Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെജരീവാളിന്റെ സഹനസമരം വിജയിച്ചത് ഗാന്ധിയൻ സമരം ഇന്ത്യക്കിപ്പോഴും നല്ലതെന്ന് തെളിയിച്ചുകൊണ്ട്; ഗവർണർ ഒന്ന് വിളിച്ചപ്പോഴേ സമരം നിർത്തി ഉദ്യോഗസ്ഥർ; ഇന്നലെത്തന്നെ മന്ത്രിമാർ വിളിച്ച യോഗത്തിലെല്ലാം ഐഎഎസുകാർ പങ്കെടുത്തു; പിണറായിയും മമതയും കൈകോർത്തപ്പോൾ വിജയിച്ചത് ഇന്ത്യൻ ജനാധിപത്യം

കെജരീവാളിന്റെ സഹനസമരം വിജയിച്ചത് ഗാന്ധിയൻ സമരം ഇന്ത്യക്കിപ്പോഴും നല്ലതെന്ന് തെളിയിച്ചുകൊണ്ട്; ഗവർണർ ഒന്ന് വിളിച്ചപ്പോഴേ സമരം നിർത്തി ഉദ്യോഗസ്ഥർ; ഇന്നലെത്തന്നെ മന്ത്രിമാർ വിളിച്ച യോഗത്തിലെല്ലാം ഐഎഎസുകാർ പങ്കെടുത്തു; പിണറായിയും മമതയും കൈകോർത്തപ്പോൾ വിജയിച്ചത് ഇന്ത്യൻ ജനാധിപത്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലെഫ്റ്റനന്റ് ഗവർണറുടെ വീടിന് മുന്നിൽ ഒരാഴ്ചയോളം കുത്തിയിരിപ്പ് സമരം നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും സഹമന്ത്രിമാരും തെളിയിച്ചത് മഹാത്മാ ഗാന്ധി ലോകത്തിന് കാണിച്ചുകൊടുത്ത സഹനസമരത്തിന് ഇപ്പോഴും ഇന്ത്യയിൽ പ്രസക്തിയുണ്ടെന്നതാണ്. ലെഫ്റ്റനന്റ് ഗവർണർ ആവർത്തിച്ച് അവഗണിച്ചിട്ടും സമനില വിടാതെ, വെയ്റ്റിങ് റൂമിലെ സോഫയിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ച അവരുടെ സമരം വിജയത്തിലെത്തിയത് ഇന്ത്യക്കാകെ ഉണർവേകുന്ന വിജയവുമായി.

ഒമ്പതുദിവസത്തിനുശേഷം ഇന്നലെയാണ് സമരം അവസാനിപ്പിച്ചത്. സർക്കാരിനോട് നിസ്സഹകരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും അവരോട് ഭരണത്തിൽ പങ്കാളികളാകണമെന്ന് ആവശ്യപ്പെടണമെന്നുമായിരുന്നു ലെഫ്റ്റനന്റ് ഗവർണർക്കുമുമ്പാകെ കെജരീവാൾവെച്ച പ്രധാന ആവശ്യം. സമരം ലോകശ്രദ്ധ പിടിച്ചുപറ്റിയതോടെ, ലെഫ്. ഗവർണർ അനിൽ ബൈജലിന് ഗത്യന്തരമില്ലാതായി. ഐഎഎസ് ഓഫീസർമാരോട് ഭരണവുമായി സഹകരിക്കാൻ അദ്ദേഹത്തിന് ആവശ്യപ്പെടേണ്ടിവന്നു.

ലെഫ്. ഗവർണർ നിർദ്ദേശിച്ചതോടെ, സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരൊന്നടങ്കം യോഗങ്ങളിലേക്ക് തിരിച്ചെത്തി. ചീഫ് സെക്രട്ടറി അൻഷു പ്രകാശടക്കമുള്ള ഉദ്യോഗസ്ഥർ മന്ത്രിമാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയും ഭിന്നതകൾ മറന്ന് തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇത്തരം യോഗങ്ങളിൽ ഉദ്യോഗസ്ഥരുടെ സുരക്ഷയും പദവിയും മാനിക്കുമെന്ന ഉറപ്പ് സർക്കാർ പ്രതിനിധികൾ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.

കെജരീവാളിന്റെ വീട്ടിൽവെച്ച് ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിക്കുനേരെ കൈയേറ്റശ്രമം ഉണ്ടായതോടെയാണ് സിവിൽ സർവീസുകാർ സമരത്തിലേക്ക് പോയത്. ഇതോടെ, സംസ്ഥാനത്തെ പദ്ധതികളടക്കം പ്രതിസന്ധിയിലായിരുന്നു. കെജരീവാൾ മാപ്പുപറയമെന്നതായിരുന്നു സിവിൽ സർവീസ് വിഭാഗത്തിന്റെ ആവശ്യം. സമരത്തിൽനിന്ന് പിന്മാറണമെന്ന് കെജരീവാളും ആവശ്യപ്പെട്ടു. റേഷൻ വിതരണമുൾപ്പെടെ അവതാളത്തിലായതോടെയാണ് പ്രശ്‌നത്തിലിടപെടണമെന്ന് ആവശ്യപ്പെട്ട് കെജരീവാളും സംഘവും ലെഫ്. ഗവർണറുടെ വസതിക്കുമുന്നിൽ സമരം തുടങ്ങിയത്.

സമരം വിജയം കണ്ടത് ജനാധിപത്യത്തിന്റെ ശക്തിപ്രകടനം കൂടിയായി. ബദ്ധവൈരികളായ കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇക്കാര്യത്തിൽ ഒരുമിക്കുകയും ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നീ മുഖ്യമന്ത്രിമാർക്കൊപ്പം ചേർന്ന് നരേന്ദ്ര മോദിയെക്കണ്ട് സമരത്തിലിടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരന്നു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ഉലയാതിരിക്കാനും ഫെഡറൽ സംവിധാനത്തിന് കോട്ടം വരാതിരിക്കാനും യോജിച്ച് പ്രവർത്തിക്കണമെന്ന അവരുടെ ആവശ്യത്തിന്റെ വിജയംകൂടിയായി ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP