Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

16 കൊല്ലം മുമ്പ് ഫ്രാൻസിനെ വരെ തോൽപിച്ച ആ മുന്നേറ്റം ഇക്കുറിയും ആവർത്തിക്കുമോ? ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമേകാൻ വീണ്ടും സെനഗൽ വിപ്ലവം; ചാമ്പ്യന്മാരാകാൻ ഉറച്ച് രണ്ടാം വിജയവുമായി റഷ്യ മുന്നോട്ട്; ജപ്പാന്റെ വിജയം പ്രതിക്ഷകൾ ഉയർത്തിയത് ഏഷ്യൻ വൻകരയ്ക്ക്; രണ്ടുമത്സരങ്ങൾ, എട്ടുഗോളുകൾ... സാലെയ്ക്ക് മുന്നിലും കുലുങ്ങാതെ ഗോളടിച്ച് മുന്നേറി ആതിഥേയരും; ഇന്നലെ റഷ്യയിൽ സംഭവിച്ചത് ഇങ്ങനെ

16 കൊല്ലം മുമ്പ് ഫ്രാൻസിനെ വരെ തോൽപിച്ച ആ മുന്നേറ്റം ഇക്കുറിയും ആവർത്തിക്കുമോ? ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമേകാൻ വീണ്ടും സെനഗൽ വിപ്ലവം; ചാമ്പ്യന്മാരാകാൻ ഉറച്ച് രണ്ടാം വിജയവുമായി റഷ്യ മുന്നോട്ട്; ജപ്പാന്റെ വിജയം പ്രതിക്ഷകൾ ഉയർത്തിയത് ഏഷ്യൻ വൻകരയ്ക്ക്; രണ്ടുമത്സരങ്ങൾ, എട്ടുഗോളുകൾ... സാലെയ്ക്ക് മുന്നിലും കുലുങ്ങാതെ ഗോളടിച്ച് മുന്നേറി ആതിഥേയരും; ഇന്നലെ റഷ്യയിൽ സംഭവിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പ് ഓരോ രാജ്യത്തിനും ഉണർവിന്റെ സമയംകൂടിയാണ്. റഷ്യയിലെ ലോകകപ്പ് റഷ്യൻ ഫുട്‌ബോളിന്റെയും ഉയിർപ്പിന് വേദിയായി. തുടർച്ചയായ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയം നേടിയ റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറുകയും ചെയ്തു.

ആദ്യമത്സരത്തിൽ സൗദി അറേബ്യയെ മടക്കമില്ലാത്ത അഞ്ചുഗോളുകൾക്ക് തോൽപിച്ച റഷ്യ, രണ്ടാം മത്സരത്തിൽ സൂപ്പർത്താരം മുഹമ്മദ് സലയുടെ ഈജിപ്തിനെ ഒന്നിനെതിരേ മൂന്നുഗോളുകൾക്കും പരാജയപ്പെടുത്തി ഗ്രൂപ്പ് എയിലെ അധീശത്വം തുടർന്നു. ഗ്രൂപ്പ് എച്ചിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയെ ജപ്പാനും പോളിഷ് പ്രതീക്ഷകളെ ആഫ്രിക്കൻ ശക്തി സെനഗലും സമാനമായ സ്‌കോറിൽ (2-1) അട്ടിമറിച്ചതും ലോകകപ്പിനെ ആവേശഭരിതമാക്കി.

റഷ്യയുടെ ഗോൾവിപ്ലവം

രണ്ടുമത്സരങ്ങൾ, എട്ടുഗോളുകൾ...സ്വന്തം നാട്ടിൽ ലോകകപ്പ് നടക്കുമ്പോൾ അതാഘോഷിക്കാതിരിക്കുന്നതെങ്ങനെ എന്ന മട്ടിലാണ് റഷ്യൻ താരങ്ങൾ ഗോളടിച്ചുകൂട്ടുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി വിസ്മയങ്ങൾ തീർത്ത മുഹമ്മദ് സലയെന്ന പ്രതിഭയുടെ ബൂട്ടുകളിൽ പ്രതീക്ഷയർപ്പിച്ചെത്തിയ ഈജിപ്താണ് റഷ്യൻ ഫുട്‌ബോൾ മാർച്ചിൽ നിലംപരിശായത്. സലയുൾപ്പെടുന്ന ഈജിപ്ഷ്യൻ മുന്നേറ്റനിരയെ കരുത്തുറ്റ പ്രതിരോധം കൊണ്ട് തളച്ച റഷ്യ, നീക്കങ്ങളൊന്നും ഗോളിലെത്താതെ കാക്കുന്നതിൽ സമർഥമായയി വിജയിച്ചു. സലയുടെയും മുന്നേറ്റത്തിലെ പങ്കാളി ട്രെസഗെയുടെയും ഫിനിഷിങ് പാളുന്നതും അതിശയിപ്പിച്ച കാഴ്ചകളായിരുന്നു.

ഗോൾരഹിതമായ ആദ്യപകുതി ഈജിപ്തിന്റെ മുന്നേറ്റങ്ങളാൽ സമ്പന്നമായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ കഴിഞ്ഞമത്സരത്തിൽ നിർത്തിയേടത്തുനിന്ന് റഷ്യ തുടങ്ങി. ഈജിപ്ത് ക്യാപ്റ്റൻ ഫാത്തി വഴങ്ങിയ സെൽഫ് ഗോളോടെയായിരുന്നു തുടക്കം. ബോക്‌സിനുള്ളിൽനിന്ന് സോബ്‌നിനെടുത്ത കിക്ക് ക്ലിയർ ചെയ്യുന്നതിനിടെ ഫാത്തയുടെ മുട്ടിലിടിച്ച പന്ത് ഗതിമാറി വലയിലേക്ക് കയറി. 59-ാം മിനിറ്റിൽ ചെറിഷേവും 62-ാം മിനിറ്റിൽ സ്യൂബയും റഷ്യയെ ആധികാരികമായിത്തന്നെ മുന്നിലെത്തിച്ചു.

നാലുമിനിറ്റിനിടെ രണ്ടുഗോൾകൂടി വഴങ്ങങിയതോടെ, ഈജിപ്തിന്റെ കാര്യം പരുങ്ങലിലായി. 73-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ സല ഈിപ്തിന് ആശ്വാസ ഗോൾ നേടിയങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല.

ജാപ്പനീസ് സമുറായികൾ

സൂപ്പർതാരം ഹമീഷ് റോഡ്രിഗസിന് പരിക്ക്. കളി തുടങ്ങി ആറാം മിനിറ്റിൽ യുവതാരം കാർലോസ് സാഞ്ചസിന് ചുവപ്പുകാർഡ്. ഒന്നും ഇന്നലെ കൊളംബിയ ആഗ്രഹിച്ച വഴിക്കായിരുന്നില്ല കാര്യങ്ങൾ. ജപ്പാന്റെ കഠിനാധ്വാനം കൂടിയായതോടെ, മത്സരം അവരുടെ കൈവിട്ട് പോവുകയും ചെയ്തു.

ലാറ്റിനമേരിക്കയിൽനിന്നുള്ള ടീമിനെ ലോകകപ്പിൽ തോൽപിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന ഖ്യാതിയോടെ ജപ്പാൻ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കൊളംബിയയെ മറിച്ചിട്ടു. കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ തോൽപിച്ച കൊളംബിയയോട് ജപ്പാൻ ഇക്കുറി മധുരമായി കണക്കുതീർക്കുകയായിരുന്നു ഇന്നലെ.

ചുവപ്പുകാർഡ് കിട്ടിയ ഫൗളിന് അനുവദിക്കപ്പെട്ട പെനാൽട്ടി മുതലാക്കിയാണ് ജപ്പാൻ മുന്നിൽക്കയറിയത്. ഈ മുൻതൂക്കം മത്സരത്തിലുടനീളം നിലനിർത്താൻ അവർക്കായി. ഷിൻജി കഗാവയുടെ പെനാൽട്ടി ലക്ഷ്യത്തിലെത്തിയപ്പോൾ ജപ്പാൻ ആവേശത്തിലേക്കുയർന്നു. പത്തുപേരായി ചുരുങ്ങിയെങ്കിലും കൊളംബിയ ആക്രമണം അവസാനിപ്പിച്ചില്ല. മികച്ചൊരു ഫ്രീക്കിക്ക് ഗോളിലൂടെ 39-ാം മിനിറ്റിൽ ക്വിന്റേറോ കൊളംബിയയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടിവരികയും ചെയ്തു.

എന്നാൽ, 73-ാം മിനിറ്റിൽ യുയു ഒസാക്കോ ജപ്പാനെ മുന്നിൽക്കടത്തി. ജപ്പാന് പ്രീക്വാർട്ടർ പ്രതീക്ഷ നൽകുന്നതാണ് കൊളംബിയക്കെതിരെ നേടിയ വിജയം.

സെനഗൽ വിജയഗാഥ വീണ്ടും

2002-ലാണ് സെനഗൽ ലോകകപ്പിന്റെ പൂമുഖത്തെത്തിയത്. ചാമ്പ്യന്മാരെന്ന പട്ടവുമായി ടൂർണമെന്റിനെത്തിയ ഫ്രാൻസിനെ ഞെട്ടിച്ചാണ് സെനഗൽ അരങ്ങേറ്റം ഗംഭീരമാക്കിയത്. എൽഹാദി ദിയൂഫ്, പാപ്പ ബൗബ ദിയോപ് തുടങ്ങിയ താരങ്ങളുടെ കരുത്തിൽ മുന്നേറി ക്വാര്ട്ടർ ഫൈനൽവരെയെത്താൻ അന്നത്തെ സെനഗൽ ടീമിനായി. സമാനമായൊരു കുതിപ്പിലാണ് ഇക്കുറിയും ആഫ്രിക്കൻ ശക്തികളെന്ന സൂചനയോടെയാണ് അവർ ആദ്യമത്സരത്തിൽ പോളണ്ടിനെ കുഴിച്ചൂമൂടിയത്. എൽഹാദി ദിയൂഫിന്റെ സ്ഥാനത്ത് ഇക്കുറി ലിവർപൂൾ താരം സാദിയോ മാനെയാണ് സെനഗലിന്റെ പ്രതീക്ഷകൾ കാക്കുന്നത്.

ലെവൻഡോവ്‌സ്‌കിയെപ്പോലൊരു സൂപ്പർത്താരം കളിക്കുന്ന പോളണ്ട് അനായാസം മത്സരം സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത്. സെൽഫ് ഗോൾ വഴങ്ങുകയും അനാവശ്യമായി മൈനസ് പാസ് നൽകി രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത പോളണ്ട് നിര തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. 37-ാം മിനിറ്റിൽ സാനെ കൊടുത്ത പന്തിൽനിന്ന് ഇദ്രിസെ ഗുയെ പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ബോക്‌സിനുള്ളിൽനിന്ന് സിനോനെക്കിന്റെ കാലിൽത്തട്ടി പന്ത് വഴിതിരിഞ്ഞ് വലയിലെത്തി.

രണ്ടാം പകുതിയുടെ 15-ാം മിനിറ്റിൽ, എതിർടീമിന്റെ ഏരിയയിൽനിന്ന് കൈച്ചോവിയാക് കൊടുത്ത മൈനസ് പാസ് രണ്ടാം ഗോളിനും വഴിതുറന്നു. പന്ത് ഓടിപ്പിടിച്ചെടുത്ത നിയാങ്, സെനഗലിന്റെ രണ്ടാം ഗോൾ അനായാസമായി നേടി. തന്റെ പിഴവിന് ആശ്വാസ ഗോളിലൂടെ ക്രൈച്ചോവിയാക്ക് പ്രായശ്ചിത്തം നടത്തിയെങ്കിലും സമനിലയ്ക്കായുള്ള പോളണ്ടിന്റെ ശ്രമങ്ങളത്രയും തകർത്ത് സെനഗൽ വിജയം പിടിച്ചെടുക്കുകയാരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP