Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? മലബാർ സിമന്റ്‌സ് അഴിമതിക്കേസിലെ ഫയലുകൾ ഹൈക്കോടതിയിൽ നിന്നും അപ്രത്യക്ഷമായത് മൂന്നു ഹർജികളിലെ 52 രേഖകൾ; കാണാതായത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട രേഖകളും; ഉന്നതർ ഉൾപ്പെട്ട കേസിലെ അട്ടിമറി നീക്കത്തിൽ ഞെട്ടി കോടതി; ഹൈക്കോടതി വിജിലൻസിന് അന്വേഷണത്തിന് നിർദ്ദേശം നൽകിയത് കോടതിയുടെ സുരക്ഷിതത്വം തന്നെ അപായത്തിലായ ഘട്ടത്തിൽ

തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? മലബാർ സിമന്റ്‌സ് അഴിമതിക്കേസിലെ ഫയലുകൾ ഹൈക്കോടതിയിൽ നിന്നും അപ്രത്യക്ഷമായത് മൂന്നു ഹർജികളിലെ 52 രേഖകൾ; കാണാതായത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട രേഖകളും; ഉന്നതർ ഉൾപ്പെട്ട കേസിലെ അട്ടിമറി നീക്കത്തിൽ ഞെട്ടി കോടതി; ഹൈക്കോടതി വിജിലൻസിന് അന്വേഷണത്തിന് നിർദ്ദേശം നൽകിയത് കോടതിയുടെ സുരക്ഷിതത്വം തന്നെ അപായത്തിലായ ഘട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീക്കട്ടയിലും ഉറുമ്പരിക്കുമോ എന്നു ചോദിച്ചാൽ ഇപ്പോൾ ഒരു അതിശയോക്തിയില്ലാത്ത ഘട്ടത്തിലെത്തിയിട്ടുണ്ട്. കാരണം അത്രമേൽ സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിൽ നിന്നു പോലും ഫയലുകൾ അപ്രത്യക്ഷമാകുന്ന ഘട്ടമാണ് കേരളത്തിലുള്ളത്. കേരളാ ഹൈക്കോടതിയിൽ നിന്നും സുപ്രധാനമായ ഒരു കേസിന്റെ ഫയലുകൾ കാണാതെ പോയെന്ന് വിവരം അറിഞ്ഞ് കോടതി തന്നെയാണ് ഞെട്ടിയത്. രാഷ്ട്രീയ ഉന്നതരും ഉദ്യോഗസ്ഥരും വ്യവസായികളും ഉൾപ്പെട്ട അഴിമതി കേസുമായി ബന്ധപ്പെട്ട നിർണായകമായ ഫയലുകൾ കാണാതെ പോയെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിൽ സുപ്രധാനമായ 52 രേഖകളാണ് നഷ്ടമായതെന്നാണ് ലഭിക്കുന്ന വിവരം.

ഓരോ ഘട്ടങ്ങളിലായാണ് ഫയലുകൾ കാണാതെ പോയത്. ഇതുസംബന്ധിച്ച് ഹൈക്കോടതി വിജിലൻസ് അന്വേഷിക്കണമെന്നു കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ സുരക്ഷിതത്വം അപകടത്തിലാണെന്നും അപായസൂചന കണക്കിലെടുത്ത് കോടതിയുടെ സുരക്ഷിതത്വവും ഭദ്രതയും ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ നിർദ്ദേശിച്ചു. വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടു ഹർജികൾ, കമ്പനി ഡയറക്ടർമാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി പിൻവലിച്ച സർക്കാർ ഉത്തരവിനെതിരായ ഹർജി എന്നിവയുടെ ഫയലുകളാണ് അപ്രത്യക്ഷമായത്. അവശേഷിക്കുന്ന കേസ് ഫയൽ ഇനിയൊരുത്തരവു വരെ ജുഡീഷ്യൽ രജിസ്റ്റ്രാർ സുരക്ഷിതമായി സൂക്ഷിക്കണമെന്നു കോടതി നിർദ്ദേശിച്ചു.

ആദ്യ രണ്ടു ഹർജികളുടെ രണ്ടാം സെറ്റുകളും മൂന്നാം ഹർജിയുടെ ആദ്യ സെറ്റും കാണാതായത് 2018 മെയ്‌ 21നു മറ്റൊരു ബെഞ്ചിൽ കേസ് ലിസ്റ്റ് ചെയ്ത ശേഷമെന്നു കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ വിജിലൻസ് രജിസ്റ്റ്രാർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. നിലവിലെ ബെഞ്ചിൽ ആദ്യമായാണ് ഈ കേസ് വന്നത്. മലബാർ സിമന്റ്‌സ് മുൻ ചെയർമാനും ഡയറക്ടർമാർക്കുമെതിരെ മൂന്നു വിജിലൻസ് കേസുകളിൽ പ്രോസിക്യൂഷൻ അനുമതി പിൻവലിച്ച 2012 ഫെബ്രുവരി 22ലെ സർക്കാർ ഉത്തരവിനെതിരെ അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി നൽകിയ ഹർജി.

വിജിലൻസ് കേസുകളിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടു കെ. വേലായുധനും ജോയ് കൈതാരവും 2012ൽ നൽകിയ ഹർജി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി 2015ൽ നൽകിയ ഹർജികളിലെ രേഖകളാണ് കളവു പോയത്. ഇതുവരെ ഇവ ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നിരിക്കെയാണു രേഖകൾ കാണാതായത്. ആദ്യ രണ്ടു ഹർജികളുടെ ഒന്നാം സെറ്റ് ആദ്യം കാണാതായി. പിന്നീട് കേസ് ലിസ്റ്റ് ചെയ്തപ്പോൾ രണ്ടാംസെറ്റ് ബെഞ്ചിലെത്തിച്ചു. വൈകാതെ അവയും കാണാതായി. മൂന്നാം സെറ്റാണ് അവശേഷിക്കുന്നത്. സിബിഐ അന്വേഷണ ഹർജിയുടെ ആദ്യ സെറ്റാണ് അപ്രത്യക്ഷമായത്.

കേരളത്തിലെ നിരവധി ഉന്നതരുമായി ബന്ധമുള്ള കേസിന്റെ ഫയലുകൾ അപ്രത്യക്ഷമാകുന്നത് ഇതാദ്യമായല്ല. കേസ് സിബിഐക്ക് വിടുന്ന രേഖകൾ അടക്കം അപ്രത്യക്ഷമായതിൽ വൻ അട്ടിമറി നീക്കമാണെന്നാണ് ലഭിക്കുന്ന വിവരം. മലബാർ സിമന്റ്‌സ് കേസുകളുമായി ബന്ധപ്പെട്ടു കാണാതായ ഫയൽ വീണ്ടെടുക്കണമെന്നും ഇനിയും കേസ് മാറ്റിവയ്ക്കാൻ അനുവദിക്കരുതെന്നും കാണിച്ചു കമ്പനി മുൻ സെക്രട്ടറി വി.ശശീന്ദ്രന്റെ സഹോദരൻ വി.സനൽകുമാർ നേരത്തേ ഹൈക്കോടതി രജിസ്റ്റ്രാർക്കു പരാതി നൽകിയിരുന്നു. ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കണമെന്നാവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിനും പരാതി നൽകി.

അഴിമതിയുമായി ബന്ധപ്പെട്ടു ശശീന്ദ്രന്റെ പിതാവ് കെ.വേലായുധൻ നൽകിയ സിബിഐ അന്വേഷണ ഹർജി, ഇതേ ഹർജിയിൽ സഹോദരൻ സനൽകുമാർ നൽകിയ ഉപഹർജി, ശശീന്ദ്രന്റെയും മക്കളുടെയും മരണകാരണം ആത്മഹത്യയല്ലെന്നും സിബിഐ പുനരന്വേഷിക്കണമെന്നും കാണിച്ചു സനൽകുമാർ നൽകിയ ഹർജി എന്നിവയുടെ കാര്യമാണു സനൽകുമാർ ഉന്നയിച്ചത്. പിന്നീടുണ്ടായ പല കേസുകളിലും തീർപ്പുണ്ടായിട്ടും ഈ കേസുകളിൽ നടപടിയില്ലെന്നായിരുന്നു ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP