറ്റമെന്ന സർക്കാർ വിശദകീരണമാണ് സംശയങ്ങൾക്ക് ഇടനൽകുന്നു. സ്വാശ്രയ കോളേജുകൾക്ക് കുട്ടികളെ കിട്ടാൻ എൻട്രൻസ് മാർക്ക് നിർബന്ധമല്ലാതാക്കി. ഒപ്പം എൻട്രൻസ് പരിശീന കേന്ദ്രങ്ങൾക്കായി പരീക്ഷ നിലനിർത്തുകയും ചെയ്തു.

സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ സീറ്റ് നിറയ്ക്കാൻ യോഗ്യതാ മാർക്കിൽ വൻ ഇളവുനൽകിയും പരീക്ഷ പ്രഹസനമാക്കിയും പ്രവേശന നടപടികൾ പൊളിച്ചെഴുതി. പ്രവേശന റാങ്ക് പട്ടികയിൽ ഇടംനേടാൻ പരീക്ഷയ്ക്ക് കുറഞ്ഞത് 10 മാർക്ക് വേണമെന്ന നിലവിലെ നിബന്ധന നീക്കി. പൂജ്യം മാർക്കോ അതിൽ താഴെ നെഗറ്റീവ് മാർക്ക് മാത്രമോ ലഭിച്ചാലും റാങ്ക് ലിസ്റ്റിൽ വരും. രണ്ടുപരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ഒരു ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയാൽ മതി. പരീക്ഷ എഴുതുന്നവരെയെല്ലാം റാങ്ക് പട്ടികയിലുൾപ്പെടുത്തും. അടിസ്ഥാന യോഗ്യതയായ +2 മാർക്ക് നിബന്ധനയിലും വൻ ഇളവുകൾ വരുത്തിക്കൊണ്ടുള്ള 2015ലെ പ്രോസ്‌പെക്ടസ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

എന്നാൽ എൻട്രൻസ് പരീക്ഷാ പരിശീലനകേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം സജീവമാണ്. എൻട്രൻസ് പരീക്ഷ ഒഴിവാക്കി +2 മാർക്കിന്റെ അടിസ്ഥാനത്തിൽ എഞ്ചിനിയറിങ് പ്രവേശനമെന്ന ആവശ്യമാണ് സ്വാശ്രയ കോളേജുകൾ മുന്നോട്ട് വച്ചത്. ഇതിനെതിരെ എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ രംഗത്ത് എത്തി. അവരുടെ കച്ചവടം പൂട്ടിക്കുന്ന നിലപാട് എടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് എൻട്രൻസ് പരീക്ഷയുടെ പ്രസക്തി കുറയുമ്പോഴും പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം.

എൻജിനിയറിങ് മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യതാപരീക്ഷ(+2)യിൽ കണക്കിനുമാത്രം 50 ശതമാനം മാർക്ക് വേണമായിരുന്നത് 45 ആക്കി കുറച്ചു. കൂടാതെ കണക്കും ഫിസിക്‌സും കെമിസ്ട്രിയും ചേർന്ന് 60 ശതമാനം മാർക്ക് വേണമെന്ന നിബന്ധന ഒറ്റയടിക്ക് 45 ശതമാനമായി ചുരുക്കി. സ്വാശ്രയ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പരീക്ഷ എഴുതിയാൽ മാത്രം മതി. അന്യസംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയ്ക്കാനും സ്വാശ്രയ സ്ഥാപനങ്ങളെ അടച്ചുപൂട്ടലിൽനിന്ന് രക്ഷിക്കാനും കൂടിയാണ് ഇളവുകളെന്ന് പ്രോസ്‌പെക്ടസ് പ്രകാശന ചടങ്ങിൽ മന്ത്രി അവകാശപ്പെട്ടു.

മെഡിക്കൽ പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരെ മാത്രമേ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് പരിഗണിക്കൂ. സ്വാശ്രയത്തിലെയും സർക്കാർ കോളേജുകളിലെയും എൻജിനിയറിങ് മെറിറ്റ് സീറ്റുകളിൽ പ്രവേശനത്തിന് യോഗ്യതാപരീക്ഷയിൽ കണക്കിന് മാത്രമായി 50 ശതമാനവും കണക്കും ഫിസിക്‌സും കെമിസ്ട്രിയും ചേർന്നുള്ള മാർക്ക് 50 ശതമാനവും വേണമെന്ന നിബന്ധന തുടരും. ഐഎച്ച്ആർഡി, എൽബിഎസ്, കേപ്പ് തുടങ്ങിയ സർക്കാർ നിയന്ത്രിത എൻജിനിയറിങ് കോളേജുകളിലും ഇതേ വ്യവസ്ഥയായിരിക്കും. കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കമ്പ്യൂട്ടർ സയൻസും പഠിക്കാത്തവർക്ക് ബയോടെക്‌നോളജിയുടെയും ഈ മൂന്ന് വിഷയങ്ങളും പഠിക്കാത്തവർക്ക് ബയോളജിയുടെയും മാർക്കും പരിഗണിക്കും.യോഗ്യതാമാർക്ക് കുറച്ചില്ലെങ്കിൽ ഇക്കൊല്ലം പകുതിസീറ്റ് വിട്ടുനൽകില്ലെന്ന മാനേജ്‌മെന്റുകളുടെ ഭീഷണിയെ തുടർന്നാണ് തീരുമാനം.

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം പ്രവേശനത്തിന് 2950 എംബിബിഎസ് സീറ്റും 56,407 എൻജിനിയറിങ് സീറ്റും. ഒന്നരലക്ഷം അപേക്ഷയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 1,48,590 അപേക്ഷയാണ് ലഭിച്ചത്.മെഡിക്കൽ സ്ട്രീമിൽ എംബിബിഎസിനു പുറമെ ബിഡിഎസി(ഡെന്റൽ)ന് 1550 സീറ്റും ബിഎഎംഎസി(ആയുർവേദ)ന് 830 സീറ്റും ബിഎച്ച്എംസി (ഹോമിയോ)ന് 250 സീറ്റും ബിഎസ്എംഎസി (സിദ്ധ)ന് 50 സീറ്റുമാണ് സംസ്ഥാനത്തുള്ളത്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോഴ്‌സുകളായ ബിഎസ്സി അഗ്രികൾച്ചറിന് 209ഉം ബിഎസ്സി ഫോറസ്ട്രിക്ക്് 30 സീറ്റും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള കോഴ്‌സായ ബിഎസ്സി ആൻഡ് എഎച്ചി (വെറ്ററിനറി)ന് 220 സീറ്റും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനു കീഴിലുള്ള കോഴ്‌സായ ബിഎഫ്എസി (ഫിഷറീസ്)ന് 50 സീറ്റുമാണ് നിലവിലുള്ളത്.

എംബിബിഎസിന് ആകെയുള്ള 2950 സീറ്റിൽ 1895 സീറ്റിലേക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർ അലോട്ട്‌മെന്റ് നടത്തും. ഇതിൽ ഒമ്പത് സർക്കാർ മെഡിക്കൽകോളേജുകളിൽ 1250 എംബിബിഎസ് സീറ്റിൽനിന്ന് അഖിലേന്ത്യാ ക്വോട്ട, ഗവൺമെന്റ് ഓഫ് ഇന്ത്യ നോമിനീസ് മുതലായ സീറ്റുകൾ ഒഴികെയുള്ള 1045 സീറ്റുകളിലേക്കായിരിക്കും അലോട്ട്‌മെന്റ്. ഒരു സർക്കാർ നിയന്ത്രിത മെഡിക്കൽ കോളേജിലെ 50 സീറ്റിലേക്കും 14 സ്വകാര്യ സ്വാശ്രയ മെഡിക്കൽകോളേജുകളിലെ 800 സീറ്റിലേക്കും പ്രവേശനം നടത്തും.നാല് സർക്കാർ ഡെന്റൽ കോളേജിലെ 190 സീറ്റിൽ അഖിലേന്ത്യാ ക്വോട്ട ഒഴികെയുള്ള 160 സീറ്റും സർക്കാർ നിയന്ത്രിത ഡെന്റൽ കോളേജിലെ 30 സീറ്റും 16 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജിലെ 650 സീറ്റും ഉൾപ്പെടെ 840 സീറ്റിലായിരിക്കും പ്രവേശനം.

അഞ്ച് സർക്കാർ, എയ്ഡഡ് ആയുർവേദ കോളേജുകളിൽ 240ഉം 10 സ്വകാര്യസ്വാശ്രയ ആയുർവേദ കോളേജുകളിൽ 285 സീറ്റും കമീഷണറുടെ റാങ്ക് പട്ടികയിൽനിന്ന് നികത്തും. അഞ്ച് സർക്കാർ, എയ്ഡഡ് ഹോമിയോ കോളേജുകളിൽ 225 സീറ്റിലും ഒരു സ്വകാര്യ സ്വാശ്രയ സിദ്ധകോളേജിൽ 25 സീറ്റിലും, 173 ബിഎസ്സി അഗ്രികൾച്ചർ സീറ്റിലും 25 ബിഎസ്സി ഫോറസ്ട്രി സീറ്റിലും കമീഷണർ പ്രവേശനം നടത്തും. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ 194ഉം ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ 41ഉം സീറ്റിലേക്കും അലോട്ട്‌മെന്റ് നടത്തും.

എൻജിനിയറിങ് കോളേജുകളിൽ 56,407 സീറ്റും ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്‌സിന് 1040 സീറ്റുമാണ് നിലവിലുള്ളത്. ആകെ 32,822 സീറ്റിലും ആർക്കിടെക്ചർ കോഴ്‌സിന് 609 സീറ്റിലും അലോട്ട്‌മെന്റ്് നടത്തും. സർക്കാർഎയ്ഡഡ് എൻജിനിയറിങ് കോളേജുകളിൽ 4402ഉം അഗ്രിവെറ്ററിനറി സർവകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ 99ഉം സർക്കാർ നിയന്ത്രിത എൻജിനിയറിങ് കോളേജിൽ 6125ഉം സ്വകാര്യസ്വാശ്രയ എൻജിനിയറിങ് കോളേജിൽ 22,200ഉം സീറ്റിലാണ് അലോട്ട്‌മെന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP