Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവാവിനെ എംഎൽഎ മർദ്ദിക്കുമ്പോൾ സാക്ഷിയായി സിഐ സ്ഥലത്ത്; എന്നിട്ടും യുവാവിന് നീതി ലഭിക്കാൻ നടപടി സ്വീകരിച്ചില്ല; കേസിന്റെ ചുമതലക്കാരൻ തന്നെ പക്ഷപാതപരമായി പെരുമാറുന്നെന്ന ആരോപണമുയർന്നതോടെ അഞ്ചൽ സിഐക്ക് സ്ഥലം മാറ്റം; നടപടി വന്നത് പൊലീസ് നിഷ്‌ക്രിയത്ത്വത്തിനെതിരെ ജനരോഷം ഉയരുകയും വിമർശനവുമായി സിപിഐ രംഗത്തെത്തുകയും ചെയ്തതോടെ

യുവാവിനെ എംഎൽഎ മർദ്ദിക്കുമ്പോൾ സാക്ഷിയായി സിഐ സ്ഥലത്ത്; എന്നിട്ടും യുവാവിന് നീതി ലഭിക്കാൻ നടപടി സ്വീകരിച്ചില്ല; കേസിന്റെ ചുമതലക്കാരൻ തന്നെ പക്ഷപാതപരമായി പെരുമാറുന്നെന്ന ആരോപണമുയർന്നതോടെ അഞ്ചൽ സിഐക്ക് സ്ഥലം മാറ്റം; നടപടി വന്നത് പൊലീസ് നിഷ്‌ക്രിയത്ത്വത്തിനെതിരെ ജനരോഷം ഉയരുകയും വിമർശനവുമായി സിപിഐ രംഗത്തെത്തുകയും ചെയ്തതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനാപുരം എംഎൽഎ കെ ബി ഗണേശ്‌കുമാർ എംഎൽഎ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജനരോഷം ശക്തമാകുന്നത് കണ്ട് നടപടിയുമായി ആഭ്യന്തര വകുപ്പ്. എംഎൽഎയെ സംരക്ഷിക്കുന്ന വിധത്തിൽ പെരുമാറിയ അഞ്ചൽ സിഐയെ ഒടുവിൽ സ്ഥലം മാറ്റി. അഞ്ചൽ സിഐ മോഹൻദാസിനെയാണ് സ്ഥലം മാറ്റിയത്. കോട്ടയം പൊൻകുന്നത്തേക്കാണ് സ്ഥലംമാറ്റിയത്.

കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്നു സിഐ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ആരോപണമുയർന്നിരുന്നു. സിഐ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നിട്ടും യുവാവിന് നീതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടിസ്വീകരിച്ചില്ലെന്നുമാണ് ആരോപണം ഉയർന്നിരുന്നത്. സിഐയ്ക്ക് നേരത്തെ തന്നെ സ്ഥലംമാറ്റത്തിന് ഓർഡർ ഇറങ്ങിയിരുന്നെന്നും പകരം ചുമതലയേറ്റെടുക്കേണ്ട ഉദ്യോഗസ്ഥൻ ലീവിലായിരുന്നതിനാലാണ് മോഹൻദാസ് തുടർന്നതെന്നുമാണ് പൊലീസ് ഉന്നതോദ്യോഗസ്ഥർ പറയുന്നത്.

അതേസമയം കെ ബി. ഗണേശ്‌കുമാർ എംഎൽഎയ്‌ക്കെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. ചെയ്യാൻ പാടില്ലാത്തതാണു ഗണേശ് ചെയ്തതെന്നു സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ പറഞ്ഞു. സംയമനവും ജാഗ്രതയും പാലിക്കണമായിരുന്നു. മാതൃകാപരമായി പ്രവർത്തിക്കാൻ ജനപ്രതിനിധിയായ ഗണേശിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണു സിപിഐ നിലപാട് വ്യക്തമാക്കിയത്. സിപിഐ കൂടി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ നടപടി ഉണ്ടായത്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചൽ സിഐ മോഹൻദാസ് മർദനം തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നായിരുന്നു ആക്ഷേപം. ഇദ്ദേഹം തന്നെയാണു കേസ് അന്വേഷിക്കുന്നതും. മർദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നെന്നു വ്യക്തമാക്കിയതായി അറിയുന്നു. സിഐ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ടു പുറത്തിറങ്ങിയ സിഐ ഗണേശിനെയും ഡ്രൈവറെയും പിടികൂടുന്നതിനു പകരം ഇവരെ സ്ഥലത്തുനിന്നു രക്ഷിക്കാനാണു ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. എംഎൽഎയുടെ മർദനത്തിൽ പരുക്കേറ്റ അനന്തകൃഷ്ണൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ സിഐ തടഞ്ഞതായും പരാതിയുണ്ട്.

ആളു കൂടിയതോടെ ഗണേശ്‌കുമാറും ഡ്രൈവറും സ്ഥലംവിട്ടു. തൊട്ടുപിന്നാലെ സിഐയും ഇവിടെനിന്നു മാറി. ഉച്ചയ്ക്ക് ഒന്നരയ്ക്കു മർദനമേറ്റ അനന്തകൃഷ്ണൻ ഒരുമണിക്കൂറിനകം സിഐയ്ക്കു പരാതി നൽകിയെങ്കിലും കേസ് എടുത്തത് വൈകിട്ട് 5.30ന്. മുക്കാൽ മണിക്കൂർ മുൻപേ ഗണേശ്‌കുമാറിന്റെ പരാതിയിൽ കേസ് എടുക്കുകയും ചെയ്തു. ഗണേശിന്റെ പരാതി ഫാക്‌സിൽ ലഭിച്ചെന്നാണു സിഐ ആദ്യം പറഞ്ഞത്. ഗണേശിന്റെ സ്റ്റാഫിൽപെട്ടയാൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി എന്നായി പിന്നീട്. പ്രശ്‌നം വഷളാകുമെന്നു മനസ്സിലായതോടെ കോടതിയിൽ മൊഴി നൽകാൻ ഷീനയ്ക്കു നോട്ടിസ് നൽകി തടിതപ്പി. ഷീന മൊഴി നൽകിയതിനാൽ ഇനി കോടതി നിർദ്ദേശം അനുസരിച്ചാകും കേസിന്റെ ഗതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP