Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌നേഹം കൊണ്ടൊരു മതിൽ തീർത്ത് അവർ കെട്ടിപ്പിടിച്ച് കരഞ്ഞു; പോകരുതേ സർ..ഞങ്ങളെ വിട്ടുപോകരുതേ! ചങ്കായ മാഷിനെ കുട്ടികൾ കണ്ണീരാൽ ഉപരോധിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രക്ഷിതാക്കളും; തിരുവള്ളൂരിലെ വെള്ളിങ്ങരം സർക്കാർ സ്‌കൂളിൽ ഇഷ്ടഅദ്ധ്യാപകനെ സ്ഥലം മാറ്റിയപ്പോൾ കണ്ട് അപൂർവകാഴ്ച

സ്‌നേഹം കൊണ്ടൊരു മതിൽ തീർത്ത് അവർ കെട്ടിപ്പിടിച്ച് കരഞ്ഞു; പോകരുതേ സർ..ഞങ്ങളെ വിട്ടുപോകരുതേ! ചങ്കായ മാഷിനെ കുട്ടികൾ കണ്ണീരാൽ ഉപരോധിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രക്ഷിതാക്കളും; തിരുവള്ളൂരിലെ വെള്ളിങ്ങരം സർക്കാർ സ്‌കൂളിൽ ഇഷ്ടഅദ്ധ്യാപകനെ സ്ഥലം മാറ്റിയപ്പോൾ കണ്ട് അപൂർവകാഴ്ച

മറുനാടൻ ഡെസ്‌ക്‌

തിരുവള്ളൂർ: ഇതുപോലൊരു ചിത്രം സമീപകാലത്ത് കണ്ടിട്ടുണ്ടാവില്ല. സ്‌നേഹവും സങ്കടവും കൊണ്ടുതീർത്ത മതിൽ. അതാണ് ഈ കുട്ടികൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന് ചുറ്റും തീർത്തത്. വെള്ളിങ്ങരം സർക്കാർ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജി.ഭഗവാനെയാണ് കുട്ടികൾ ഇങ്ങനെ സാറേ പോകരുതേ എന്ന് പറഞ്ഞ് ചുറ്റിപ്പിടിച്ചിരിക്കുന്നത്. 28 കാരനായ അദ്ധ്യാപകന് സ്ഥലംമാറ്റമാണ്. അതാണ് വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ സങ്കടക്കടലിലാക്കിയത്. ഒരുകുട്ടി പിന്നിൽ നിന്ന് ഭഗവാനെ വിടാതെ ചുറ്റിപ്പിടിച്ചിരിക്കുന്നതും കാണാം.തിരുട്ടാണിയിലെ അരുങ്കുളം സർക്കാർ ഹൈസ്‌കൂളിലേക്കായിരുന്നു അദ്ധ്യാപകന് മാറ്റം.

'ഇത് ഒരു സ്‌കൂളിലെ എന്റെ ആദ്യത്തെ ജോലിയാണ്. 2014 ൽ വെള്ളിങ്ങരം സ്‌കൂളിൽ ഗ്രാഡ്വേറ്റ് അദ്ധ്യാപകനായാണ് എന്നെ നിയമിച്ചത്. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം നോക്കുമ്പോൾ, ഞാൻ അധികജീവനക്കാരനാണ്. ഇക്കാരണത്താണ് അദ്ധ്യാപകർ കുറവുള്ള തിരുട്ടാണി സ്‌കൂളിലേക്ക് അധികൃതർ എന്നെ മാറ്റിയത', ജി.ഭഗവാൻ പറഞ്ഞു.ആറാം ക്ലാസ് മുതൽ 10 ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഭഗവാൻ പഠിപ്പിക്കുന്നത്.ജൂൺ 12 മുതൽ 21 വരെ നടന്ന അദ്ധ്യാപകരുടെ ട്രാൻസ്ഫർ കൗൺലിങ്ങിൽ ഭഗവാൻ പങ്കെടുത്തിരുന്നു. അറുങ്കുളമാണ് തന്റെ ഇഷ്ടസ്‌കൂളായി അദ്ദേഹം തിരഞ്ഞെടുത്തത്.

തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന് സ്ഥലംമാറ്റമാണെന്ന് മണത്തറിഞ്ഞ കുട്ടികൾ സ്‌കൂളിന് പുറത്തുവിടാതെ തടഞ്ഞു. ഗേറ്റ് ഉപരോധിച്ചും പൊട്ടിക്കരഞ്ഞും അവർ ഗുരുനാഥനെ ചേർത്തുപിടിച്ച് ക്ലാസ് മുറിയിലേക്ക് തിരികെ എത്തിച്ചു. അവരെന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.കാലിൽ പിടിച്ച് വിടാതെ നിന്നു.ഇതെല്ലാം കണ്ടപ്പോൾ ഞാനും പൊട്ടിക്കരഞ്ഞുപോയി.പിന്നെ ഞാനവരെ ഹാളിലേക്ക് കൊണ്ടുപോയി ആശ്വസിപ്പിച്ചു. ഞാൻ കുറച്ചുദിവസത്തിനകം മടങ്ങി വരുമെന്ന് ആശ്വസിപ്പിച്ചു.

കുട്ടികൾക്ക് രക്ഷിതാവിനെ പോലെയാണ് ഭഗവാനെന്ന് വെള്ളിങ്ങരം സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ എ.അരവിന്ദ് പറഞ്ഞു.അതുകൊണ്ടാണ് സ്ഥലം മാറ്റം എന്നുകേട്ടപ്പോഴേ കുട്ടികൾ വികാരാധീനരായത്. തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങൾ. കഴിഞ്ഞ വർഷം വെള്ളിങ്ങരം സ്‌കൂളിൽ 281 കുട്ടികളുണ്ടായിരുന്നു. കൗൺസിലിങ്ങിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ജൂനിയറായ അദ്ധ്യാപകനെയാണ് സ്ഥലംമാറ്റുന്നത്, അരവിന്ദ് അറിയിച്ചു.

എങ്ങനെയാണ് ഭഗവാൻ കുട്ടികളുമായി ഇത്രയധികം അടുപ്പം സ്ഥാപിച്ചത്? കേട്ടവരും കണ്ടവരും അത്ഭുതം കൂറുന്നു. അതിന് ഭഗവാന് കൃത്യമായ ഉത്തരമുണ്ട്. അക്കാദമിക് വിഷയങ്ങൾ മാത്രമല്ല ഞാൻ ക്ലാസിൽ കുട്ടികളോട് പറയുന്നത്. ഞാൻ അവരോട് കഥകൾ പറയും. അവരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കും, അവരുടെ ഭാവിയെ കുറിച്ച് സംസാരിക്കും, പ്രൊജക്റ്റർ ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. പ്രൊജക്റ്റർ സെഷനുകളൊക്കെ കുട്ടികൾക്ക് വലിയ കമ്പമായിരുന്നു. സിനിമാ ഹാളിൽ ഇരിക്കുന്നത് പോലെയാണ് ക്ലാസ് അവർക്ക് അനുഭവപ്പെട്ടത്. ഇത്തരം പുതിയ കാര്യങ്ങൾ പരീക്ഷിച്ചതുകൊണ്ടാവും അവരുമായി ആത്മബന്ധം സ്ഥാപിക്കാൻ എനിക്ക് സ്ഥാപിച്ചത്. ഒരു ടീച്ചർ എന്നതിനേക്കാൾ ഞാനവർക്ക് ഒരു കൂട്ടുകാരനോ, സഹോദരനോ ഒക്കെയാണ്.

ഭഗവാൻ സ്‌കൂളിലെത്തിയതോടെ സ്‌കൂളിന്റെ അക്കാദമിക് റിസൽറ്റുകളും മെച്ചപ്പെട്ടു. 2014 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിലടക്കം ആരും ഇംഗ്ലീഷിൽ പരാജയപ്പെട്ടില്ല.ഏതായാലും ഭഗവാന്റെ സ്ഥലംമാറ്റ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. വൈകാതെ ഉത്തരവ് പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും. ഇല്ലങ്കിൽ അവരുടെ കൂട്ടുകാരനെ വിടാതിരിക്കാൻ എന്തുചെയ്യുമെന്ന ചിന്തയും അവരെ അലട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP