Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്... ; സാം എബ്രഹാമിന്റെ മരണം കൊലപാതകം ആണോ എന്ന് സംശയിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത് സോഫിയയുടെ ഡയറിക്കുറിപ്പുകൾ തന്നെ

എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്... ; സാം എബ്രഹാമിന്റെ മരണം കൊലപാതകം ആണോ എന്ന് സംശയിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത് സോഫിയയുടെ ഡയറിക്കുറിപ്പുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യ സോഫിയയും കാമുകനായ അരുൺ കമലാസനനും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ വിധി എത്തി. സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകളാണ് പ്രോസിക്യൂഷൻ ജൂറിക്കു മുന്നിൽ ഹാജരാക്കിയത്. വിക്ടോറിയൻ സുപ്രീം കോടതിയിൽ പതിനാലംഗ ജൂറിക്ക് മുന്നിലാണ് കേസിന്റെ അന്തിമ വിചാരണ നടന്നത്. പ്രതികളായ സോഫിയ സാമിനെയും അരുൺ കമലാസനനെയും കോടതി ശിക്ഷിക്കുമ്പോൾ ചർച്ചയാകുന്നത് ഡയറിക്കുറിപ്പുകളാണ്.

2013 ജനുവരി മുതൽ സോഫിയ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായാണ് സോഫിയ ഡയറി എഴുതിയിരിക്കുന്നത്. 'ഒരു രഹസ്യം ഉള്ളതുകൊണ്ടാണ് ഈ ഡയറി എഴുതുന്നതെന്നും, അത് പിന്നീട് പറയാമെന്നും' അരുണിനോട് എന്ന പോലെ ഈ ഡയറിയിൽ സോഫിയ എഴുതിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഡയറിയിൽ നിന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സാധാരണ മരണമെന്നു കുടുംബാംഗങ്ങളുൾപ്പെടെ വിശ്വസിച്ച സാം ഏബ്രഹാമിന്റെ കൊലപാതകം ഈ ഡയറികുറിപ്പുകളിലൂടെ തെളിഞ്ഞു വന്നു. യുഎഇ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാമിനെ (35) മെൽബണിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത് 2015 ഒക്ടോബറിലാണ്. ഭാര്യ സോഫിയ സാമിനു നൽകാൻ സയനൈഡ് കലർത്തിയ ജ്യൂസ് തയാറാക്കുമ്പോൾ അയാൾ ഏഴുവയസ്സുകാരൻ മകനൊപ്പം ഉറക്കത്തിലായിരുന്നു.

സോഫിയയുടെ ഒരു ഡയറി പൊലീസ് കണ്ടെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതാണ് കേസിൽ നിർണ്ണായകമായത്. ഒരു ഫോൺ കോളിൽ നിന്ന് തുടങ്ങിയ അന്വേഷണമാണ് എല്ലാത്തിനും കാരണമായത്. ചിലപ്പോൾ കാവ്യാത്മകമായും മറ്റുചിലപ്പോൾ അലസമായും കുറിച്ച ഡയറി. സോഫിയയുടെ ഡയറിയിലെ ചില പരാമർശങ്ങൾ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ചിലത് ഇങ്ങനെ:

  • ഫെബ്രുവരി 2, 2013: ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്
  • ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
  • ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.
  • മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
  • ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.
  • ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.

ഈ കുറിപ്പുകളാണ് പൊലീസിന് സംശയങ്ങൾ സജീവമാക്കിയത്. കൃത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. അതേസമയം, അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതിരിക്കാനും ശ്രദ്ധിച്ചു. സാമിന്റെ കാറിന്റെ ഉടമസ്ഥാവകാശം സോഫിയ അരുണിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോൺകോൾ കോടതി കേട്ടു. അതിൽ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേൾക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭർത്താവ് വിഷം ഉള്ളിൽചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഇതും കോടതി അംഗീകരിച്ചു.

ആയിരക്കണക്കിനു ഫോൺകോൾ റെക്കോഡുകൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിലയിരുത്തി. ടെലി-സൈബർ കുറ്റാന്വേഷകരുടെ രീതിയാണിത്. ദിവസത്തിലെ ആദ്യ കോൾ, കോൾ ദൈർഘ്യം, തുടർച്ചയായ ചെറു സംഭാഷണങ്ങൾ എന്നിവയൊക്കെ നിരീക്ഷിക്കും. അങ്ങനെയാണ് പ്രോസിക്യൂഷൻ കൊലപാതകം തെളിയിച്ചത്. സോഫിയയെ പോലെ അരുൺ കമലാസനനും സമാനമായ തരത്തിൽ മറ്റൊരു ഡയറി എഴുതിയിരുന്നുവെന്ന് പ്രോസിക്യൂട്ടർ കെറി ജഡ്, ഝഇ, ജൂറിയെ അറിയിച്ചിരുന്നു. 2013 ജൂലൈയിൽ കേരളത്തിൽ നിന്ന് മെൽബണിലേക്ക് സ്റ്റുഡന്റ് വിസയിലാണ് അരുൺ കമലാസനൻ എത്തിയതെന്നും, ഈ സമയത്തുള്ള കാര്യങ്ങൾ അരുണും ഡയറിയിൽ എഴുതിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രണയച്ചതിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദമാണ് കോടതി അംഗീകരിക്കുന്നു. അരുൺ കമലാസനന്റെ മറ്റൊരു കാമുകിയായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. തനിക്ക് അരുണിനെ നഷ്ടമാകുമെന്ന തിരിച്ചറിവായിരുന്നു ഈ വിദേശ മലയാളിയെ തുറന്നു പറച്ചിലിന് തയ്യാറാക്കിയതെന്നാണ് സൂചന. സാം കൊല്ലപ്പെട്ടു ദിവസങ്ങൾക്കു ശേഷം പൊലീസിനു ലഭിച്ച അജ്ഞാതാ ഫോൺ കോളായിരുന്നു. 2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു.

അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്‌ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഇതാണ് കേസിൽ വഴിത്തിരിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP