Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു പട്ടാളക്കാരൻ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല... നിറങ്ങൾ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്: ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഒരു പട്ടാളക്കാരൻ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല... നിറങ്ങൾ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്: ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

തങ്കം അനിൽ ദാസ്

ഡിഗ്രിക്കു പഠിക്കുന്നത് വരെ പട്ടാളക്കാരെ പറ്റി എനിക്ക് ആകെ ഉണ്ടായിരുന്ന അറിവ് ചായക്കടയിൽ ഇരുന്നു വീരവാദം പറയുന്ന ശങ്കരാടിയുടെ പട്ടളക്കാരൻ കഥാപാത്രം മാത്രമായിരുന്നു.. എന്നാൽ അന്ന് കൂടെ പഠിച്ചിരുന്ന ഒരു പയ്യൻ പ്രേമം തലയ്ക്കു പിടിച്ചു എന്നെ കെട്ടാനായി പെട്ടെന്നൊരു ജോലിക്ക് വേണ്ടി എയർ ഫോസിൽ ചേർന്നതോടെ കഥ മാറി...

അന്നൊക്കെ ആഴ്ചയിൽ ഒരിക്കൽ വരുന്ന അഞ്ച് മിനിറ്റ് ഫോൺ കോളുകൾക്കു ശേഷം ഞാൻ ദിവസം മുഴുവൻ കരഞ്ഞിരുന്നു...

കാരണം പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങുന്ന പ്രായത്തിലുള്ള ആൺകുട്ടികളെ അനുസരണയുള്ള പട്ടളക്കാർ ആക്കുന്ന രീതി ഒട്ടും ദയയില്ലാത്ത ഒരു പ്രോസസ്സ് ആണ് എന്നു ഞാൻ അന്നാണ് അറിയുന്നത്... കരയുന്ന ആൺകുട്ടികളെ കാണാൻ ട്രെയിനിങ് ക്യാമ്പുകൾ നോക്കിയാൽ മതി എന്നും..

നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഇത്ര ചെറുപ്പത്തിലേ സർക്കാർ ജോലികിട്ടിയത് പറഞ്ഞു സന്തോഷിക്കുമ്പോൾ ഈ ടെസ്റ്റ് എഴുതാൻ തോന്നിയ സമയത്തെയും ജോലി കിട്ടിയ ഭാഗ്യത്തെയും മനസ്സിൽ ചീത്ത പറയും കുഞ്ഞു പട്ടാളക്കാർ..

നാട്... വീട്ടുകാർ.. കൂട്ടുകാർ...എല്ലാ ഓർമകളും അവരെ വിഷമിപ്പിക്കും..

ട്രെയിനിങ് കഴിഞ്ഞു വരുന്ന അവരെ കണ്ടാൽ പോലും മനസ്സിലാവില്ല...

തല മൊട്ടയടിച്ചിരിക്കും...
വല്ലാതെ കറുത്തു കരുവാളിച്ചിരിക്കും..
ആകെ മെലിഞ്ഞു കോലം കെട്ടു പോയിട്ടുണ്ടാവും ..

ജീവിതത്തിൽ അന്നേ വരെ അങ്ങിനെ ഒരു രൂപത്തിൽ അവരെ ആരും കണ്ടുകാണില്ല... അത്രയും പരിതാപകരമായ ഒരു രൂപം ആയിരിക്കും അത്...

എന്നാലും കൊച്ചു പട്ടാളക്കരന്റെ കയ്യിൽ കാശ് ഉണ്ടായിരിക്കും... അമ്മാവന്മാർക്കും അച്ഛന്റെ കൂട്ടുകാർക്കും കൊടുക്കാൻ കുപ്പിയും കാണും..

പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾകു ശേഷം
മറ്റുള്ള ആൺകുട്ടികൾ ഒരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ നമ്മുടെ ഈ കൊച്ചു പട്ടാളക്കാരൻ
മണികൂറുകളോളം പരാതിയില്ലാതെ ഭാരമേറിയ തോക്കുമേന്തി നിൽക്കാൻ പഠിച്ചിരിക്കും..

45 46 ഡിഗ്രി ചൂടിലും ഉച്ചക്ക് റൺ വേ യിൽ തല കറങ്ങി വീഴാതെ ജോലി ചെയ്യാൻ ശീലിച്ചിരിക്കും...

കൊടും തണുപ്പത്തു രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റു തന്റെ ഷിഫ്റ്റ് ചെയ്യും..

ആയിരത്തിൽ കൂടുതൽ കിലോമീറ്ററുകൾ ട്രെയിനിൽ സീറ്റ് ഇല്ലാതെ പരാതി ഇല്ലാതെ യാത്ര ചെയ്യും.

ഇവർ എന്താ ഇങ്ങനെ... ഒരു പരാതിയും ഇല്ലാതെ. ഒരുപാട് തവണ മനസ്സിൽ തോന്നിയതാണ്....

ദിവസത്തിൽ പകുതിയിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതിനും അവധിയില്ലാതെ പത്തും പന്ത്രണ്ടും ദിവസങ്ങൾ അടുപ്പിച്ചു ജോലി ചെയ്യുന്നതിനും ജോലി സ്ഥലത്തു നിന്നും കിട്ടുന്ന അവഗണനക്കും ഒന്നും പരാതി ഇല്ല..

എന്നാൽ നാട്ടിൽ അതെ സമയം അവൻ തന്റെ ചെറിയ വീടുമാറ്റി പുതിയത് വെച്ചിട്ടുണ്ടാകും .. അവന്റെ പെങ്ങളെ പെണ്ണുകാണാൻ ബാങ്ക് ജീവനക്കാരും സർക്കാർ ജോലിക്കാരും വരും.. അച്ഛന്റെ ചെറിയ ജോലിയൊ വീട്ടിലെ ആസ്തി കുറവോ ഒന്നും പറയാതെ കല്യാണ ബ്രോക്കർ ആങ്ങള പയ്യനെ പറ്റി വാചാലനാകും..

ആ പയ്യൻ പട്ടാളത്തിൽ പോയതോടെ ആ കുടുംബം രക്ഷപെട്ടു എന്ന് നാട്ടുകാരും ബന്ധുക്കളും പറയും... അങ്ങിനെ പറയുമ്പോൾ ഇനി മുതൽ ദയവായി ഇത് കൂടി പറയണം.. ഇതിനൊക്കെ വേണ്ടി അവൻ കുറെ അനുഭവിച്ചിട്ടുണ്ട് എന്ന്.. ആത്മാഭിമാനം പൊതിഞ്ഞു ദൂരെ കളയേണ്ടി വന്നിട്ടുണ്ട് എന്നു... വീടുവെക്കാനും പെങ്ങളെ കെട്ടിക്കാനും കുറെ വെയിലും തണുപ്പും കൊണ്ടിട്ടുണ്ട് എന്ന്...കാരണം പോലും അറിയാത്ത കാര്യങ്ങൾക്കു ചീത്തയും പണിഷ്‌മെന്റ് ഉം വാങ്ങിയിട്ടുണ്ട് എന്ന്....അതും കുഞ്ഞു പ്രായത്തിൽ..

ഒരു പട്ടാളക്കാരൻ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല... നിറങ്ങൾ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്...

Nb:ഇനിയും ഉണ്ട് കുറെ പറയാൻ... എന്നാലും നിർത്തുന്നു... കാരണം പട്ടാളക്കാരന്റെ കഥകൾ കേൾക്കുന്നവർക് എന്നും ബഡായിയും വീരവാദവും ആയെ തോന്നുകയുള്ളൂ .. അവനു മാത്രമാണ് അത് തന്റെ ജീവിതവും അനുഭവങ്ങളും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP